പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഹരിത ഹൈഡ്രജനെക്കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനത്തെ വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു.
ഹരിത ഹൈഡ്രജനെക്കുറിച്ചുള്ള രണ്ടാം അന്താരാഷ്ട്ര സമ്മേളനത്തിൽ എല്ലാ വിശിഷ്ടാതിഥികൾക്കും ഹൃദ്യമായ സ്വാഗതം ആശംസിച്ചാണു പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. ലോകം നിർണായകമായ പരിവർത്തനത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. കാലാവസ്ഥാവ്യതിയാനം ഭാവിയുടെ മാത്രം പ്രശ്നമല്ലെന്നും അതിന്റെ ആഘാതം ഇപ്പോൾ അനുഭവിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. “പ്രവർത്തിക്കാനുള്ള സമയം ഇതാണ്; ഇപ്പോഴാണ്” – ശ്രീ മോദി പറഞ്ഞു. ഊർജപരിവർത്തനവും സുസ്ഥിരതയും ആഗോള നയ വ്യവഹാരത്തിന്റെ കേന്ദ്രമായി മാറിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സംശുദ്ധവും ഹരിതാഭവുമായ ഭൂമി സൃഷ്ടിക്കുന്നതിനുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയ്ക്ക് അടിവരയിട്ട പ്രധാനമന്ത്രി, ഹരിതോർജം സംബന്ധിച്ച പാരിസ് ഉടമ്പടി നിറവേറ്റിയ ആദ്യ ജി20 രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യയെന്ന് അറിയിച്ചു. 2030 എന്ന ലക്ഷ്യത്തിന് 9 വർഷം മുമ്പാണ് ഈ പ്രതിബദ്ധതകൾ നിറവേറ്റപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പത്തുവർഷത്തെ പുരോഗതിയിലേക്കു വെളിച്ചം വീശി, ഇന്ത്യയുടെ സ്ഥാപിത ഫോസിലിതര ഇന്ധനശേഷി ഏകദേശം 300% വർധിച്ചതായും സൗരോർജ ശേഷി 3000 ശതമാനത്തിലധികം വർധിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. ഈ നേട്ടങ്ങളിൽ നാം നിർത്തുന്നില്ലെന്നും, നിലവിലുള്ള പ്രതിവിധികൾ ശക്തിപ്പെടുത്തുന്നതിലും പുതിയതും നൂതനവുമായ മേഖലകൾ നോക്കുന്നതിലും രാജ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും ശ്രീ മോദി അടിവരയിട്ടു. ഇവിടെയാണ് ഹരിത ഹൈഡ്രജൻ ചിത്രത്തിലേക്കു വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
“ഊർജം സംബന്ധിച്ച ലോകത്തിന്റെ കാഴ്ചപ്പാടിന് മികച്ച കൂട്ടിച്ചേർക്കലായി ഹരിത ഹൈഡ്രജൻ ഉയർന്നുവരുന്നു” -വൈദ്യുതവൽക്കരിക്കാൻ പ്രയാസമുള്ള വ്യവസായങ്ങളെ ഡീകാർബണൈസ് ചെയ്യാൻ ഇത് സഹായിക്കുമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ശുദ്ധീകരണശാലകൾ, വളം, ഉരുക്ക്, ഭാരമേറിയ വാഹനങ്ങളുടെ ഗതാഗതം തുടങ്ങി അതിൽനിന്ന് പ്രയോജനം ലഭിക്കുന്ന നിരവധി മേഖലകളുടെ ഉദാഹരണങ്ങൾ അദ്ദേഹം നൽകി. മിച്ചം വരുന്ന പുനരുപയോഗ ഊർജത്തിന്റെ സംഭരണ പരിഹാരമായി ഹരിത ഹൈഡ്രജൻ ഉപയോഗിക്കാമെന്നും പ്രധാനമന്ത്രി മോദി നിർദേശിച്ചു. 2023-ൽ ആരംഭിച്ച ദേശീയ ഹരിത ഹൈഡ്രജൻ ദൗത്യം ചൂണ്ടിക്കാട്ടി, ഹരിത ഹൈഡ്രജന്റെ ഉൽപ്പാദനത്തിനും ഉപയോഗത്തിനും കയറ്റുമതിക്കുമുള്ള ആഗോള കേന്ദ്രമാക്കി ഇന്ത്യയെ മാറ്റാനുള്ള ലക്ഷ്യങ്ങൾ പ്രധാനമന്ത്രി വിശദീകരിച്ചു. “നവീകരണം, അടിസ്ഥാനസൗകര്യങ്ങൾ, വ്യവസായം, നിക്ഷേപം എന്നിവയ്ക്ക് ദേശീയ ഹരിത ഹൈഡ്രജൻ ദൗത്യം പ്രചോദനം നൽകുന്നു” – പ്രധാനമന്ത്രി മോദി പറഞ്ഞു. അത്യാധുനിക ഗവേഷണത്തിലും വികസനത്തിലുമുള്ള നിക്ഷേപങ്ങൾ, വ്യാവസായിക-അക്കാദമിക പങ്കാളിത്തം, മേഖലയിലെ സ്റ്റാർട്ടപ്പുകൾക്കും സംരംഭകർക്കുമുള്ള പ്രോത്സാഹനം എന്നിവ അദ്ദേഹം എടുത്തുപറഞ്ഞു. ഹരിത തൊഴിൽ പരിസ്ഥിതി വ്യവസ്ഥയുടെ വികസനത്തിനുള്ള മഹത്തായ സാധ്യതകളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. ഈ മേഖലയിൽ രാജ്യത്തെ യുവജനങ്ങൾക്കായി നൈപുണ്യ വികസനത്തിനുള്ള ഗവൺമെന്റിന്റെ ശ്രമങ്ങളും അദ്ദേഹം എടുത്തുപറഞ്ഞു.
കാലാവസ്ഥാ വ്യതിയാനത്തിന്റെയും ഊർജ പരിവർത്തനത്തിന്റെയും ആഗോള ആശങ്കകൾ ചൂണ്ടിക്കാട്ടി, അത്തരം ആശങ്കകൾക്കുള്ള ഉത്തരങ്ങൾ ആഗോളതലത്തിലാകണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഡീകാർബണൈസേഷനിൽ ഹരിത ഹൈഡ്രജന്റെ സ്വാധീനം പ്രോത്സാഹിപ്പിക്കുന്നതിന് അന്താരാഷ്ട്ര പങ്കാളിത്തത്തിന്റെ നിർണായക ആവശ്യകതയ്ക്ക് അദ്ദേഹം ഊന്നൽ നൽകി. ഉൽപ്പാദനം വർധിപ്പിക്കൽ, ചെലവ് കുറയ്ക്കൽ, അടിസ്ഥാനസൗകര്യങ്ങൾ നിർമിക്കൽ എന്നിവ സഹകരണത്തിലൂടെ വേഗത്തിൽ സാധ്യമാകുമെന്നു പ്രസ്താവിച്ചു. സാങ്കേതികവിദ്യയെ കൂടുതൽ മുന്നോട്ടു കൊണ്ടുപോകുന്നതിന് ഗവേഷണത്തിലും നവീകരണത്തിലും സംയുക്തമായി നിക്ഷേപിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി. 2023 സെപ്തംബറിൽ ഇന്ത്യയിൽ നടന്ന ജി20 ഉച്ചകോടി അനുസ്മരിച്ച പ്രധാനമന്ത്രി, ഹരിത ഹൈഡ്രജനിൽ നൽകിയ പ്രത്യേക ശ്രദ്ധ എടുത്തുകാട്ടുകയും ജി-20 നേതാക്കളുടെ ന്യൂഡൽഹി പ്രഖ്യാപനം ഹൈഡ്രജനിൽ അഞ്ച് ഉന്നതതല സന്നദ്ധ തത്വങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്നും, അത് ഏകീകൃത മാർഗരേഖ സൃഷ്ടിക്കാൻ സഹായിക്കുന്നുവെന്നും പറഞ്ഞു. “നാം ഇപ്പോൾ എടുക്കുന്ന തീരുമാനങ്ങൾ നമ്മുടെ ഭാവി തലമുറയുടെ ജീവിതം നിർണയിക്കുമെന്ന് നാമെല്ലാം ഓർക്കണം” – അദ്ദേഹം കൂട്ടിച്ചേർത്തു.
ഹരിത ഹൈഡ്രജൻ മേഖലയുടെ പുരോഗതിയിൽ ആഗോള സഹകരണം വർധിപ്പിക്കണമെന്ന് പ്രധാനമന്ത്രി മോദി ആഹ്വാനം ചെയ്യുകയും മേഖലയിലെ വിദഗ്ധരും ശാസ്ത്രസമൂഹവും അതിനു നേതൃത്വം നൽകണമെന്ന് അഭ്യർഥിക്കുകയും ചെയ്തു. “ഇത്തരമൊരു നിർണായക മേഖലയിൽ, വിദഗ്ധർ വഴികാട്ടുകയും കൂട്ടായി പ്രവർത്തിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്” – ഹരിത ഹൈഡ്രജൻ വ്യവസായം നേരിടുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന് കൂട്ടായ വൈദഗ്ധ്യത്തിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ മേഖലയെ കൂടുതൽ പിന്തുണയ്ക്കുന്ന പൊതു നയ വ്യതിയാനങ്ങൾ നിർദേശിക്കാൻ ശാസ്ത്രജ്ഞരെയും നൂതനാശയ ഉപജ്ഞാതാക്കളെയും പ്രധാനമന്ത്രി പ്രോത്സാഹിപ്പിച്ചു. “ഹരിത ഹൈഡ്രജൻ ഉൽപ്പാദനത്തിൽ ഇലക്ട്രോലൈസറുകളുടെയും മറ്റ് ഘടകങ്ങളുടെയും കാര്യക്ഷമത മെച്ചപ്പെടുത്താൻ നമുക്ക് കഴിയുമോ? സമുദ്രജലവും നഗരമലിനജലവും ഉപയോഗിക്കുന്നതു നമുക്ക് പരിശോധിക്കാനാകുമോ?” – ശ്രീ മോദി ആഗോള ശാസ്ത്രസമൂഹത്തോട് നിർണായക ചോദ്യങ്ങൾ ഉന്നയിച്ചു. ഈ വെല്ലുവിളികൾ അഭിമുഖീകരിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം എടുത്തുപറഞ്ഞു; പ്രത്യേകിച്ച് പൊതുഗതാഗതത്തിനും കപ്പൽ ഗതാഗതത്തിനും ഉൾനാടൻ ജലപാതകൾക്കും ഹരിത ഹൈഡ്രജൻ ഉപയോഗിക്കുന്നതിൽ. “അത്തരം വിഷയങ്ങൾ ഒരുമിച്ച് പരിശോധിക്കുന്നത് ലോകമെമ്പാടുമുള്ള ഹരിത ഊർജ പരിവർത്തനത്തെ വളരെയധികം സഹായിക്കും” – ഹരിത ഹൈഡ്രജനെക്കുറിച്ചുള്ള രണ്ടാം അന്താരാഷ്ട്ര സമ്മേളനം പോലുള്ള വേദികൾ ഈ വിഷയങ്ങളിൽ അർഥവത്തായ വിനിമയങ്ങൾക്കു കാരണമാകുമെന്നു പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
വെല്ലുവിളികളെ അതിജീവിച്ച മനുഷ്യരാശിയുടെ ചരിത്രത്തെക്കുറിച്ച് പ്രതിപാദിക്കവേ, “ഓരോ തവണയും നാം പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചത് കൂട്ടായതും നൂതനവുമായ പരിഹാരങ്ങളിലൂടെയാണ്” എന്ന് പ്രധാനമന്ത്രി പറഞ്ഞു. കൂട്ടായ പ്രവർത്തനത്തിന്റെയും നവീകരണത്തിന്റെയും സമാന മനോഭാവം സുസ്ഥിര ഭാവിയിലേക്ക് ലോകത്തെ നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഹരിത ഹൈഡ്രജന്റെ വികസനവും വിന്യാസവും ത്വരിതപ്പെടുത്താനുള്ള ആഗോള ശ്രമങ്ങൾക്ക് ആഹ്വാനം ചെയ്ത്, “നാമൊന്നിച്ചു നിന്നാൽ നമുക്ക് എന്തും നേടാനാകും” എന്നു ശ്രീ മോദി പറഞ്ഞു. പ്രസംഗം ഉപസംഹരിക്കവേ, ഹരിത ഹൈഡ്രജനെക്കുറിച്ചുള്ള രണ്ടാം അന്താരാഷ്ട്ര സമ്മേളനത്തിൽ പങ്കെടുത്ത ഏവർക്കും പ്രധാനമന്ത്രി ആശംസകൾ നേർന്നു. “ഹരിതഹൈഡ്രജന്റെ വികസനവും വിന്യാസവും ത്വരിതപ്പെടുത്തുന്നതിനു നമുക്ക് ഒരുമിച്ചു പ്രവർത്തിക്കാം” – ഹരിതാഭവും സുസ്ഥിരവുമായ ലോകം കെട്ടിപ്പടുക്കുന്നതിന് സഹകരണത്തിന്റെ ആവശ്യകതയ്ക്ക് അദ്ദേഹം ഊന്നൽ നൽകി.
***