സുഹൃത്തുക്കളേ,
ഇന്ന് പാര്‍ലമെന്ററി ജനാധിപത്യത്തിന് അഭിമാന ദിനമാണ്, മഹത്വത്തിന്റെ ദിനം. സ്വാതന്ത്ര്യത്തിനു ശേഷം ആദ്യമായാണ് നമ്മുടെ പുതിയ പാര്‍ലമെന്റില്‍ ഈ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത്. ഇതുവരെ, ഈ പ്രക്രിയ പഴയ ഹൗസില്‍ നടന്നിരുന്നു. ഈ സുപ്രധാന ദിനത്തില്‍, പുതുതായി തിരഞ്ഞെടുക്കപ്പെട്ട എല്ലാ എംപിമാരെയും ഞാന്‍ സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു, എല്ലാവരെയും അഭിനന്ദിക്കുന്നു, എല്ലാവര്‍ക്കും എന്റെ ആശംസകള്‍ നേരുന്നു!
പാര്‍ലമെന്റിന്റെ ഈ രൂപീകരണം ഭാരതത്തിലെ സാധാരണ പൗരന്മാരുടെ അഭിലാഷങ്ങള്‍ നിറവേറ്റാന്‍ ലക്ഷ്യമിടുന്നു. പുതുക്കിയ തീക്ഷ്ണതയോടും ഉത്സാഹത്തോടും കൂടി പുതിയ ഉയര്‍ച്ചയും പുതിയ ഉയരങ്ങളും കൈവരിക്കാനുള്ള വളരെ പ്രധാനപ്പെട്ട അവസരമാണിത്. 2047-ഓടെ ‘ശ്രേഷ്ഠ’ (മഹത്തായ) ‘വികസിത’ (വികസിത) ഭാരതം കെട്ടിപ്പടുക്കുകയെന്ന ലക്ഷ്യവും സ്വപ്നങ്ങളും പ്രമേയങ്ങളുമായും 18-ാം ലോക്സഭയുടെ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ലോകത്തിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് പ്രൗഢഗംഭീരവും പ്രതാപത്തോടെയും നടന്നു എന്നത് ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന കാര്യമാണ്. 140 കോടി രാജ്യവാസികള്‍ക്ക് ഇത് അഭിമാനമാണ്. 65 കോടിയിലധികം വോട്ടര്‍മാര്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുത്തു. ഈ തെരഞ്ഞെടുപ്പും വളരെ പ്രാധാന്യമര്‍ഹിക്കുന്നു, കാരണം, സ്വാതന്ത്ര്യാനന്തരം രണ്ടാം തവണ, തുടര്‍ച്ചയായി മൂന്നാം തവണയും ഒരു ഗവണ്‍മെന്റിനെ സേവിക്കാന്‍ രാജ്യത്തെ ജനങ്ങള്‍ അവസരം നല്‍കി. 60 വര്‍ഷങ്ങള്‍ക്ക് ശേഷം വരുന്ന ഈ അവസരം അതു കൊണ്ടു തന്നെ ഏറെ അഭിമാനിക്കുന്ന സംഭവമാണ്.
സുഹൃത്തുക്കളേ,
രാജ്യത്തെ ജനങ്ങള്‍ മൂന്നാം തവണയും ഒരു ഗവണ്‍മെന്റിനെ തിരഞ്ഞെടുക്കുമ്പോള്‍, അത് അവരുടെ ഉദ്ദേശ്യങ്ങളെയും നയങ്ങളെയും അംഗീകരിക്കുന്നതിനെ സൂചിപ്പിക്കുന്നു. ജനങ്ങളോടുള്ള അതിന്റെ സമര്‍പ്പണത്തില്‍ അവര്‍ വിശ്വാസം ഉറപ്പിച്ചു, അതിനായി എന്റെ സഹ പൗരന്മാരോട് ഞാന്‍ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു. കഴിഞ്ഞ 10 വര്‍ഷമായി, ഒരു പാരമ്പര്യം സ്ഥാപിക്കാന്‍ ഞങ്ങള്‍ തുടര്‍ച്ചയായി പരിശ്രമിച്ചു, കാരണം ഒരു ഗവണ്‍മെന്റ് പ്രവര്‍ത്തിപ്പിക്കാന്‍ ഭൂരിപക്ഷം ആവശ്യമാണെങ്കിലും, ഒരു രാജ്യം ഭരിക്കാന്‍ സമവായമാണ് നിര്‍ണായകമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. അതിനാല്‍, എല്ലാവരുടെയും സമ്മതത്തോടെ, എല്ലാവരേയും കൂട്ടിക്കൊണ്ട്, 140 കോടി രാജ്യക്കാരുടെ പ്രതീക്ഷകളും അഭിലാഷങ്ങളും നിറവേറ്റുക എന്നതായിരിക്കും ഞങ്ങളുടെ നിരന്തര പരിശ്രമം.
ഭരണഘടനയുടെ ചട്ടക്കൂടിനുള്ളില്‍ എല്ലാവരെയും ഒപ്പം കൊണ്ടുപോകാനും തീരുമാനങ്ങള്‍ വേഗത്തിലാക്കാനും ഞങ്ങള്‍ ലക്ഷ്യമിടുന്നു. 18-ാം ലോക്സഭയില്‍, ഗണ്യമായ എണ്ണം യുവ എംപിമാരെ കാണുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ഇന്ത്യന്‍ പാരമ്പര്യങ്ങളും സാംസ്‌കാരിക പൈതൃകവും പരിചയമുള്ളവര്‍ക്ക്, 18 എന്ന സംഖ്യയ്ക്ക് വലിയ പ്രാധാന്യമുണ്ട്. കര്‍മ്മം, കടമ, അനുകമ്പ എന്നിവയുടെ സന്ദേശങ്ങള്‍ നല്‍കുന്ന 18 അധ്യായങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഭഗവദ്ഗീത. നമ്മുടെ പാരമ്പര്യത്തില്‍ 18 പുരാണങ്ങളും ഉപപുരാണങ്ങളും ഉണ്ട്. 18 ന്റെ മൂല സംഖ്യ 9 ആണ്, പൂര്‍ണ്ണതയെ പ്രതീകപ്പെടുത്തുന്ന ഒരു സംഖ്യ. 18-ാം വയസ്സില്‍ നമുക്ക് വോട്ടവകാശം ലഭിക്കുന്നു. 18-ാം ലോക്സഭ ഭാരതത്തിന്റെ ‘അമൃത് കാലുമായി’ ഒത്തുചേരുന്നു, അതിന്റെ രൂപീകരണം ശുഭസൂചനയായി മാറുന്നു.
സുഹൃത്തുക്കളേ,
ഇന്ന്, ഞങ്ങള്‍ ജൂണ്‍ 24 ന് ഒത്തുചേരുന്നു. നാളെ ജൂണ്‍ 25 ആണ്. നമ്മുടെ ഭരണഘടനയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കാന്‍ അര്‍പ്പണബോധമുള്ളവര്‍ക്കും ഭാരതത്തിന്റെ ജനാധിപത്യ പാരമ്പര്യങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്കും ജൂണ്‍ 25 അവിസ്മരണീയമായ ദിവസമാണ്. ഇന്ത്യയുടെ ജനാധിപത്യത്തില്‍ ഒരു കറുത്ത അദ്ധ്യായം എഴുതപ്പെട്ടിട്ട് നാളെ 50 വര്‍ഷം തികയുന്നു. ഭരണഘടനയെ പൂര്‍ണമായി അവഗണിക്കുകയും കീറിമുറിക്കുകയും രാജ്യത്തെ ഒരു ജയിലാക്കി മാറ്റുകയും ജനാധിപത്യത്തെ പൂര്‍ണ്ണമായും അടിച്ചമര്‍ത്തുകയും ചെയ്തത് ഭാരതത്തിന്റെ പുതുതലമുറ ഒരിക്കലും മറക്കരുത്. നമ്മുടെ ഭരണഘടനയെയും ജനാധിപത്യത്തെയും അഭിമാനത്തോടെ സംരക്ഷിക്കണമെന്ന് അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള ഈ 50 വര്‍ഷം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഇനിയൊരിക്കലും ഇത്തരമൊരു വിഡ്ഢിത്തം ഉണ്ടാകാന്‍ അനുവദിക്കില്ലെന്ന് നാട്ടുകാര്‍ പ്രതിജ്ഞയെടുക്കണം. ഊര്‍ജസ്വലമായ ഒരു ജനാധിപത്യം ഉറപ്പാക്കാനും ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന സാധാരണക്കാരന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനും ഞങ്ങള്‍ സ്വയം പ്രതിജ്ഞാബദ്ധരാണ്.
സുഹൃത്തുക്കളേ,
രാജ്യത്തെ ജനങ്ങള്‍ മൂന്നാം തവണയും ഞങ്ങള്‍ക്ക് അവസരം നല്‍കി, അത് ശ്രദ്ധേയമായ വിജയമാണ്. ഇതോടെ നമ്മുടെ ഉത്തരവാദിത്തം മൂന്നിരട്ടിയായി വര്‍ധിക്കുന്നു. രണ്ടുതവണ ഭരണം നടത്തിയതിന്റെ അനുഭവസമ്പത്തിനൊപ്പം മൂന്നാം ടേമില്‍ ഞങ്ങള്‍ മൂന്നിരട്ടി കഠിനാധ്വാനം ചെയ്യുമെന്ന് ഞാന്‍ ഇന്ന് രാജ്യക്കാര്‍ക്ക് ഉറപ്പ് നല്‍കുന്നു. ഈ പുതിയ ദൗത്യവുമായി മുന്നോട്ട് പോകുന്നതിന്റെ മൂന്നിരട്ടി ഫലങ്ങള്‍ ഞങ്ങള്‍ കൈവരിക്കും.
ബഹുമാനപ്പെട്ട അംഗങ്ങളേ, രാഷ്ട്രത്തിന് നമ്മില്‍ നിന്നെല്ലാം വലിയ പ്രതീക്ഷകളുണ്ട്. പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തി സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ച് പൊതുജനക്ഷേമത്തിനും സേവനത്തിനുമായി ഈ അവസരം ഉപയോഗിക്കണമെന്ന് എല്ലാ എംപിമാരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. പ്രതിപക്ഷത്തുനിന്നും ക്രിയാത്മകമായ സംഭാവനകളാണ് ജനങ്ങളും പ്രതീക്ഷിക്കുന്നത്. ഇതുവരെയുള്ള നിരാശകള്‍ക്കിടയിലും, 18-ാം ലോക്സഭയില്‍ പ്രതിപക്ഷം അതിന്റെ പങ്ക് ഫലപ്രദമായി നിര്‍വഹിക്കുമെന്നും നമ്മുടെ ജനാധിപത്യത്തിന്റെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു. പ്രതിപക്ഷം ഈ പ്രതീക്ഷകള്‍ക്കൊത്ത് ഉയരുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.
സുഹൃത്തുക്കളേ,
സഭയില്‍ സാധാരണക്കാരന്‍ സംവാദവും ജാഗ്രതയും പ്രതീക്ഷിക്കുന്നു. തന്ത്രങ്ങളും നാടകങ്ങളും കലഹങ്ങളും ആളുകള്‍ പ്രതീക്ഷിക്കുന്നില്ല. അവര്‍ മുദ്രാവാക്യങ്ങളല്ല, സത്തയാണ് അന്വേഷിക്കുന്നത്. രാജ്യത്തിന് നല്ലതും ഉത്തരവാദിത്തമുള്ളതുമായ ഒരു പ്രതിപക്ഷം ആവശ്യമാണ്, 18-ാം ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എംപിമാര്‍ സാധാരണക്കാരന്റെ ഈ പ്രതീക്ഷകള്‍ നിറവേറ്റാന്‍ ശ്രമിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.
സുഹൃത്തുക്കളേ,
ഒരു ‘വികസിത് ഭാരത്’ (വികസിത ഇന്ത്യ) എന്ന നമ്മുടെ ദൃഢനിശ്ചയം നേടിയെടുക്കുക എന്നത് നമ്മുടെ കൂട്ടായ ഉത്തരവാദിത്തമാണ്. ജനങ്ങളുടെ വിശ്വാസം കൂടുതല്‍ ശക്തിപ്പെടുത്തിക്കൊണ്ട് ഞങ്ങള്‍ ഈ ഉത്തരവാദിത്തം ഒരുമിച്ച് നിര്‍വഹിക്കും. 25 കോടി പൗരന്മാര്‍ ദാരിദ്ര്യത്തില്‍ നിന്ന് ഉയര്‍ന്നുവന്നത്, ഭാരതത്തിലെ ദാരിദ്ര്യം തുടച്ചുനീക്കുന്നതില്‍ നമുക്ക് വിജയിക്കാമെന്ന പുതിയ ആത്മവിശ്വാസം പകരുന്നു, അത് മനുഷ്യരാശിക്ക് മഹത്തായ സേവനമായിരിക്കും. നമ്മുടെ രാജ്യത്തെ ജനങ്ങള്‍, 140 കോടി പൗരന്മാര്‍, കഠിനാധ്വാനം ചെയ്യുന്നതിനുളള ഒരു ശ്രമവും ഒഴിവാക്കുന്നില്ല. അവര്‍ക്ക് പരമാവധി അവസരങ്ങള്‍ നല്‍കണം. ഇതാണ് ഞങ്ങളുടെ ഏക വീക്ഷണം, നമ്മുടെ ഈ സഭ തീരുമാനങ്ങളുടെ സഭയായി മാറും. നമ്മുടെ 18-ാം ലോക്സഭ സാധാരണക്കാരന്റെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്ന തീരുമാനങ്ങളാല്‍ നിറയണം.
സുഹൃത്തുക്കളേ,
പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംപിമാര്‍ക്ക് ഒരിക്കല്‍ കൂടി എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. വലിയ പ്രതീക്ഷകളോടെ, ഈ രാജ്യത്തെ ജനങ്ങള്‍ നമ്മെ ഏല്‍പ്പിച്ച പുതിയ ഉത്തരവാദിത്തം അര്‍പ്പണബോധത്തോടെയും മികവോടെയും നിറവേറ്റാന്‍ നമുക്കെല്ലാവര്‍ക്കും ഒരുമിക്കാം. സുഹൃത്തുക്കളേ, വളരെ നന്ദി.
NS
Sharing my remarks at the start of the first session of the 18th Lok Sabha. May it be a productive one.https://t.co/Ufz6XDa3hZ
— Narendra Modi (@narendramodi) June 24, 2024