ന്യൂഡല്‍ഹി; 2024 സെപ്റ്റംബര്‍ 11
വിശിഷ്ട വ്യക്തികളെ,
ശാസ്ത്രജ്ഞരേ,നൂതനാശയരെ, വ്യവസായ പ്രമുഖരേ, എന്റെ പ്രിയ സുഹൃത്തുക്കളേ, നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ഊഷ്മളമായ ആശംസകള്‍. ഹരിത ഹൈഡ്രജനെക്കുറിച്ചുള്ള രണ്ടാമത്തെ അന്താരാഷ്ട്ര സമ്മേളനത്തിലേക്ക് നിങ്ങളെ സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമുണ്ട്. സുഹൃത്തുക്കളേ, നിര്‍ണായകമായ ഒരു പരിവര്‍ത്തനത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്. കാലാവസ്ഥാ വ്യതിയാനം ഭാവിയുടെ മാത്രം പ്രശ്നമല്ലെന്ന തിരിച്ചറിവ് വളര്‍ന്നുവരികയാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം ഇവിടെ ഇപ്പോഴുമുണ്ട്. പ്രവര്‍ത്തനത്തിനുള്ള സമയവും ഇവിടെ ഇപ്പോഴുമുണ്ട്. ആഗോള നയ വ്യവഹാരത്തിന്റെ കേന്ദ്രമായി ഊര്‍ജ്ജ സംക്രമണവും സുസ്ഥിരതയും മാറിയുമിരിക്കുന്നു.
സുഹൃത്തുക്കളേ, വൃത്തിയുള്ളതും ഹരിതവുമായ ഒരു ഗ്രഹം സൃഷ്ടിക്കുന്നതിന് ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. ഹരിത ഊര്‍ജ്ജം സംബന്ധിച്ച പാരീസ് ഉടമ്പടി നിറവേറ്റുന്ന ജി20 രാജ്യങ്ങളില്‍ ആദ്യത്തേത് ഞങ്ങളാണ്. ലക്ഷ്യമിട്ട 2030-നേക്കാള്‍ 9 വര്‍ഷം മുമ്പാണ് ഈ പ്രതിബദ്ധതകള്‍ നിറവേറ്റപ്പെട്ടത്. ഇന്ത്യയുടെ സ്ഥാപിത ഫോസില്‍ ഇതര ഇന്ധനശേഷി കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ഏകദേശം 300% വര്‍ദ്ധിച്ചു. ഇതേ കാലയളവില്‍ നമ്മുടെ സൗരോര്‍ജ്ജ ശേഷി 3,000% വും വര്‍ദ്ധിച്ചു. എന്നാല്‍ ഞങ്ങള്‍ ഈ നേട്ടങ്ങളോടെ വിശ്രമിക്കുന്നില്ല. നിലവിലുള്ള പരിഹാരങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. പുതിയതും നവീനവുമായ മേഖലകളിലേക്കും ഞങ്ങള്‍ ഉറ്റു നോക്കുകയാണ്. ഇവിടെയാണ് ഹരിത ഹൈഡ്രജന്‍ ചിത്രത്തിലേക്ക് വരുന്നത്.
സുഹൃത്തുക്കളേ, ലോകത്തിന്റെ ഊര്‍ജ്ജ ഭൂപ്രകൃതിയില്‍ ഹരിത ഹൈഡ്രജന്‍ ഒരു മികച്ച കൂട്ടിച്ചേര്‍ക്കലായി ഉയര്‍ന്നുവരികയാണ്. വൈദ്യുതീകരിക്കാന്‍ പ്രയാസമുള്ള വ്യവസായങ്ങളെ ഡീകാര്‍ബണൈസ് ചെയ്യാന്‍ ഇത് സഹായിക്കും. എണ്ണ ശുദ്ധീകരണശാലകള്‍, വളങ്ങള്‍, ഉരുക്ക്, ഭാര വാഹന ഗതാഗതം – അത്തരം നിരവധി മേഖലകള്‍ക്ക് പ്രയോജനം ലഭിക്കും. മിച്ചം വരുന്ന പുനരുപയോഗ ഊര്‍ജത്തിന്റെ സംഭരണ പരിഹാരമായും ഹരിത ഹൈഡ്രജന്‍ പ്രവര്‍ത്തിക്കും. 2023ല്‍ തന്നെ ഇന്ത്യ ദേശീയ ഹരിത ഹൈഡ്രജന്‍ മിഷന് തുടക്കം കുറിച്ചിട്ടുണ്ട്.
ഹരിത ഹൈഡ്രജന്റെ ഉല്‍പ്പാദനം, ഉപയോഗം, കയറ്റുമതി എന്നിവയ്ക്കുള്ള ആഗോള കേന്ദ്രമായി ഇന്ത്യയെ മാറ്റാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. നൂതനാശയം, അടിസ്ഥാന സൗകര്യങ്ങള്‍, വ്യവസായം, നിക്ഷേപം എന്നിവയ്ക്ക് ദേശീയ ഹരിത ഹൈഡ്രജന്‍ മിഷന് പ്രചോദനം നല്കുന്നു. അത്യാധുനിക ഗവേഷണത്തിലും വികസനത്തിലും ഞങ്ങള്‍ നിക്ഷേപം നടത്തുകയാണ്. വ്യവസായവും അക്കാദമിക് രംഗവും തമ്മിലുള്ള പങ്കാളിത്തത്തിനും രൂപം നല്‍കിയിട്ടുണ്ട്. ഈ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകളേയും സംരംഭകരേയും പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. ഒരു ഹരിത തൊഴില്‍ ആവാസവ്യവസ്ഥ (ഗ്രീന്‍ ജോബ്സ് ഇക്കോ സിസ്റ്റം) വികസിപ്പിക്കാനുള്ള വലിയ സാദ്ധ്യതയുമുണ്ട്. ഇത് പ്രാപ്തമാക്കുന്നതിന്, ഈ മേഖലയില്‍ ഞങ്ങളുടെ യുവജനങ്ങള്‍ക്ക് നൈപുണ്യ വികസനത്തിനായും ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നു.
സുഹൃത്തുക്കളേ, കാലാവസ്ഥാ വ്യതിയാനവും ഊര്‍ജ്ജ പരിവര്‍ത്തനവും ആഗോള ആശങ്കകളാണ്. നമ്മുടെ ഉത്തരങ്ങളും ആഗോള സ്വഭാവമുള്ളതായിരിക്കണം. ഡീകാര്‍ബണൈസേഷനില്‍ ഹരിത ഹൈഡ്രജന്റെ സ്വാധീനം പ്രോത്സാഹിപ്പിക്കുന്നതിന് അന്താരാഷ്ട്ര പങ്കാളിത്തം നിര്‍ണ്ണായകമാണ്. ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കലും, ചെലവ് കുറയ്ക്കലും, അടിസ്ഥാന സൗകര്യങ്ങളുടെ നിര്‍മ്മാണവുമൊക്കെ സഹകരണത്തിലൂടെ വേഗത്തില്‍ സംഭവിപ്പിക്കാം. സാങ്കേതികവിദ്യയെ കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകുന്നതിന് ഗവേഷണത്തിലും നൂതനാശയത്തിലും നാം സംയുക്തമായി നിക്ഷേപം നടത്തേണ്ടതുണ്ട്. ജി20 ഉച്ചകോടി 2023 സെപ്റ്റംബറില്‍ ഇന്ത്യയില്‍ നടക്കുകയുണ്ടായി. ഹരിത ഹൈഡ്രജനില്‍ ഈ ഉച്ചകോടി പ്രത്യേക ശ്രദ്ധചെലുത്തി. ജി-20 നേതാക്കളുടെ ന്യൂഡല്‍ഹി പ്രഖ്യാപനത്തില്‍ ഹൈഡ്രജനെ സംബന്ധിച്ച അഞ്ച് ഉന്നത തല തത്വങ്ങള്‍ സ്വമേധയാ അംഗീകരിച്ചിരുന്നു. ഒരു ഏകീകൃത മാര്‍ഗ്ഗരേഖ സൃഷ്ടിക്കാന്‍ ഈ തത്വങ്ങള്‍ നമ്മെ സഹായിക്കുന്നു. നമ്മള് ഇപ്പോള്‍ എടുക്കുന്ന തീരുമാനങ്ങള്‍ ഭാവി തലമുറയുടെ ജീവിതം തീരുമാനിക്കുമെന്നത് നാമെല്ലാവരും ഓര്‍ക്കണം.
സുഹൃത്തുക്കളേ, ഓരോ രംഗത്തെയും വിദഗ്ദര്‍ നയിക്കുകയും ഒരുമിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടത് ഇത്തരമൊരു നിര്‍ണ്ണായക മേഖലയില്‍, പ്രധാനമാണ്. പ്രത്യേകിച്ചും, വിവിധ വശങ്ങള് പര്യവേക്ഷണം ചെയ്യാന്‍ ആഗോള ശാസ്ത്ര സമൂഹത്തോട് ഒരുമിക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഹരിത ഹൈഡ്രജന്‍ മേഖലയെ സഹായിക്കുന്നതിന് ശാസ്ത്രജ്ഞര്‍ക്കും നൂതനാശയക്കാര്‍ക്കും പൊതു നയത്തില്‍ മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കാനാകും. നിരവധി ചോദ്യങ്ങളെ ശാസ്ത്ര സമൂഹത്തിന് പരിശോധിക്കാനും കഴിയും. ഹരിത ഹൈഡ്രജന്‍ ഉല്പാദനത്തില് ഇലക്രേ്ടാലൈസറുകളുടെയും മറ്റ് ഘടകങ്ങളുടെയും കാര്യക്ഷമത മെച്ചപ്പെടുത്താന്‍ നമുക്ക് കഴിയുമോ? സമുദ്രജലവും നഗര മലിനജലവും ഉല്പാദനത്തിന് ഉപയോഗിക്കുന്നതിന് നമുക്ക് പര്യവേക്ഷണം ചെയ്യാമോ? പൊതുഗതാഗതത്തിലും ഷിപ്പിംഗിലും ഉള്‍നാടന്‍ ജലപാതകളിലും ഹരിത ഹൈഡ്രജന്റെ ഉപയോഗം നമുക്ക് എങ്ങനെ സാധ്യമാക്കാം? ഇത്തരം വിഷയങ്ങളില്‍ ഒരുമിച്ച് പര്യവേക്ഷണം ചെയ്യുന്നത് ലോകമെമ്പാടുമുള്ള ഹരിത ഊര്‍ജ്ജ സംക്രമണത്തെ വളരെയധികം സഹായിക്കും. ഇത്തരം വിഷയങ്ങളിലെ നിരവധി ആശയങ്ങളുടെ കൈമാറ്റത്തിന് ഈ സമ്മേളനം സഹായിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.
സുഹൃത്തുക്കളേ, മാനവികത മുമ്പ് നിരവധി വെല്ലുവിളികള്‍ നേരിട്ടിട്ടുണ്ട്. കൂട്ടായതും നൂതനവുമായ പരിഹാരങ്ങളിലൂടെ ഓരോ തവണയും, നമ്മള് പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചിട്ടുമുണ്ട്. അതേതരത്തിലുള്ള കൂട്ടായതും നൂതനവുമായ പ്രവര്‍ത്തനത്തിന്റെ മനോഭാവം സുസ്ഥിരമായ ഭാവിയിലേക്ക് നമ്മെ നയിക്കും. ഒരുമിച്ച് നിന്നാല്‍ നമുക്ക് എന്തും നേടാനാകും. ഹരിത ഹൈഡ്രജന്റെ വികസനവും വിന്യാസവും ത്വരിതപ്പെടുത്തുന്നതിന് നമുക്ക് പ്രവര്‍ത്തിക്കാം.
ഹരിത ഹൈഡ്രജനെക്കുറിച്ചുള്ള 2-ാമത് അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുക്കുന്ന എല്ലാവര്ക്കും ഒരിക്കല്‍ കൂടി ഞാന്‍ എന്റെ ആശംസകള്‍ നേരുന്നു.
നിങ്ങള്‍ക്ക് നന്ദി!