Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

103-ാമത് ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസില്‍ പ്രധാനമന്ത്രി നടത്തിയ ഉദ്ഘാടന പ്രസംഗം

103-ാമത് ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസില്‍ പ്രധാനമന്ത്രി നടത്തിയ ഉദ്ഘാടന പ്രസംഗം

103-ാമത് ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസില്‍ പ്രധാനമന്ത്രി നടത്തിയ ഉദ്ഘാടന പ്രസംഗം

103-ാമത് ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസില്‍ പ്രധാനമന്ത്രി നടത്തിയ ഉദ്ഘാടന പ്രസംഗം

103-ാമത് ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസില്‍ പ്രധാനമന്ത്രി നടത്തിയ ഉദ്ഘാടന പ്രസംഗം

103-ാമത് ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസില്‍ പ്രധാനമന്ത്രി നടത്തിയ ഉദ്ഘാടന പ്രസംഗം

103-ാമത് ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസില്‍ പ്രധാനമന്ത്രി നടത്തിയ ഉദ്ഘാടന പ്രസംഗം


മൈസൂര്‍ സര്‍വകലാശാലയില്‍ നടന്ന 103-ാമത് ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസില്‍ പ്രധാനമന്ത്രി ഉദ്ഘാടനപ്രസംഗം നിര്‍വഹിച്ചു.

ഈ വര്‍ഷത്തെ ശാസ്ത്ര കോണ്‍ഗ്രസിന്റെ വിഷയം ‘ഇന്ത്യയുടെ തദ്ദേശീയവികസനത്തിനു ശാസ്ത്രവും സാങ്കേതികവിദ്യയും’ എന്നതാണ്.

ചടങ്ങില്‍ 103-ാമത് ഐ.എസ്.സി. പ്ലീനറി പ്രൊസീഡിംങ്‌സ്, ടെക്‌നോളജി വിഷന്‍ 2035 ഡോക്യുമെന്റ് എന്നിവ പ്രധാനമന്ത്രി പ്രകാശിപ്പിച്ചു.

2015-16 വര്‍ഷത്തിലെ ഐ.സി.എസ്.എ. അവാര്‍ഡുകളുടെ വിതരണവും അദ്ദേഹം നിര്‍വഹിച്ചു.

പ്രധാനമന്ത്രിയുടെ ഉദ്ഘാടനപ്രസംഗം:

കര്‍ണാടക മുഖ്യമന്ത്രി ശ്രീ സിദ്ധരാമയ്യ,

മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകര്‍ ഡോ. ഹര്‍ഷവര്‍ധന്‍, ശ്രീ. വൈ. എസ്. ചൗധരി,

ഭാരതരത്‌നം പ്രൊഫ.സി.എന്‍.ആര്‍.റാവു,

പ്രൊഫ. എ.കെ.സക്‌സേന,

പ്രൊഫ. കെ.എസ്.രംഗപ്പ,

നോബല്‍ ജേതാക്കളെ, ഫീല്‍ഡ് മെഡലിസ്റ്റ്,

വിഖ്യാത ശാസ്ത്രജ്ഞരെ, പ്രതിനിധികളെ,

ഇന്ത്യയിലെയും ലോകത്തിലെ മറ്റു ഭാഗത്തുനിന്നുമുള്ള ശാസ്ത്ര സാങ്കേതിക നായകന്മാരുടെ കൂട്ടായ്മയ്‌ക്കൊപ്പം പുതുവര്‍ഷം തുടങ്ങുകയെന്നത് അങ്ങേയറ്റം ആഹഌദകരമാണ്.

കാരണം, ഞങ്ങള്‍ക്ക് നിങ്ങളിലുള്ള വിശ്വാസമാണ് ഇന്ത്യയുടെ ഭാവിയെക്കുറിച്ച് ഞങ്ങള്‍ക്കുള്ള ആത്മവിശ്വാസത്തിന്റെ ഉറവിടം.

മൈസൂര്‍ സര്‍വ്വകലാശാലയുടെ നൂറാം വാര്‍ഷികത്തില്‍ 103ാമത് ശാസ്ത്ര കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യുകയെന്നത് വലിയൊരു ബഹുമതിയും അംഗീകാരവുമാണ്.

ഇന്ത്യയുടെ തലയെടുപ്പുള്ള നേതാക്കളില്‍ പലരും ഈ മഹത്തായ സ്ഥാപനത്തിന്റെ വാതിലിലൂടെ കടന്നുപോയിട്ടുള്ളവരാണ്.

പ്രമുഖ തത്വചിന്തകനും ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റുമായിരുന്ന ഡോ. രാധാകൃഷ്ണന്‍, ഭാരതരത്‌നം പ്രൊഫ. സി.എന്‍.ആര്‍.റാവു എന്നിവര്‍ അക്കൂട്ടത്തില്‍ പെടുന്നു.

ശാസ്ത്ര കോണ്‍ഗ്രസിന്റെയും മൈസൂര്‍ സര്‍വ്വകലാശാലയുടെയും ചരിത്രം ഏതാണ്ട് ഒരേ സമയത്താണ് ആരംഭിക്കുന്നത്.

ഇന്ത്യക്കു തന്നെ പുത്തന്‍ ഉണര്‍വ്വിന്റെ കാലമായിരുന്നു അത്.

അതു കേവലം സ്വാതന്ത്ര്യമല്ല തേടിയത്, മനുഷ്യരുടെ അഭിവൃദ്ധി കൂടിയായിരുന്നു.

സ്വതന്ത്ര ഇന്ത്യ എന്നതുമാത്രമല്ല, മനുഷ്യവിഭവശേഷിയും ശാസ്ത്രരംഗത്തു പര്യാപ്തതയും വ്യാവസായിക പുരോഗതിയും ആര്‍ജിച്ചു സ്വതന്ത്രമായി നിലകൊള്ളുന്ന ഇന്ത്യ എന്നതായിരുന്നു ലക്ഷ്യം.

ഇന്ത്യക്കാരുടെ മഹത്തായൊരു തലമുറയ്ക്കുണ്ടായിരുന്ന വീക്ഷണങ്ങളുടെ പവിത്ര രേഖയാണ് ഈ സര്‍വ്വകലാശാല.

വീണ്ടുമൊരു ശാക്തീകരണങ്ങളുടെയും അവസരങ്ങളുടെയും വിപ്ലവത്തിന് ഇന്ത്യയില്‍ നമ്മളിപ്പോള്‍ തുടക്കമിടുകയാണ്.

മനുഷ്യരുടെ ക്ഷേമത്തിനും സാമ്പത്തികപുരോഗതിക്കുമായുള്ള നമ്മുടെ ലക്ഷ്യങ്ങള്‍ തിരിച്ചറിയാന്‍ ഒരിക്കല്‍ കൂടി ശാസ്ത്രജ്ഞരിലേക്കും പരിഷ്‌കര്‍ത്താക്കളിലേക്കും നാം തിരിയുകയാണ്.

പ്രായോഗിക ജ്ഞാനം അന്വേഷിക്കാനും കണ്ടെത്താനുമുള്ള മനുഷ്യന്റെ സഹജമായ ത്വരയില്‍ നിന്നാണ് ലോകം പുരോഗമിച്ചത്.

വെല്ലുവിളികളെയും അഭിമുഖീകരിക്കേണ്ടിവന്നിട്ടുണ്ട്.

ഈയൊരു ഊര്‍ജസ്വലത മണ്‍മറഞ്ഞ പ്രസിഡന്റ് ഡോ. എ.പി.ജെ. അബ്ദുള്‍കലാമിനോളം ആരും പ്രതിഫലിപ്പിച്ചിട്ടില്ല.

അതിമഹത്തായ ശാസ്ത്ര നേട്ടങ്ങളോടു കൂടിയതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.

മനുഷ്യത്വത്തോടുള്ള അതിരറ്റ സഹാനുഭൂതിയും ഉത്കണ്ഠയും നിറഞ്ഞ ഹൃദയമായിരുന്നു ഡോ.കലാമിന്റേത്.

അദ്ദേഹത്തെ സംബന്ധിച്ചേടത്തോളം ശാസ്ത്രത്തിന്റെ ഉന്നത ലക്ഷ്യമെന്നത് യുവാക്കളുടെയും ശേഷിയില്ലാത്തവരുടെയും താഴേക്കിടയിലുള്ളവരുടെയും ജീവിതം മാറ്റിയെടുക്കുക എന്നതായിരുന്നു.

കരുത്തുറ്റതും സ്വന്തം ജനതയെ പരിരക്ഷിക്കാന്‍ സ്വാശ്രയത്വം നേടിയ, ഉറച്ച ഇന്ത്യയെ രൂപപ്പെടുത്തുകയായിരുന്നു അദ്ദേഹത്തിന്റെ ജീവിത ദൗത്യം.

അദ്ദേഹത്തിന്റെ വീക്ഷണങ്ങള്‍ക്ക് അനുരൂപമായൊരു ആദരാഞ്ജലി എന്നതാണ് നിങ്ങളുടെ ഈ സമ്മേളനത്തിന്റെ വിഷയം.

പ്രൊഫ. സി. എന്‍. ആര്‍. റാവുവിനെയും പ്രസിഡന്റ് കലാമിനെയും നിങ്ങളെയും പോലുള്ള ശാസ്ത്രനായകരാണ് ശാസ്ത്ര സാങ്കേതിക മേഖലയുടെ വിവിധ രംഗങ്ങളില്‍ ഇന്ത്യയെ മുന്‍പന്തിയില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്.

നമ്മുടെ വിജയത്തിന്റെ വ്യാപനം ചെറിയൊരു അണുവിന്റെ കേന്ദ്രത്തില്‍ നിന്നു തുടങ്ങി ശൂന്യാകാശത്തിന്റെ അനന്തസീമകകളോളം വരും.

ആരോഗ്യ, ഭക്ഷ്യ സുരക്ഷ നമ്മള്‍ ഉറപ്പുവരുത്തണം.

കൂടാതെ ലോകത്തെ മറ്റുള്ളവര്‍ക്കുകൂടി നല്ലൊരു ജീവനത്തിനുള്ള ശുഭപ്രതീക്ഷ നല്‍കണം.

നമ്മുടെ ജനതയുടെ ഉയര്‍ച്ചയ്ക്കായുളള നമ്മുടെ ആഗ്രഹത്തിന്റെ തോത് നമ്മള്‍ ഉയര്‍ത്തുമ്പോള്‍ നമ്മുടെ അധ്വാനത്തിന്റെ തോതും ഉയര്‍ത്തേണ്ടി വരും.

എന്റെ കാഴ്ചപ്പാടില്‍ നല്ല ഭരണമെന്നതു കേവലം നയങ്ങളും അതിന്റെ രൂപീകരണവും സുതാര്യതയും ഉത്തരവാദിത്തവും മാത്രമല്ല.

നാം പിന്തുടരുന്ന തന്ത്രപ്രധാന കാര്യങ്ങളിലും തെരഞ്ഞെടുക്കുന്ന മാര്‍ഗങ്ങളിലും ശാസ്ത്രവും സാങ്കേതികതയും ഏകീകരിക്കുക കൂടി വേണം.

പാവപ്പെട്ടവര്‍ക്ക് പൊതുസേവനങ്ങളും സാമൂഹികമായ നേട്ടങ്ങളും പ്രാപ്യമാകുന്നതിന് നമ്മുടെ ഡിജിറ്റല്‍ നെറ്റ്‌വര്‍ക്കുകള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

നമ്മുടെ പ്രഥമ ദേശീയ ബഹിരാകാശ സമ്മേളനത്തില്‍ ഭരണം, വികസനം, പരിരക്ഷ എന്നിവയുടെ എല്ലാ തലങ്ങളെയും സ്പര്‍ശിക്കുന്ന 170 അപേക്ഷകള്‍ കണ്ടെത്തിയിട്ടുണ്ട്.

നവീനാശയങ്ങളെയും സംരംഭങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന സ്റ്റാര്‍ട്ട് അപ് ഇന്ത്യ പദ്ധതിക്കു നമ്മള്‍ തുടക്കമിട്ടിരിക്കുകയാണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നാം ടെക്‌നോളജി ഇന്‍ക്യുബേറ്ററുകള്‍ രൂപപ്പെടുത്തിവരികയാണ്.

ഗവണ്‍മെന്റ് തലത്തിലുള്ള ശാസ്ത്ര വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും ശാസ്ത്രീയമായ കണക്കെടുപ്പുകള്‍ക്ക് ഒരു ചട്ടക്കൂടുണ്ടാക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

എല്ലാ മേഖലകളിലും കേന്ദ്ര സംസ്ഥാന ബന്ധങ്ങളെ രൂപപ്പെടുത്തുന്ന സംയുക്ത ഭരണവ്യവസ്ഥയുടെ അതേ ഊര്‍ജസ്വലതയോടെ, കേന്ദ്ര സംസ്ഥാന സ്ഥാപനങ്ങളുടെയും ഏജന്‍സികളുടെയും ഇടയില്‍ വലിയൊരു ശാസ്ത്രീയ കൂട്ടായ്മയും പ്രവര്‍ത്തനങ്ങളും ഉണ്ടാകുന്നതിനും ഞാന്‍ പ്രോത്‌സാഹനം നല്‍കുകയാണ്.

ശാസ്ത്ര വിഭവശേഷിയുടെ തോത് വര്‍ധിപ്പിക്കാനും നമ്മുടെ രാഷ്ട്രതന്ത്രജ്ഞതയുടെ പ്രധാന്യത്തിന് അനുസൃതമായി അവയെ വിന്യസിക്കാനും ശ്രമിക്കും.

ഇന്ത്യയില്‍ ശാസ്ത്ര ഗവേഷണം നടത്താനുള്ള മാര്‍ഗങ്ങള്‍ അനായാസമാക്കും.

കൂടാതെ ശാസ്ത്രത്തിനു കൂടുതല്‍ പ്രാധാന്യം നല്‍കുകയും ശാസ്ത്ര പഠനത്തിന്റെയും ഗവേഷണത്തിന്റെയും നിലവാരം മെച്ചപ്പെടുത്തുകയും ചെയ്യും.

അതേസമയം, പുതിയതെന്തെങ്കിലും പരിചയപ്പെടുത്തുക മാത്രമാകരുത് നമുക്കു ശാസ്ത്രത്തിന്റെ ലക്ഷ്യം.

പുതിയ ആശയങ്ങള്‍ ശാസ്ത്രപ്രക്രിയകളെ മുന്നോട്ടു നയിക്കുന്നതാവണം. ചെലവു കുറഞ്ഞ പരിഷ്‌കരണങ്ങളും ക്രൗഡ് സോഴ്‌സിങ്ങുമാണ് കഴിവുറ്റതും ഫലവത്തായതുമായ ശാസ്ത്ര സംരംഭങ്ങള്‍ക്ക് ഉദാഹരണം.

സമീപനത്തിലുള്ള പുതുമകള കേവലം സര്‍ക്കാരിന്റെ ചുമതലയല്ല, സ്വകാര്യ മേഖലയുടെയും പഠന കേന്ദ്രങ്ങളുടെയും കൂടി ഉത്തരവാദിത്തമാണ്.

വിഭവങ്ങളുടെ ഞെരുക്കവും മാത്സര്യത്തോടുകൂടിയ അവകാശവാദങ്ങളും നിറഞ്ഞ ലോകത്ത് പ്രാധാന്യക്രമമനുസരിച്ച് നമ്മുടെ കാര്യങ്ങള്‍ നിര്‍വ്വചിക്കാനുള്ള ചുറുചുറുക്ക് നമുക്കുണ്ടാവണം.

വെല്ലുവിളികള്‍ ഏറെയുള്ളതും അതിന്റെ തോത് വളരെയേറെയുള്ളതുമായ ഇന്ത്യയില്‍ അതിനു പ്രത്യേക പ്രാധാന്യമുണ്ട്.

ആരോഗ്യവും പട്ടിണിയും മുതല്‍ ഊര്‍ജവും സമ്പദ്‌വ്യവസ്ഥയും വരെ.

പ്രത്യേക പ്രതിനിധികളെ,

കഴിഞ്ഞ വര്‍ഷം വലിയ തോതില്‍ ആഗോള ശ്രദ്ധ നേടിയ, ലോകം നേരിടുന്ന ഏറ്റവും വലിയൊരു വെല്ലുവിളിയെക്കുറിച്ചാണ് ഞാന്‍ ഇന്ന് നിങ്ങളോട് പറയാനാഗ്രഹിക്കുന്നത്.

നമ്മുടെ ലോകത്തിന്റെ കൂടുതല്‍ സമൃദ്ധമായ ഭാവിക്ക്, നമ്മുടെ ഗ്രഹത്തിന്റെ കൂടുതല്‍ സുസ്ഥിരമായ ഭാവിക്ക് ഒരു പാത നിര്‍വ്വചിക്കേണ്ടതുണ്ട്.

2015ല്‍ ലോകം ചരിത്രപരമായ രണ്ടു കാല്‍വെപ്പുകള്‍ നടത്തി.

കഴിഞ്ഞ സെപ്റ്റംബറില്‍ 2030ലേക്കുള്ള വികസന അജണ്ട ഐക്യരാഷ്ട്രസഭ ഏറ്റെടുത്തു.

2030ന്റെ അവസാനത്തോടെ നമ്മുടെ പ്രാധാന്യക്രമങ്ങളുടെ തലപ്പത്ത് ദാരിദ്ര്യനിര്‍മ്മാര്‍ജനത്തെയും സാമ്പത്തിക വികസനത്തെയുമാണത് പ്രതിഷ്ഠിച്ചിരിക്കുന്നത്.

അതേസമയം നമ്മുടെ പരിസ്ഥിതിയുടെയും ആവാസവ്യവസ്ഥയുടെയും നിലനില്‍പ്പിനും തുല്യമായ ഊന്നല്‍ നല്‍കിയിട്ടുണ്ട്.

കൂടാതെ കഴിഞ്ഞ നവംബറില്‍, നമ്മുടെ ഗ്രഹത്തിന്റെ ഗതിമാറ്റത്തിനുള്ള ചരിത്രപരമായൊരു കരാറിന് രൂപം നല്‍കാന്‍ ലോകരാഷ്ട്രങ്ങള്‍ ഒന്നാകെ പാരീസില്‍ ഒത്തുചേര്‍ന്നു.

അതേസമയം തുല്യമായ മറ്റു ചില നേട്ടങ്ങള്‍കൂടി നാം നേടിയെടുത്തു.

കാലാവസ്ഥാ വ്യതിയാന ചര്‍ച്ചകളില്‍ നവീനാശയങ്ങളും സാങ്കേതികതയും ഉള്‍പ്പെടുത്തുന്നതില്‍ നാം വിജയിച്ചു.

പ്രതിരോധിക്കുന്നതിനെക്കുറിച്ചും ലക്ഷ്യം നേടുന്നതിനെക്കുറിച്ചും മാത്രം പറഞ്ഞാല്‍ പോരെന്നു നാം ഓര്‍മപ്പെടുത്തിക്കൊണ്ടേയിരുന്നു.

കലര്‍പ്പില്ലാത്ത ഊര്‍ജമുള്ള വരുംനാളുകളിലേക്കുള്ള പരിണാമത്തിന് ഉതകുന്ന പ്രതിവിധി കണ്ടെത്തേണ്ടത് അനിവാര്യമാണ്.

പുതിയ കണ്ടുപിടിത്തങ്ങള്‍ കാലാവസ്ഥാ മാറ്റങ്ങളെ എതിരിടുന്നതിനു മാത്രമല്ല, കാലാവസ്ഥാ നീതിക്കു കൂടിയായിരിക്കണമെന്നും ഞാന്‍ പാരീസില്‍ പറയുകയുണ്ടായി.

വികസ്വര രാഷ്ട്രങ്ങളുടെ വളര്‍ച്ചയ്ക്കു വികസിത രാഷ്ട്രങ്ങള്‍ ആവശ്യമായ ഒരല്‍പം കാര്‍ബണ്‍ സ്‌പേസ് വിട്ടുനല്‍കുക തന്നെ വേണം.

കലര്‍പ്പില്ലാത്ത ഊര്‍ജ സാങ്കേതികത എല്ലാവര്‍ക്കും ലഭിക്കുന്നതിനും, അതിലേക്ക് എത്തിപ്പെടുന്നതിനും അതു താങ്ങാവുന്നതാക്കാനും നമുക്ക് ഗവേഷണങ്ങളും പുതിയ കണ്ടുപിടിത്തങ്ങളും ആവശ്യമാണ്.

പാരീസില്‍ നവീകരണ ഉച്ചകോടിക്കായി ഞാനും പ്രസിഡന്റ് ഒലാന്‍ദെയും പ്രസിഡന്റ് ഓബാമയും മറ്റനേകം ലോക നേതാക്കള്‍ക്കൊപ്പം സംബന്ധിച്ചു.

നവീകരണത്തിനായുളള ദേശീയ നിക്ഷേപങ്ങള്‍ ഇരട്ടിയാക്കുമെന്ന് ഞങ്ങള്‍ പ്രതിജ്ഞയെടുത്തു.

കൂടാതെ ഗവണ്‍മെന്റിന്റെ ഉത്തരവാദിത്തങ്ങള്‍ നവീകരണത്തില്‍ സ്വകാര്യമേഖലയ്ക്കുള്ള ശേഷിയുമായി സംയോജിപ്പിക്കുന്നതിനുള്ള ആഗോള പങ്കാളിത്തത്തിനും തീരുമാനമായി.

ഊര്‍ജം നിര്‍മ്മിക്കുന്നതിനും വിനിയോഗിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള നമ്മുടെ മാര്‍ഗങ്ങള്‍ രൂപാന്തരപ്പെടുത്തുന്നതിന് അടുത്ത പത്തു വര്‍ഷത്തേക്ക് 30-40 സര്‍വ്വകലാശാലകളുടെയും ലാബുകളുടെയും അന്താരാഷ്ട്ര പരസ്പര ബന്ധിത സംവിധാനം വേണമെന്നും ഞാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ജി-20യിലും നമ്മളിത് ആവര്‍ത്തിക്കും.

ചെലവു കുറഞ്ഞ തരത്തില്‍ കൂടുതല്‍ വിശ്വാസ്യതയോടെയും അനായാസമായും നവീകൃത ഊര്‍ജം ട്രാന്‍സ്മിഷന്‍ ഗ്രിഡുകളിലേക്ക് മാറ്റുന്നതിനു പുതിയ കണ്ടുപിടിത്തങ്ങള്‍ നമുക്ക് ആവശ്യമാണ്.

2022ഓടു കൂടി പുതുക്കിയെടുക്കാവുന്ന ഊര്‍ജത്തിലേക്ക് 175 ജിഗാവാട്ട് കൂട്ടിച്ചേര്‍ക്കാനുള്ള ലക്ഷ്യം നേടിയെടുക്കുന്നതിനായി ഇന്ത്യക്ക് ഇതു തീര്‍ത്തും നിര്‍ണ്ണായകമാണ്.

കല്‍ക്കരി പോലുള്ള ഫോസില്‍ ഇന്ധനങ്ങള്‍ കൂടുതല്‍ തെളിഞ്ഞതും കാര്യക്ഷമമുള്ളതുമാക്കി മാറ്റിയെടുക്കണം.

പുനരുജ്ജീവന ഊര്‍ജത്തിന്റെ പുതിയ സ്രോതസ്സായ കടല്‍ത്തിരമാലകളില്‍ നിന്നു ഭൗമതാപോര്‍ജം നമുക്ക് ചോര്‍ത്തിയെടുക്കേണ്ടതുണ്ട്.

ഊര്‍ജസ്രോതസ്സുകള്‍ വ്യാവസായിക യുഗത്തിന് ഊര്‍ജം പകരുന്ന കാലത്ത് നമ്മുടെ ഗ്രഹത്തെ അത് അപകടത്തിലാഴ്ത്തുകയാണ്.

ദശലക്ഷക്കണക്കിനു മനുഷ്യരെ അഭിവൃദ്ധിയിലേക്കുയര്‍ത്താന്‍ വികസ്വര രാഷ്ട്രങ്ങള്‍ വഴിതേടുമ്പോള്‍ വൈദ്യുതോര്‍ജത്തിനായി ലോകം സൂര്യനിലേക്ക് തിരിയേണ്ടിവരും.

അതിനാല്‍ അന്താരാഷ്ട്ര സൗരകൂട്ടായ്മക്കായി സൗര സമ്പുഷ്ട രാജ്യങ്ങള്‍ക്കിടയിലെ പങ്കാളിത്തത്തിനും ഇന്ത്യ പാരീസില്‍ തുടക്കമിട്ടു.

ശാസ്ത്രവും സാങ്കേതികതയും നമ്മുടെ അസ്തിത്വത്തിന്റെ അഭേദ്യ ഭാഗമായ കലര്‍പ്പില്ലാത്ത ഊര്‍ജം ഉണ്ടാക്കുന്നതിനു മാത്രമല്ല, അതോടൊപ്പം നമ്മുടെ ജീവിതത്തില്‍ കാലാവസ്ഥാ വ്യതിയാനങ്ങള്‍ ഉണ്ടാക്കുന്ന അനന്തരഫലങ്ങളോടു പോരാടാന്‍ കൂടി ഉള്ളതാണ്.

കൃഷി സുരക്ഷിതവും സുഗമവുമാക്കുന്നതിനുള്ള കാലാവസ്ഥ നമുക്ക് വികസിപ്പിക്കേണ്ടതുണ്ട്.

കാലാവസ്ഥാ വ്യതിയാനം നമ്മുടെ അന്തരീക്ഷം, ജൈവവൈവിധ്യം, നദീമുഖങ്ങള്‍, സമുദ്രങ്ങള്‍ എന്നിവയിലുണ്ടാക്കുന്ന മാറ്റങ്ങളും അവയോട് നമുക്ക് എങ്ങനെ പൊരുത്തപ്പെടാനാവുമെന്നതും നമ്മള്‍ മനസ്സിലാക്കണം.

പ്രകൃതിദുരന്തങ്ങള്‍ പ്രവചിക്കാനുള്ള നമ്മുടെ ശേഷിയും നമുക്ക് ശക്തിപ്പെടുത്താനുണ്ട്.

പ്രത്യേക പ്രതിനിധികളേ,

ത്വരിത ഗതിയിലുള്ള നഗരവത്ക്കരണം കൂടി അഭിമുഖീകരിക്കാന്‍ നാം നിര്‍ബന്ധിതരാകുന്നു.

ലോകത്തിന്റെ ദീര്‍ഘകാലത്തെ നിലനില്‍പ്പില്‍ ഇതു നിര്‍ണായകമാണ്.

മനുഷ്യചരിത്രത്തില്‍ നഗരവത്കൃത നൂറ്റാണ്ടില്‍ നാം ഇതാദ്യമായാണ് എത്തിപ്പെട്ടിരിക്കുന്നത്.

ഈ നൂറ്റാണ്ടിന്റെ പകുതിയാകുമ്പോഴേക്കും ലോകജനസംഖ്യയുടെ മൂന്നില്‍ രണ്ടുഭാഗം നഗരങ്ങളിലാവും അധിവസിക്കുക.

മുന്നൂറോ കോടിയില്‍ കുറയാത്ത ജനസംഖ്യ നിലവില്‍ 350 കോടി പേരുള്ള നഗരങ്ങളിലേക്ക് കുടിയേറും.

ഈ വര്‍ധനയുടെ 90%വും വികസ്വര രാഷ്ട്രങ്ങളില്‍ നിന്നായിരിക്കും.

ലോകത്ത് മറ്റെവിടെയുമുള്ള ഇടത്തരം രാഷ്ട്രങ്ങളിലേതു പോലെ ഏഷ്യയിലെ ഒരുപാട് നഗരങ്ങളില്‍ ജനസംഖ്യ അതിരു കവിയും.

ഇന്ത്യന്‍ ജനസംഖ്യയുടെ 50%വും 2050 ആകുമ്പോഴേക്കും നഗരങ്ങളിലെ വാസസ്ഥലങ്ങളിലാകും അധിവസിക്കുക.

കൂടാതെ 2025 ആകുമ്പോള്‍ ലോകത്തിലെ നഗര ജനസംഖ്യയുടെ 10%ത്തിലേറെ ഇന്ത്യയിലായിരിക്കും.

ആഗോള നഗരജനസംഖ്യയുടെ 40%വും നിവസിക്കുന്നത് പലതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും പോഷകാഹാരക്കുറവുകളുമുള്ള അനധികൃത കുടിയേറ്റ സ്ഥലങ്ങളിലും ചേരികളിലുമാണെന്നാണ് പഠനങ്ങള്‍ പറയുന്നത്.

സാമ്പത്തിക വളര്‍ച്ചയുടെയും തൊഴില്‍ സാധ്യതകളുടെയും അഭിവൃദ്ധിയുടെയും പ്രധാന എന്‍ജിനുകളാണ് നഗരങ്ങള്‍.

പക്ഷേ ആഗോള ഊര്‍ജത്തിന്റെ ആവശ്യകതയുടെ മൂന്നില്‍ രണ്ടു ഭാഗവും നഗരങ്ങളുടെ കണക്കില്‍പ്പെടുന്നു.

80% ആഗോളഹരിതഗൃഹ വാതകസ്രവങ്ങളാണ് അതിന്റെ പരിണതഫലം.

അതുകൊണ്ടാണ് സ്മാര്‍ട്ട് സിറ്റികള്‍ക്ക് ഞാന്‍ ഇത്രയേറെ ഊന്നല്‍ കൊടുക്കുന്നത്.

സുരക്ഷിതവും മേന്മയാര്‍ന്നതുമായ സേവനങ്ങള്‍ നല്‍കുന്നതിനും കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും പരസ്പരം ബന്ധിപ്പിക്കപ്പെടുന്ന നഗരങ്ങള്‍ എന്നതുമാത്രമല്ല അതിനര്‍ത്ഥം.

നമ്മുടെ സാമ്പത്തികമേഖലയെ ചലനാത്മകമാക്കുന്നതും ജീവിതത്തെ സ്വര്‍ഗീയമാക്കുന്നതുമായ നിലനല്‍പ്പുളള നഗരങ്ങളെന്ന കാഴ്ചപ്പാടു കൂടി അതിനുണ്ട്.

നമ്മുടെ ലക്ഷ്യങ്ങള്‍ നേടാന്‍ സുവ്യക്തമായ നയങ്ങള്‍ ആവശ്യമാണ്.

പക്ഷേ ക്രിയാത്മകമായ ഒരു പരിഹാരത്തിനായി നമുക്ക് ശാസ്ത്ര, സാങ്കേതിക വിദ്യയെ ആശ്രയിക്കേണ്ടിവരും.

പ്രാദേശിക പരിസ്ഥിതിക്കും പാരമ്പര്യത്തിനും ഇണങ്ങുംവിധം നഗരാസൂത്രണം നടത്തുന്നതിനായി മെച്ചപ്പെട്ട ശാസ്ത്രീയ ഉപകരണങ്ങള്‍ നാം വികസിപ്പിച്ചെടുക്കണം.

ഗതാഗതസംവിധാനത്തിന്റെ ആവശ്യകത കുറച്ചുകൊണ്ടുവരികയും സഞ്ചാരം ആയാസരഹിതമാക്കിത്തീര്‍ക്കുകയും തിരക്കു കുറച്ചുകൊണ്ടുവരികയും വേണം.

നമ്മുടെ നഗരങ്ങളില്‍ അടിസ്ഥാനസൗകര്യ വികസനം ഏറെയും ഇനി നടപ്പാക്കാനിരിക്കുന്നതേയുള്ളൂ.

പ്രാദേശിമായി ലഭ്യമാകുന്ന വസ്തുക്കള്‍ ശാസ്ത്രീയമായി മികവുറ്റതാക്കിയെടുത്ത് ഉപയോഗിക്കാന്‍ പരമാവധി ശ്രമിക്കണം.

കെട്ടിടങ്ങള്‍ കൂടുതല്‍ ഊര്‍ജക്ഷമമാക്കുകയും വേണം.

ഖരമാലിന്യ നിര്‍മാര്‍ജനത്തിനു പ്രായോഗികമായ പരിഹാരങ്ങള്‍ തേടുകയും അതു ചെലവു കുറഞ്ഞതാക്കിത്തീര്‍ക്കുകയും വേണം.

പാഴ്‌വസ്തുക്കള്‍ കെട്ടിടനിര്‍മാണത്തിനും ഊര്‍ജോല്‍പാദനത്തിനുമായി ഉപയോഗപ്പെടുത്തണം.

മലിനജലം ശുദ്ധീകരണത്തിനു വിധേയമാക്കണം.

നഗരങ്ങളില്‍ കൃഷിക്കും പരിസ്ഥിതിക്കും കൂടുതല്‍ പരിഗണന നല്‍കണം.

നമ്മുടെ കുട്ടികള്‍ക്കു ശ്വസിക്കാന്‍ ശുദ്ധവായു ലഭ്യമാക്കണം.

ശാസ്ത്രത്തിലും പുതുമയിലും അധിഷ്ഠിതമായ സമഗ്ര പരിഹാരങ്ങളാണു നമുക്കാവശ്യം.

പ്രകൃതിദുരന്തങ്ങളുടെ ദുരിതങ്ങളില്‍നിന്നു നമ്മുടെ നഗരങ്ങളെ മുക്തമാക്കാനും നമ്മുടെ വീടുകള്‍ നാം ഇഷ്ടപ്പെടുന്ന ഇടങ്ങളാക്കിത്തീര്‍ക്കാനും നിങ്ങളുടെ അഭിപ്രായനിര്‍ദേശങ്ങള്‍ ആവശ്യമാണ്.

കെട്ടിടങ്ങള്‍ പരിഷ്‌കരിക്കാനുള്ള ചെലവു താങ്ങാവുന്നതാക്കി പരിമിതപ്പെടുത്തുക എന്നും ഇതുകൊണ്ട് അര്‍ഥമാക്കുന്നു.

വിശിഷ്ടരായ പ്രതിനിധികളെ,

കരയില്‍ എന്തു ചെയ്യുന്നു എന്നതു മാത്രമല്ല ഈ ഗ്രഹത്തിന്റെ സ്ഥായിയായ ഭാവിയെ നിര്‍ണയിക്കുക; നാം സമുദ്രങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതുകൂടിയാണ്.

നമ്മുടെ ഗ്രഹത്തിന്റെ 70 ശതമാനത്തിലേറെ ഭാഗം സമുദ്രമാണല്ലോ.

ആകെ മാനവരാശിയുടെ 40 ശതമാനം പേരും ജീവിക്കുന്നതും ലോകത്തിലെ ഏറ്റവും വലിയ നഗരങ്ങളില്‍ 60 ശതമാനം നിലകൊള്ളുന്നതും സമുദ്രത്തില്‍നിന്ന് 100 കിലോമീറ്റര്‍ മാത്രം അകലെയാണ്.

നമ്മുടെ സമ്പദ്‌വ്യവസ്ഥകളെ നിയന്ത്രിക്കുന്നതില്‍ ഏറ്റവും പ്രധാന പങ്ക് സമുദ്രങ്ങള്‍ വഹിക്കാന്‍ പോകുന്ന പുതിയ യുഗത്തിലേക്കു കടക്കാനുള്ള മുനമ്പിലാണു നാം.

സമുദ്രങ്ങളുടെ ഫലപ്രദമായ ഉപയോഗം നമുക്ക് അഭിവൃദ്ധിയുണ്ടാക്കും, ശുദ്ധവായു ലഭ്യമാക്കും, മല്‍സ്യസമ്പത്തിനപ്പുറം പുതിയ മരുന്നുകളും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കുകയും ചെയ്യും.

അതുകൊണ്ടാണ് ഞാന്‍ ചെറു ദ്വീപ് രാഷ്ട്രങ്ങളെ വന്‍ സമുദ്രരാഷ്ട്രങ്ങളെന്നു വിശേഷിപ്പിച്ചത്.

1300 ദ്വീപുകളും 7500 കിലോമീറ്റര്‍ തീരവും 24 ലക്ഷം ചതുരശ്ര അടി പ്രത്യേക സാമ്പത്തിക മേഖലയുമുള്ള ഇന്ത്യയെ സംബന്ധിച്ചിടത്തോളവും സമുദ്രം നിര്‍ണായകമാണ്.

അതുകൊണ്ടാണ് ഒരു വര്‍ഷമായി നാം ശ്രദ്ധ സമുദ്രത്തിലേക്ക് അഥവാ നീലനിറത്തിലുള്ള സമ്പദ്‌വ്യവസ്ഥയിലേക്കു തിരിച്ചുവിട്ടത്.

ജലാന്തര്‍ഭാഗത്തെക്കുറിച്ചു ശാസ്ത്രീയമായി കൂടുതല്‍ ആഴത്തില്‍ പഠിക്കാന്‍ ശാസ്ത്രമേഖലയിലുള്ള ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടാന്‍ തീരുമാനിച്ചിട്ടുണ്ട്.

ഇന്ത്യയിലും വിദേശത്തുമായി തീരദേശ, ദ്വീപ് ഗവേഷണകേന്ദ്രങ്ങളുടെ ശൃംഖല സൃഷ്ടിക്കാനും സമുദ്രാന്തര്‍ഭാഗത്തെ സസ്യജീവിതത്തെക്കുറിച്ചും ഒപ്പം ബയോടെക്‌നോളജി സംബന്ധിച്ചും ഗൗരവമാര്‍ന്ന പഠനങ്ങള്‍ നടത്തുന്നതിനായി ആധുനിക മറൈന്‍ ബയോളജി ഗവേഷണ കേന്ദ്രം കെട്ടിപ്പടുക്കും.

സമുദ്രാന്തര്‍ഭാഗത്തെക്കുറിച്ചു ശാസ്ത്രീയമായി പഠിക്കാനും സമുദ്രങ്ങളും സമ്പദ്‌വ്യവസ്ഥയും എന്ന വിഷയത്തെക്കുറിച്ചു പഠിക്കാനും വിവിധ രാഷ്ട്രങ്ങളുമായി നാം കരാറിലെത്തിയിട്ടുണ്ട്.

ഈ വര്‍ഷം ന്യൂഡെല്‍ഹിയില്‍ ‘സമുദ്ര സമ്പദ്‌വ്യവസ്ഥയും പസഫിക് ദ്വീപ് രാഷ്ട്രങ്ങളും’ എന്ന വിഷയത്തില്‍ അന്താരാഷ്ട്ര സമ്മേളനം നടത്താന്‍ പദ്ധതി തയ്യാറാക്കിയിട്ടുമുണ്ട്.

വിശിഷ്ടരായ പ്രതിനിധികളെ,

സമുദ്രങ്ങള്‍ക്കു സമാനമായി നദികള്‍ക്കും മാനവചരിത്രത്തില്‍ നിര്‍ണായക സ്ഥാനമാണുള്ളത്.

നദികള്‍ വിവിധ സംസ്‌കാരങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്നിട്ടുണ്ട്.

നമ്മുടെ ഭാവിയെ നിര്‍ണയിക്കുന്നതില്‍ നദികള്‍ക്കുള്ള സ്ഥാനം വളരെ പ്രധാനമാണു താനും.

നമ്മുടെ സംസ്‌കാരം വീണ്ടെടുക്കുന്നതിലും ജനങ്ങള്‍ക്കു സാമ്പത്തിക അവസരങ്ങള്‍ പ്രദാനം ചെയ്യുന്നതിലും നദികളുടെ പുനരുജ്ജീവനം അനിവാര്യമാണ്.

നമ്മുടെ സമൂഹത്തിനു ശുദ്ധിയാര്‍ന്നതും ആരോഗ്യകരവുമായ ഭാവി പ്രദാനം ചെയ്യാനുള്ള എന്റെ ചുമതലാബോധത്തിന്റെ കാര്യത്തിലും ഇതു പ്രസക്തമാണ്.

ലക്ഷ്യപ്രാപ്തിക്കായി നിയന്ത്രണങ്ങളും നയവും നിക്ഷേപവും നടത്തിപ്പുമൊക്കെ കൂടിയേതീരൂ.

സാങ്കേതികവിദ്യയും എന്‍ജിനീയറിങ്ങും പുതിയ കണ്ടെത്തലുകളും ഏകോപിപ്പിക്കുന്നതിനൊപ്പം ഇപ്പോള്‍ നദികള്‍ ശുചീകരിക്കുന്നതില്‍ മാത്രമല്ല ഭാവിയില്‍ അവ വൃത്തിയുള്ളതായി നിലനിര്‍ത്തുന്നതിനുംകൂടി സാധിച്ചാല്‍ മാത്രമേ നമുക്കു വിജയിക്കാന്‍ സാധിക്കുകയുള്ളൂ.

ഇതിനായി, മാലിന്യം തള്ളുന്നതു നദികളുടെ പാരിസ്ഥിതിക സംവിധാനത്തെ എങ്ങനെ ബാധിക്കുന്നുവെന്നും നഗരവല്‍ക്കരണം, കാര്‍ഷികവൃത്തി, വ്യവസായവല്‍ക്കരണം, ഭൂഗര്‍ഭജലത്തിന്റെ ഉപയോഗം എന്നിവ ഏതു വിധത്തിലുള്ള ആഘാതങ്ങള്‍ സൃഷ്ടിക്കുന്നു എന്നും സംബന്ധിച്ചു ശാസ്ത്രിയമായ തിരിച്ചറിവ് ഉണ്ടാവണം.

പ്രകൃതിയുടെ ആത്മാവ് നദികളാണ്.

പ്രകൃതിയെ സംരക്ഷിക്കാനുള്ള വ്യാപകമായ യത്‌നത്തില്‍ നദികളുടെ പുനരുജ്ജീവനം തീര്‍ച്ചയായും ഉള്‍പ്പെടുത്തിയിരിക്കണം.

ഇന്ത്യയിലാകട്ടെ, നാം മാനുഷികതയെ പ്രകൃതിയുടെ ഭാഗമായിത്തന്നെയാണു കാണുന്നത്.

അല്ലാതെ ബാഹ്യമായ ഒന്നായോ കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നായോ അല്ല.

പ്രകൃതിയുടെ വിവിധ ഭാവങ്ങള്‍ക്കു ദൈവികത കല്‍പിക്കുകയും ചെയ്യുന്നു.

അതുകൊണ്ട്, എല്ലാറ്റിനെയും സംരക്ഷിച്ചു നിലനിര്‍ത്തുകയെന്നതു നമ്മുടെ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും അടിസ്ഥാന ശിലകളിലൊന്നാണ്.

ഭാവിയോടുള്ള നമ്മുടെ ചുമതലാബോധത്തിന്റെ ഭാഗവുമാണ് ഇത്.

പാരിസ്ഥിതിക വിജ്ഞാനത്തിന്റെ ധനികമായ പാരമ്പര്യം ഇന്ത്യക്കുണ്ട്.

ശാസ്ത്രീയ പഠനവും രീതിയും അടിസ്ഥാനമാക്കിയുള്ള പ്രകൃതിസംരക്ഷണത്തിനായുള്ള ദേശീയ ദൗത്യത്തിനു നേതൃത്വം നല്‍കാന്‍ സാധിക്കുന്ന ശാസ്ത്രകേന്ദ്രങ്ങളും മനുഷ്യവിഭവശേഷിയും നമുക്കുണ്ട്.

ആദരണീയരായ പ്രതിനിധികളെ,

മനുഷ്യനും പ്രകൃതിയുമായുള്ള നല്ല ബന്ധം പുനഃസ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ പാരമ്പര്യവിജ്ഞാനത്തിന്റെ മുഴുവന്‍ കരുത്തും ഉപയോഗപ്പെടുത്താന്‍ നമുക്കു സാധിക്കണം.

കാലങ്ങളായി സമാഹരിച്ച വിവേകത്തിലൂടെയാണു ലോകത്താകമാനമുള്ളി വിവിധ സമൂഹങ്ങള്‍ ഈ വിലപ്പെട്ട സ്വത്ത് ആര്‍ജിച്ചിരിക്കുന്നത്.

നമ്മുടെ പല പ്രശ്‌നങ്ങള്‍ക്കുമുള്ള സാമ്പത്തികവും ഫലപ്രദവും പരിസ്ഥിതിസൗഹൃദപരവുമായ പരിഹാരങ്ങള്‍ അതിലുണ്ടുതാനും.

പക്ഷേ, ഇന്നത്തെ ആഗോളവല്‍കൃതമായ ലോകത്തില്‍ അവ നശിച്ചുപോകുമെന്ന ഭീതിയാണു നിലനില്‍ക്കുന്നത്.

പാരമ്പര്യവിജ്ഞാനമെന്നതുപോലെ ശാസ്ത്രവും ഉരുത്തിരിഞ്ഞതു മനുഷ്യന്റെ അനുഭവങ്ങളിലൂടെയും പ്രകൃതിയെക്കുറിച്ചു നടത്തിയ പഠനത്തിലൂടെയുമാണ്.

അതുകൊണ്ടുതന്നെ, ശാസ്ത്രം മാത്രമാണു ലോകത്തെക്കുറിച്ചുള്ള പ്രായോഗികവിജ്ഞാനമെന്നും നാം ധരിച്ചുവശാകരുത്.

പാരമ്പര്യവിജ്ഞാനവും ആധുനികശാസ്ത്രവും തമ്മിലുള്ള വിടവു കുറച്ചുകൊണ്ടുവരാന്‍ നാം ശ്രമിക്കണം.

നാം നേരിടുന്ന വെല്ലുവിളികള്‍ക്കു പ്രാദേശികവും നീണ്ടുനില്‍ക്കുന്നതുമായ പരിഹാരങ്ങള്‍ തേടുന്നതിന് ഇതു സഹായകമാകും.

അതുകൊണ്ട്, കൃഷിയില്‍ നമ്മുടെ പാടങ്ങളുടെ ഉല്‍പാദനശേഷി വര്‍ധിപ്പിക്കുന്നതിനും ജലോപയോഗം കുറയ്ക്കുന്നതിനും കാര്‍ഷികവിളകളുടെ പോഷകാശം ഉയര്‍ത്തുന്നതിനും ശ്രമിക്കുമ്പോഴും പാരമ്പര്യ കാര്‍ഷികരീതികളെയും പ്രാദേശിക കൃഷിസമ്പ്രദായങ്ങളെയും ജൈവകൃഷിയെയും ഏകോപിപ്പിക്കുകവഴി കൃഷിക്കു വേണ്ടിവരുന്ന വിഭവങ്ങള്‍ കുറച്ചുകൊണ്ടുവരാനും കൃഷിയെ സ്‌നേഹിക്കുന്നവരായി നമ്മെ മാറ്റുകയും ചെയ്യാന്‍ സാധിക്കണം.

ആരോഗ്യരംഗത്തെ കാര്യം പറയുകയാണെങ്കില്‍, ആധുനിക ചികില്‍സാ സമ്പ്രദായം ഗണ്യമായ പരിവര്‍ത്തനം സൃഷ്ടിച്ചിട്ടുണ്ട്.

എന്നാല്‍, ശാസ്ത്രീയ സംവിധാനങ്ങളും രീതികളും ഉപയോഗപ്പെടുത്തി പാരമ്പര്യ ഔഷധങ്ങളിലേക്കും യോഗ തുടങ്ങിയ സമഗ്ര ജീവിത്രക്രമങ്ങളിലേക്കും കൂടുതല്‍ ആഴത്തില്‍ കടന്നുചെല്ലാനും ചികില്‍സ തേടുക എന്നതില്‍നിന്നു സുഖമായി ജീവിക്കുക എന്ന രീതിയിലേക്കു നമ്മുടെ കാഴ്ചപ്പാട് തന്നെ മാറ്റിയെടുക്കാനും സാധിക്കണം.

സാമ്പത്തിക നഷ്ടം വരുത്തുവെക്കുന്നു എന്നതു മാത്രമല്ല എത്രയോ പേര്‍ക്കു ജീവിതം നഷ്ടമാകുംവിധം ജീവിതശൈലീ രോഗങ്ങള്‍ പെരുകിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഇതു പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്നു.

പ്രയപ്പെട്ട പ്രതിനിധികളെ,

ഒരു രാഷ്ട്രമെങ്കിലും നാം പല തട്ടിലാണുള്ളത്.

ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലുമുള്ള നേട്ടങ്ങളുടെ കാര്യത്തില്‍ നാം ആഗോളതലത്തില്‍ തന്നെ മുന്‍പന്തിയിലാണ്.

നിലനില്‍പിന്റെ അതിര്‍രേഖയില്‍ കഴിയുന്നവരുടെ അനിശ്ചിതത്വവും നിരാശയും നാം കാണുന്നു.

പ്രതീക്ഷയാര്‍ന്ന ജീവിതവും അവസരങ്ങളും മാന്യതയും തുല്യതയും അവര്‍ ആഗ്രഹിക്കുന്നു.

ഈ പ്രതീക്ഷകളെ മാനവചരിത്രത്തില്‍ ഇതുവരെയില്ലാത്ത അളവിലും വേഗത്തിലും ഉള്‍ക്കൊള്ളാന്‍ സാധിക്കണം.

അതോടൊപ്പം തന്നെ, നമ്മുടെ പാരമ്പര്യത്തിന്റെ മഹത്വവും കാലഘട്ടത്തെക്കുറിച്ചുള്ള ബോധ്യവും ലോകത്തോടുള്ള നമ്മുടെ ചുമതലാബോധത്തിന്റെ കരുത്തും മുന്‍നിര്‍ത്തി എറ്റവും ഫലപ്രദമായ പാത തെരഞ്ഞെടുക്കാന്‍ സാധിക്കണം.

ആറിലൊന്നു മനുഷ്യരെങ്കിലും വിജയിക്കുന്നു എങ്കില്‍ അതിന്റെ അര്‍ഥം ലോകത്തിന്റെ ഭാവി സ്ഥായി ആയതും കൂടുതല്‍ അഭിവൃദ്ധി നിറഞ്ഞതുമാണെന്നാണ്.

നിങ്ങളുടെ നേതൃത്വവും പിന്തുണയും ഉണ്ടെങ്കില്‍ മാത്രമേ നമുക്കിതു പ്രാവര്‍ത്തികമാക്കാന്‍ സാധിക്കൂ.

‘തങ്ങള്‍ക്കു വൈദഗ്ധ്യമുള്ള മേഖലയ്ക്കു പുറത്തുള്ള വിഷയങ്ങളില്‍ക്കൂടി താല്‍പര്യമെടുക്കാന്‍ ഞങ്ങള്‍ ശാസ്ത്രജ്ഞരെ പ്രോല്‍സാഹിപ്പിക്കുന്നു’ എന്ന വിക്രംസാരാഭായിയുടെ വാക്കുകളില്‍നിന്നു നമുക്കു വ്യക്തമാകുന്നതും അതു തന്നെ.

തങ്ങളുടെ പ്രവര്‍ത്തനത്തിന്റെയും അന്വേഷണത്തിന്റെയും കേന്ദ്രബിന്ദുവായി ഞാന്‍ അഞ്ച് ‘ഇ’കള്‍ എന്നു വിളിക്കാനാഗ്രഹിക്കുന്ന ആശയത്തെ കാണാന്‍ ശാസ്ത്രജ്ഞര്‍ക്കും സാങ്കേതികവിദഗ്ധര്‍ക്കും സാധിക്കുകയാണെങ്കില്‍ ശാസ്ത്രം സൃഷ്ടിക്കുന്ന ഫലം പരമാവധിയായിരിക്കും. അവയാണ്:


ഇക്കോണമി- ഫലപ്രദമായ പരിഹാരങ്ങള്‍ ലഭിക്കുകയും താങ്ങാവുന്നതായി ചെലവു ചുരുങ്ങുകയും ചെയ്യുമ്പോള്‍.

എന്‍വയേണ്‍മെന്റ്- കാര്‍ബണ്‍ പുറംതള്ളുന്നതു വളരെ കുറയുകയും പരിസ്ഥിതിക്ക് അതുമൂലമുണ്ടാകുന്ന ആഘാതം പരമാവധി കുറയുകയും ചെയ്യുമ്പോള്‍.

എനര്‍ജി- നമ്മുടെ അഭിവൃദ്ധി ഊര്‍ജത്തെ ആശ്രയിച്ചാകുന്നതു പരമാവധി കുറയുകയും നാം ഉപയോഗപ്പെടുത്തുന്ന ഊര്‍ജം നമ്മുടെ ആകാശത്തെ നീലയായും ഭൂമിയെ ഹരിതാഭമായും നിലനിര്‍ത്തുന്നതുമാകുമ്പോള്‍.

എംപതി- നമ്മുടെ ശ്രമങ്ങള്‍ സംസ്‌കാരത്തിനും സാഹചര്യങ്ങള്‍ക്കും സാമൂഹികമായ വെല്ലുവിളികള്‍ക്കും യോജിച്ചതാകുമ്പോള്‍.

ഇക്വിറ്റി- ശാസ്ത്രം എല്ലാവരെയും ഉള്‍പ്പെടുത്തിയുള്ള വികസനത്തിനും ഏറ്റവും ദുര്‍ബലരായവരുടെ ക്ഷേമം യാഥാര്‍ഥ്യമാക്കുന്നതിനും ഉതകുന്നതാകുമ്പോള്‍.

1916ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ആല്‍ബെര്‍ട്ട് ഐന്‍സ്റ്റീന്റെ ‘ദ് ഫൗണ്ടേഷന്‍ ഓഫ് ദ് ജനറല്‍ തിയറി ഓഫ് റിലേറ്റിവിറ്റി’യുടെ ശതാബ്ദിയാണിത്.

അദ്ദേഹത്തിന്റെ ചിന്തകളെ നിര്‍വചിച്ച മാനുഷികതയെക്കുറിച്ച് ഇപ്പോള്‍ നാം ആലോചിക്കണം: ‘എല്ലാ സാങ്കേതിക ഉദ്യമങ്ങളുടെയും മുഖ്യ താല്‍പര്യം എല്ലായ്‌പ്പോഴും മനുഷ്യനോടുള്ള പരിഗണനയും അവന്റെ ഭാവിയെക്കുറിച്ചുള്ള ചിന്തകളുമായിരിക്കണം.’

വരുംതലമുറകള്‍ക്കായി ഈ ഗ്രഹത്തെ നന്നായി നിലനിര്‍ത്തുക എന്നതിനപ്പുറം പ്രധാനപ്പെട്ട ഒരു ചുമതല വ്യവസായികള്‍ക്കായാലും ശാസ്ത്രം പഠിക്കുന്നവര്‍ക്കായാലും പൊതുപ്രവര്‍ത്തകര്‍ക്കായാലും അല്ലാത്തവര്‍ക്കായാലും ഇല്ല.

ഈ പൊതു ലക്ഷ്യത്തിനു പിറകില്‍ യോജിച്ചുനില്‍ക്കട്ടെ, ശാസ്ത്രം, സാങ്കേതികവിദ്യ, എന്‍ജിനീയറിംങ് തുടങ്ങിയ വിഷയങ്ങളെല്ലാം.

നന്ദി.