ബഹുമാന്യരേ, ആദരണീയരായ വിശിഷ്ടാതിഥികളേ, നമസ്കാരം!
ജനീവയിലെ ലോകാരോഗ്യ അസംബ്ലിയുടെ 76-ാം സമ്മേളനത്തിൽ എത്തിച്ചേർന്ന ഏവർക്കും ഊഷ്മളായ ആശംസകൾ. 75 വർഷം ലോകത്തിന് സേവനം നൽകുകയെന്ന ചരിത്രപരമായ നാഴികക്കല്ല് പൂർത്തിയാക്കിയ ലോകാരോഗ്യ സംഘടനയെ ഞാൻ അഭിനന്ദനം അറിയിക്കുന്നു. ലോകാരോഗ്യ സംഘടന അതിന്റെ നൂറുവർഷം പൂർത്തിയാക്കുന്ന അടുത്ത 25 വർഷ കാലയളവിലേക്കുള്ള ലക്ഷ്യങ്ങൾ ഇപ്പോൾ തന്നെ നിശ്ചയിക്കുകയായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.
സുഹൃത്തുക്കളേ,
ആരോഗ്യ മേഖലയിലെ വലിയ സഹകരണത്തിന്റെ ആവശ്യം എന്തെന്ന് കോവിഡ്-19 മഹാമാരി നമുക്ക് കാണിച്ചു തന്നു. ആഗോള ആരോഗ്യ രൂപകൽപ്പനയിലെ നിരവധി വിടവുകൾ മഹാമാരി എടുത്തുകാട്ടി. ആഗോള സംവിധാനങ്ങളിൽ അതിജീവനശേഷി കെട്ടിപ്പടുക്കുന്നതിന് കൂട്ടായ പരിശ്രമം ആവശ്യമാണ്.
സുഹൃത്തുക്കളേ,
ആഗോള ആരോഗ്യ സമത്വം ത്വരിതപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും മഹാമാരി ഉയർത്തിക്കാട്ടി. പ്രതിസന്ധിഘട്ടത്തിൽ, അന്താരാഷ്ട്ര സഹകരണത്തോടുള്ള പ്രതിബദ്ധത ഇന്ത്യ പ്രകടിപ്പിച്ചു. നൂറിലധികം രാജ്യങ്ങളിലേക്ക് 300 ദശലക്ഷത്തിലധികം ഡോസുകൾ ഞങ്ങൾ കയറ്റുമതി ചെയ്തു. ഇതിൽ ഭൂരിപക്ഷം രാജ്യങ്ങളും ഗ്ലോബൽ സൗത്ത് മേഖലയിൽ ഉൾപ്പെടുന്നതാണ്. വിഭവങ്ങളുടെ തുല്യലഭ്യതയെ പിന്തുണയ്ക്കുക എന്നത് വരും വർഷങ്ങളിൽ ലോകാരോഗ്യ സംഘടനയുടെ മുൻഗണനയായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.
സുഹൃത്തുക്കളെ,
രോഗങ്ങളുടെ അഭാവം എന്നത് മെച്ചപ്പെട്ട ആരോഗ്യത്തിന് തുല്യമല്ല എന്ന് ഇന്ത്യയുടെ പരമ്പരാഗതജ്ഞാനം ചൂണ്ടിക്കാട്ടുന്നു. നാം രോഗങ്ങളിൽനിന്ന് മുക്തരാകുക മാത്രമല്ല, മെച്ചപ്പെട്ട ആരോഗ്യത്തിലേക്ക് ഒരുപടി മുന്നോട്ടുപോകുകയും വേണം. പാരമ്പര്യ സമ്പ്രദായങ്ങളായ യോഗ, ആയുർവേദം, ധ്യാനം തുടങ്ങിയവ ആരോഗ്യത്തിന്റെ ശാരീരികവും മാനസികവും സാമൂഹികവുമായ വശങ്ങളെ അഭിസംബോധന ചെയ്യുന്നു. ലോകാരോഗ്യ സംഘടനയുടെ പാരമ്പര്യവൈദ്യത്തിനായുള്ള ആദ്യ ആഗോള കേന്ദ്രം ഇന്ത്യയിലാണ് സ്ഥാപിച്ചത് എന്നതിൽ എനിക്ക് സന്തോഷമുണ്ട്. അന്താരാഷ്ട്ര ചെറുധാന്യ വർഷത്തിലൂടെ ചെറുധാന്യങ്ങളുടെ പ്രാധാന്യം ലോകം തിരിച്ചറിയുന്നതിലും എനിക്ക് സന്തോഷമുണ്ട്.
സുഹൃത്തുക്കളേ,
ഇന്ത്യയുടെ പ്രാചീന വിശുദ്ധഗ്രന്ഥങ്ങൾ ലോകത്തെ ഒരു കുടുംബമായി കാണുന്ന ‘വസുധൈവ കുടുംബകം’ എന്ന ആശയം നമ്മെ പഠിപ്പിക്കുന്നു. ‘ഒരു ഭൂമി ഒരു കുടുംബം ഒരു ഭാവി’ എന്ന ആശയത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വർഷത്തെ ജി20 അധ്യക്ഷപദത്തിൽ ഞങ്ങൾ പ്രവർത്തിക്കുന്നത്. നല്ല ആരോഗ്യത്തിനായുള്ള ഞങ്ങളുടെ കാഴ്ചപ്പാട് ”ഏകഭൂമി ഏകാരോഗ്യം” എന്നതാണ്. നമ്മുടെ മുഴുവൻ ആവാസവ്യവസ്ഥയും ആരോഗ്യകരമായിരുന്നാൽ മാത്രമേ നമുക്കും ആരോഗ്യമുള്ളവരായിരിക്കാൻ കഴിയൂ. അതിനാൽ ഞങ്ങളുടെ കാഴ്ചപ്പാട് മനുഷ്യരിൽ മാത്രം ചുരുങ്ങുന്നതല്ല. മൃഗങ്ങൾ, സസ്യങ്ങൾ, പരിസ്ഥിതി എന്നിവ ഉൾപ്പെടുന്ന മുഴുവൻ ആവാസവ്യവസ്ഥയിലേക്കും ഇത് വ്യാപിച്ചിരിക്കുന്നു.
സുഹൃത്തുക്കളേ,
കഴിഞ്ഞ ഏതാനും വർഷങ്ങളായി ആരോഗ്യപരിരക്ഷയുടെ ലഭ്യത, പ്രാപ്യത, താങ്ങാവുന്ന നിരക്ക് എന്നിവയുമായി ബന്ധപ്പെട്ട് ഇന്ത്യ പ്രവർത്തിച്ചു പോരുകയാണ്. ആയുഷ്മാൻ ഭാരത് പോലെയുള്ള ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യപരിരക്ഷ പദ്ധതിയാണെങ്കിലും, അതല്ല ആരോഗ്യ അടിസ്ഥാനസൗകര്യങ്ങളുടെ വൻതോതിലുള്ള വർധനയാണെങ്കിലും, ദശലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് ശുചിത്വവും കുടിവെള്ളവും നൽകാനുള്ള പദ്ധതി ആണെങ്കിലും, ഞങ്ങളുടെ ഭൂരിപക്ഷം പ്രയത്നങ്ങളും രാജ്യത്തിന്റെ സാർവത്രികമായ ആരോഗ്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഉള്ളതാണ്. ഇന്ത്യ പോലെ വൈവിധ്യം നിറഞ്ഞ രാജ്യത്ത് കൈക്കൊള്ളുന്ന സമീപനം മറ്റു രാജ്യങ്ങൾക്കും ചട്ടക്കൂടായി കണക്കിലെടുക്കാവുന്നതാണ്. താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലെ സമാനമായ ശ്രമങ്ങൾക്ക് ലോകാരോഗ്യ സംഘടനയെ പിന്തുണയ്ക്കാൻ ഞങ്ങൾ താൽപ്പര്യപ്പെടുന്നു.
സുഹൃത്തുക്കളേ,
എല്ലാവർക്കും ആരോഗ്യം എന്നതിനായി മുന്നോട്ടുപോകുന്ന ലോകാരോഗ്യ സംഘടനയുടെ 75 വർഷത്തെ പ്രയത്നങ്ങളെ ഞാൻ അഭിനന്ദിക്കുകയാണ്. ലോകാരോഗ്യ സംഘടന പോലെയുള്ള ആഗോള സ്ഥാപനങ്ങളുടെ പങ്ക് കഴിഞ്ഞ കാലങ്ങളിൽ വളരെ പ്രാധാന്യമുള്ളതായിരുന്നു. എന്നാൽ വെല്ലുവിളികൾ നിറഞ്ഞ ഭാവിയിൽ സംഘടനയുടെ പ്രാധാന്യം അതിലും വളരെ കൂടുതലാണ്. ആരോഗ്യകരമായ ഒരു ലോകം കെട്ടിപ്പടുക്കാനുള്ള എല്ലാ ശ്രമങ്ങളെയും സഹായിക്കുന്നതിൽ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. നന്ദി, വളരെയധികം നന്ദി!
ND
PM Modi's remarks for the 76th World Health Assembly. https://t.co/q78nRmtyIw
— PMO India (@PMOIndia) May 21, 2023