പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ടെക്സാസിലെ ഹൂസ്റ്റണിലുള്ള ശ്രീ സിദ്ധി വിനായക ക്ഷേത്രവും, ഹൂസ്റ്റണ്‍ ഇവന്റ് സെന്ററിലെ ഗുജറാത്തി സമാജവും ഉദ്ഘാടനം ചെയ്തു. ഹൗഡി മോദി പരിപാടിക്ക് ശേഷം ടെക്സാസിലെ ഇന്ത്യന്‍ ഫോറം സംഘടിപ്പിച്ച ഇന്ത്യന്‍ സമൂഹത്തിന്റെ സ്വീകരണ പരിപാടിയിലാണ് അദ്ദേഹം ഇത് നിര്‍വ്വഹിച്ചത്.
ഹൂസ്റ്റണിലെ അനശ്വര ഗാന്ധി മ്യൂസിയത്തിന്റെ തറക്കല്ലിട്ടുകൊണ്ടുള്ള ഫലകത്തിന്റെ അനാച്ഛാദനവും പ്രധാനമന്ത്രി നിര്‍വ്വഹിച്ചു.
ഉദ്ഘാടന ശേഷം സദസ്സിനെ അഭിസംബോധന ചെയ്യവേ, ഹൗഡി മോദി പരിപാടി സംഘടിപ്പിച്ചതില്‍ പ്രധാനമന്ത്രി സംഘാടകരെ നന്ദി അറിയിച്ചു. അദ്ദേഹം പറഞ്ഞു, ‘ഇന്ത്യ – അമേരിക്ക ബന്ധങ്ങള്‍ സംബന്ധിച്ച മഹത്തായ ഒരു ഭാവിക്ക് നിങ്ങളെല്ലാം വഴിയൊരുക്കിയിരിക്കുകയാണ്. നിങ്ങള്‍ക്കെല്ലാം എന്റെ നന്ദി.”
അനശ്വര ഗാന്ധി മ്യൂസിയത്തെ കുറിച്ച് സംസാരിക്കവെ, ഹൂസ്റ്റണിലെ അമൂല്യമായൊരു സാംസ്കാരിക നാഴികക്കല്ലായിരിക്കും ഈ മ്യൂസിയമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ‘കുറച്ച് നാളായി ഞാന്‍ ഈ ഉദ്യമവുമായി ബന്ധപ്പെട്ടിരിക്കുകയാണ്. തീര്‍ച്ചയായും ഇത് യുവജനങ്ങള്‍ക്കിടയില്‍ മഹാത്മാഗാന്ധിയുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ സഹായിക്കും, ” പ്രധാനമന്ത്രി പറഞ്ഞു.
ഓരോ വര്‍ഷവും അഞ്ച് കുടുംബങ്ങളെയെങ്കിലും വിനോദ സഞ്ചാരികളായി ഇന്ത്യ സന്ദര്‍ശിക്കാന്‍ പ്രേരിപ്പിക്കണമെന്ന് പ്രധാനമന്ത്രി ഇന്ത്യന്‍ സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു. എവിടെ പോയാലും തങ്ങളുടെ മാതൃഭാഷയുമായി എപ്പോഴും ബന്ധപ്പെട്ടിരിക്കാന്‍ അദ്ദേഹം ഇന്ത്യന്‍ – അമേരിക്കന്‍ സമൂഹത്തെ ആഹ്വാനം ചെയ്തു.