Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഹൈദരാബാദില്‍ ലോക വിവരസാങ്കേതിക വിദ്യാ സമ്മേളനം വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

ഹൈദരാബാദില്‍ ലോക വിവരസാങ്കേതിക വിദ്യാ സമ്മേളനം വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം


മഹതികളേ മഹാന്മാരേ,
വിവര സാങ്കേതികവിദ്യ സംബന്ധിച്ച ലോക സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഇന്ത്യയിലാദ്യമായിട്ടാണ് ഈ സമ്മേളനം നടക്കുന്നത്. നാസ്‌കോം, ഡബ്യൂ.ഐ.റ്റി.എസ്.എ., തെലങ്കാന ഗവണ്‍മെന്റ് എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് ഇത് സംഘടിപ്പിച്ചിരിക്കുന്നത്.

ലോകത്തെമ്പാടും നിന്നുള്ള നിക്ഷേപകര്‍, നൂതന ആശയക്കാര്‍, ബുദ്ധിജീവികള്‍ എന്നിവര്‍ക്കെല്ലാം ഇത് പ്രയോജനകരമായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. വിവരസാങ്കേതിക വിദ്യയുടെ കരുത്താണ് ദൂരെയിരുന്നുകൊണ്ട് എനിക്ക് നിങ്ങളെ അഭിസംബോധന ചെയ്യാന്‍ സഹായിക്കുന്നുവെന്നത് സന്തോഷം പകരുന്നതാണ്.

വിദേശത്ത് നിന്ന് വന്ന എല്ലാ പ്രതിനിധികളോടും: ഇന്ത്യയിലേയ്ക്ക് സ്വാഗതം, ഹൈദരാബാദിലേയ്ക്ക് സ്വാഗതം.

ഈ സമ്മേളനത്തിനിടയ്ക്ക് ഹൈദരാബാദിന്റെ ഊര്‍ജ്ജസ്വലമായ ചരിത്രത്തെയും, രമണീയമായ വിഭവങ്ങളും കണ്ടെത്താന്‍ നിങ്ങള്‍ക്ക് അല്‍പ്പസമയം ലഭിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. തീര്‍ച്ചയായും ഇന്ത്യയുടെ മറ്റ് പ്രദേശങ്ങളും സന്ദര്‍ശിക്കാന്‍ അത് നിങ്ങളെ പ്രേരിപ്പിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.
ഐക്യം എന്ന ആശയത്തില്‍ അടിയുറച്ചിരിക്കുന്ന പുരാതനവും, സമ്പന്നവും വൈവിദ്ധ്യവുമായ സംസ്‌ക്കാരത്തിന്റെ ഭൂമിയാണ് ഇന്ത്യ.
മഹതികളേ മഹാന്മാരേ,
”വസുധൈവ കുടുംബകം”-ലോകം ഒരു കുടുംബം എന്ന ആശയമാണ് ഇന്ത്യന്‍ തത്വശാസ്ത്രത്തില്‍ അന്തര്‍ലീനമായിരിക്കുന്നത്. എല്ലാത്തിനെയും ഉള്‍ക്കൊള്ളാനുള്ള നമ്മുടെ പാരമ്പര്യമാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഈ സങ്കല്‍പ്പത്തെ നേടിയെടുക്കാന്‍ സാങ്കേതികവിദ്യ നമ്മെ സഹായിക്കുന്നു. ഇത് അതിരുകളില്ലാത്ത ഒരു ഏകോപിത ലോകത്തിന്റെ സൃഷ്ടിയെ സഹായിക്കുന്നു.
നല്ല ഭാവിക്കുവേണ്ടി ഒന്നിച്ചുചേരുന്നതിന് ഭൂമിശാസ്ത്രപരമായ ദൂരങ്ങള്‍ ഒരു തടസമല്ലാത്ത ലോകം. എല്ലാ മേഖലകളിലും ഡിജിറ്റല്‍ നൂതനാശയങ്ങളില്‍ ഇന്ന് ഇന്ത്യയാണ് ഏറ്റവും ആകര്‍ഷക കേന്ദ്രം.
വളര്‍ന്നുവരുന്ന നൂതനാശയങ്ങളുടെ സംരംഭകര്‍ മാത്രമല്ല, സാങ്കേതിക നവീനാശയങ്ങള്‍ക്കുള്ള വളര്‍ന്നുവരുന്ന വിപണിയും നമുക്കുണ്ട്. ലോകത്തെ ഏറ്റവും വലിയ സാങ്കേതിക സൗഹൃദ ജനവിഭാഗത്തിലൊന്നായ നാം അങ്ങനെതന്നെ തുടരുകയുമാണ്. ഒപ്റ്റിക്കല്‍ ഫൈബറിലൂടെ ബന്ധിപ്പിച്ച ഒരു ലക്ഷത്തിലേറെ ഗ്രാമങ്ങളും 121 കോടി മൊബൈല്‍ ഫോണുകളും 120 കോടി ആധാറും 50 കോടി ഇന്റര്‍നെറ്റ് ഉപയോക്താക്കളുമായി സാങ്കേതികവിദ്യ നല്ലനിലയില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്ന ഏറ്റവും മികച്ച സ്ഥലമാണ് ഇന്ത്യ.
ഒപ്പം ഓരോ പൗരനേയും ശാക്തീകരിച്ചുകൊണ്ട് ഭാവിയിലേക്ക് കുതിക്കുകയുമാണ്. ഡിജിറ്റല്‍ ഇന്ത്യ എന്നാല്‍ ഡിജിറ്റല്‍ സേവനങ്ങളുടെ വിതരണത്തിന് ഡിജിറ്റല്‍ അടിസ്ഥാനസൗകര്യത്തിലൂടെ ശാക്തീകരണവും ഡിജിറ്റല്‍ സംശ്ലേഷണവും നടത്തുന്ന ഒരു പ്രയാണമാണ്. ഇങ്ങനെ സമഗ്രമായ രീതിയില്‍ സാങ്കേതികവിദ്യ സ്വാധീനം ചെലുത്തുമെന്നത് കുറേ വര്‍ഷങ്ങള്‍ക്ക് മുമ്പ് ചിന്തിക്കാന്‍ പോലും പറ്റില്ലായിരുന്നു.
ഈ ജീവിതചക്രം കഴിഞ്ഞ മൂന്നരവര്‍ഷ കൊണ്ട് നാം വിജയകരമായി പൂര്‍ത്തിയാക്കി. പൊതുജനങ്ങളുടെ സ്വഭാവത്തിലും പ്രക്രിയകളിലും ഉണ്ടായ മാറ്റത്തിലൂടെയാണ് ഇത് സാദ്ധ്യമായത്. ഡിജിറ്റല്‍ ഇന്ത്യ എന്നത് വെറുമൊരു ഗവണ്‍മെന്റ് സംരംഭമെന്നതിലുപരി ഒരു ജീവിതരീതിയായി മാറിയിരിക്കുകയാണ്.
സാങ്കേതികവിദ്യ പവര്‍-പോയിന്റ് പ്രസന്റേഷനുകളെ അതിജയിച്ചു: നിന്ന് ജനങ്ങളുടെ ജീവിതത്തില്‍ ഒഴിവാക്കാനാകാത്ത ഭാഗമായി അത് മാറിയിട്ടുണ്ട്. മിക്കവാറും ഗവണ്‍മെന്റ് സംരംഭങ്ങളെല്ലാം ഗവണ്‍മെന്റിന്റെ ശ്രമങ്ങളെ ആശ്രയിച്ചിരിക്കുമ്പോള്‍, ഡിജിറ്റല്‍ ഇന്ത്യ വിജയിക്കുന്നത് ജനങ്ങളുടെ പിന്‍തുണ കൊണ്ടാണ്.
ജാം ത്രയത്തിലൂടെ 320 ദശലക്ഷം പാവപ്പെട്ടവരുടെ ജന്‍ ധന്‍ അക്കൗണ്ടുകള്‍ ആധാറുമായും മൊബൈലുമായും ബന്ധിപ്പിച്ചു. ക്ഷേമ നടപടികള്‍ നേരിട്ടുള്ള ആനുകൂല്യവിതരണവുമായി ഇത്തരത്തില്‍ ബന്ധിപ്പിച്ചതിലൂടെ 57,000 കോടി രൂപ ലാഭിക്കാന്‍ കഴിഞ്ഞു. ഇന്ത്യയിലെ 172 ആശുപത്രികളിലെ ഏകദേശം 22 ദശലക്ഷം ഡിജിറ്റല്‍ ഇടപാടുകള്‍ രോഗികള്‍ക്ക് ജീവിത സൗഖ്യമേകിയിട്ടുണ്ട്. ദേശീയ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ ഇന്ന് 14 ദശ ലക്ഷം വിദ്യാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കര്‍ഷകര്‍ക്ക് മികച്ച വില നല്‍കുന്ന ഓണ്‍ലൈന്‍ കാര്‍ഷിക വിപണിയാണ് ഇ-നാം. 6.6 ദശലക്ഷം കര്‍ഷകര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഈ പോര്‍ട്ടല്‍ 470 കാര്‍ഷിക വിപണികളുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഭീം-യു.പി.ഐ വഴി 2018 ജനുവരിയില്‍ 15,000 കോടി രൂപയുടെ ഡിജിറ്റല്‍ ഇടപാടുകള്‍ നടന്നിട്ടുണ്ട്.
മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് മാത്രം ആരംഭിച്ച ഉമംഗ് എന്ന സവിശേഷ ആപ്പ് ഇപ്പോള്‍ തന്നെ 185 ഗവണ്‍മെന്റ് സേവനങ്ങള്‍ നല്‍കുന്നുണ്ട്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ജനങ്ങള്‍ക്ക് വ്യത്യസ്ത ഡിജിറ്റല്‍ സേവനങ്ങള്‍ നല്‍കുന്ന 2.8 കേന്ദ്രങ്ങള്‍ ഇന്ന് നിലവിലുണ്ട്. ആയിരക്കണക്കിന് വനിതാ സംരംഭകരുള്‍പ്പെടെ ഏകദേശം 10 ലക്ഷം ആളുകള്‍ ഈ കേന്ദ്രങ്ങളില്‍ പണിയെടുക്കുന്നുണ്ട്. നമ്മുടെ യുവജനങ്ങളുടെ കഴിവും നൈപുണ്യവും ഉപയോഗിക്കുന്നതിനായി ബി.പി. ഒകള്‍ വടക്ക് കിഴക്കന്‍ പ്രദേശങ്ങളായ കൊഹിമ, ഇംഫാല്‍, ജമ്മു കാശ്മീരിലെ വിവിധ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍. 27 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 86 യൂണിറ്റുകള്‍ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. ഉടന്‍ തന്നെ കൂടുതല്‍ പ്രവര്‍ത്തനസജ്ജമാകും.
ഓരോ കുടുംബത്തിലും ഡിജിറ്റല്‍ സാക്ഷരത ഉറപ്പാക്കുന്നതിനായി ഞങ്ങള്‍ പ്രധാനമന്ത്രി റൂറല്‍ ഡിജിറ്റല്‍ ലിറ്ററസി മിഷന്‍ ആരംഭിച്ചിട്ടുണ്ട്. ഗ്രാമീണ ഇന്ത്യയിലെ പ്രായപൂര്‍ത്തിയായ 60 ലക്ഷം പേരെ ഡിജിറ്റല്‍ സാക്ഷരരാക്കുകയെന്നതാണ് മിഷന്റെ ഉദ്ദേശ്യം. ഇതിനായി 10 ദശലക്ഷം പേര്‍ക്ക് പരിശീലനം നല്‍കിക്കഴിഞ്ഞു.
മേക്ക് ഇന്‍ ഇന്ത്യയേയും ഡിജിറ്റല്‍ ഇന്ത്യയേയും ഒന്നിപ്പിച്ചുകൊണ്ട് നാം ദീര്‍ഘദൂരം മുന്നോട്ടു പോയിക്കഴിഞ്ഞു. 2014 ല്‍ ഇന്ത്യയില്‍ 2 മൊബൈല്‍ ഉല്‍പ്പാദന യൂണിറ്റുകളാണുണ്ടായിരുന്നത്. ഇന്ന് ലോകത്തെ ചില മികച്ച ബ്രാന്‍ഡുകളുള്‍പ്പെടെ 118 യൂണിറ്റുകള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.
ഗവണ്‍മെന്റ് ഇ-മാര്‍ക്കറ്റ്-പ്ലേസ് ഒരു ദേശീയ സംഭരണ പോര്‍ട്ടലായി വികസിച്ചുകഴിഞ്ഞു. ഗവണ്‍മെന്റിന്റെ സംഭരണ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി, ചെറുകിട-ഇടത്തരം സംരംഭകര്‍ക്കും മത്സരിക്കാന്‍ ഇത് സഹായിക്കുന്നു. ഈ ലളിത ഐ.ടി ചട്ടക്കൂട് ഗവണ്‍മെന്റിന്റെ സംഭരണത്തിലെ സുതാര്യത വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇത് സംഭരണ നടപടികള്‍ വേഗത്തിലാക്കുകയും ആയിരക്കണക്കിന് ചെറുകിട ഇടത്തരം സംരംഭകരെ ശാക്തീകരിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം മുംബൈ സര്‍വകലാശാലയില്‍ വച്ച് വാദ്ധ്വാനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രാജ്യത്തിന് സമര്‍പ്പിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി. സാമൂഹിക നന്മയ്ക്കായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്ന ദൗത്യം ഏറ്റെടുത്തിരിക്കുന്ന സ്വതന്ത്രവും ലാഭചേ്ഛയില്ലാത്തതുമായ ഒരു ഗവേഷണ സ്ഥാപനമാണിത്.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ദുബായിയില്‍ ലോക ഗവണ്‍മെന്റ് ഉച്ചകോടിയ്ക്കിടയില്‍ എനിക്ക് ” മ്യൂസിയം ഓഫ് ഫ്യൂച്ചര്‍” പ്രദര്‍ശനം സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചു. നവീനത്വത്തെ മുന്നോട്ടുനയിക്കുന്ന ആശയങ്ങള്‍ വിരിയിക്കുന്നതിനുള്ള ഒരു സംവിധാനമായിട്ടാണ് ഈ മ്യൂസിയം തയ്യാറാക്കിയിരിക്കുന്നത്. സാങ്കേതികവിദ്യയുടെ ആ വഴികാട്ടികളെ, അവരില്‍ ചിലര്‍ ഇന്ന് ഈ സദസിലുണ്ടായിരിക്കും, തങ്ങളുടെ പ്രവൃത്തിയുടെ പേരില്‍ ഞാന്‍ അവരെ അഭിനന്ദിക്കുകയാണ്. അവര്‍ മനുഷ്യരാശിക്കായി കൂടുതല്‍ സൗകര്യപ്രദവും മികച്ചതുമായ ഭാവി ഉറപ്പാക്കുന്നതിന് സഹായിക്കുകയാണ്.
നാലാം വ്യവസായവിപ്ലവത്തിന്റെ മുനയിലാണ് ഇന്ന് നാം നില്‍ക്കുന്നത്. പൊതുജന നന്മയ്ക്കായി സാങ്കേതികവിദ്യയെ ഉപയോഗിച്ചാല്‍ മനുഷ്യരാശിക്ക് സ്ഥായിയായ സമ്പല്‍സമൃദ്ധിയും നമ്മുടെ ഭൂമിയുടെ സുസ്ഥിരഭാവിയും ഉറപ്പാക്കാനാകും. ഈ പശ്ചാത്തലത്തിലാണ് ഇന്ന് ഇന്ത്യയില്‍ നടക്കുന്ന വിവിരസാങ്കേതികവിദ്യ സംബന്ധിച്ച ഈ ആഗോള സമ്മേളനത്തെ ഞാന്‍ വിലയിരുത്തുന്നത്.
ഈ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുന്ന പ്രധാന വിഷയങ്ങള്‍ നമ്മെ കാത്തിരിക്കുന്ന അവസരങ്ങളെയാണ് പ്രതിഫലിപ്പിക്കുന്നത്. ബ്ലോക്ക്-ചെയിനേയും ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സിനെയും പോലുള്ള പങ്കിടാവുന്ന സാങ്കേതികവിദ്യയ്ക്ക് നമ്മുടെ ജീവിതരീതിയിലും പ്രവൃത്തിയിലും വലിയ സ്വാധീനം ചെലുത്താനാകും. നമ്മുടെ പ്രവൃത്തി സ്ഥലങ്ങളില്‍ അവയെ വേഗത്തില്‍ ഉപയോഗപ്പെടുത്തേണ്ടതാണ്.
ഭാവിലെ പ്രവൃത്തി സ്ഥലങ്ങള്‍ക്ക് വേണ്ടി പൗരന്മാരെ നിപുണരാക്കേണ്ടതും പ്രധാനപ്പെട്ടതാണ്. ശോഭനമായ ഭാവിക്ക് വേണ്ടി നമ്മുടെ യുവാക്കളെയും കുട്ടികളെയും തയാറാക്കുന്നതിനായി നാഷണല്‍ സ്‌കില്‍ ഡെവലപ്പ്‌മെന്റ് മിഷന് നാം തുടക്കം കുറിച്ചിട്ടുണ്ട്. നമ്മുടെ നിലവിലെ തൊഴില്‍ ശക്തിയെ പുതിയ സാങ്കേതികവിദ്യകള്‍ ഉയര്‍ന്നുവരുന്നതിന്റെ അടിസ്ഥാനത്തില്‍ പുനര്‍ നൈപുണ്യവല്‍ക്കരിക്കേണ്ടതുണ്ട്.
ഈ സമ്മേളനത്തില്‍ പ്രാസംഗികയായി ക്ഷണിച്ച, സോഫിയ എന്ന റോബോട്ട് തന്നെ നൂതന സാങ്കേതികവിദ്യയുടെ ശേഷി പ്രകടമാക്കുന്നതാണ്. ബുദ്ധിയുടെ അതിയന്ത്രവല്‍ക്കരണം ഉയര്‍ന്നുവരുന്ന ഈ കാലത്ത് തൊഴിലിന്റെ സ്വഭാവത്തിലുണ്ടാകുന്ന മാറ്റങ്ങളോട് നാം പ്രതികരിക്കേണ്ടത് അനിവാര്യമാണ്. ”ഭാവിയുടെ നൈപുണ്യ” വേദി വികസിപ്പിക്കുന്നതിന് ഞാന്‍ നാസ്‌കോമിനെ പ്രശംസിക്കുന്നു.
നാസ്‌കോം എട്ട് പ്രധാനപ്പെട്ട സാങ്കേതികവിദ്യകള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് എനിക്കറിയാന്‍ കഴിഞ്ഞിട്ടുണ്ട്. കൃത്രിമ ബുദ്ധി, വെര്‍ച്ച്വല്‍ റിയാലിറ്റി, റോബോട്ടിക് പ്രോസസ് ഓട്ടോമേഷന്‍, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്, ബിഗ് ഡാറ്റ അനലിറ്റിക്‌സ്, 3 ഡി പ്രിന്റിംഗ്, ക്ലൗഡ് കമ്പ്യൂട്ടിംഗ്, സോഷ്യലും മൊബൈലും എന്നിവയെല്ലാം അതില്‍ ഉള്‍പ്പെടുന്നുണ്ട്. അതോടൊപ്പം ആഗോളതലത്തില്‍ തന്നെ ഏറ്റവും വലിയ ആവശ്യമുണ്ടാകുന്ന 55 തൊഴിലുകളും നാസ്‌കോം തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇന്ത്യയ്ക്ക് അതിന്റ ബുദ്ധി തീഷ്ണത നിലനിറുത്താന്‍”ഭാവിയുടെ നൈപുണ്യ” വേദി സഹായിക്കുമെന്ന് എനിക്ക് വിശ്വാസമുണ്ട്. എല്ലാ വ്യാപാരത്തിന്റെയും ഹൃദയമാണ് ഇപ്പോള്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യ.
ഒരു ബിസിനസ്സ് സ്ഥാപനത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങളിലും പ്രക്രിയകളിലും നവീന സാങ്കേതികവിദ്യകളെ ഉള്‍ക്കൊള്ളിക്കണം. ചുരുങ്ങിയ കാലം കൊണ്ട് ഈ പരിവര്‍ത്തനത്തിനായി ദശലക്ഷക്കണക്കിന് വരുന്ന നമ്മുടെ ചെറുകിട ഇടത്തരം ബിസിനസ്സുകളെ എങ്ങനെ ഒരുക്കിയെടുക്കാന്‍ കഴിയും ?
ഭാവി സമ്പദ്ഘടനയിലും വ്യാപാരത്തിലും നൂതനാശയങ്ങളുടെ പ്രാധാന്യം ഉള്‍ക്കൊണ്ടാണ് കേന്ദ്ര ഗവണ്‍മെന്റ് സ്റ്റാര്‍ട്ട്-അപ്പ് ഇന്ത്യ സംരംഭത്തിന് തുടക്കം കുറിച്ചത്.
വിവിധ മേഖലകളില്‍ നമ്മുടെ സ്റ്റാര്‍ട്ട് അപ്പുകള്‍ സാമ്പത്തികവും ലാഭകരവുമായ പരിഹാരങ്ങള്‍ കണ്ടെത്തുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.
അടല്‍ ഇന്നോവേഷന്‍ മിഷന്റെ കീഴില്‍ രാജ്യത്തുടനീളമുള്ള സ്‌കൂളുകളില്‍ നാം അടല്‍ തിങ്കറിംഗ് ലാബുകള്‍ സജ്ജീകരിക്കുകയാണ്. യുവ മനസുകളില്‍ ജിജ്ഞാസ, സൃഷ്ടിപരത, ഭാവന എന്നിവ പരിപോഷിപ്പിക്കുകയെന്നതാണ് ഈ പദ്ധതിയുടെ ഉദ്ദേശ്യം.
മഹതികളേ, മഹാന്മാരേ,
വിവരസാങ്കേതികവിദ്യയിലെ വിവിധ വിഷയങ്ങളെക്കുറിച്ച് നിങ്ങള്‍ ഇവിടെ ചര്‍ച്ചചെയ്യുമെന്ന് എനിക്കുറപ്പുണ്ട്. അതിനിടയില്‍ നിങ്ങളുടെ മനസിന്റെ ഉള്ളില്‍ നിങ്ങള്‍ സാധാരണ മനുഷ്യന്റെ താല്‍പര്യങ്ങളെക്കുടി പരിഗണിക്കണം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇന്ത്യയില്‍ എത്തിച്ചേര്‍ന്ന വിശിഷ്ട പ്രതിനിധികളെ ഞാന്‍ ഒരിക്കല്‍ കൂടി സ്വാഗതം ചെയ്യുന്നു. നിങ്ങളുടെ ചര്‍ച്ചകള്‍ ഉല്‍പ്പാദനക്ഷമമാകട്ടെ. അതിന്റെ പരിണിതഫലം ലോകത്താകമാനമുള്ള പാവപ്പെട്ടവര്‍ക്കും അവഗണിക്കപ്പെടുന്നവര്‍ക്കും ഗുണകരമാകട്ടെ.
നന്ദി!