ഹിന്ദുസ്ഥാന്‍ ഫെര്‍ട്ടിലൈസേര്‍സ് കോര്‍പറേഷന്‍ സാമ്പത്തികമായി പുനഃസംഘടിപ്പിക്കാനുള്ള നിര്‍ദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി. സ്ഥാപനത്തിന്റെ പേരിലുള്ള 1916.14 കോടി രൂപയുടെ ഗവണ്‍മെന്റ് വായ്പ അതിന്റെ പലിശ സഹിതം എഴുതിത്തള്ളാനും മന്ത്രിസഭായോഗം തീരുമാനിച്ചു. സ്ഥാപനത്തിന്റെ ബീഹാറിലെ ബറൗണി യൂണിറ്റിലെ 56 ഏക്കര്‍ ഭൂമി ബാധ്യതകള്‍ തീര്‍ക്കാനായി ബീഹാര്‍ സ്റ്റേറ്റ് പവര്‍ ജനറേഷന്‍ കമ്പനിക്ക് കൈമാറാനും തീരുമാനമായി. ഈതു വഴി ബറൗണി യൂണിറ്റിന്റെ പുനരുജ്ജീവനവും സാധ്യമാവും. 1999 ജനുവരി മുതല്‍ പ്രവര്‍ത്തനരഹിതമാണ് ഈ യൂണിറ്റ്. ബറൗണിയിലെ യൂണിറ്റ് പ്രവര്‍ത്തനക്ഷമമാവുന്നതോടെ രാജ്യത്ത് യൂറിയയുടെ ദൗര്‍ലഭ്യം കുറച്ചുകൊണ്ടുവരാനാകുമെന്നാണ് പ്രതീക്ഷ. നിലവില്‍ രാജ്യത്ത് 320 ലക്ഷം മെട്രിക് ടണ്‍ യൂറിയ ആവശ്യമായ സ്ഥാനത്ത് 245 ലക്ഷം മെട്രിക് ടണ്‍ യൂറിയ മാത്രമാണ് ഉല്‍പ്പാദിപ്പിക്കുന്നത്.