Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

2016 സെപ്റ്റംബര്‍ മൂന്നിനു വിയറ്റ്‌നാം സന്ദര്‍ശിച്ചപ്പോള്‍ പ്രധാനമന്ത്രി പുറത്തിറക്കിയ മാധ്യമക്കുറിപ്പ്

2016 സെപ്റ്റംബര്‍ മൂന്നിനു വിയറ്റ്‌നാം സന്ദര്‍ശിച്ചപ്പോള്‍ പ്രധാനമന്ത്രി പുറത്തിറക്കിയ മാധ്യമക്കുറിപ്പ്


ബഹുമാനപ്പെട്ട പ്രധാനമന്ത്രി എന്‍ഗ്വന്‍ സുവാന്‍ ഫുക്, മാധ്യമപ്രവര്‍ത്തകരേ,

ബഹുമാനപ്പെട്ട പ്രധാനമന്ത്രീ, ഊഷ്മളമായ സ്വാഗതത്തിനും എന്നോടും ഒപ്പമുള്ള പ്രതിനിധി സംഘത്തോടും കാട്ടിയ ആതിഥ്യമര്യാദയ്ക്കു നന്ദി. താങ്കള്‍ ഇന്നു രാവിലെ എന്നെ ഹോചിമിന്റെ വീട് കാണിക്കാന്‍ കൊണ്ടുപോയി. ഇരുപതാം നൂറ്റാണ്ടിലെ വലിയ നേതാക്കളില്‍ ഒരാളാണു ഹോചിമിന്‍. എനിക്കു നല്‍കിയ അംഗീകാരത്തിനു നന്ദി. ഇന്നലെ ദേശീയ ദിനം ആഘോഷിച്ച സാഹചര്യത്തില്‍ വിയറ്റ്‌നാം ജനതയെ ഞാന്‍ അഭിനന്ദിക്കുകയും ചെയ്യുന്നു.

സുഹൃത്തുക്കളേ,

നമ്മുടെ സമൂഹങ്ങള്‍ തമ്മിലുള്ള ബന്ധം രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് ആരംഭിച്ചതാണ്. ഇന്ത്യയില്‍നിന്നു ബുദ്ധിസം വിയറ്റ്‌നാമിലെത്തിയതും വിയറ്റ്‌നാമിലുള്ള ഹിന്ദു ചാം ക്ഷേത്ര സ്മാരകങ്ങളും നാം തമ്മിലുള്ള ബന്ധത്തിന്റെ തെളിവുകളാണ്. എന്റെ തലമുറയില്‍ പെട്ടവരെ സംബന്ധിച്ച് ഞങ്ങളുടെ ഹൃദയത്തില്‍ വിയറ്റ്‌നാമിന് ഇടമുണ്ട്. കൊളോണിയല്‍ ഭരണത്തില്‍നിന്നു സ്വാതന്ത്ര്യം നേടിയെടുത്ത വിയറ്റ്‌നാം ജനതയുടെ ധൈര്യം ഒരു പ്രചോദനമായിരുന്നു. രാഷ്ട്രത്തിന്റെ പുനരേകീകരണത്തിലും രാഷ്ട്രനിര്‍മാണത്തിലും വിജയിക്കാനായത് ഇവിടുത്തെ ജനങ്ങളുടെ സ്വഭാവസവിശേഷത വിളിച്ചോതുന്നതാണ്. ഞങ്ങള്‍ ഇന്ത്യക്കാര്‍ നിങ്ങളുടെ നിശ്ചയദാര്‍ഢ്യത്തെ ആദരിക്കുകയും നിങ്ങളുടെ വിജയത്തില്‍ ആഹ്ലാദിക്കുകയും നിങ്ങളുടെ രാഷ്ട്രത്തിന്റെ മുന്നോട്ടുള്ള യാത്രയില്‍ എന്നും ഒപ്പം നില്‍ക്കുകയും ചെയ്തിട്ടുണ്ട്.

സുഹൃത്തുക്കളേ,

പ്രധാനമന്ത്രി ഫുക്കുമായുള്ള എന്റെ സംഭാഷണം ദൈര്‍ഘ്യമേറിയതും ഫലപ്രദവുമായിരുന്നു. ഉഭയകക്ഷിബന്ധം സംബന്ധിച്ചും ബഹുകക്ഷിസഹകരണം സംബന്ധിച്ചുമുള്ള എല്ലാ വിഷയങ്ങളും ഞങ്ങള്‍ ചര്‍ച്ച ചെയ്തു. ഉഭയകക്ഷിബന്ധം കൂടുതല്‍ ശക്തമാക്കാനും വിപുലമാക്കാനും ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. മേഖലയിലെ രണ്ടു പ്രമുഖ രാഷ്ട്രങ്ങളെന്ന നിലയില്‍ മേഖലാതലത്തിലും രാജ്യാന്തര തലത്തിലുമുള്ള പൊതുവിഷയങ്ങളില്‍ സഹകരണം ശക്തമാക്കാനും തീരുമാനിച്ചു. മേഖലയിലെ വര്‍ധിച്ചുവരുന്ന സാമ്പത്തിക സാധ്യതകള്‍ ഗുണകരമാക്കിയെടുക്കാനും തീരുമാനിച്ചിട്ടുണ്ട്. മേഖലാതലത്തിലുള്ള പുതിയ വെല്ലുവിളികളെ നേരിടുന്നതിനായി ഒരുമിച്ചുനില്‍ക്കും. തന്ത്രപരമായ പങ്കാളിത്തം സമഗ്രമാക്കാനുള്ള തീരുമാനം ഭാവിസഹകരണത്തെ ഉദ്ദേശിച്ചും അതിന്റെ വഴി നിര്‍ണയിക്കാന്‍ ഉദ്ദേശിച്ചും ഉള്ളതാണ്. അതു നാം തമ്മിലുള്ള ബന്ധത്തിനു പുതിയ ദിശയും വേഗവും അര്‍ഥവും പകരും. നമ്മുടെ സംഘടിതശ്രമം ഈ മേഖലയില്‍ സ്ഥിരതയും സുരക്ഷയും അഭിവൃദ്ധിയും വളര്‍ത്തും.

സുഹൃത്തുക്കളേ,

നമ്മുടെ ജനതയ്ക്കു സാമ്പത്തിക അഭിവൃദ്ധി നേടിക്കൊടുക്കാനുള്ള ശ്രമങ്ങള്‍ക്കൊപ്പം അവരുടെ സുരക്ഷ കൂടി ഉറപ്പാക്കേണ്ടതുണ്ടെന്നു നാം തിരിച്ചറിയുന്നു. അതിനാല്‍ തന്നെ, പൊതു താല്‍പര്യങ്ങളെ മുന്‍നിര്‍ത്തി പ്രതിരോധ, സുരക്ഷാ മേഖലകളിലെ സഹകരണം വര്‍ധിപ്പിക്കാന്‍ പ്രധാനമന്ത്രിയും ഞാനും തീരുമാനിച്ചിട്ടുണ്ട്. ഓഫ്‌ഷോര്‍ പട്രോള്‍ ബോട്ടുകള്‍ നിര്‍മിക്കാന്‍ ഇന്ന് ഒപ്പുവെക്കപ്പെട്ട കരാര്‍ പ്രതിരോധ മേഖലയിലെ സഹകരണത്തിനു നിയതമായ രൂപം പകരുന്നതില്‍ ഒരു പ്രധാന ചുവടാണ്. പ്രതിരോധ സഹകരണം മെച്ചപ്പെടുത്തുന്നതിനായി വിയറ്റ്‌നാമിന് 50 കോടി ഡോളറിന്റെ പ്രതിരോധ വായ്പ പ്രഖ്യാപിക്കുന്നതില്‍ എനിക്കു സന്തോഷമുണ്ട്. അല്‍പം മുമ്പ് ഒപ്പുവെക്കപ്പെട്ട കരാറുകള്‍ നാം തമ്മിലുള്ള സഹകരണത്തിന്റെ ആഴവും വ്യാപ്തിയും വ്യക്തമാക്കുന്നതാണ്.

സുഹൃത്തുക്കളേ,

വിയറ്റ്‌നാം അതിവേഗമുള്ള വികസനത്തിനും കരുത്തുറ്റ സാമ്പത്തിക വളര്‍ച്ചയ്ക്കും സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്.

ജനതയെ ശാക്തീകരിക്കാനും സമ്പന്നരാക്കാനും കൃഷി ആധുനികവല്‍ക്കരിക്കാനും സംരംഭകത്വവും പുതുമയും പ്രോല്‍സാഹിപ്പിക്കാനും ശാസ്ത്ര സാങ്കേതിക അടിത്തറ ശക്തമാക്കാനും വേഗമേറിയ സാമ്പത്തിക വികാസത്തിനായി ശേഷി വര്‍ധിപ്പിക്കാനും പുതുരാഷ്ട്രം കെട്ടിപ്പടുക്കാനുള്ള നടപടിക്രമങ്ങള്‍ കൈക്കൊള്ളാനും വിയറ്റ്‌നാം ശ്രമിക്കുകയാണ്. വിയറ്റ്‌നാമിന്റെ ഈ കുതിപ്പില്‍ ഇന്ത്യയും ഇന്ത്യയിലെ 125 കോടി ജനങ്ങളും പങ്കാളികളായും സുഹൃത്തുക്കളായും ഒപ്പമുണ്ട്. സുഹൃദ്ബന്ധം നിലനിര്‍ത്താനുള്ള പ്രതിജ്ഞയുമായി മുന്നോട്ടുപോകുന്നതിനായി പ്രധാനമന്ത്രിയും ഞാനും ചേര്‍ന്ന് ഇന്നു കുറേ തീരുമാനങ്ങള്‍ കൈക്കൊണ്ടു. ന്ഹാ ട്രാങ്ങിലെ ടെലി കമ്മ്യൂണിക്കേഷന്‍സ് സര്‍വകലാശാലയില്‍ സോഫ്റ്റ്‌വെയര്‍ പാര്‍ക്ക് സ്ഥാപിക്കുന്നതിനായി 50 ലക്ഷം ഡോളറിന്റെ ഗ്രാന്റ് ഇന്ത്യ അനുവദിക്കും. ബഹിരാകാശരംഗത്തെ സഹകരണത്തിനുള്ള കരാര്‍ വഴി ഈ രംഗത്തുള്ള ലക്ഷ്യങ്ങള്‍ നേടുന്നതിനായി ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ വിയറ്റ്‌നാമിന് അവസരം ലഭിക്കും. ഉഭയകക്ഷി വാണിജ്യ ബന്ധം ശക്തിപ്പെടുത്തുക നമ്മുടെ തന്ത്രപ്രധാനമായ ലക്ഷ്യങ്ങൡലൊന്നാണ്. ഇതിനായി, 2020 ആകുമ്പോഴേക്കും 1500 കോടി ഡോളറിന്റെ വ്യാപാരമെന്ന ലക്ഷ്യം നേടാന്‍ പുതിയ വാണിജ്യ, വ്യാപാര സാധ്യതകള്‍ ഉപയോഗപ്പെടുത്തും. വിയറ്റ്‌നാമിലുള്ള ഇന്ത്യന്‍ പദ്ധതികള്‍ക്കും നിക്ഷേപങ്ങള്‍ക്കും സൗകര്യമൊരുക്കാനുള്ള സഹായം ഞാന്‍ തേടി. എന്റെ ഗവണ്‍മെന്റ് നടപ്പാക്കിവരുന്ന വിവിധ പദ്ധതികളുടെയും മുന്‍നിര പദ്ധതികളുടെയും നേട്ടം കൊയ്യാന്‍ വിയറ്റ്‌നാമിലെ കമ്പനികളെ ക്ഷണിക്കുകയും ചെയ്തു.

സുഹൃത്തുക്കളേ,

നമ്മുടെ ജനതകള്‍ തമ്മിലുള്ള സാംസ്‌കാരികബന്ധം നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ്. ഹാനോയില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ എത്രയും വേഗം തുറക്കാന്‍ സാധിക്കുമെന്നു നാം പ്രതീക്ഷിക്കുന്നു. മൈ സണിലുള്ള ചാം സ്മാരകങ്ങളുടെ സംരക്ഷണവും പുനരുദ്ധാരണവും സംബന്ധിച്ച പ്രവൃത്തി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്ക് ഉടന്‍ തുടങ്ങാന്‍ സാധിക്കും. നളന്ദ മഹാവിഹാര ശിലാലിഖിതം യുനെസ്‌ക ലോക പാരമ്പര്യ കേന്ദ്രമാക്കുന്നതില്‍ മുന്‍കൈയെടുത്തതിന് വിയറ്റ്‌നാമനോട് എനിക്കു നന്ദിയുണ്ട്.

സുഹൃത്തുക്കളേ,

ചരിത്രപരമായ ബന്ധത്തിന്റെ കാര്യത്തിലും ഭൂമിശാസ്ത്രപരമായ അടുപ്പത്തിന്റെ കാര്യത്തിലും സാസ്‌കാരിക ബന്ധത്തിന്റെ കാര്യത്തിലും പങ്കുവെക്കുന്ന തന്ത്രപ്രധാനമായ സ്ഥലത്തിന്റെ കാര്യത്തിലുമൊക്കെ ആസിയാന്‍ ഇന്ത്യക്കു പ്രധാനമാണ്. ഞങ്ങളുടെ ‘ആക്റ്റ് ഈസ്റ്റ്’ നയം ഇതില്‍ കേന്ദ്രീകൃതമാണ്. ഇന്ത്യക്കായുള്ള ആസിയാന്‍ കോ-ഓര്‍ഡിനേറ്റര്‍ എന്ന നിലയില്‍ വിയറ്റ്‌നാമിന്റെ നേതൃത്വത്തില്‍ എല്ലാ മേഖലകളിലും ഇന്ത്യ-ആസിയാന്‍ പങ്കാളിത്തം ശക്തമാക്കാനായി നാം പ്രവര്‍ത്തിക്കും.

ബഹുമാനപ്പെട്ട പ്രധാനമന്ത്രി,

താങ്കള്‍ ഉദാരനും മാന്യനുമായ ഒരു ആതിഥേയനാണ്. വിയറ്റ്‌നാം ജനത കാണിച്ച സ്‌നേഹം എന്റെ ഹൃദയത്തെ സ്പര്‍ശിച്ചു. നാം തമ്മിലുള്ള പങ്കാളത്തത്തിന്റെ പ്രകൃതംകൊണ്ടും ഗതി കൊണ്ടും നമുക്കു സംതൃപ്തി നേടാന്‍ സാധിക്കും. അതേസമയം, അടുത്ത പരസ്പര ബന്ധം സ്ഥാപിക്കുന്നതിലുള്ള വേഗത നിലനിര്‍ത്താന്‍ നാം ശ്രദ്ധ പുലര്‍ത്തണം. നിങ്ങളുടെ ആതിഥ്യം ഞാന്‍ ആസ്വദിച്ചു. നിങ്ങള്‍ക്കും വിയറ്റ്‌നാമിന്റെ നേതൃത്വത്തിനും ഇന്ത്യയില്‍ ആതിഥ്യമരുളുക എന്നത് എനിക്കു സന്തോഷമുള്ള കാര്യമാണ്. നിങ്ങളെ ഇന്ത്യയിലേക്കു സ്വാഗതം ചെയ്യാനായി ഞങ്ങള്‍ കാത്തിരിക്കുന്നു.

നന്ദി,

നിങ്ങള്‍ക്കു വളരെയധികം നന്ദി.