Search

പിഎം ഇന്ത്യപിഎം ഇന്ത്യ

വ്യക്തിജീവിതം


ചരിത്രപരമായ ജനപിന്തുണയോടെ 2014 മെയ് 26നു നരേന്ദ്ര മോദി പ്രധാനമന്ത്രിയായി ചുമതലയേറ്റപ്പോള്‍ രാഷ്ട്രപതി ഭവന്റെ മുറ്റത്തു ചരിത്രം കുറിക്കപ്പെടുകയായിരുന്നു. ഒരു കോടിയിലേറെ ഇന്ത്യക്കാരുടെ സ്വപ്‌നങ്ങളും ആഗ്രഹങ്ങളും യാഥാര്‍ഥ്യമാക്കാന്‍, പ്രതീക്ഷയുടെ കിരണമായി ഉയര്‍ന്നുവന്ന അദ്ദേഹത്തില്‍ ജനങ്ങള്‍ ദര്‍ശിക്കുന്നതു ചടുലതയാര്‍ന്നതും തീരുമാനങ്ങള്‍ കൈക്കൊണ്ടു നടപ്പാക്കുന്നതും വികസന കാഴ്ചപ്പാടുള്ളതുമായ നേതാവിനെയാണ്. വികസനകാര്യത്തില്‍ ജാഗ്രത പുലര്‍ത്തുകയും കാര്യങ്ങള്‍ വിശദമായി പഠിക്കുകയും ദരിദ്രരില്‍ ദരിദ്രരായ ജനങ്ങളുടെ ജീവിതത്തില്‍ അര്‍ഥപൂര്‍ണമായ മാറ്റം കൊണ്ടുവരാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന സ്വഭാവം നരേന്ദ്ര മോദിയെ ഇന്ത്യയിലങ്ങോളമിങ്ങോളമുള്ള ജനങ്ങള്‍ ഇഷ്ടപ്പെടുന്നതും ബഹുമാനിക്കുന്നതുമായ നേതാവാക്കിത്തീര്‍ത്തു.

ധൈര്യത്തിന്റെയും അനുകമ്പയുടെയും കഠിന പ്രയത്‌നത്തിന്റെയും തുടര്‍യാത്രയാണു നരേന്ദ്ര മോദിയുടെ ജീവിതം. ചെറുപ്രായത്തില്‍ തന്നെ തന്റെ ജീവിതം ജനസേവനത്തിനായി ഉഴിഞ്ഞുവയ്ക്കാന്‍ അദ്ദേഹം തീരുമാനിച്ചിരുന്നു. താഴെത്തട്ടിലുള്ള പ്രവര്‍ത്തകനെന്ന നിലയിലും സംഘാടകനെ നിലയിലും തിളങ്ങിയ നരേന്ദ്ര മോദി ജന്‍മനാടായ ഗുജറാത്തിന്റെ മുഖ്യമന്ത്രിപദത്തില്‍ ഇരുന്ന 13 വര്‍ഷംകൊണ്ട് മികച്ച ഭരണാധികാരികൂടിയാണെന്നു തെളിയിച്ചു. ജനോപകാരപ്രദവും പാരസ്പര്യമുള്ളതുമായ ഭരണമാണ് അദ്ദേഹം കാഴ്ചവച്ചത്.

വളര്‍ച്ചയുടെ പടവുകള്‍

പ്രധാനമന്ത്രിയുടെ ഓഫീസിലേക്കുള്ള നരേന്ദ്ര മോദിയുടെ ആവേശമുണര്‍ത്തുന്ന ജീവിതയാത്രയ്ക്കു തുടക്കമാകുന്നത് ഉത്തര ഗുജറാത്തിലെ മെഹ്‌സാന ജില്ലയില്‍ പെട്ട വഡ്‌നഗര്‍ എ ചെറുപട്ടണത്തിന്റെ ഇടവഴികളില്‍നിന്നാണ്. ഇന്ത്യ സ്വതന്ത്രമായി മൂന്നു വര്‍ഷം പിന്നിട്ട ശേഷം, 1950 സെപ്റ്റംബര്‍ 17നാണു ജനനം. സ്വതന്ത്രഭാരതത്തില്‍ പിറന്ന ആദ്യത്തെ പ്രധാനമന്ത്രികൂടിയാണ് അദ്ദേഹം. ദാമോദര്‍ദാസ് മോദിക്കും ഹീരബ മോദിക്കും പിറന്ന മൂന്നാമത്തെ കുഞ്ഞാണ്‌ നരേന്ദ്ര മോദി. ലളിതമായ ജീവിതം നയിച്ചിരുന്ന സാധാരണ കുടുംബമായിരുന്നു അവരുടേത്. 480 അടിയോളം മാത്രം വിസ്തീര്‍ണമുള്ള ഒറ്റനില വീടാണ് ഉണ്ടായിരുന്നത്.

കഷ്ടപ്പാടുകള്‍ നിറഞ്ഞ ബാല്യകാലത്തില്‍ പഠനത്തില്‍നിന്ന് ഇടവേള കണ്ടെത്തി ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന കുടുംബം നടത്തിയിരുന്ന ചായക്കടയില്‍ ജോലി ചെയ്യേണ്ടിവന്നു. വിദ്യാര്‍ഥിയായിരിക്കെ ഉല്‍സാഹവാനായിരുന്നു നരേന്ദ്ര മോദി സംവാദങ്ങളില്‍ ഏര്‍പ്പെടാനും പുസ്തകങ്ങള്‍ വായിക്കാനും താല്‍പര്യം കാട്ടിയിരുന്നുവെന്ന് സ്‌കൂളില്‍ കൂടെ പഠിച്ചവര്‍ ഓര്‍ക്കുന്നു. നാട്ടിലെ ലൈബ്രറിയിലിരുന്നു മണിക്കൂറുകളോളം പുസ്തകം വായിക്കുന്ന ശീലമുണ്ടായിരുന്നു മോദിക്കെന്നും ബാല്യകാല സുഹൃത്തുക്കള്‍ പറയുന്നു. കുട്ടിയായിരിക്കെ, ഇഷ്ടപ്പെട്ട വിനോദം നീന്തലായിരുന്നു.

സമപ്രായക്കാരായ മറ്റു കുട്ടികളില്‍നിന്നു വ്യത്യസ്തമായിരുന്നു ബാലനായിരിക്കെ നരേന്ദ്ര മോദിയുടെ ചിന്തകള്‍. നൂറ്റാണ്ടുകള്‍ മുന്‍പ് ബുദ്ധമത പഠനത്തിന്റെയും ആധ്യാത്മികതയുടെയും കേന്ദ്രമായിരുന്ന വഡ്‌നഗറിന്റെ സ്വാധീനമായിരിക്കാം ഇതിനു കാരണമെന്നാണു വിലയിരുത്തല്‍. സമൂഹത്തില്‍ ഗുണപരമായ മാറ്റം യാഥാര്‍ഥ്യമാക്കണമെന്നു കുട്ടിക്കാലം മുതല്‍ തന്നെ നരേന്ദ്ര മോദി ആഗ്രഹിച്ചു. ആത്മീയതയിലേക്കു നയിച്ചതു സ്വാമി വിവേകാനന്ദന്റെ കൃതികള്‍ വായിച്ചുണ്ടായ അറിവാണ്. ഇത് ഇന്ത്യയെ ലോക ഗുരു ആക്കിത്തീര്‍ക്കണമെന്ന വിവേകാനന്ദ സ്വാമിയുടെ സ്വപ്‌നം യാഥാര്‍ഥ്യമാക്കുന്നതിനായി യത്‌നിക്കാനുള്ള തീരുമാനത്തില്‍ കൊണ്ടെത്തിക്കുകയും ചെയ്തു.

ഇന്ത്യ ചുറ്റിക്കാണുന്നതിനായി 17-ാം വയസ്സില്‍ വീടു വിട്ടിറങ്ങി. ഓരോ പ്രദേശത്തിന്റെയും സംസ്‌കാരത്തെ തൊട്ടറിഞ്ഞുള്ള യാത്ര പൂര്‍ത്തിയാകാന്‍ രണ്ടു വര്‍ഷമെടുത്തു. തിരികെ വീട്ടിലെത്തിയപ്പോഴേക്കും ജീവിതത്തില്‍ എന്തു നേടണമെന്ന നിശ്ചയദാര്‍ഢ്യമുള്ള പുതിയ മനുഷ്യനായി മാറിക്കഴിഞ്ഞിരുന്നു. അഹമ്മദാബാദിലെത്തി രാഷ്ട്രീയ സ്വയംസേവക് സംഘി(ആര്‍.എസ്.എസ്.)ല്‍ ചേര്‍ന്നു. ഇന്ത്യയുടെ സാമൂഹികവും സാംസ്‌കാരികവുമായ പുനരുജ്ജീവനത്തിനായി യത്‌നിക്കുന്ന സാമൂഹ്യ- സാംസ്‌കാരിക സംഘടനയാണ് ആര്‍.എസ്.എസ്. 1972ല്‍ ആര്‍.എസ്.എസ്. പ്രചാരക് ആയതോടെ അഹമ്മദാബാദില്‍ കഠിന പ്രയത്‌നത്തിന്റെ നാളുകളായിരുന്നു. രാവിലെ അഞ്ചു മണിക്ക് ഉണര്‍ന്നാല്‍ രാത്രി വൈകുവോളം കര്‍മനിരതനായിരിക്കും. അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതോടെ, 1970കളുടെ അവസാന കാലഘട്ടത്തില്‍, അടിച്ചമര്‍ത്തപ്പെട്ട ജനാധിപത്യ അവകാശങ്ങള്‍ പുന:സ്ഥാപിക്കാനായി നിലകൊണ്ട പ്രസ്ഥാനത്തില്‍ അദ്ദേഹം സജീവമായി.

1980കളില്‍ സംഘത്തില്‍ വിവിധ പ്രധാന ചുമതലകള്‍ വഹിച്ചിരുന്നു. സംഘാടന മികവിന്റെ അംഗീകാരമായി ഓര്‍ഗനൈസറായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറിയായി നിയമിതനായതോടെ 1987ല്‍ നരേന്ദ്ര മോദിയുടെ ജീവിതത്തില്‍ പുതിയ അധ്യായത്തിനു തുടക്കമായി. അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പറേഷനില്‍ ബി.ജെ.പി. ആദ്യം ജയം നേടിയ തെരഞ്ഞെടുപ്പിനു പാര്‍ട്ടിയെ സജ്ജമാക്കാനുള്ള ചുമതല അദ്ദേഹത്തിനായിരുന്നു. 1990ല്‍ കോഗ്രസിനു കിട്ടിയതില്‍ അല്പം മാത്രം കുറവു സീറ്റ് കിട്ടിയ പാര്‍ട്ടിയെന്ന നിലയിലേക്കു ബി.ജെ.പിയെ വളര്‍ത്താനും അദ്ദേഹത്തിനു സാധിച്ചു. 1995ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയുടെ സംഘാടനപാടവം വിജയിക്കുകയും പാര്‍ട്ടിക്കു ലഭിച്ച വോട്ടില്‍ ഗണ്യമായ വര്‍ധനയുണ്ടാകുകയും ചെയ്തു. 121 സീറ്റുകള്‍ നേടി.

ഹരിയാന, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ ചുമതലയുമായി 1995 മുതല്‍ അദ്ദേഹം ബി.ജെ.പി. ദേശീയ ജനറല്‍ സെക്രട്ടറി പദത്തിലെത്തി. പാര്‍ട്ടിയുടെ സംഘടനാ ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ 1998ലെ ലോക്‌സഭാ തെരഞ്ഞെടുപ്പു വിജയത്തിനായി പ്രവര്‍ത്തിച്ചു. 2001 സെപ്റ്റംബറില്‍ അത്തെ പ്രധാനമന്ത്രി വാജ്‌പേയിയില്‍നിന്നു ലഭിച്ച ഒരു ഫോണ്‍ കോളാണ് നരേന്ദ്ര മോദിയുടെ ജീവിതത്തെ പ്രതിസന്ധികള്‍ നിറഞ്ഞ സംഘടനാ പ്രവര്‍ത്തനത്തില്‍നിന്നു ഭരണനിര്‍വഹണത്തിന്റെ ലോകത്തിലേക്കു വഴിതിരിച്ചുവിട്ടത്.
നരേന്ദ്ര മോദിയുടെ ജീവചരിത്രം വിശദമായി അറിയാന്‍ സന്ദര്‍ശിക്കുക

ഭരണത്തിലിരുന്ന വര്‍ഷങ്ങള്‍

കാമ്പുള്ള സംഘാടകനില്‍നിന്ന്, ഒരു ദശാബ്ദത്തിലേറെ നീണ്ട മെച്ചമാര്‍ന്ന ഭരണം കാഴ്ചവയ്ക്കുകവഴി ഇന്ത്യയിലെ ഏറ്റവും അറിയപ്പെടുന്ന നേതാവിലേക്കുള്ള പരിണാമം പറയുന്നതു മനക്കരുത്തിന്റെയും പ്രതിസന്ധികളില്‍ തളരാത്ത ശക്തമായ നേതൃഗുണത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും കഥയാണ്. രാഷ്ട്രീയ സംഘാടനത്തില്‍നിന്നു ഭരണത്തിലേക്കുള്ള നരേന്ദ്ര മോദിയുടെ ചുവടുമാറ്റത്തിനു വേണ്ടത്ര സമയമോ പരിശീലനമോ ലഭിച്ചിരുന്നതേയില്ല. ഭരിക്കേണ്ടതെങ്ങനെയെന്ന് അദ്ദേഹത്തിനു പഠിക്കാനായതു ഭരണാധികാരിയായി ചുമതലയേറ്റ ശേഷം മാത്രമാണ്. അധികാരമേറ്റ ശേഷമുള്ള ആദ്യത്തെ നൂറു ദിനങ്ങള്‍ നരേന്ദ്ര മോദിയെന്ന വ്യക്തി എങ്ങനെ ഭരണാധികാരിയായി രൂപാന്തരപ്പെട്ടു എന്നു വെളിവാക്കിത്തരുന്നു. എന്നാല്‍ ഇതിലും പ്രധാനമാണ് പാരമ്പര്യേതരവും വ്യത്യസ്തവുമായ ചിന്തകള്‍ ഉള്‍പ്പെടുത്തുകവഴി നിലവിലുള്ള വ്യവസ്ഥിതിയെ പിടിച്ചുലയ്ക്കുകയും ഭരണപരിഷ്‌കാരം യാഥാര്‍ഥ്യമാക്കുകയും ചെയ്തതെങ്ങനെയെന്നുകൂടി ആദ്യ നൂറു ദിനങ്ങള്‍ തെളിയിക്കുന്നു എന്നത്.

സദ്ഭരണത്തിന്റെയും വികസനത്തിന്റെയും മാതൃകയായ ‘വൈബ്രന്റ് ഗുജറാത്ത്’ സൃഷ്ടിക്കുക എളുപ്പമായിരുന്നില്ല, നരേന്ദ്ര മോദിക്ക്. എതിര്‍പ്പുകളും വെല്ലുവിളികളും നിറഞ്ഞതായിരുന്നു വളര്‍ച്ചയിലേക്കുള്ള വഴി. കഴിഞ്ഞ ഒരു ദശാബ്ദമായി നരേന്ദ്രമോദിയുടെ സ്വഭാവത്തില്‍ സ്ഥായിയായി നിലകൊള്ളുന്ന, എടുത്തുപറയത്തക്ക സവിശേഷതയാണ് പ്രതിസന്ധിയിലും തളരാത്ത നേതൃഗുണം. ഭരണത്തോടുള്ള അദ്ദേഹത്തിന്റെ സമീപനമാകട്ടെ, എല്ലായ്‌പ്പോഴും രാഷ്ട്രീയത്തിന് അതീതമാണ്. വികസനപരമായ വെല്ലുവിളികള്‍ നേരിടുന്നതിനു രാഷ്ട്രീയഭിന്നത തടസ്സമാകാന്‍ അനുവദിക്കാറേയില്ല.

ഭരണത്തെക്കുറിച്ചുള്ള നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട് കേന്ദ്രീകൃതമായ ചിന്തകളാല്‍ വേറിട്ടുനില്‍ക്കുന്നു. ‘പരിമിതമായ ഗവണ്‍മെന്റ്, പരമാവധി ഭരണം’ എന്ന അദ്ദേഹത്തിന്റെ തത്വശാസ്ത്രത്തിന്റെ ഏറ്റവും വലിയ ആവിഷ്‌കാരമാണു കേന്ദ്രീകൃത ഭരണ സംവിധാനത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പഞ്ച- അമൃത് എന്ന ആശയം.

നരേന്ദ്ര മോദിയുടെ പ്രകടനത്തിലുള്ള മികവിന്റെ പ്രതിഫലനമാണു ദേശീയ, അന്തര്‍ദേശീയ മാധ്യമങ്ങളില്‍നിന്നു ഗുജറാത്ത് ഗവണ്‍മെന്റിനു ലഭിച്ച അവാര്‍ഡുകള്‍. ഇന്ത്യയിലെ ഏറ്റവുമധികം വിജയിച്ച മുഖ്യമന്ത്രിമാരില്‍ ഒരാളെന്ന നിലയിലും ഏറ്റവും മികച്ച ഭരണാധികാരികളില്‍ ഒരാളെന്ന നിലയിലുമുള്ള വിലയേറിയ അനുഭവ സമ്പത്തോടുകൂടിയാണ് നരേന്ദ്ര മോദി പ്രധാനമന്ത്രിപദമേറിയത്.

ലോഡിംഗ് ... Loading