Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സ്വച്ഛ് ഭാരത് ദൗത്യം (ഗ്രാമീണം) രണ്ടാം ഘട്ടത്തിനു മന്ത്രിസഭയുടെ അംഗീകാരം


2024-25 വരെയുള്ള സ്വച്ഛ് ഭാരത് ദൗത്യം (ഗ്രാമീണം) [എസ്.ബി.എം. (ജി)] രണ്ടാം ഘട്ടത്തിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.

വെളിംപ്രദേശ വിസര്‍ജന മുക്തി പരിപാലനവും ദ്രവ മാലിന്യ പരിപാലന(എസ്.എല്‍.ഡബ്ല്യു.എം.)വും ഉള്‍പ്പെടുന്ന വെളിംപ്രദേശ വിസര്‍ജന മുക്തി പ്ലസ്സി(ഒ.ഡി.എഫ്.പ്ലസ്)നാണ് ഇതില്‍ ഊന്നല്‍ നല്‍കുക. ആരും ഒഴിച്ചുനിര്‍ത്തപ്പെടുന്നില്ലെന്നും എല്ലാവരും ശൗചാലയം ഉപയോഗിക്കുന്നു എന്നും ഉറപ്പാക്കാനായും പദ്ധതി ഉദ്ദേശിക്കുന്നു.

ആകെ 1,40,881 കോടി രൂപ മുടക്കുമുതലോടെ ദൗത്യ മാതൃകയിലാണ് 2020-21 മുതല്‍ 2024-25 വരെയായി എസ്.ബി.എം.(ജി) രണ്ടാം ഘട്ടം നടപ്പാക്കുക. പണം ലഭ്യമാക്കുന്നതിനുള്ള വിവിധ രീതികള്‍ സംഗമിക്കുന്ന പുതുമയാര്‍ന്ന മാതൃകയായിരിക്കും ഇത്. 52,497 കോടി രൂപ കുടിവെള്ളത്തിനും ശുചിത്വത്തിനും ഉള്ള ബജറ്റില്‍നിന്നായിരിക്കും അനുവദിക്കുക. ബാക്കി തുക 15ാം ധനകാര്യ കമ്മീഷന്‍, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി, ഖര-ദ്രാവക മാലിന്യ പരിപാലനം ഉള്‍പ്പെടെ ഉള്ളവയ്ക്കായുള്ള തുക കണ്ടെത്തല്‍ മാതൃകകള്‍ എന്നിവയില്‍നിന്നു ലഭ്യമാക്കും.

പദ്ധതി പ്രകാരം നിലവിലുള്ള വ്യവസ്ഥകള്‍ പ്രകാരം പുതുതായി അര്‍ഹത നേടുന്ന വീടുകളില്‍ ശൗചാലയങ്ങള്‍ (ഐ.എച്ച.എച്ച്.എല്‍.) നിര്‍മിക്കുന്നതിന് 12,000 രൂപ വീതം ആനുകൂല്യം നല്‍കുന്നതു തുടരും. ഖര, മാലിന്യ പരിപാലനം (എസ്.എല്‍.ഡബ്ല്യു.എം.) യുക്തിഭദ്രമാക്കുകയും നിശ്ചിത എണ്ണം കുടുംബങ്ങള്‍ക്ക് എന്ന രീതിയില്‍നിന്നു പ്രതീശീര്‍ഷ അടിസ്ഥാനത്തില്‍ ആക്കുകയും ചെയ്തു. ഗ്രാമങ്ങളില്‍ സമൂഹാധിഷ്ഠിത ശുചിത്വ സമുച്ചയം (സി.എം.എസ്.സി.) നിര്‍മിക്കുന്നതിനു ഗ്രാമപഞ്ചായത്തുകള്‍ക്കു നല്‍കിവരുന്ന ധനസഹായം രണ്ടു ലക്ഷം രൂപയില്‍നിന്നു മൂന്നു ലക്ഷം രൂപയായി വര്‍ധിപ്പിച്ചു.

ഉടന്‍ ലഭ്യമാക്കുന്ന നടത്തിപ്പു സംബന്ധിച്ച മാര്‍ഗരേഖകള്‍ക്കു വിധേയമായി സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും പദ്ധതി നടപ്പാക്കും. എല്ലാ ഘട്ടങ്ങള്‍ക്കും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഹിമാലയന്‍ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ ജമ്മു-കശ്മീരിലും 90:10 എന്ന അനുപാതത്തിലും മറ്റു സംസ്ഥാനങ്ങളില്‍ 60:40 എന്ന അനുപാതത്തിലും മറ്റു കേന്ദ്രഭരണ പ്രദേശങ്ങളില്‍ 100:0 എന്ന അനുപാതത്തിലുമായിരിക്കും കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്റ്ുകള്‍ ഫണ്ട് വിഹിതം നല്‍കുക.

നാലു പ്രധാന മേഖലകളുടെ ഔട്ട്പുട്ട്-ഔട്ട്കം സൂചകങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ഒ.ഡി.എഫ്. പ്ലസ്സിന്റെ എസ്.എല്‍.ഡബ്ല്യു.എം. ഘടകം നിരീക്ഷിക്കപ്പെടുന്നത്. അവ പ്ലാസ്റ്റിക് മാലിന്യ പരിപാലനം, ജൈവ ഖര മാലിന്യ പരിപാലനം (മൃഗ മാലിന്യ പരിപാലനം ഉള്‍പ്പെടെ), പുനരുപയോഗിക്കാവുന്ന മലിനജല പരിപാലനം, ചെളിവെള്ള പരിപാലനം എന്നിവയാണ് അവ.

എസ്.ബി.എം.-ജി രണ്ടാം ഘട്ടം വീടുകളിലും പൊതു ഇടങ്ങളിലും ശൗചാലയങ്ങള്‍ നിര്‍മിക്കുകയും എസ്.എല്‍.ഡബ്ല്യു.എമ്മിനു കംപോസ്റ്റ് കുഴികള്‍, സോക്ക് പിറ്റുകള്‍, മാലിന്യം പരിധിയില്‍ നിലനിര്‍ത്തുന്നതിനുള്ള കുളങ്ങള്‍, മെറ്റീരിയില്‍ റിക്കവറി സൗകര്യങ്ങള്‍ മുതലായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയും വഴി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയ്ക്ക് ഉണര്‍വേകുകയും ചെയ്യുന്നതു തുടരും.

02-10-2014ല്‍ എസ്.ബി.എം.(ജി) ആരംഭിച്ചപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഗ്രാമീണ ശുചിത്വം 38.7 ശതമാനമാണ്. ദൗത്യം ആരംഭിച്ചതു മുതല്‍ പത്തു കോടിയിലേറെ ശൗചാലയങ്ങള്‍ നിര്‍മിക്കപ്പെട്ടു. ഇതേത്തുടര്‍ന്ന് 2019 ഒക്ടോബര്‍ രണ്ടിന് എല്ലാ സംസ്ഥാനങ്ങളിലെയും ഗ്രാമീണ മേഖലകള്‍ വെളിയിട വിസര്‍ജന മുക്തമായി പ്രഖ്യാപിക്കപ്പെട്ടു. ശൗചാലയ സൗകര്യം ലഭ്യമല്ലാത്ത കുടുംബങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്താന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കുടിവെള്ള, ശുചിത്വ വകുപ്പ് (ഡി.ഡി.ഡബ്ല്യു.എസ്.) നിര്‍ദേശം നല്‍കിയിട്ടുണ്ട്. അത്തരം കുടുംബങ്ങളെ കണ്ടെത്താന്‍ സാധിക്കുന്ന പക്ഷം ഈ പദ്ധതിയില്‍ ഉള്‍പ്പെടാത്തവര്‍ ആരും തന്നെ ഉണ്ടാവരുതെന്ന ഉദ്ദേശ്യത്തോടെ ശൗചാലയം നിര്‍മിക്കാന്‍ ആവശ്യമായ സഹായം നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

എസ്.ബി.എം. രണ്ടാം ഘട്ടത്തിനു മന്ത്രിസഭ അംഗീകാരം നല്‍കിയതു ഖര, ദ്രാവക മാലിന്യ പരിപാലനമെന്ന വെല്ലുവിളി ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ ഗ്രാമീണ ഇന്ത്യയെ സഹായിക്കും. രാജ്യത്തെ ഗ്രാമീണരുടെ ആരോഗ്യം ഗണ്യമായി മെച്ചപ്പെടാനും ഇതു സഹായകമാകും.

**********