കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളുടെ സജീവമായ ഭരണ നിർവഹണത്തിനും സമയോചിതമായ ഇടപെടലിനുമായുള്ള ഐസിടി അധിഷ്ഠിത ബഹുതല വേദിയായ ‘പ്രഗതി’യുടെ 44-ാം യോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അധ്യക്ഷത വഹിച്ചു. മൂന്നാം ഭരണകാലയളവിലെ ആദ്യ പ്രഗതി യോഗം ആയിരുന്നു ഇത്.
റോഡ് ഗതാഗതവുമായി ബന്ധപ്പെട്ട രണ്ട് പദ്ധതികൾ, രണ്ട് റെയിൽ പദ്ധതികൾ, കൽക്കരി, ഊർജം, ജലവിഭവ മേഖലകളിലെ ഓരോ പദ്ധതി എന്നിവ ഉൾപ്പെടുന്ന ഏഴ് സുപ്രധാന പദ്ധതികൾ യോഗത്തിൽ അവലോകനം ചെയ്തു. ഈ പദ്ധതികളുടെ ആകെ ചെലവ് 76,500 കോടിയിലധികം രൂപയാണ്. ഇവ ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഝാർഖണ്ഡ്, മഹാരാഷ്ട്ര, രാജസ്ഥാൻ, ഗുജറാത്ത്, ഒഡിഷ, ഗോവ, കർണാടക, ഛത്തീസ്ഗഢ്, ഡൽഹി എന്നിങ്ങനെ 11 സംസ്ഥാനങ്ങളുമായും കേന്ദ്ര ഭരണ പ്രദേശങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു.
പദ്ധതികളുടെ കാലതാമസം ചെലവ് വർധിപ്പിക്കുന്നതിന് മാത്രമല്ല, പദ്ധതിയുടെ ഉദ്ദേശിച്ച നേട്ടങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാകാതെ നഷ്ടപ്പെടുത്തുന്നതിനും കാരണമാകുന്നു എന്ന വസ്തുതയെക്കുറിച്ച് കേന്ദ്ര-സംസ്ഥാന ഗവൺമെന്റ് തലത്തിലെ ഓരോ ഉദ്യോഗസ്ഥനും ബോധവാന്മാരാകണമെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു.
പദ്ധതികളുടെ വികസനം നടപ്പാക്കുമ്പോൾ പരിസ്ഥിതിയെ സംരക്ഷിക്കാൻ “ഏക് പേഡ് മാ കെ നാം” എന്ന പ്രചാരണ പരിപാടി സഹായകരമാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
അമൃത് 2.0, ജൽ ജീവൻ മിഷനുമായി ബന്ധപ്പെട്ട പൊതുജന പരാതികൾ എന്നിവയും യോഗത്തിൽ പ്രധാനമന്ത്രി അവലോകനം ചെയ്തു. ഈ പദ്ധതികൾ, നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും ജലവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നവയാണ്. ജലം മനുഷ്യൻ്റെ അടിസ്ഥാന ആവശ്യമാണെന്നും പരാതികളിൽ കാര്യക്ഷമമായ പരിഹാരമാർഗങ്ങൾ ജില്ലാ തലത്തിലും സംസ്ഥാന തലത്തിലുമായി സംസ്ഥാന ഗവൺമെന്റുകൾ ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. കൃത്യമായ പ്രവർത്തനവും പരിപാലന സംവിധാനവും ജൽ ജീവൻ പദ്ധതികളുടെ വിജയത്തിന് നിർണായകമാണ്. സാധ്യമാകുന്നിടത്ത് വനിതാ സ്വയം സഹായ സംഘങ്ങളെ ഉൾപ്പെടുത്താനും പദ്ധതിയുടെ നിർവഹണ – പരിപാലന ജോലികളിൽ യുവാക്കളെ നൈപുണ്യമുള്ളവരാക്കാനും പ്രധാനമന്ത്രി നിർദ്ദേശിച്ചു. ജില്ലാതലത്തിൽ ജലവിഭവ സർവേ നടത്തുമെന്നും ഉറവിട സുസ്ഥിരതയ്ക്ക് ഊന്നൽ നൽകണമെന്നും പ്രധാനമന്ത്രി ആവർത്തിച്ചു.
അമൃത സരോവരം പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകണമെന്ന് ചീഫ് സെക്രട്ടറിമാരോടും കേന്ദ്ര ഗവൺമെൻറ് സെക്രട്ടറിമാരോടും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. അമൃത സരോവരങ്ങളുടെ ജലസംഭരണ മേഖലകൾ വൃത്തിയായി സൂക്ഷിക്കണമെന്നും ഈ ജലാശയങ്ങളുടെ ശുദ്ധീകരണ – വിതരണ പ്രക്രിയ അതത് ഗ്രാമ സമിതികളുടെ ആവശ്യത്തിനനുസരിച്ച് ക്രമീകരിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രഗതി യോഗങ്ങളുടെ നാല്പത്തിനാലാം പതിപ്പ് വരെ 18.12 ലക്ഷം കോടി രൂപയുടെ 355 പദ്ധതികളാണ് അവലോകനം ചെയ്തത്.
-NS-
Earlier today, chaired the 44th PRAGATI interaction. Reviewed development projects worth Rs. 76,500 crore spread across 11 states and UTs. The focus areas covered included AMRUT 2.0, Jal Jeevan Mission, Mission Amrit Sarovar and more.https://t.co/IJmd3HVSbe
— Narendra Modi (@narendramodi) August 28, 2024