18-ാം ലോക്സഭയുടെ ഒന്നാം സമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മാധ്യമങ്ങളെ അഭിസംബോധന ചെയ്തു.
സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ആദ്യമായാണ് പുതിയ പാർലമെന്റിൽ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത് എന്നതിനാൽ പാർലമെന്ററി ജനാധിപത്യത്തിലെ അഭിമാനകരവും മഹത്വപൂർണ്ണവുമായ ദിനമാണ് ഇന്നത്തെ ദിനമെന്ന് വിശേഷിപ്പിച്ചാണ് പ്രധാനമന്ത്രി പ്രസ്താവന ആരംഭിച്ചത്. ‘ഈ സുപ്രധാന ദിനത്തിൽ, പുതുതായി തിരഞ്ഞെടുക്കപ്പെട്ട എല്ലാ എംപിമാരെയും ഞാൻ ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു, എല്ലാവരെയും അഭിനന്ദിക്കുന്നു’, പ്രധാനമന്ത്രി പറഞ്ഞു.
ഈ പാർലമെന്റിന്റെ രൂപീകരണത്തെ ഇന്ത്യയിലെ സാധാരണക്കാരന്റെ തീരുമാനങ്ങൾ നിറവേറ്റുന്നതിനുള്ള മാർഗമായി വിശേഷിപ്പിച്ച പ്രധാനമന്ത്രി, പുതിയ തീക്ഷ്ണതയോടെ പുതിയ വേഗതയും ഉയരവും കൈവരിക്കാനുള്ള നിർണായക അവസരമാണിതെന്ന് അടിവരയിട്ടു. 2047-ഓടെ വികസിത ഇന്ത്യ കെട്ടിപ്പടുക്കുകയെന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനാണ് 18-ാം ലോക്സഭ ഇന്ന് ആരംഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് ഗംഭീരമായി നടത്തപ്പെട്ടത് 140 കോടി പൗരന്മാരുടെ അഭിമാനമാണെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ’65 കോടിയിലധികം വോട്ടർമാർ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുത്തു’, സ്വാതന്ത്ര്യത്തിന് ശേഷം ഇത് രണ്ടാം തവണയാണ് രാജ്യം മൂന്നാം വട്ടം സേവനമനുഷ്ഠിക്കാൻ ഒരു ഗവൺമെന്റിന് അധികാരം നൽകുന്നത് എന്ന് പ്രധാനമന്ത്രി സന്തോഷത്തോടെ പറഞ്ഞു. “60 വർഷങ്ങൾക്ക് ശേഷമാണ് ഈ അവസരം ലഭിച്ചിരിക്കുന്നത്,” അദ്ദേഹം കൂട്ടിച്ചേർത്തു.
മൂന്നാം തവണയും ഗവൺമെന്റിനെ തെരഞ്ഞെടുത്തതിന് പൗരന്മാരോട് നന്ദി രേഖപ്പെടുത്തിയ പ്രധാനമന്ത്രി മോദി, ഇത് ഗവൺമെന്റിന്റെ ഉദ്ദേശ്യങ്ങൾക്കും നയങ്ങൾക്കും ജനങ്ങളോടുള്ള അർപ്പണബോധത്തിനുമുളള അംഗീകാരത്തിന്റെ മുദ്രയാണെന്നും പറഞ്ഞു. ”കഴിഞ്ഞ 10 വർഷമായി, ഞങ്ങൾ ഒരു പാരമ്പര്യം സ്ഥാപിക്കാൻ ശ്രമിച്ചു, കാരണം ഒരു ഗവൺമെന്റ് പ്രവർത്തിപ്പിക്കാൻ ഭൂരിപക്ഷം ആവശ്യമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു, എന്നാൽ ഒരു രാജ്യം നയിക്കുന്നതിന് സമവായമാണ് അത്യന്തം പ്രധാനം,” പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. 140 കോടി പൗരന്മാരുടെ പ്രതീക്ഷകളും അഭിലാഷങ്ങളും സാക്ഷാത്കരിക്കാനായി, എല്ലാവരേയും ഒപ്പം ചേർത്ത് സമവായം കൈവരിച്ചുകൊണ്ട് ഭാരത മാതാവിനെ സേവിക്കുകയെന്നതിനാണ് സർക്കാരിന്റെ നിരന്തരമായ ശ്രമമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ ഭരണഘടനയുടെ പരിധിയിൽ നിന്നുകൊണ്ട് എല്ലാവരേയും ഒപ്പം കൊണ്ടുപോകേണ്ടതിന്റെയും തീരുമാനങ്ങൾ വേഗത്തിലാക്കേണ്ടതിന്റെയും ആവശ്യകത അടിവരയിട്ടുകൊണ്ട്, പതിനെട്ടാം ലോക്സഭയിൽ സത്യപ്രതിജ്ഞ ചെയ്യുന്ന യുവ എംപിമാരുടെ എണ്ണത്തിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. ഭാരതീയ പാരമ്പര്യമനുസരിച്ച് 18 എന്ന സംഖ്യയുടെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ച പ്രധാനമന്ത്രി, ഗീതയിൽ കർമ്മം, കടമ, അനുകമ്പ എന്നിവയുടെ സന്ദേശം നൽകുന്ന 18 അധ്യായങ്ങളുണ്ടെന്നും പുരാണങ്ങളുടെയും ഉപപുരാണങ്ങളുടെയും എണ്ണം 18 ആണെന്നും 18 ന്റെ മൂല സംഖ്യ 9 ആണെന്നും അത് പൂർണ്ണതയെ പ്രതീകപ്പെടുത്തുന്നുവെന്നും എടുത്തുപറഞ്ഞു. ഇന്ത്യയിൽ നിയമപ്രകാരമുള്ള വോട്ടിംഗ് പ്രായം 18 വയസ്സാണ്. ”പതിനെട്ടാം ലോക്സഭ ഇന്ത്യയുടെ അമൃത കാലമാണ്. ഈ ലോക്സഭയുടെ രൂപീകരണവും ശുഭസൂചനയാണ്’, ശ്രീ മോദി കൂട്ടിച്ചേർത്തു.
നാളെ ജൂൺ 25ന് അടിയന്തരാവസ്ഥയുടെ 50 വർഷം തികയുന്നത് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി അത് ഇന്ത്യൻ ജനാധിപത്യത്തിലെ കറുത്ത ഏടാണെന്ന് പറഞ്ഞു. ജനാധിപത്യത്തെ അടിച്ചമർത്തിക്കൊണ്ട് ഇന്ത്യൻ ഭരണഘടനയെ പൂർണമായും നിരാകരിച്ച് രാജ്യത്തെ ജയിലാക്കി മാറ്റിയ ദിവസം ഇന്ത്യയിലെ പുതുതലമുറ ഒരിക്കലും മറക്കില്ലെന്ന് ശ്രീ മോദി പറഞ്ഞു. ഇത്തരമൊരു സംഭവം ഇനി ഉണ്ടാകാതിരിക്കാൻ ഇന്ത്യയുടെ ജനാധിപത്യവും ജനാധിപത്യ പാരമ്പര്യവും സംരക്ഷിക്കാനുള്ള തീരുമാനം കൈക്കൊള്ളണമെന്ന് പ്രധാനമന്ത്രി മോദി പൗരന്മാരോട് ആഹ്വാനം ചെയ്തു. “ഊർജസ്വലമായ ജനാധിപത്യം എന്ന പ്രമേയം ഞങ്ങൾ ഏറ്റെടുക്കുകയും, ഇന്ത്യൻ ഭരണഘടനയനുസരിച്ച് സാധാരണക്കാരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുകയും ചെയ്യും,” പ്രധാനമന്ത്രി പറഞ്ഞു.
ജനങ്ങൾ മൂന്നാം തവണയും ഗവൺമെന്റിനെ തെരഞ്ഞെടുത്തതോടെ ഗവൺമെന്റിന്റെ ഉത്തരവാദിത്തം മൂന്നിരട്ടിയായി വർധിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. ഈ ഗവൺമെന്റ് മുമ്പത്തേക്കാൾ മൂന്നിരട്ടി കഠിനാധ്വാനം ചെയ്യുമെന്നും മൂന്നിരട്ടി ഫലം കൊണ്ടുവരുമെന്നും അദ്ദേഹം പൗരന്മാർക്ക് ഉറപ്പുനൽകി.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട പാർലമെന്റ് അംഗങ്ങളിൽ രാജ്യം ഉയർന്ന പ്രതീക്ഷകൾ വെച്ചു പുലർത്തുന്നതായി ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഈ അവസരം പൊതുജനക്ഷേമത്തിനും പൊതുസേവനത്തിനുമായി ഉപയോഗിക്കാനും പൊതുതാൽപ്പര്യത്തിനായി സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കാനും എല്ലാ എംപിമാരോടും അഭ്യർത്ഥിച്ചു. പ്രതിപക്ഷത്തിന്റെ പങ്കിനെ പരാമർശിച്ചുകൊണ്ട്, പ്രതിപക്ഷം ജനാധിപത്യത്തിന്റെ അന്തസ്സ് കാത്തുസൂക്ഷിക്കുന്നതിനൊപ്പം തങ്ങളുടെ പങ്ക് പരമാവധി നിർവഹിക്കുമെന്ന് രാജ്യത്തെ ജനങ്ങൾ പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി മോദി പറഞ്ഞു. “പ്രതിപക്ഷം ആ പ്രതീക്ഷയ്ക്കൊത്ത് പ്രവർത്തിക്കുമെന്ന് ഞാൻ പ്രത്യാശിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു. ജനങ്ങൾക്ക് മുദ്രാവാക്യങ്ങൾക്കു പകരം സത്തയാണ് വേണ്ടത് എന്ന് ഊന്നിപ്പറഞ്ഞ ശ്രീ മോദി, സാധാരണ പൗരന്മാരുടെ ആ പ്രതീക്ഷകൾ നിറവേറ്റാൻ എംപിമാർ ശ്രമിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
വികസിത ഇന്ത്യയെന്ന ദൃഢനിശ്ചയം കൂട്ടായി നിറവേറ്റുന്നതിനും ജനങ്ങളുടെ വിശ്വാസം ശക്തിപ്പെടുത്തുന്നതിനുമുള്ള എല്ലാ പാർലമെന്റ് അംഗങ്ങളുടെയും ഉത്തരവാദിത്തം പ്രധാനമന്ത്രി അടിവരയിട്ടു പറഞ്ഞു. ദാരിദ്ര്യത്തിൽ നിന്ന് കരകയറുന്ന 25 കോടി പൗരന്മാർ, ഇന്ത്യക്ക് വിജയിക്കാനും വളരെ വേഗം ദാരിദ്ര്യത്തിൽ നിന്ന് മുക്തി നേടാനും കഴിയുമെന്ന പുതിയ വിശ്വാസം സൃഷ്ടിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ”നമ്മുടെ രാജ്യത്തെ ജനങ്ങൾ, 140 കോടി പൗരന്മാർ, കഠിനാധ്വാനം ചെയ്യുന്നതിൽ നിന്ന് പിന്നോട്ട് പോകുന്നില്ല. അവർക്ക് പരമാവധി അവസരങ്ങൾ നൽകണം”, പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഈ സഭ ദൃഢനിശ്ചയങ്ങളുടെ സഭയായി മാറുമെന്നും 18-ാം ലോക്സഭ സാധാരണ പൗരന്മാരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാർലമെന്റ് അംഗങ്ങളെ അഭിനന്ദിച്ചുകൊണ്ട്, തങ്ങളുടെ പുതിയ ഉത്തരവാദിത്തം ഏറ്റവും അർപ്പണബോധത്തോടെ നിറവേറ്റാൻ അവരോട് അഭ്യർത്ഥിച്ചു കൊണ്ടാണ് പ്രധാനമന്ത്രി തന്റെ പ്രസ്താവന അവസാനിപ്പിച്ചത്.
Sharing my remarks at the start of the first session of the 18th Lok Sabha. May it be a productive one.https://t.co/Ufz6XDa3hZ
— Narendra Modi (@narendramodi) June 24, 2024
SK
Sharing my remarks at the start of the first session of the 18th Lok Sabha. May it be a productive one.https://t.co/Ufz6XDa3hZ
— Narendra Modi (@narendramodi) June 24, 2024