ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ ഉരുക്ക് മേഖലയുടെ നിര്‍ണായക പങ്ക് കണക്കിലെടുത്തുകൊണ്ട് സ്‌പെഷ്യാലിറ്റി സ്റ്റീലിനുള്ള ഉല്‍പ്പാദ ബന്ധിത പ്രോത്സാഹന ആനുകൂല്യ (പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് -പി.എല്‍.ഐ) പദ്ധതിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. പദ്ധതി രാജ്യത്ത് ഉയര്‍ന്ന നിലവാരത്തിലുള്ള സ്‌പെഷ്യാലിറ്റി സ്റ്റീലിന്റെ ഉപ്പാദനം വര്‍ദ്ധിപ്പിക്കും. മാത്രമല്ല, ഇത് കയറ്റുമതി വര്‍ദ്ധിപ്പിക്കുകയും ഹൈ എന്‍ഡ് സ്റ്റീലിന്റെ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ചെയ്യും. ഏകദേശം 40,000 കോടി നിക്ഷേപവും 25 മെട്രിക് ടണ്‍ ശേഷി വര്‍ദ്ധനയും ഈ പദ്ധതിയില്‍ നിന്ന് പ്രതീക്ഷിക്കുന്നു. 2023-24 മുതല്‍ 2027- 28 വരെയുള്ള അഞ്ചുവര്‍ഷമായിരിക്കും പദ്ധതിയുടെ കാലാവധി.
ബജറ്റ് വിഹിതമായ 6322 കോടി രൂപകൊണ്ട് പി.എല്‍.ഐ പദ്ധതി കോട്ട്ഡ് / പ്ലേറ്റഡ് സ്റ്റീല്‍ ഉല്‍പ്പന്നങ്ങള്‍; കുടുതല്‍ ശക്തിയുള്ള(ഹൈസ്‌ട്രെങ്ത്ത്) /വിയര്‍ റെസിസ്റ്റന്റ് സ്റ്റീല്‍; സ്‌പെഷ്യാലിറ്റി റെയിലുകള്‍; അലോയ് സ്റ്റീല്‍ ഉല്‍പ്പന്നങ്ങള്‍, സ്റ്റീല്‍ വയറുകള്‍, ഇലക്ര്ടിക്കല്‍ സ്റ്റീല്‍ എന്നിവയെ ഉള്‍ക്കൊള്ളും. ഈ ഉരുക്ക് ഉല്‍പന്നങ്ങള്‍ വൈറ്റ് ഗുഡ്ഡുകള്‍, ഓട്ടോമൊബൈല്‍ ബോഡി ഭാഗങ്ങളും ഘടകങ്ങളും എണ്ണയും വാതകങ്ങളും കൊണ്ടുപോകുന്നതിനുള്ള പൈപ്പുകള്‍, ബോയിലറുകള്‍, പ്രതിരോധ ആവശ്യങ്ങള്‍ക്കുള്ള ബാലിസ്റ്റിക്കും യുദ്ധോപകരണ ഷീറ്റുകളും, അതിവേഗ റെയിവേ ലൈനുകള്‍, ടര്‍ബന്‍ ഘടകങ്ങള്‍, വൈദ്യുതി ട്രാന്‍സ്‌ഫോര്‍മേഴ്‌സിനും വൈദ്യുതി വാഹനങ്ങള്‍ക്കുമുള്ള ഇലക്ട്രിക്കല്‍ സീറ്റുകള്‍ ഉള്‍പ്പെടെ തന്ത്രപരവും തന്ത്രപരമല്ലാത്തതുമായ വിവിധ ആപ്ലിക്കേഷനുകള്‍ക്ക് ഇവ ഉപയോഗിക്കുന്നുണ്ട്.
ഉരുക്ക് മേഖലയിലെ മൂല്യ ശൃംഖലയുടെ ഏറ്റവും താഴത്തെ ഭാഗത്താണ് ഇന്ത്യ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. മൂല്യവര്‍ദ്ധിതമാക്കിയ സ്റ്റീല്‍ ഗ്രേഡുകള്‍ ഇന്ത്യയില്‍ പ്രധാനമായും ഇറക്കുമതി ചെയ്യുകയാണ് ചെയ്യുന്നത്. ഉരുക്ക് മേഖല അഭിമുഖീകരിക്കുന്ന ഈ കുറവുകള്‍ മൂലം ഉയര്‍ന്ന ലോജിസ്റ്റിക്‌സിലും അടിസ്ഥാന ചെലവിലും, ഉയര്‍ന്ന ഊര്‍ജ്ജത്തിലും മൂലധന ചെലവിലും, നികുതിയിലും തീരുവയിലും കാരണം ടണ്ണിന് 80-100 യു.എസ് ഡോളര്‍ വരെ നേരിടുന്നുണ്ട്.
പ്രോത്സാഹന ആനുകൂല്യങ്ങള്‍ നല്‍കി രാജ്യത്തിനകത്ത് സ്‌പെഷ്യാലിറ്റി സ്റ്റീല്‍ ഉല്‍പാദനത്തിലെ കുറവ് പരിഹരിക്കുക എന്നതാണ് സ്‌പെഷ്യാലിറ്റി ഗ്രേഡ് സ്റ്റീലിനായുള്ള ഈ പി.എല്‍.ഐ പദ്ധതിയുടെ ലക്ഷ്യം. വര്‍ദ്ധിത ഉല്‍പ്പാദനത്തിന് 4% മുതല്‍ 12% വരെ പ്രോത്സാഹന ആനകൂല്യങ്ങള്‍ നല്‍കി യോഗ്യരായ നിര്‍മ്മാതാക്കളെ പ്രോത്സാഹിപ്പിക്കാനാണ് പദ്ധതി നിര്‍ദ്ദേശിക്കുന്നത്. ഇന്ത്യന്‍ ഉരുക്ക് വ്യവസായത്തെ സാങ്കേതികവിദ്യയുടെ കാര്യത്തില്‍ പക്വത പ്രാപിക്കുന്നതിനും മൂല്യ ശൃംഖല ഉയര്‍ത്തുന്നതിനും പി.എല്‍.ഐ പ്രോത്സാഹന ആനുകൂല്യം സഹായിക്കും.
‘സ്‌പെഷ്യാലിറ്റി സ്റ്റീല്‍’ ഗ്രേഡുകളായി തിരിച്ചറിയപ്പെട്ടിട്ടുള്ളവയുടെ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഏതൊരു കമ്പനിക്കും ഈ പദ്ധതിയില്‍ പങ്കെടുക്കാന്‍ അര്‍ഹതയുണ്ടായിരിക്കും. എന്നിരുന്നാലും, സ്‌പെഷ്യാലിറ്റി സ്റ്റീല്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ഉരുക്ക് രാജ്യത്ത് തന്നെ ഉരുക്കുകയും പകര്‍ന്നുകൊടുക്കുന്നുവെന്നും (മെല്‍റ്റഡ് ആന്റ് പോര്‍ഡ്) എന്ന് ഉറപ്പുവരുത്തുകയും, അതുവഴി പ്രധാനമന്ത്രിയുടെ ആത്മനിര്‍ഭര്‍ ഭാരത് കണക്കിലെടുത്ത് അവസാനം വരെയുള്ള ഉല്‍പ്പാദനം ഉറപ്പാക്കുകയും ചെയ്യണം.
സ്‌പെഷ്യാലിറ്റി സ്റ്റീലിനായുള്ള പി.എല്‍.ഐ പദ്ധതി ആഭ്യന്തര ഉരുക്ക് മൂല്യ ശൃംഖലയെ ശക്തിപ്പെടുത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഒപ്പം മൂല്യവര്‍ദ്ധിത ഉരുക്ക് ഉല്‍പ്പാദിപ്പിച്ച് ആഗോള ഉരുക്ക് മൂല്യ ശൃംഖലയിലേക്ക് സംഭാവന ചെയ്യുന്നതിന് സാങ്കേതിക ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് നിക്ഷേപം നടത്താന്‍ ഉരുക്ക് മേഖലയെ പ്രേരിപ്പിക്കുകയും ചെയ്യും. അധിക ഉല്‍പ്പാദനവും നിക്ഷേപവും കണക്കിലെടുക്കുമ്പോള്‍ ഈ പദ്ധതിക്ക് ഏകദേശം 5.25 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും, അതില്‍ 68,000 എണ്ണം പ്രത്യക്ഷമായതും ബാക്കി പരോക്ഷമായ തൊഴിലും ആയിരിക്കും.
2020-21 കാലഘട്ടത്തില്‍ ഇന്ത്യയില്‍ 102 ദശലക്ഷം ടണ്‍ ഉരുക്ക് ഉല്‍പ്പാദിപ്പിച്ചതില്‍ 18 ദശലക്ഷം ടണ്‍ മൂല്യവര്‍ദ്ധിത ഉരുക്ക് / സ്‌പെഷ്യാലിറ്റി സ്റ്റീല്‍ മാത്രമാണ് രാജ്യത്ത് ഉല്‍പ്പാദിപ്പിച്ചത്. അതിന് പുറമെ ഇതേ വര്‍ഷം 6.7 ദശലക്ഷം ടണ്‍ ഇറക്കുമതി ചെയ്യുകയും ചെയ്തു. 4 ദശലക്ഷം ടണ്‍ സ്‌പെഷ്യാലിറ്റി സ്റ്റിലിന്റെ ഇറക്കുമതിയുടെ ഫലമായി വിദേശനാണ്യത്തില്‍ ഏകദേശം 30,000 കോടി പുറത്തുപോയി. സ്‌പെഷ്യാലിറ്റി സ്റ്റീല്‍ ഉല്‍പാദിപ്പിക്കുന്നതില്‍ സ്വാശ്രയത്വം നേടുന്നതിലൂടെ ഇന്ത്യ ഉരുക്ക് മൂല്യശൃംഖലയിലേക്ക് നീങ്ങുകയും കൊറിയ, ജപ്പാന്‍ പോലെ ഉരുക്ക് നിര്‍മ്മിക്കുന്നതില്‍ ഏറെ മുന്നിലുള്ള രാജ്യങ്ങള്‍ക്ക് തുല്യമാവുകയും ചെയ്യും.
2026-27 അവസാനത്തോടെ സ്‌പെഷ്യാലിറ്റി സ്റ്റീല്‍ ഉത്പാദനം 42 ദശലക്ഷം ടണ്ണായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. അല്ലെങ്കില്‍ ഇറക്കുമതി ചെയ്യേണ്ടിയിരുന്ന ഏകദേശം 2.5 ലക്ഷം കോടി രൂപയുടെ സ്‌പെഷ്യാലിറ്റി സ്റ്റീല്‍ രാജ്യത്ത് ഉത്പാദിപ്പിക്കുകയും ഉപഭോഗം ചെയ്യുകയും ചെയ്യുമെന്ന് ഇത് ഉറപ്പാക്കും.
അതുപോലെ, സ്‌പെഷ്യാലിറ്റി സ്റ്റീലിന്റെ കയറ്റുമതി നിലവിലെ 1.7 ദശലക്ഷം ടണ്ണില്‍ നിന്നും ഏകദേശം 5.5 ദശലക്ഷം ടണ്ണായി മാറുകയും. അതിലൂടെ സ്‌പെഷ്യാലിറ്റി സീറ്റിലില്‍ നിന്ന് 33,000 കോടി രൂപയുടെ വിദേശനാണ്യം ലഭിക്കുകയും ചെയ്യും.
ഈ പദ്ധതിയുടെ പ്രയോജനം അതായത് സംയോജിത സ്റ്റീല്‍ പ്ലാന്റുകള്‍ക്കും ചെറിയ വ്യവസായികള്‍ക്കും (സെക്കന്‍ഡറി സ്റ്റീല്‍ പ്ലെയറുകള്‍) ഉള്‍പ്പെടെ രണ്ടുകൂട്ടര്‍ക്കും ലഭിക്കും.
സ്‌പെഷ്യാലിറ്റി സ്റ്റീല്‍ എന്നത് മൂല്യവര്‍ദ്ധിത ഉരുക്കാണ്. സാധാരണ ഫിനിഷ്ഡ് സ്റ്റീല്‍ (അന്തിമമാക്കിയ ഉരുക്കിനെ) കോട്ടിംഗ്, പ്ലേറ്റിംഗ്, ചൂട് സംസ്‌കരണം മുതലായവ ഉപയോഗിച്ച് ഉയര്‍ന്ന മൂല്യവര്‍ദ്ധിത ഉരുക്കാക്കി മാറ്റുന്നു, ഇത് ഓട്ടോമൊബൈല്‍ മേഖലയ്ക്കും പ്രത്യേക മൂലധന സാമഗ്രികള്‍ക്കും പുറമെ പ്രതിരോധ, ബഹിരാകാശ, ഊര്‍ജ്ജം പോലുള്ള വിവിധ തന്ത്രപരമായ പ്രയോഗങ്ങള്‍ക്കും ഉപയോഗിക്കാന്‍ കഴിയും.
പി.എല്‍.ഐ പദ്ധതിയില്‍ തെരഞ്ഞെടുത്ത അഞ്ച് പ്രത്യേക സ്‌പെഷ്യാലിറ്റി സ്റ്റീല്‍ ഇവയാണ്:
1. കോട്ടഡ്/ പ്ലേറ്റഡ് ഉരുക്ക് ഉല്‍പ്പന്നങ്ങള്‍
2. ഉയര്‍ന്ന കരുത്തുള്ള / വെയര്‍ റെസിസ്റ്റന്റ് ഉരുക്ക്
3. സ്‌പെഷ്യാലിറ്റി റെയിലുകള്‍
4. അലോയ് സ്റ്റീല്‍ ഉല്‍പ്പന്നങ്ങളും സ്റ്റീല്‍ വയറുകളും
5. ഇലക്‌ട്രിക്കൽ സ്റ്റീല്‍
ഈ ഉല്‍പന്ന വിഭാഗങ്ങളില്‍, പദ്ധതി പൂര്‍ത്തിയാക്കിയ ശേഷം ഇപ്പോള്‍ പരിമിതമായ അളവുകളില്‍ നിര്‍മ്മിക്കുന്നതോ അല്ലെങ്കില്‍ ഉല്‍പ്പാദിപ്പിക്കാതിരിക്കുന്നതോ ആയ എ.പി.ഐ ഗ്രേഡ് പൈപ്പുകള്‍, ഹെഡ് ഹാര്‍ഡന്‍ഡ് റെയിലുകള്‍, ഇലക്ര്ടിക്കല്‍സ്റ്റീല്‍ (ട്രാന്‍സ്‌ഫോര്‍മറുകളിലും ഇലക്ര്ടിക്കല്‍ ഉപകരണങ്ങളിലും ആവശ്യമായവ) എന്നിവ ഇന്ത്യ ഉല്‍പ്പാദിപ്പിക്കാന്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പി.എല്‍.ഐ പ്രോത്സാഹന ആനുകൂല്യങ്ങള്‍ക്ക് 3 സ്ലാബുകളാണുള്ളത്. ഏറ്റവും താഴ്ന്നത് 4%ഉം, ഇലക്ര്ടിക്കല്‍ സ്റ്റീലിനായി (സി.ആര്‍.ജി.ഒ) നല്‍കുന്ന 12%മാണ് ഏറ്റവും ഉയര്‍ന്നത്. സ്‌പെഷ്യാലിറ്റി സ്റ്റീല്‍ ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുവായ (ഫിനിഷ്ഡ് സ്റ്റീല്‍) ഇന്ത്യയില്‍ തന്നെ ഉണ്ടാക്കുന്നതിനായി അടിസ്ഥാന ഉരുക്ക് ഉരുക്കി പകര്‍ന്നു നല്‍കുന്നത് ഇന്ത്യയ്ക്കുളളിലായിരിക്കുമെന്ന് സ്‌പെഷ്യാലിറ്റി സ്‌കീമിനായുള്ള പി.എല്‍.ഐ പദ്ധതി ഉറപ്പാക്കും. അതുവഴി തുടക്കം മുതല്‍ അവസാനം വരെ ഉല്‍പ്പാദനം രാജ്യത്തിനുള്ളിലായിരിക്കുമെന്നും പദ്ധതി ഉറപ്പാക്കും.