കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളുടെ സജീവ ഭരണനിർവഹണത്തിനും സമയോചിതമായ ഇടപെടലിനുമായുള്ള ഐസിടി അധിഷ്ഠിത ബഹുതലവേദി ‘പ്രഗതി’യുടെ 45-ാം യോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അധ്യക്ഷനായി.
നഗരഗതാഗതവുമായി ബന്ധപ്പെട്ട ആറു മെട്രോ പദ്ധതികളും റോഡ് ഗതാഗതവും താപവൈദ്യുതിയുമായി ബന്ധപ്പെട്ട ഓരോ പദ്ധതിയും ഉൾപ്പെടെ എട്ടു സുപ്രധാന പദ്ധതികൾ യോഗത്തിൽ അവലോകനം ചെയ്തു. വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും വ്യാപിച്ചുകിടക്കുന്ന ഈ പദ്ധതികളുടെ സംയോജിത ചെലവ് ഒരുലക്ഷം കോടി രൂപയിലധികമാണ്.
പദ്ധതികളുടെ കാലതാമസം ചെലവു വർധിപ്പിക്കുക മാത്രമല്ല, പൊതുജനങ്ങൾക്ക് ഉദ്ദേശിച്ച ആനുകൂല്യങ്ങൾ നിഷേധിക്കുകയും ചെയ്യുന്നുവെന്നു കേന്ദ്ര-സംസ്ഥാന തലങ്ങളിലുള്ള എല്ലാ ഗവണ്മെന്റ് ഉദ്യോഗസ്ഥരും തിരിച്ചറിയണമെന്നു പ്രധാനമന്ത്രി പറഞ്ഞു.
ആശയവിനിമയ വേളയിൽ, ബാങ്കിങ്-ഇൻഷുറൻസ് മേഖലയുമായി ബന്ധപ്പെട്ട പൊതുജന പരാതികളും പ്രധാനമന്ത്രി അവലോകനം ചെയ്തു. തീർപ്പാക്കലിനെടുക്കുന്ന സമയം കുറഞ്ഞുവെന്നതു ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, പരാതിപരിഹാരത്തിന്റെ ഗുണനിലവാരത്തിലും ഊന്നൽ നൽകി.
പൊതുഗതാഗത സംവിധാനങ്ങളിൽ ഒന്നായി കൂടുതൽ കൂടുതൽ നഗരങ്ങൾ മെട്രോ പദ്ധതികൾ കൊണ്ടുവരുന്നതു കണക്കിലെടുത്ത്, പദ്ധതികൾ നടപ്പാക്കിക്കൊണ്ടിരിക്കുന്ന നഗരങ്ങളിലും വരാനിരിക്കുന്ന നഗരങ്ങളിലും അനുഭവങ്ങൾ പങ്കുവയ്ക്കുന്നതിനായി ശിൽപ്പശാലകൾ നടത്താൻ പ്രധാനമന്ത്രി നിർദേശിച്ചു.
പദ്ധതികൾ നടപ്പാക്കുമ്പോൾ അതു ബാധിക്കുന്ന കുടുംബങ്ങളുടെ സമയബന്ധിത പുനരധിവാസത്തിന്റെ പ്രാധാന്യത്തിന് അവലോകനവേളയിൽ പ്രധാനമന്ത്രി ഊന്നൽ നൽകി. പുതിയ സ്ഥലത്തു ഗുണമേന്മയുള്ള സൗകര്യങ്ങൾ ഒരുക്കി ഇത്തരം കുടുംബങ്ങൾക്കു ജീവിക്കാനുള്ള സൗകര്യം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പിഎം സൂര്യ ഘർ മുഫ്ത് ബിജിലി യോജനയും പ്രധാനമന്ത്രി അവലോകനം ചെയ്തു. ഗുണനിലവാരമുള്ള വിൽപ്പന ആവാസവ്യവസ്ഥ വികസിപ്പിച്ച്, സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും പുരപ്പുറ സോളാർ സംവിധാനങ്ങളുടെ ശേഷി വർധിപ്പിക്കാൻ അദ്ദേഹം നിർദേശിച്ചു. ആവശ്യകതയ്ക്കുള്ള ഉൽപ്പാദനംമുതൽ പുരപ്പുറ സൗരോർജപദ്ധതി പ്രവർത്തനക്ഷമമാക്കുന്നതുവരെയുള്ള പ്രക്രിയക്കാവശ്യമായ സമയം കുറയ്ക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. ഗ്രാമങ്ങൾ, പട്ടണങ്ങൾ, നഗരങ്ങൾ എന്നിവയ്ക്കായി ഘട്ടംഘട്ടമായി പരിപൂർണതാസമീപനം സ്വീകരിക്കാൻ അദ്ദേഹം സംസ്ഥാനങ്ങൾക്കു നിർദേശം നൽകി.
പ്രഗതി യോഗങ്ങളുടെ 45-ാം പതിപ്പുവരെ ഏകദേശം 19.12 ലക്ഷം കോടി രൂപ ചെലവുവരുന്ന 363 പദ്ധതികൾ അവലോകനം ചെയ്തിട്ടുണ്ട്.
***
NK