“ആദരണീയരേ,
ഇന്നത്തെ യോഗം മനോഹരമായി സംഘടിപ്പിച്ച പ്രസിഡന്റ് പുടിന് ഞാൻ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു.
വിപുലീകരിച്ച ബ്രിക്സ് കുടുംബമെന്ന നിലയിൽ നാമിന്ന് ആദ്യമായി കണ്ടുമുട്ടിയതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ബ്രിക്സ് കുടുംബത്തിന്റെ ഭാഗമായ എല്ലാ പുതിയ സുഹൃത്തുക്കളെയും ഞാൻ ഊഷ്മളമായി സ്വാഗതം ചെയ്യുന്നു.
കഴിഞ്ഞ ഒരുവർഷക്കാലത്തെ റഷ്യയുടെ വിജയകരമായ ബ്രിക്സ് അധ്യക്ഷപദത്തിന് പ്രസിഡന്റ് പുടിനെ ഞാൻ അഭിനന്ദിക്കുന്നു.
സുഹൃത്തുക്കളേ,
യുദ്ധങ്ങൾ, സാമ്പത്തിക അനിശ്ചിതത്വം, കാലാവസ്ഥാവ്യതിയാനം, ഭീകരവാദം തുടങ്ങി നിരവധി വെല്ലുവിളികൾ ലോകം അഭിമുഖീകരിക്കുന്ന സമയത്താണ് നമ്മുടെ കൂടിക്കാഴ്ച നടക്കുന്നത്. വടക്ക്-തെക്ക് വിഭജനത്തെയും കിഴക്ക്-പടിഞ്ഞാറ് വിഭജനത്തെയുംകുറിച്ച് ലോകം സംസാരിക്കുന്നു.
പണപ്പെരുപ്പം തടയൽ, ഭക്ഷ്യസുരക്ഷ ഉറപ്പാക്കൽ, ഊർജസുരക്ഷ, ആരോഗ്യസുരക്ഷ, ജലസുരക്ഷ എന്നിവ ലോകത്തിലെ എല്ലാ രാജ്യങ്ങളും മുൻഗണന നൽകുന്ന കാര്യങ്ങളാണ്.
സാങ്കേതികവിദ്യയുടെ ഈ കാലഘട്ടത്തിൽ, സൈബർ ഡീപ്‌ഫേക്ക്, വ്യാജമായ വിവരങ്ങൾ എന്നിങ്ങനെയുള്ള പുതിയ വെല്ലുവിളികൾ ഉയർന്നുവന്നിട്ടുണ്ട്.
അത്തരമൊരു സമയത്ത്, ബ്രിക്സിൽ വലിയ പ്രതീക്ഷകളാണുള്ളത്. വൈവിധ്യമാർന്നതും ഏവരെയും ഉൾക്കൊള്ളുന്നതുമായ വേദി എന്ന നിലയിൽ എല്ലാ മേഖലകളിലും ബ്രിക്സിന് മികച്ച പങ്ക് വഹിക്കാനാകുമെന്ന് ഞാൻ വിശ്വസിക്കുന്നു.
ഇക്കാര്യത്തിൽ, നമ്മുടെ സമീപനം ജനകേന്ദ്രീകൃതമായി തുടരണം. ഭിന്നിപ്പിക്കലിനുള്ള സംഘടനയല്ല ബ്രിക്സ്; മറിച്ച്, മാനവികതയുടെ താൽപ്പര്യങ്ങൾക്കായി പ്രവർത്തിക്കുന്ന ഒന്നാണ് ഇതെന്ന സന്ദേശം നാം ലോകത്തിന് നൽകണം.
നാം പിന്തുണയ്ക്കുന്നത് സംഭാഷണത്തെയും നയതന്ത്രത്തെയുമാണ്; യുദ്ധത്തെയല്ല. കോവിഡ് പോലൊരു വെല്ലുവിളിയെ ഒരുമിച്ച് മറികടക്കാൻ കഴിഞ്ഞതുപോലെ, ഭാവിതലമുറകൾക്ക് സുരക്ഷിതവും കരുത്തുറ്റതും സമൃദ്ധവുമായ ഭാവി ഉറപ്പാക്കാൻ പുതിയ അവസരങ്ങൾ സൃഷ്ടിക്കാൻ നമുക്കു തീർച്ചയായും കഴിയും.
ഭീകരവാദത്തെയും അതിനുള്ള ധനസഹായത്തെയും പ്രതിരോധിക്കുന്നതിന്, നമുക്ക് എല്ലാവരുടെയും ഏകമനസ്സുള്ള, ഉറച്ച പിന്തുണ ആവശ്യമാണ്. ഗൗരവമേറിയ ഈ വിഷയത്തിൽ ഇരട്ടത്താപ്പിന് സ്ഥാനമില്ല. നമ്മുടെ രാജ്യങ്ങളിലെ യുവാക്കൾ ഭീകരവാദത്തിന്റെ ഭാഗമാകുന്നതു തടയാൻ നാം സജീവമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്.
അന്താരാഷ്ട്ര ഭീകരതയെക്കുറിച്ചുള്ള സമഗ്ര കൺവെൻഷന്റെ കാര്യത്തിൽ യുഎന്നിൽ ദീർഘകാലമായി നിലനിൽക്കുന്ന വിഷയത്തിൽ നാം ഒരുമിച്ച് പ്രവർത്തിക്കണം.
അതുപോലെ, സൈബർ സുരക്ഷയ്ക്കും സുരക്ഷിതമായ നിർമിതബുദ്ധിക്കുമായുള്ള ആഗോള ചട്ടങ്ങളിൽ നാം പ്രവർത്തിക്കേണ്ടതുണ്ട്.
സുഹൃത്തുക്കളേ,
പങ്കാളി രാജ്യങ്ങളായി ബ്രിക്സിലേക്ക് പുതിയ രാജ്യങ്ങളെ സ്വാഗതം ചെയ്യാൻ ഇന്ത്യ തയ്യാറാണ്.
ഇക്കാര്യത്തിൽ എല്ലാ തീരുമാനങ്ങളും സമവായത്തിലൂടെയാകണം. ബ്രിക്സ് സ്ഥാപക അംഗങ്ങളുടെ അഭിപ്രായങ്ങൾ മാനിക്കണം. ജൊഹാനസ്‌ബർഗ് ഉച്ചകോടിയിൽ സ്വീകരിച്ച മാർഗനിർദേശക തത്വങ്ങൾ, മാനദണ്ഡങ്ങൾ, നടപടിക്രമങ്ങൾ എന്നിവ എല്ലാ അംഗങ്ങളും പങ്കാളികളാകുന്ന രാജ്യങ്ങളും പാലിക്കേണ്ടതുണ്ട്.
സുഹൃത്തുക്കളേ,
കാലത്തിനനുസരിച്ച് മാറ്റങ്ങൾ വരുത്താൻ തയ്യാറാകുന്ന സംഘടനയാണ് ബ്രിക്സ്. ലോകത്തിന് നമ്മുടെ സ്വന്തം മാതൃക നൽകുന്നതിലൂടെ, ആഗോള സ്ഥാപനങ്ങളുടെ പരിഷ്‌കരണങ്ങൾക്കായി നാം കൂട്ടായും ഐക്യത്തോടെയും ശബ്ദമുയർത്തണം.
യുഎൻ രക്ഷാസമിതി, ബഹുരാഷ്ട്ര വികസന ബാങ്കുകൾ, ഡബ്ല്യുടിഒ തുടങ്ങിയ ആഗോള സ്ഥാപനങ്ങളിലെ പരിഷ്കാരങ്ങളിൽ സമയബന്ധിതമായി നാം മുന്നോട്ടുപോകണം.
ബ്രിക്സിൽ നമ്മുടെ ശ്രമങ്ങൾ മുന്നോട്ടുകൊണ്ടുപോകുമ്പോൾ, ആഗോള സ്ഥാപനങ്ങളെ പരിഷ്കരിക്കാൻ ആഗ്രഹിക്കുന്ന ഒന്നായി കണക്കാക്കപ്പെടുന്നതിനുപകരം അവയെ മാറ്റിസ്ഥാപിക്കാൻ ശ്രമിക്കുന്ന ഒന്നെന്ന പ്രതിച്ഛായ ഈ സംഘടന നേടിയെടുക്കുന്നില്ലെന്ന് ഉറപ്പാക്കാൻ നാം ശ്രദ്ധിക്കണം.
ഗ്ലോബൽ സൗത്ത് രാജ്യങ്ങളുടെ പ്രതീക്ഷകളും അഭിലാഷങ്ങളും മനസ്സിൽ സൂക്ഷിക്കണം. നമ്മുടെ ‘വോയ്‌സ് ഓഫ് ഗ്ലോബൽ സൗത്ത്’ ഉച്ചകോടിയിലും ജി 20 അധ്യക്ഷതയിലും ഇന്ത്യ ഈ രാജ്യങ്ങളുടെ ശബ്ദം ആഗോള വേദിയിൽ ഉയർത്തി. ബ്രിക്സിന്റെ കീഴിലും ഈ ശ്രമങ്ങൾക്കു കരുത്തേകുന്നതിൽ എനിക്ക് സന്തോഷമുണ്ട്. കഴിഞ്ഞ വർഷം ആഫ്രിക്കയിലെ രാജ്യങ്ങളെ ബ്രിക്സിൽ ഉൾപ്പെടുത്തിയിരുന്നു.
ഈ വർഷവും നിരവധി ഗ്ലോബൽ സൗത്ത് രാജ്യങ്ങളെ റഷ്യ ക്ഷണിച്ചിട്ടുണ്ട്.
സുഹൃത്തുക്കളേ,
വ്യത്യസ്ത വീക്ഷണങ്ങളുടെയും പ്രത്യയശാസ്ത്രങ്ങളുടെയും സംഗമം സൃഷ്‌ടിച്ച ബ്രിക്സ് കൂട്ടായ്മ, ലോകത്തിന് പ്രചോദനത്തിന്റെ ഉറവിടമാകുകയും ക്രിയാത്മക സഹകരണം വളർത്തുകയും ചെയ്യുന്നു.
നമ്മുടെ വൈവിധ്യം, പരസ്പരബഹുമാനം, സമവായത്തിന്റെ അടിസ്ഥാനത്തിൽ മുന്നോട്ടുപോകുന്ന പാരമ്പര്യം എന്നിവയാണ് നമ്മുടെ സഹകരണത്തിന്റെ അടിസ്ഥാനം. നമ്മുടെ ഈ ഗുണവും നമ്മുടെ ബ്രിക്സ് മനോഭാവവും മറ്റ് രാജ്യങ്ങളെയും ഈ വേദിയിലേക്ക് ആകർഷിക്കുന്നു. വരുംകാലങ്ങളിൽ നാം ഒരുമിച്ച് ഈ അതുല്യമായ വേദി സംഭാഷണത്തിനും സഹകരണത്തിനും ഏകോപനത്തിനും മാതൃകയാക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.
ഇക്കാര്യത്തിൽ, ബ്രിക്സിന്റെ സ്ഥാപക അംഗമെന്ന നിലയിൽ, ഇന്ത്യ എല്ലായ്പ്പോഴും അതിന്റെ ഉത്തരവാദിത്വങ്ങൾ തുടർന്നും നിറവേറ്റും.
ഒരിക്കൽകൂടി, നിങ്ങൾക്കേല്ലാവർക്കും വളരെ നന്ദി.”
***
NK