സ്റ്റാര്‍ട്ട്അപ്പുകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിന് പ്രത്യേക നിധി രൂപീകരിക്കാന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. സെബിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിവിധ ബദല്‍ നിക്ഷേപ ഫണ്ടുകള്‍ക്ക് സംഭാവന നല്‍കാന്‍ ഇന്ത്യന്‍ ചെറുകിട വ്യവസായ ബാങ്ക് (സിഡ്ബി) യുടെ കീഴില്‍ ” ഫണ്ട് ഓഫ് ഫണ്ട്‌സ് ഫോര്‍ സ്റ്റാര്‍ട്ട് അപ്പ്‌സ് (എഫ്.എഫ്.എസ്)” എന്ന പേരിലായിരിക്കും ഈ നിധി അറിയപ്പെടുക. 2016 ജനുവരിയില്‍ രൂപം നല്‍കിയ സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ കര്‍മ്മപദ്ധതിക്ക് അനുസൃതമായിട്ടാണിത്.
നിധിയുടെ പ്രാരംഭ മൂലധന ആസ്തി 10,000 കോടി രൂപയായിരിക്കും. പദ്ധതി പുരോഗമിക്കവേ ധനലഭ്യത അനുസരിച്ച് 14-ാം 15 -ാം ധനകാര്യ കമ്മിഷന്‍ കാലയളവില്‍ ഇത് വര്‍ദ്ധിപ്പിക്കും. 2015-16 ലേയ്ക്കായി ഇതിനകം 500 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 2016-17 ലേയ്ക്ക് 600 കോടി രൂപയും വകയിരിത്തിയിട്ടുണ്ട്. 18 ലക്ഷം പേര്‍ക്ക് ഇതുവഴി തൊഴില്‍ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.
സ്റ്റാര്‍ട്ട്അപ്പ് ഇന്ത്യ കര്‍മ്മപദ്ധതിയുടെ പ്രകടനം നിരീഷിക്കുന്ന വ്യവസായ നയ പ്രോത്സാഹന വകുപ്പിനുള്ള ബജറ്റ് വിഹിതം വഴി കൂടുതല്‍ ധനസഹായത്തിന് വ്യവസ്ഥയുണ്ട്.