Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

11ാമത് ബ്രിക്‌സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രിയും ചൈനീസ് പ്രസിഡന്റ് ശ്രീ. സീ ജിന്‍പിങ്ങും കൂടിക്കാഴ്ച നടത്തി


 

ബ്രസീലിയയില്‍ 11ാമത് ബ്രിക്‌സ് ഉച്ചകോടിക്കിടെ 2019 നവംബര്‍ 13നു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും ബഹുമാനപ്പെട്ട ചൈനീസ് പ്രസിഡന്റ് ശ്രീ. സീ ജിന്‍പിങ്ങും കൂടിക്കാഴ്ച നടത്തി.
രണ്ടാമത് അനൗദ്യോഗിക ഉച്ചകോടിക്കു ചെന്നൈയില്‍ ആതിഥ്യമരുളിയതിന് അഭിനന്ദനങ്ങള്‍ അറിയിച്ച പ്രസിഡന്റ് സീ ജിന്‍പിങ്, തനിക്കു പ്രധാനമന്ത്രി മോദിയും ഇന്ത്യന്‍ ജനതയും നല്‍കിയ സ്വീകരണം എന്നും ഓര്‍ക്കുമെന്നു വ്യക്തമാക്കി. 202ലെ അനൗദ്യോഗിക ഉച്ചകോടിക്കായി അദ്ദേഹം പ്രധാനമന്ത്രിയെ ചൈനയിലേക്കു ക്ഷണിച്ചു. തീയതിയും വേദിയും നയതന്ത്ര വകുപ്പുകള്‍ വഴി തീരുമാനിക്കും. 
വ്യാപാരം, നിക്ഷേപം എന്നീ മേഖലകള്‍ സംബന്ധിച്ചു ഗൗരവമേറിയ ചര്‍ച്ചകള്‍ നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യം ഇരുവരും അംഗീകരിച്ചു. അടുത്തിടെ ഷാംഗ്ഹായില്‍ സമാപിച്ച ചൈന ഇംപോര്‍ട്ട് എക്‌സ്‌പോര്‍ട്ട് എക്‌സ്‌പോയില്‍ ഇന്ത്യ ആത്മാര്‍ഥതയോടെ പങ്കെടുത്തതിനു പ്രസിഡന്റ് സീ പ്രധാനമന്ത്രിയെ നന്ദി അറിയിച്ചു. വ്യാപാര, സമ്പദ്‌വ്യവസ്ഥാ രംഗങ്ങളെ സംബന്ധിച്ച ഉന്നതതല സമിതി യോഗം ഉടന്‍ ചേരണമെന്ന് ഇരു നേതാക്കളും സമ്മതിച്ചു. 
ഇരു രാജ്യങ്ങളും തമ്മില്‍ നയതന്ത്ര ബന്ധം ആരംഭിച്ചതിന്റെ 70ാം വാര്‍ഷികം അടുത്ത വര്‍ഷം ആഘോഷിക്കുന്നതിനു നടത്തിവരുന്ന തയ്യാറെടുപ്പുകള്‍ ഇരുവരും വിലയിരുത്തി. ഈ ആഘോഷം ജനങ്ങള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടാന്‍ സഹായകമാകുമെന്ന് അവര്‍ വിലയിരുത്തി. 
അതിര്‍ത്തി സംബന്ധിച്ച കാര്യങ്ങള്‍ക്കായി പ്രത്യേക പ്രതിനിധികളുടെ ഒരു യോഗംകൂടി നടക്കുമെന്നു നിരീക്ഷിച്ച നേതാക്കള്‍, അതിര്‍ത്തിപ്രദേശങ്ങളില്‍ ശാന്തിയും സുരക്ഷയും നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യം ആവര്‍ത്തിച്ചു.