Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സ്വാതന്ത്ര്യ സമര സേനാനി ശ്രീ പ്രഹ്ലാദ്ജി പട്ടേലിന്റെ 115-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ഗുജറാത്തിലെ ബെച്ചരാജിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പ്രധാനമന്ത്രി മോദിയുടെ പ്രസംഗം

സ്വാതന്ത്ര്യ സമര സേനാനി ശ്രീ പ്രഹ്ലാദ്ജി പട്ടേലിന്റെ 115-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ഗുജറാത്തിലെ ബെച്ചരാജിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പ്രധാനമന്ത്രി മോദിയുടെ പ്രസംഗം


ബെച്ചരാജി എന്നാല്‍ ബഹുചാര ദേവിയുടെ വിശുദ്ധ തീര്‍ത്ഥാടന കേന്ദ്രം എന്നാണ് അര്‍ത്ഥം. ബെച്ചരാജിയുടെ പുണ്യഭൂമി നിരവധി പുത്രന്മാരെയും സാമൂഹിക പ്രവര്‍ത്തകരെയും ദേശസ്‌നേഹികളെയും സൃഷ്ടിച്ചു. ഈ മണ്ണിന്റെ അങ്ങനെയുള്ള ഒരു മകനമായ സ്വാതന്ത്ര്യ സമര സേനാനിയും സാമൂഹിക പ്രവര്‍ത്തകനുമായ ശ്രീ പ്രഹ്ലാദ്ജി ഹര്‍ഗോവന്ദസ് പട്ടേലിന്റെ 115-ാം ജന്മവാര്‍ഷിക വേളയില്‍, നവരാത്രിയുടെ പുണ്യ ഉത്സവത്തിനിടയിലും, ബഹുചാര മാതാവിന്റെ സാന്നിധ്യത്തില്‍ അദ്ദേഹത്തിന്റെ പുണ്യങ്ങളെ സ്മരിക്കാന്‍ നമുക്ക് അവസരം ലഭിച്ചിരിക്കുന്നു. നമ്മള്‍ ഇന്ത്യക്കാര്‍ സ്വാതന്ത്ര്യത്തിന്റെ അമൃത മഹോല്‍സവം ആഘോഷിക്കുമ്പോള്‍ പ്രഹ്ലാദ്ഭായിയെപ്പോലെയുള്ള ഒരു ദേശസ്നേഹിയെ അനുസ്മരിക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്.

 പ്രഹ്ലാദ്ഭായി സീതാപൂര്‍ ഗ്രാമത്തില്‍ നിന്നുള്ളയാളായിരുന്നു. എന്നാല്‍ ബെച്ചരാജിയില്‍ വന്ന് താമസമാക്കുകയാണ് ചെയ്തത്. സേത്ത് ലതിവാല എന്ന പേരില്‍ പ്രഹ്ലാദ്ജി സംസ്ഥാനമൊട്ടാകെ പ്രശസ്തനായി.  കൃഷ്ണന്റെ ‘സാന്‍വാലിയ സേത്ത്’ രൂപമായി വന്ന് ഉദാരമനസ്സോടെ സമൂഹത്തെ സേവിച്ചതുപോലെ തോന്നി. പല യുവാക്കളെയും പോലെ, സ്വാതന്ത്ര്യസമരകാലത്ത് ഗാന്ധിജിയുടെ സ്വാധീനത്തില്‍ സ്വാതന്ത്ര്യസമരത്തില്‍ പ്രഹ്ലാദ്ഭായി സജീവമായി. സബര്‍മതിയിലും യർവാദ ജയിലിലും അദ്ദേഹം തടവിലായി. അത്തരമൊരു ജയില്‍വാസത്തിനിടെ അദ്ദേഹത്തിന്റെ പിതാവ് മരിച്ചിരുന്നു, എന്നാല്‍ ബ്രിട്ടീഷ് ഗവണ്‍മെന്റിനു ക്ഷമാപണം എഴുതാനും പരോളില്‍ പുറത്തിറങ്ങാനും അദ്ദേഹം വിസമ്മതിച്ചു. അദ്ദേഹത്തിന്റെ മാതാപിതാക്കളെ സംസ്‌കരിച്ചത്  സഹോദര പുത്രന്മാരാണ്  . ഈ രീതിയില്‍, കുടുംബത്തേക്കാള്‍ രാജ്യത്തിന്റെ താല്‍പ്പര്യം മുന്‍നിര്‍ത്തി, ‘രാജ്യം ആദ്യം’ എന്ന ആശയത്തില്‍ അദ്ദേഹം ജീവിച്ചു. സ്വാതന്ത്ര്യസമരത്തില്‍, അദ്ദേഹം ഒളിവിലിരുന്നുള്ള  ചില  പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു, കൂടാതെ നിരവധി പോരാളികളെ ബെച്ചരാജിയില്‍ ഒളിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. സ്വാതന്ത്ര്യാനന്തരം, സര്‍ദാര്‍ സാഹിബിന്റെ നിര്‍ദ്ദേശപ്രകാരം രാജ്യത്തെ ചെറിയ സംസ്ഥാനങ്ങളുടെ ലയനത്തില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിക്കുകയും ദസാദ, വനോദ്, സൈനബാദ് തുടങ്ങിയ സംസ്ഥാനങ്ങളെ ഇന്ത്യയുമായി ബന്ധിപ്പിക്കുന്നതില്‍ സജീവമായി സംഭാവന ചെയ്യുകയും ചെയ്തു. ഇത്തരം ദേശസ്‌നേഹികളെ രാജ്യത്തിന്റെ ചരിത്രപുസ്തകങ്ങളില്‍ പരാമര്‍ശിക്കുന്നില്ല എന്നത് അങ്ങേയറ്റം നിരാശാജനകമാണ്.

 പ്രഹ്ലാദ് ഭായിയെപ്പോലുള്ള സ്വാതന്ത്ര്യ സമര സേനാനികളുടെ വീരഗാഥ, അതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് കഴിയുന്ന പുതുതലമുറയ്ക്ക് പറഞ്ഞുകൊടുക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്.  സ്വാതന്ത്ര്യസമരം കഴിഞ്ഞിട്ടും സ്വതന്ത്ര ഇന്ത്യയില്‍ അദ്ദേഹം വിശ്രമിച്ചില്ല; സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ മുഴുകി. 1951-ല്‍ വിനോബ ഭാവെയുടെ ഭൂദാനപ്രസ്ഥാനത്തില്‍ ചേരുകയും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള 200 ‘ബിഗാസ’് ( ഉത്തരേന്ത്യയില്‍ പലയിടത്തും ഭൂമിയുടെ അളവ് നിശ്ചയിക്കുന്ന പേര്) ഭൂമി ദാനം ചെയ്യുകയും ചെയ്തു. നിരവധി ഭൂരഹിതരുടെ താല്‍പ്പര്യാര്‍ത്ഥം ഒരു ‘ഭൂമിപുത്രന്‍’ എടുത്ത മഹത്തായ നടപടിയാണിത്. 1962-ല്‍, ബോംബെ സംസ്ഥാനത്തില്‍ നിന്ന് വേര്‍പിരിഞ്ഞ ശേഷം ഗുജറാത്തില്‍ നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍, ചനാസ്മ സീറ്റില്‍ നിന്ന് മത്സരിച്ച് അദ്ദേഹം ഒരു ജനപ്രതിനിധിയും ജനങ്ങളുടെ ശബ്ദവുമായി മാറിയിരുന്നു.  സംസ്ഥാനത്തെയാകെ വികസനത്തിന്റെ പാതയിലേക്ക് നയിച്ചു. ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു, അക്കാലത്ത് ഞാന്‍ സംഘത്തില്‍ പ്രവര്‍ത്തിച്ചിരുന്നു, അതിനായി പല സ്ഥലങ്ങളില്‍ പോകേണ്ടിവന്നു. ആളുകള്‍ക്ക് ബെച്ചരാജിയിലേക്ക് പോകാന്‍ ആഗ്രഹിക്കുമ്പോഴെല്ലാം, അവര്‍ക്ക് അത് പ്രഹ്ലാദ്ഭായിയുടെ ലതി തന്നെ പൊതുജനക്ഷേമത്തിനുള്ള സ്ഥലമായി മാറിയതുപോലെയായിരുന്നു, ട്രസ്റ്റിഷിപ്പിന്റെ അന്തസ്സത്തയില്‍ പ്രവര്‍ത്തിച്ച പ്രഹ്ലാദ്ഭായി, ഗുജറാത്തിന്റെ മഹാജന്‍ പാരമ്പര്യത്തിന്റെ കണ്ണിയായിരുന്നു.  പ്രഹ്ലാദ് ഭായിയെക്കുറിച്ച് പറയുകയാണെങ്കില്‍, അദ്ദേഹത്തിന്റെ ഭാര്യ കാശി ബായെ പരാമര്‍ശിക്കാതെ ഇന്നത്തെ പരിപാടി അപൂര്‍ണ്ണമായിരിക്കും.  കാശി ബാ ഒരു ഉത്തമ വീട്ടമ്മ മാത്രമല്ല, കസ്തൂര്‍ബയെപ്പോലെ, അവരും പൊതു ചുമതലകള്‍ നിര്‍വഹിക്കുകയും ഭര്‍ത്താവിന് ശക്തമായ പിന്തുണ നല്‍കുകയും ചെയ്തു.  അദ്ദേഹത്തിന്റെ മുഴുവന്‍ ജീവിതകാലവും, തൊഴില്‍ പാരമ്പര്യം, അത്തരം സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കാനുള്ള ആഗ്രഹം തുടങ്ങി എല്ലാ ചെറിയ കാര്യങ്ങളും സ്വാതന്ത്ര്യ സമരത്തിന്റെ അമൂല്യമായ രേഖയാണ്.  ഇന്നത്തെ തലമുറയ്ക്ക് പുതിയ വിവരങ്ങള്‍ നല്‍കുന്ന തരത്തില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളും സാമൂഹിക സംഭാവനകളും രേഖപ്പെടുത്തണം; അങ്ങനെ ചെയ്താല്‍ വരുംതലമുറയ്ക്ക് അദ്ദേഹം ഒരു പ്രചോദനമായിരിക്കും. തന്റെ ജീവിതകാലത്ത് അദ്ദേഹം പൊതുസേവനത്തില്‍ മുന്‍പന്തിയിലായിരുന്നു, എന്നാല്‍ മരണശേഷം തന്റെ കണ്ണുകള്‍ ദാനം ചെയ്യാനും അദ്ദേഹം തീരുമാനിച്ചു. സങ്കല്‍പ്പിക്കുക, നേത്രദാനത്തെക്കുറിച്ച് ഒരു അവബോധവുമില്ലാത്ത കാലത്തും അദ്ദേഹം തന്റെ കണ്ണുകള്‍ ദാനം ചെയ്യാന്‍ തീരുമാനിച്ചു.  ആ ദൃഢനിശ്ചയം എത്ര മഹത്തരവും പ്രചോദനാത്മകവുമായിരുന്നു!

 ഗുജറാത്തിലെ എല്ലാ സര്‍വ്വകലാശാലകളും സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലും നിന്ന് ഇത്തരം മഹാന്മാരെ കണ്ടെത്തി അവരുടെ അറിയപ്പെടാത്ത, പ്രചരിപ്പിക്കപ്പെടാത്ത കഥകള്‍ സമാഹരിച്ച് ഒരു പുസ്തക രൂപത്തില്‍ അവരെ ലോകത്തിന് അറിയിക്കണം. അപ്പോഴാണ് സ്വാതന്ത്ര്യത്തിന്റെ അമൃത മഹോല്‍സവം അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥം ഉയര്‍ത്തിപ്പിടിക്കുന്നത്.  ശ്രീ പ്രഹ്ലാദ്ഭായി ദേശസ്‌നേഹത്തിന്റെയും ഭക്തിയുടെയും കടമയുടെയും സേവനത്തിന്റെയും ത്രിവേണി സംഗമം പോലെയായിരുന്നു.  ഇന്ന്, അദ്ദേഹത്തിന്റെ സമര്‍പ്പണത്തെക്കുറിച്ച് ചിന്തിക്കുകയും ഒരു പുതിയ ഇന്ത്യ കെട്ടിപ്പടുക്കുന്നതിനും കൂടുതല്‍ വികസിപ്പിക്കുന്നതിനുമുള്ള ദിശയില്‍ പ്രചോദനം തേടുക.  ഇത് യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ അദ്ദേഹത്തിന് ഒരു ആദരാഞ്ജലി ആയിരിക്കും. പ്രഹ്ലാദ്ഭായിക്കും അദ്ദേഹത്തിന്റെ മഹത്തായ പ്രവര്‍ത്തനത്തിനും ഞാന്‍ ആദരവോടെ പ്രണാമം അര്‍പ്പിക്കുന്നു.  ബഹുചാര മാതാവിന്റെ സാന്നിധ്യത്തില്‍, ബഹുചാര മാതാവിനെയും ഭാരതി മാതാവിനെ സേവിക്കുന്നവരെയും വണങ്ങിക്കൊണ്ട് ഞാന്‍ പ്രസംഗം അവസാനിപ്പിക്കുന്നു.

 ഭാരത് മാതാ കീ ജയ്!

 ജയ് ജയ് ഗര്‍വി ഗുജറാത്ത്!

–ND–