Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സ്വാതന്ത്ര്യത്തിന്റെ 70-ാം വാര്ഷികാഘോഷത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി തിരംഗ യാത്ര ഉദ്ഘാടനം ചെയ്തു

സ്വാതന്ത്ര്യത്തിന്റെ 70-ാം വാര്ഷികാഘോഷത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി തിരംഗ യാത്ര ഉദ്ഘാടനം ചെയ്തു


സ്വാതന്ത്ര്യസമര സേനാനി ചന്ദ്രശേഖര് ആസാദിന് ജന്മനാടായ മധ്യപ്രദേശിലെ ആലിരാജ്പൂരിലെ ഭാബ്രയിലെത്തി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആദരാഞ്ജലിയര്പ്പിച്ചു. ഷഹീദ് ചന്ദ്രശേഖര് ആസാദിന്റെ പ്രതിമയില് ഹാരമണിയിച്ചശേഷം പ്രധാനമന്ത്രി ആസാദിന്റെ ജന്മസ്ഥലത്തുള്ള സ്മാരകം സന്ദര്ശിക്കുകയും ചെയ്തു.

ഇതേ ദിവസമാണ് മഹാത്മാ ഗാന്ധി ഇന്ത്യ വിടണമെന്ന ആവശ്യം ബ്രിട്ടന്റെ മുന്നില് വെച്ചതെന്നു പ്രധാനമന്ത്രി അനുസ്മരിച്ചു. നമുക്കു സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിക്കാനുള്ള അവസരമുണ്ടാക്കിത്തരാന് ജീവന് വെടിഞ്ഞവരെ ഓര്ക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

ചന്ദ്രശേഖര് ആസാദിന്റെ ജന്മസ്ഥലത്തെത്താന് കഴിഞ്ഞത് അംഗീകാരമായി കാണുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ആസാദിനെപ്പോലുള്ളവര് രാഷ്ട്രത്തിനായി പ്രവര്ത്തിക്കാന് നമ്മെ പ്രോല്സാഹിപ്പിക്കുന്നുവെന്നും ശ്രീ. നരേന്ദ്ര മോദി കൂട്ടിച്ചേര്ത്തു.

രാഷ്ട്രത്തിനായി ജീവന് ബലിയര്പ്പിക്കേണ്ടി വന്നിട്ടില്ലാത്ത നമ്മെപ്പോലുള്ളവര് രാഷ്ട്രത്തിനായി ജീവിക്കാന് തയ്യാറാകണമെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. പൗരന്മാരുടെ കരുത്തിലും ആഗ്രഹങ്ങളിലും കഠിനാധ്വാനത്തിലുമാണ് ഒരു രാഷ്ട്രം മുന്നോട്ടുപോകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

എല്ലാ ഇന്ത്യക്കാരും കാശ്മീരിനെ സ്നേഹിക്കുന്നുവെന്നും അവിടം സന്ദര്ശിക്കാന് ആഗ്രഹിക്കുന്നുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പക്ഷേ, തെറ്റിദ്ധാരണ പടര്ത്തുന്ന ചില കേന്ദ്രങ്ങള് കാശ്മീരിന്റെ മഹത്തായ പാരമ്പര്യം തകര്ക്കാന് ശ്രമിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

കാശ്മീരിലെ യുവാക്കള്ക്കു തൊഴിലവസരങ്ങള് സൃഷ്ടിക്കാന് കേന്ദ്ര ഗവണ്മെന്റിനു താല്പര്യമുണ്ട്. കാശ്മീരിനെ ‘ഭൂമിയിലെ സ്വര്ഗ’മാക്കാന് കാശ്മീരിലെ യുവാക്കള് മുന്നോട്ടുവരണം. കാശ്മീരില് സമാധാനമുണ്ടാവണമെന്നും വിനോദസഞ്ചാരത്തിലൂടെ കൂടുതല് വരുമാനമുണ്ടാക്കാന് കാശ്മീരി ജനതയ്ക്കു സാധിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കാശ്മീരിലെ പ്രശ്നങ്ങളെല്ലാം വികസനത്തിലൂടെ പരിഹരിക്കാനാണു കേന്ദ്ര, സംസ്ഥാന ഗവണ്മെന്റുകള് ശ്രമിക്കുന്നത്. മുന്പ്രധാനമന്ത്രി ശ്രീ. അടല് ബിഹാരി വാജ്പേയി രൂപം നല്കിയ ഇന്സാനിയത്, ജമാഹൂരിയത്, കാശ്മീരിയത് എന്നിവ മുന്നോട്ടുകൊണ്ടുപോകുമെന്നു പ്രധാനമന്ത്രി വ്യക്തമാക്കി.

രാഷ്ട്രത്തെ ഉയരങ്ങളിലേക്കു നയിക്കുകയെന്ന നിശ്ചയദാര്ഢ്യത്തോടെ ഒരുമിച്ചു പ്രവര്ത്തിക്കുകയാണ് ഇപ്പോഴത്തെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ അടയാളമായ ത്രിവര്ണം രാഷ്ട്രത്തിന്റെ ഭാവി തിരുത്തിയെഴുതാന് നമ്മില് ആവേശം പകരുന്നുവെന്നു പ്രധാനമന്ത്രി കൂട്ടിച്ചേര്ത്തു.

സ്വാതന്ത്ര്യത്തിന്റെ 70 വര്ഷങ്ങളുടെ ആഘോഷങ്ങള്ക്കു തുടക്കമിട്ടുള്ള തിരംഗ യാത്രയുടെ ഉദ്ഘാടനവും അദ്ദേഹം നിര്വഹിച്ചു.