Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

2016 ലെ വാടക ഗര്‍ഭധാരണ നിയന്ത്രണ ബില്ലിന് മന്ത്രിസഭയുടെ അനുമതി


2016 ലെ വാടക ഗര്‍ഭധാരണ നിയന്ത്രണ ബില്ല് അവതരിപ്പിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി.

കേന്ദ്ര തലത്തില്‍ ദേശീയ സറഗസി ബോര്‍ഡും സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും സംസ്ഥാന സറഗസി ബോര്‍ഡുകളും അനുയോജ്യമായ അതോറിറ്റികളും രൂപീകരിച്ച് കൊണ്ട് രാജ്യത്ത് വാടക ഗര്‍ഭധാരണം നിയന്ത്രിക്കുന്നതിനുള്ളതാണ് ബില്‍. വാടക ഗര്‍ഭധാരണത്തിന്റെ ഫലപ്രദമായ നിയന്ത്രണം, വാണിജ്യ പരമായ വാടക ഗര്‍ഭധാരണം നിരോധിക്കല്‍, വന്ധ്യരായ ദമ്പതികള്‍ക്ക് അവശ്യഘട്ടങ്ങളില്‍ അനുവദിക്കാവുന്ന ധാര്‍മ്മികമായ വാടക ഗര്‍ഭധാരണം എന്നിവ ബില്‍ ഉറപ്പ് നല്‍കുന്നു.

ധാര്‍മ്മികമായ വാടക ഗര്‍ഭധാരണം ആവശ്യമായ രാജ്യത്തെ വന്ധ്യരായ എല്ലാ ദമ്പതിമാര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. കൂടാതെ വാടക ഗര്‍ഭം ധരിക്കുന്ന മാതാവിന്റെയും അതിലുണ്ടാകുന്ന കുട്ടിയുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടും. ജമ്മു-കശ്മീര്‍ ഒഴിച്ച് രാജ്യത്തെ മുഴുവന്‍ പ്രദേശങ്ങള്‍ക്കും ബില്ല് ബാധകമായിരിക്കും.

രാജ്യത്ത് വാടക ഗര്‍ഭധാരണ സേവനങ്ങള്‍ നിയന്ത്രിക്കപ്പെടും എന്നുള്ളതാണ് ഈ നിയമത്തിന്റെ ഗുണങ്ങളില്‍ പ്രധാനം. മനുഷ്യ ഭ്രൂണം, ഗമേറ്റ് എന്നിവയുടെ വാങ്ങലും വില്‍പ്പനയും ഉള്‍പ്പെടെ വാണിജ്യ ഗര്‍ഭധാരണം നിരോധിക്കുന്നതോടൊപ്പം വന്ധ്യരായ ദമ്പതികള്‍ക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി വാടക ഗര്‍ഭധാരണത്തിന് നിയമം അനുമതിയും നല്‍കുന്നു. വാടക ഗര്‍ഭധാരണത്തിലൂടെ അമ്മമാരും കുഞ്ഞുങ്ങളും ചൂഷണം ചെയ്യപ്പെടാനുള്ള സാധ്യതയും നിയമം ഇല്ലാതാക്കുന്നു.

*****

AKT/VBA/SH