ജനങ്ങളുടെ ജീവിതത്തെ സ്പര്‍ശിക്കുന്ന പദ്ധതികളുമായി ഇന്ത്യയെ ശക്തമായ ഒരു രാഷ്ട്രമാക്കുന്നതില്‍ നിര്‍ണായക ചുവടാണിത്.
കര്‍ഷക ക്ഷേമത്തില്‍നിന്നും ഇടത്തരക്കാര്‍ വരെയുള്ളവര്‍ക്കു പരിഗണന, വരുമാന നികുതിയിളവുകള്‍, ഉല്‍പാദനം മുതല്‍ ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ വരെ, ഭവനനിര്‍മാണം മുതല്‍ ആരോഗ്യസംരക്ഷണം വരെ, നവീന ഇന്ത്യയ്ക്കായി അതിവേഗമുള്ള വികസനം- തുടങ്ങി പല മേഖലകള്‍ക്കും ബജറ്റ് പ്രാധാന്യം കല്‍പിച്ചുവരുന്നു.
സുഹൃത്തുക്കളെ, സര്‍ക്കാര്‍ നടപ്പാക്കിയ വികസന പദ്ധതികള്‍ രാജ്യത്തെ ഓരോ വ്യക്തിയിലും ഗുണപരമായ മാറ്റം സൃഷ്ടിച്ചിട്ടുണ്ട്. ആയുഷ്മാന്‍ ഭാരത് യോജനയുടെ പ്രയോജനം 50 കോടി ദരിദ്രര്‍ക്കു ലഭിക്കും. പ്രധാനമന്ത്രി ജീവന്‍ ജ്യോതി യോജന, പ്രധാനമന്ത്രി സുരക്ഷാ ബീമ യോജാന എന്നിവയില്‍നിന്ന് 21 കോടി ജനങ്ങള്‍ക്കു നേട്ടമുണ്ടായി. സ്വച്ഛ് ഭാരത് മിഷനിലൂടെ ഒന്‍പതു കോടി കുടുംബങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. 6 കോടിയിലധികം കുടുംബങ്ങള്‍ക്ക് ഉജ്വല യോജന പ്രകാരം സൗജന്യ വാതക കണക്ഷന്‍ ലഭിച്ചു.1.5 കോടി കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി ആവാസ് യോജനയുടെ കീഴില്‍ സ്വന്തമായി നല്ല വീടുകള്‍ കിട്ടി.
ഈ ബജറ്റിലൂടെ 12 കോടിയിലധികം കര്‍ഷകര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും മൂന്നു കോടി മധ്യവര്‍ഗ നികുതിദായകര്‍ക്കും 30-40 കോടി തൊഴിലാളികള്‍ക്കും നേരിട്ട് പ്രയോജനം ലഭിക്കും.
സുഹൃത്തുക്കളെ, ഗവണ്‍മെന്റിന്റെ പരിശ്രമത്തിന്റെ ഫലമായി ദാരിദ്ര്യനിര്‍മാര്‍ജനം റെക്കോര്‍ഡ് വേഗത്തില്‍ ഉയര്‍ന്നുവരുന്നു. ലക്ഷക്കണക്കിന് ആളുകള്‍ ദാരിദ്ര്യത്തില്‍ നിന്നു കരകയറി മധ്യവര്‍ഗവും നവമധ്യവര്‍ഗവും ആയിത്തീരുന്നതു കാണാന്‍ സാധിക്കുന്നതു സന്തോഷകരമാണ്. ഈ വലിയ കൂട്ടായ്മ ഇപ്പോള്‍ സ്വന്തം സ്വപ്നങ്ങളെ പൂര്‍ത്തീകരിക്കാനും രാഷ്ട്രത്തിന്റെ പുരോഗതിക്ക് ഊര്‍ജമേകാനും ആഗ്രഹിക്കുന്നു. ഈ ഉയരുന്ന മധ്യവര്‍ഗത്തിന്റെ പ്രതീക്ഷകള്‍ക്കു പിന്തുണയേകാനുള്ള പ്രതിജ്ഞാബദ്ധത ഗവണ്‍മെന്റ് പുലര്‍ത്തിയിട്ടുണ്ട്.
ഈ ബജറ്റില്‍ ആദായ നികുതി ഇളവു പ്രഖ്യാപിക്കപ്പെട്ടതിനു മധ്യവര്‍ഗത്തെയും ശമ്പളക്കാരായ മധ്യവര്‍ഗത്തെയും ഞാന്‍ അഭിനന്ദിക്കുന്നു. രാജ്യത്തെ നിയമങ്ങള്‍ പാലിക്കുകയും നികുതി അടയ്ക്കുകയും ചെയ്യുന്ന മധ്യവര്‍ഗവും ഉയര്‍ന്ന ഇടത്തരക്കാരും ആയ സത്യസന്ധരായ നികുതിദായകര്‍ക്ക് നന്ദി. പൊതുജന ക്ഷേമ പദ്ധതികള്‍ക്കും ദരിദ്രരെ ഉദ്ധരിക്കാനുമാണ് ഈ നികുതിപ്പണം പ്രയോജനപ്പെടുത്തുന്നത്. അഞ്ചു ലക്ഷം രൂപ വരെയുള്ള വരുമാനത്തിനു നികുതി ചുമത്തരുതെന്ന ആവശ്യം ദീര്‍ഘകാലമായി നിലനില്‍ക്കുന്ന്ു. എത്രയോ കാലമായി നടപ്പാക്കാതെ കിടക്കുകയായിരുന്ന ഈ ആവശ്യം ഈ ഗവണ്‍മെന്റ് നടപ്പാക്കുകയാണ്.
സുഹൃത്തുക്കളെ, വ്യത്യസ്ത ഗവണ്‍മെന്റുകള്‍ കര്‍ഷകര്‍ക്കായി വ്യത്യസ്ത പദ്ധതികള്‍ അവതരിപ്പിച്ചു. എന്നിരുന്നാലും, മുന്‍നിരയിലുള്ള 2-3 കോടി കര്‍ഷകര്‍ ഒഴികെ, ധാരാളം കര്‍ഷകര്‍ അവയുടെ പരിധിയില്‍ പെടാറില്ല. എന്നാല്‍, ഇപ്പോള്‍ നടപ്പാക്കുന്ന പ്രധാനമന്ത്രി കിസാന്‍ യോജന അഥവാ കിസാന്‍നിധി അഞ്ച് ഏക്കറില്‍ താഴെ ഭൂമിയിലുള്ള കര്‍ഷകര്‍ക്കും സഹായമാകും. കര്‍ഷകരുടെ ക്ഷേമത്തിനായി സ്വാതന്ത്ര്യത്തിനുശേഷം ഉണ്ടായ ചരിത്രപരമായ നടപടിയാണ് ഇത്. നമ്മുടെ ഗവണ്‍മെന്റ് കര്‍ഷകര്‍ക്കായി നിരവധി നടപടികള്‍ സ്വീകരിക്കുകയാണ്. മൃഗസംരക്ഷണവും കൃഷിയും ഗ്രാമീണ ജീവിതവുമായി ബന്ധപ്പെട്ട മേഖലകള്‍, ഗോസംരക്ഷണം, ഫിഷറീസ് വകുപ്പ് രൂപീകരണം എന്നിവയില്‍ ശ്രദ്ധയൂന്നിയിട്ടുണ്ട്. ദേശീയ കാമധേനു മിഷനും ഫിഷറീസിനു പ്രത്യേക വകുപ്പും കോടിക്കണക്കിന് കൃഷിക്കാരുടെ ജീവനോപാധിക്കുള്ള അവസരങ്ങള്‍ വര്‍ധിപ്പിക്കും. ഇത് മത്സ്യത്തൊഴിലാളികള്‍ക്കു സഹായകമാകും. വരുമാനം ഇരട്ടിപ്പിക്കുന്നതിനായി കൃഷിക്കാരെ ശാക്തീകരിക്കുകയും യന്ത്രങ്ങളും വിഭവങ്ങളും ലഭ്യമാക്കുകയും ചെയ്യുന്നതിനാണു നമ്മുടെ ആത്മാര്‍ഥശ്രമം. ഇന്നത്തെ തീരുമാനങ്ങള്‍ ഈ ദൗത്യത്തിന് ഊര്‍ജം നല്‍കും.
സുഹൃത്തുക്കളെ, ഇന്ത്യ പല മേഖലകളിലും വികസിക്കുകയാണ്. പുതിയ പദ്ധതികള്‍ വരുന്നുണ്ട്; പുതിയ മേഖലകള്‍ അന്വേഷിച്ചുവരികയാണ്; ഈ മേഖലകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആളുകളുടെ എണ്ണം പലമടങ്ങ് വര്‍ധിക്കുകയും ചെയ്തു. എന്നിരുന്നാലും, അസംഘടിത മേഖലയില്‍ തൊഴിലാളികള്‍, വീട്ടുജോലിക്കാര്‍, കര്‍ഷകത്തൊഴിലാളികള്‍, ഉന്തുവണ്ടിക്കാര്‍ തുടങ്ങി സമൂഹത്തിലെ ഒരു വലിയ വിഭാഗം അവഗണിക്കപ്പെട്ടു. അധികൃതരുടെ പിന്തുണയില്ലാതെ അവര്‍ തനിച്ചു മുന്നോട്ടുപോകേണ്ട സാഹചര്യമാണ് ഉണ്ടായിരുന്നത്. നമ്മുടെ രാജ്യത്ത് 40-42 കോടി അസംഘടിത തൊഴിലാളികളുണ്ട്. അത്തരക്കാര്‍ക്ക് 60 വയസ്സിനുശേഷം പ്രധാനമന്ത്രി യോഗി മന്‍ ധന്‍ യോജന വലിയ സഹായമാകും. ആയുഷ്മാന്‍ ഭാരത് യോജന, പ്രധാനമന്ത്രf ജീവന്‍ ജ്യോതി ബീമ യോജോന, പ്രധാനമന്ത്രി സുരക്ഷാ ബീമ യോജന, പ്രധാനമന്ത്രി ആവാസ് യോജന തുടങ്ങിയ ക്ഷേമപദ്ധതികൡനിന്നുള്ള ആനുകൂല്യം മാത്രമല്ല, നിത്യച്ചെലവുകള്‍ക്കായി പെന്‍ഷനും ലഭിക്കും.
സഹോദരീ സഹോദരന്മാരേ, വികസനത്തിന്റെ നേട്ടം ഒട്ടും ലഭിച്ചിട്ടില്ലാത്ത ജനങ്ങളിലേക്ക് എത്തിച്ചേരാന്‍ ഞങ്ങളുടെ ഗവണ്‍മെന്റ് പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. മദരിസ്, പാമ്പാട്ടികള്‍, ബന്‍സരാസ്, ഗദിയാലൊഹാര്‍ തുടങ്ങിയ നാടോടി സമുദായങ്ങള്‍ക്കായി ക്ഷേമ ബോര്‍ഡ് രൂപീകരിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നു. ഇതിന് ആവശ്യമായ അംഗീകാരം ലഭിക്കുന്നതോടെ, നേട്ടങ്ങള്‍ വേഗത്തില്‍ ഈ സമുദായങ്ങളിലേക്ക് എത്തിച്ചേരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.
സുഹൃത്തുക്കളെ, വ്യാപാരികള്‍ക്കും ബിസിനസുകാര്‍ക്കുമായി ഒരു പ്രത്യേക മന്ത്രാലയം ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനം മുന്നോട്ടുപോയിട്ടുണ്ട്. ബിസിനസ്സുകാരുടെയും വ്യാപാരികളുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും ആവശ്യങ്ങള്‍ നിറവേറ്റുന്നതിനു ഡി ഐ പി പി പുനഃസംഘടിപ്പിച്ചു. ഈ വകുപ്പ് വ്യവസായവും ആഭ്യന്തര വ്യാപാരവും പ്രോല്‍സാഹിപ്പിക്കാനുള്ള വകുപ്പെന്ന് അറിയപ്പെടും.
അടുത്ത ദശാബ്ദത്തിന്റെ അവസാനത്തോടെയുള്ള ആവശ്യകതകളും ലക്ഷ്യങ്ങളും മനസിലാക്കി അവ ഈ ബജറ്റില്‍ ഉള്‍പ്പെടുത്തി എന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്. ഈ ബജറ്റ് ദരിദ്രരെ ശക്തിപ്പെടുത്തും, കര്‍ഷകന് ഉത്തേജനം നല്‍കും, തൊഴിലാളികളുടെ മാന്യത ഉയര്‍ത്തും, മധ്യവര്‍ഗത്തിന്റെ അഭിലാഷങ്ങള്‍ നിറവേറ്റും, സത്യസന്ധനായ നികുതിദാതാവിനെ ബഹുമാനത്തോടെ കാണും, വ്യാപാരികളെ ശാക്തീകരിക്കും, അടിസ്ഥാനസൗകര്യ വികസനത്തിന്റെ വേഗം വര്‍ധിപ്പിക്കും. ഈ ബജറ്റ് നവ ഇന്ത്യ സൃഷ്ടിക്കുന്നതിനുള്ള ഊര്‍ജം രാജ്യത്തെ 130 കോടി ജനങ്ങള്‍ക്കു പകര്‍ന്നുനല്‍കും. ഇതു പരിപാവനവും എല്ലാവരുടെയും ജീവിതത്തെ സ്പര്‍ശിക്കുന്നതും എല്ലാവരെയും ഉള്‍ച്ചേര്‍ക്കുന്നതുമാണ്. ഇത് എല്ലാവരുടെയും വികസനത്തിനായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നതാണ്.
മികച്ച ബജറ്റ് തയ്യാറാക്കിയതിന് എന്റെ സുഹൃത്ത് അരുണ്‍ ജിക്കും പിയുഷ് ജിക്കും അവരുടെ ടീമിനും ഒരിക്കല്‍ക്കൂടി ഏറെ നന്ദി.’