2015-2016 സീസണില്‍ കൃഷിചെയ്യുന്ന റാബി വിളകളുടെ മിനിമം താങ്ങുവിലക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ചേര്‍ന്ന കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യസമിതി അംഗീകാരം നല്കി. 2016-17 വര്‍ഷത്തില്‍ വിപണിയിലെത്തുന്ന വിളകളാണിവ. കാര്ഷികച്ചെലവിനെയും വിലയെയും കുറിച്ച് പഠിക്കാന്‍ നിയോഗിച്ച സമിതിയുടെ ശുപാര്‍ശകള്‍ അംഗീകരിച്ചാണ് കുറഞ്ഞ താങ്ങുവില നിശ്ചയിച്ചത്. ഉല്‍പ്പാദനച്ചെലവ്, വിപണിയിലെ ആവശ്യകത, ആഭ്യന്തര, അന്താരാഷ്ട്ര വില എന്നിവയടക്കം നിരവധി ഘടകങ്ങള്‍ പരിശോധിച്ചാണ് കുറഞ്ഞ താങ്ങുവില നിശ്ചയിക്കുന്നത്.
ഗോതമ്പിന്റെ കുറഞ്ഞതാങ്ങുവില കിന്റലിന് 1525 രൂപയും ബാര്ലിയുടേത് 1225 രൂപയുമാണ്. കടലയുടെ താങ്ങുവില കിന്റലിന് 3425 രൂപയും ചുവന്നപരിപ്പിന്റേത് 3325 രൂപയുമാണ്. കടുകിന്റെ കുറഞ്ഞ താങ്ങുവില കിന്റലിന് 3350 രൂപയായാണ് നിശ്ചയിച്ചത്.
നാഷണല്‍ അഗ്രിക്കള്‍ച്ചറല്‍ കോ ഓപറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷന് ഓഫ് ഇന്ത്യ ലിമിറ്റഡ്(നാഫെഡ്) ആയിരിക്കും പയറുവര്‍ഗങ്ങളും എണ്ണക്കുരുക്കളും സംഭരിക്കുന്നതിനുള്ള കേന്ദ്ര നോഡല്‍ ഏജന്‍സി.
എല്ലാ കര്‍ഷകര്‍ക്കും സോയില്‍ ഹെല്‍ത്ത്കാര്‍ഡ് അനുവദിക്കുന്നതിനുള്ള പദ്ധതി ഗവണ്മെന്റ് ആരംഭിച്ചിട്ടുണ്ട്. ജലസേചനസൗകര്യം ഉറപ്പുവരുത്താനായി ഗവണ്മെന്റ് പ്രധാന്‍മന്ത്രി കൃഷി സിഞ്ചായി യോജന പദ്ധതി നടപ്പിലാക്കുന്നു.