Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ 2024ൽ പങ്കെടുക്കുന്നവരുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സംവദിച്ചു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ 2024 ഗ്രാൻഡ് ഫിനാലെയിൽ ചെറുപ്പക്കാരായ നൂതനാശയ ഉപജ്ഞാതാക്കളുമായി വിദൂരദൃശ്യസംവിധാനത്തിലൂടെ സംവദിച്ചു. സദസിനെ അഭിസംബോധന ചെയ്യവേ, ചുവപ്പുകോട്ടയിൽ നിന്നുള്ള തന്റെ പ്രസംഗങ്ങളിൽ ‘കൂട്ടായ പ്രയത്നം’ ആവർത്തിക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി ഓർമിപ്പിച്ചു. ‘കൂട്ടായ പ്രയത്ന’ത്തിലൂടെ ഇന്നത്തെ ഇന്ത്യക്ക് അതിവേഗം പുരോഗമിക്കാൻ കഴിയുമെന്നും ഇന്നത്തെ അവസരം ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. “സ്‌മാർട്ട് ഇന്ത്യ ഹാക്കത്തോണിന്റെ ഗ്രാൻഡ് ഫിനാലെയ്‌ക്കായി ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു” – ചെറുപ്പക്കാരായ നൂതനാശയ ഉപജ്ഞാതാക്കൾക്കിടയിലായിരിക്കുമ്പോൾ പുതിയതെന്തെങ്കിലും പഠിക്കാനും മനസ്സിലാക്കാനുമുള്ള അവസരം തനിക്ക് ലഭിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. യുവാക്കളിലുള്ള തന്റെ പ്രതീക്ഷകൾ ഉയർത്തിക്കാട്ടി, 21-ാം നൂറ്റാണ്ടിലെ ഇന്ത്യയെ വ്യത്യസ്തമായി കാണാനുള്ള കാഴ്ചപ്പാട് അവർക്കുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതിനാൽ, നിങ്ങളുടെ പ്രതിവിധികൾ വ്യത്യസ്തമാണെന്നും പുതിയ വെല്ലുവിളി വരുമ്പോൾ, നിങ്ങൾ പുതിയതും അതുല്യവുമായ പ്രതിവിധികൾ കൊണ്ടുവരുമെന്നും ശ്രീ മോദി പറഞ്ഞു. മുൻകാലങ്ങളിൽ ഹാക്കത്തോണുകളുടെ ഭാഗമായിരുന്നുവെന്ന് അനുസ്മരിച്ച പ്രധാനമന്ത്രി, അതിന്റെ ഫലത്തിൽ താൻ ഒരിക്കലും നിരാശനായിട്ടില്ലെന്നും പറഞ്ഞു. “നിങ്ങൾ എന്റെ വിശ്വാസത്തിനു കരുത്തേകുകയാണു ചെയ്തത്” – അദ്ദേഹം പറഞ്ഞു, മുൻകാലങ്ങളിൽ നൽകിയ പ്രതിവിധികൾ വിവിധ മന്ത്രാലയങ്ങളിൽ ഉപയോഗപ്പെടുത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പങ്കെടുക്കുന്നവരെക്കുറിച്ച് കൂടുതൽ അറിയാനുള്ള ആകാംക്ഷ ശ്രീ മോദി പ്രകടിപ്പിക്കുകയും ആശയവിനിമയം ആരംഭിക്കുകയും ചെയ്തു.

ഓട്ടിസം സ്പെക്ട്രം ഡിസോർഡർ, ബൗദ്ധിക വൈകല്യം എന്നിവയുള്ള കുട്ടികളെ പരിചരിക്കുന്ന സാമൂഹ്യനീതി-ശാക്തീകരണ മന്ത്രാലയത്തിന്റെ ‘വെർച്വൽ റിയാലിറ്റി സുഹൃത്ത്’ എന്ന ഉപകരണം നിർമിക്കുന്നതിനുള്ള പ്രശ്‌നപ്രസ്താവനയിൽ പ്രവർത്തിച്ച ശ്രീനഗറിലെ എൻഐടി നോഡൽ സെന്ററിൽനിന്നുള്ള ‘ബിഗ് ബ്രെയിൻസ്’ ടീമിലെ സയീദയുമായി പ്രധാനമന്ത്രി സംവദിച്ചു. അത്തരത്തിലുള്ള ദിവ്യാംഗരുടെ സുഹൃത്തായി പ്രവർത്തിക്കാൻ കഴിയുന്ന, സ്‌മാർട്ട്‌ ഫോണുകളിലും ലാപ്‌ടോപ്പുകളിലും മറ്റും ഉപയോഗിക്കാവുന്ന ഇന്ററാക്ടീവ് സ്‌കിൽ എൻഹാൻസറായി കുട്ടികൾ ഈ സങ്കേതം ഉപയോഗിക്കുമെന്ന് അവർ അറിയിച്ചു. ഇത് നിർമിതബുദ്ധിയിൽ പ്രവർത്തിക്കുന്ന വെർച്വൽ റിയാലിറ്റി പ്രതിവിധിയാണെന്നും അവർ കൂട്ടിച്ചേർത്തു. ഭാഷാപഠനം അല്ലെങ്കിൽ മറ്റുള്ളവരുമായി സംവദിക്കൽ തുടങ്ങിയ ദൈനംദിന പ്രവർത്തനങ്ങളിൽ ഇതു സഹായമേകും. ദിവ്യാംഗരായ കുട്ടികളുടെ സാമൂഹിക ജീവിതത്തിൽ ഈ ഉപകരണത്തിന്റെ സ്വാധീനം ശ്രീ മോദി ആരാഞ്ഞപ്പോൾ, അവരുടെ സാമൂഹിക ഇടപെടൽ സമയത്ത് ശരിയും തെറ്റും എന്താണെന്നു പഠിക്കാനും, യഥാർഥ ജീവിതത്തിൽ പ്രയോഗിക്കാൻ കഴിയുന്ന തരത്തിൽ സിമുലേറ്റീവ് പരിതസ്ഥിതിയിൽ ഉപകരണത്തിന്റെ സഹായത്തോടെ ജനങ്ങളെ എങ്ങനെ സമീപിക്കാമെന്നു പഠിക്കാനും കഴിയുമെന്ന് സയീദ പറഞ്ഞു ഇന്ത്യക്കാരനല്ലാത്ത ഒരംഗം ഉൾപ്പെടെ, സാങ്കേതിക പരിജ്ഞാനത്തിന്റെയും ഭൂമിശാസ്ത്രപരമായ സ്ഥാനത്തിന്റെയും കാര്യത്തിൽ വൈവിധ്യമാർന്നതാണ് തന്റെ ആറംഗ സംഘമെന്നു സയീദ പ്രധാനമന്ത്രിയെ അറിയിച്ചു. ബുദ്ധിമുട്ടുകൾ മനസ്സിലാക്കാൻ പ്രത്യേക ആവശ്യങ്ങളുള്ള കുട്ടികളുമായി ടീമംഗങ്ങളിൽ ആരെങ്കിലും ഇടപഴകിയിട്ടുണ്ടോ എന്ന് ശ്രീ മോദി ആരാഞ്ഞു, ടീമംഗത്തിന്റെ ബന്ധുവിന് ഓട്ടിസം ബാധിച്ചിട്ടുണ്ടെന്നും ഓട്ടിസം ബാധിച്ച കുട്ടികളുമായി ഇടപഴകുന്ന കേന്ദ്രങ്ങളുമായി ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും സയീദ പ്രതികരിച്ചു. ‘ബിഗ് ബ്രെയിൻസ്’ ടീമിലെ മറ്റൊരംഗമായ, കമ്പ്യൂട്ടർ സയൻസിലും എൻജിനിയറിങ്ങിലും ബിരുദം നേടിയ, യെമനിൽ നിന്നുള്ള വിദ്യാർഥിയായ ശ്രീ മുഹമ്മദ് അലി, സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ പോലുള്ള മഹത്തായ സംരംഭത്തിന് പ്രധാനമന്ത്രിക്കും ഗവണ്മെന്റിനും നന്ദി പറഞ്ഞു. വരും കാലങ്ങളിൽ ഇത്തരം മഹത്തായ സംരംഭങ്ങളുടെ ഭാഗമാകാൻ അദ്ദേഹം അന്താരാഷ്ട്ര വിദ്യാർഥികളെ ക്ഷണിച്ചു. ദിവ്യാംഗരായ കുട്ടികളുടെ ആവശ്യങ്ങളും ബുദ്ധിമുട്ടുകളും മനസിലാക്കിയ ടീമിനെ പ്രധാനമന്ത്രി അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു. ഓരോ കുട്ടിക്കും വളരാനും അഭിവൃദ്ധി പ്രാപിക്കാനും അവകാശമുണ്ട്. ആരും സമൂഹത്തിൽ പിന്നാക്കം പോകേണ്ടവരല്ല. ഇത്തരം വെല്ലുവിളികളെ അതിജീവിക്കാൻ പുതിയ പ്രതിവിധികൾ ആവശ്യമാണെന്നും അവയുടെ പരിഹാരം ലക്ഷക്കണക്കിന് കുട്ടികൾക്ക് സഹായകരമാകുമെന്നും പ്രാദേശികമായി പ്രതിവിധികൾ വികസിപ്പിച്ചെടുക്കുന്നുണ്ടെങ്കിലും ആഗോള തലത്തിലും ഇത് ആവശ്യമാണെന്നും അതിന്റെ സ്വാധീനം ആഗോളതലത്തിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ പ്രതിവിധികൾ ലോകത്തിലെ ഏതൊരു രാജ്യത്തിന്റെയും ആവശ്യങ്ങൾക്ക് മതിയാകുമെന്ന് ശ്രീ മോദി പറഞ്ഞു. നൂതനമായ പരിശ്രമത്തിന് മുഴുവൻ ടീമിനെയും അദ്ദേഹം അഭിനന്ദിച്ചു.

ഇന്ത്യയിൽ വർധിച്ചുവരുന്ന സൈബർ ആക്രമണങ്ങൾ കാരണം, ദേശീയ സാങ്കേതിക ഗവേഷണ സ്ഥാപനം നൽകിയ സൈബർ സുരക്ഷയെക്കുറിച്ചുള്ള പ്രശ്‌നപ്രസ്താവനയെക്കുറിച്ച് ഐഐടി ഖരഗ്പുർ നോഡൽ സെന്ററ‌ിലെ ‘ഹാക്ക് ഡ്രീമേഴ്‌സ്’ ടീം ലീഡർ പ്രധാനമന്ത്രിയെ അറിയിച്ചു. 2023ൽ മാത്രം 73 ദശലക്ഷത്തിലധികം സൈബർ ആക്രമണങ്ങൾ രാജ്യത്ത് നടന്നതായി ടീം അറിയിച്ചു. ഇത് ലോകത്തിലെ മൂന്നാമത്തെ വലിയ സൈബർ ആക്രമണമാണ്. കൂടാതെ നൂതനമായ പ്രതിവിധിയെക്കുറിച്ച് അവർ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. ലോകത്ത് ഉപയോഗിക്കുന്ന വിവിധ ആന്റിവൈറസ് യന്ത്രങ്ങളിൽനിന്നുള്ള  പ്രതിവിധികൾ വ്യത്യസ്തമാണെന്നും സിസ്റ്റം സുരക്ഷിത മോഡിൽ നിലനിർത്തി, കാര്യക്ഷമമായ രീതിയിൽ വൈറസുകൾക്കായി സമാന്തരമായി സ്കാൻ ചെയ്യുന്നതിലൂടെ ഓഫ്‌ലൈൻ ആർക്കിടെക്ചർ രൂപകൽപ്പനയും ത്രെഡ് ദിശയും നൽകുമെന്നും ടീമംഗം വിശദീകരിച്ചു. തന്റെ സമീപകാല ‘മൻ കീ ബാത്ത്’ പ്രസംഗത്തിൽ സൈബർ തട്ടിപ്പിനെക്കുറിച്ച് സംസാരിച്ച കാര്യം അനുസ്മരിച്ച പ്രധാനമന്ത്രി, വലിയ ജനവിഭാഗം ഇത്തരം ദുരുദ്ദേശ്യങ്ങളാൽ ബാധിക്കപ്പെടുന്നുവെന്ന് പ്രസ്താവിച്ചു. സൈബർ ഭീഷണികൾ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നതിനാൽ ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് നിരന്തരം നവീകരിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകത്തെ മുൻനിര ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥകളിലൊന്നാണ് ഇന്ത്യയെന്നും രാജ്യം വിവിധ തോതിൽ ഡിജിറ്റലായി കൂട്ടിയിണക്കുന്നുവെന്നും ചൂണ്ടിക്കാട്ടി, സൈബർ കുറ്റകൃത്യങ്ങളുടെ ഭീഷണികൾ നിരന്തരം വർധിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. അതിനാൽ, സൈബർ കുറ്റകൃത്യങ്ങൾക്കുള്ള പ്രതിവിധികൾ ഇന്ത്യയുടെ ഭാവിക്ക് നിർണായകമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പങ്കെടുത്തവർക്ക് ആശംസകൾ നേരുകയും ഇത്തരം പ്രതിവിധികൾ ഗവണ്മെന്റിനും അങ്ങേയറ്റം പ്രയോജനകരമാണെന്നും അദ്ദേഹം പറഞ്ഞു. ടീമംഗങ്ങളുടെ ഉത്സാഹത്തെ ശ്രീ മോദി അഭിനന്ദിച്ചു. 

ഗുജറാത്ത് സാങ്കേതിക സർവകലാശാലയിലെ ടീം കോഡ് ബ്രോ, ‘ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ നിന്നുള്ള ഇരുണ്ട ചിത്രങ്ങൾ മെച്ചപ്പെടുത്താനായി’ ഐഎസ്ആർഒ നൽകിയ പ്രശ്‌നപ്രസ്താവനയിൽ പ്രവർത്തിക്കുന്നത് സംബന്ധിച്ച് പ്രധാനമന്ത്രിയെ അറിയിച്ചു. പ്രതിവിധിയുടെ പേര് ‘ചാന്ദ് വാധാനി’ എന്നാണെന്നും ഇത് ചിത്രങ്ങൾ മെച്ചപ്പെടുത്തുക മാത്രമല്ല, തീരുമാനമെടുക്കാനുള്ള കഴിവ് ഉൾക്കൊള്ളുന്നുവെന്നും അവർ അറിയിച്ചു. തത്സമയ പ്രാദേശിക തെരഞ്ഞെടുക്കൽ നടത്തുമ്പോൾ ഇത് ഗർത്തങ്ങളും പാറകളും കണ്ടെത്തുന്നു. ചന്ദ്രന്റെ ഭൂമിശാസ്ത്രപരവും പാരിസ്ഥിതികവുമായ അവസ്ഥകളെക്കുറിച്ച് നന്നായി മനസ്സിലാക്കുന്നതിനെക്കുറിച്ച്, ബഹിരാകാശ സാങ്കേതിക മേഖലയിൽ പ്രവർത്തിക്കുന്നവരുമായി, പ്രത്യേകിച്ച് ബഹിരാകാശ കേന്ദ്രമുള്ള അഹമ്മദാബാദിൽ, സംവദിക്കാൻ ടീമംഗങ്ങൾക്ക് അവസരം ലഭിച്ചിട്ടുണ്ടോയെന്ന് പ്രധാനമന്ത്രി ആരാഞ്ഞു. പ്രധാനമന്ത്രിയുടെ അന്വേഷണത്തിന്, ടീം അംഗം അനുകൂലമായി മറുപടി നൽകുകയും അത് ചന്ദ്ര പര്യവേക്ഷണത്തെ സഹായിക്കുമെന്ന് പറയുകയും ചെയ്തു. ഡാർക്ക് നെറ്റ്, ഫോട്ടോ നെറ്റ് എന്നിങ്ങനെ രണ്ട് ആർക്കിടെക്ചറുകൾ അടങ്ങിയ മെഷീൻ ലേണിങ് മാതൃകയുടെ ഉപയോഗത്തെക്കുറിച്ച് മറ്റൊരു ടീം അംഗം വിശദീകരിച്ചു. ലോകം ഇന്ത്യയുടെ ബഹിരാകാശ യാത്രയെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നതെന്ന് അടിവരയിട്ട പ്രധാനമന്ത്രി, കഴിവുറ്റ യുവാക്കളെ ഉൾപ്പെടുത്തുന്നത് വിശ്വാസത്തിനു കൂടുതൽ കരുത്തേകുന്നുവെന്നു പറഞ്ഞു. ആഗോള ബഹിരാകാശ സാങ്കേതിക ശക്തിയിൽ ഇന്ത്യ പങ്ക് വിപുലീകരിക്കുമെന്നതിന്റെ തെളിവാണ് ചെറുപ്പക്കാരായ നൂതനാശയ ഉപജ്ഞാതാക്കളെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു, പങ്കെടുത്ത എല്ലാവർക്കും അദ്ദേഹം ആശംസകൾ നേർന്നു.

മുംബൈയിലെ വെല്ലിങ്‌കർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് ആൻഡ് റിസർച്ചിൽ നിന്നുള്ള മിസ്റ്റിക് ഒറിജിനൽസ് ടീം ലീഡർ ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് നൽകുന്ന മൈക്രോ ഡോപ്ലർ അധിഷ്‌ഠിത ടാർഗെറ്റ് ക്ലാസിഫിക്കേഷൻ നൽകുന്ന സുരക്ഷാ വെല്ലുവിളി നേരിടുന്നതിനെക്കുറിച്ച് അറിയിച്ചു. റഡാറിൽ പക്ഷിയും ഡ്രോണും ഒരേപോലെ കാണപ്പെടുന്നുവെന്നും അത് തെറ്റായ അലാറങ്ങൾക്കും മറ്റ് സുരക്ഷാ ഭീഷണികൾക്കും ഇടയാക്കുമെന്നും അവർ വിശദീകരിച്ചു; പ്രത്യേകിച്ച് വളരെവേഗം പ്രതികരിക്കുന്ന പ്രദേശങ്ങളിൽ. മറ്റൊരു ടീം അംഗം വിശദാംശങ്ങൾ വിവരിച്ചു. മനുഷ്യരിലെ തനതായ വിരലടയാളങ്ങൾക്ക് സമാനമായ, വ്യത്യസ്ത വസ്തുക്കൾ സൃഷ്ടിക്കുന്ന തനതായ പാറ്റേണുകളാണ് മൈക്രോ ഡോപ്ലർ സിഗ്നേച്ചറുകൾ ഉപയോഗിക്കുന്നത് എന്ന് വിശദീകരിച്ചു. ഈ പ്രതിവിധിക്കു വേഗതയും ദിശയും ദൂരവും തിരിച്ചറിയാൻ കഴിയുമോ എന്ന പ്രധാനമന്ത്രിയുടെ ചോദ്യത്തിന് അത് ഉടൻ കൈവരിക്കുമെന്ന് ടീം അംഗം മറുപടി നൽകി. ഡ്രോണുകൾക്ക് ഗുണപരമായ വിവിധ ഉപയോഗങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ചില ശക്തികൾ മറ്റുള്ളവരെ ദ്രോഹിക്കാൻ ഡ്രോണുകൾ ഉപയോഗിക്കുന്നുണ്ടെന്നും ഇത് സുരക്ഷാ വെല്ലുവിളിയായി മാറിയെന്നും ചൂണ്ടിക്കാട്ടി. നൽകിയ പ്രതിവിധി അത്തരമൊരു വെല്ലുവിളിയെ നേരിടാൻ പ്രാപ്തമാണോ എന്ന് പ്രധാനമന്ത്രി ആരാഞ്ഞു. ഒരു ടീം അംഗം പ്രക്രിയ വിശദീകരിക്കുകയും ചെലവ് കുറഞ്ഞ ഉപകരണങ്ങളിൽ ഉപയോഗിക്കാവുന്നതും വ്യത്യസ്ത പരിതസ്ഥിതികളോട് പൊരുത്തപ്പെടുന്നതുമായ പ്രത‌ിവിധിയാണെന്ന് വ്യക്തമാക്കുകയും ചെയ്തു. പുൽവാമ ആക്രമണത്തിന് ശേഷം ആകാശത്ത് ശത്രുഡ്രോണുകളുടെ ആവൃത്തി ദ്രുതഗതിയിൽ വർധിച്ചുവെന്നും രാത്രിയിൽ ഏത് സമയത്തും ഡ്രോൺ വിരുദ്ധ പ്രതിരോധ സംവിധാനം സജീവമാകുമെന്നും രാജസ്ഥാൻ അതിർത്തിപ്രദേശത്ത് നിന്നുള്ള മറ്റൊരു ടീം അംഗം അറിയിച്ചു. പൗരന്മാർ വളരെയധികം ബുദ്ധിമുട്ടുകൾ നേരിടുന്നതിനാലാണ് ഈ പ്രശ്നപ്രസ്താവന തെരഞ്ഞെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വിവിധ മേഖലകളിൽ ഡ്രോണുകളുടെ ഉപയോഗം എടുത്തുപറഞ്ഞ പ്രധാനമന്ത്രി നമോ ഡ്രോൺ ദീദി പദ്ധതിയുടെ ഉദാഹരണം ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ വിദൂര പ്രദേശങ്ങളിലേക്ക് മരുന്നുകളും അവശ്യസാധനങ്ങളും കൊണ്ടുപോകുന്നതിന് ഡ്രോണുകളുടെ ഉപയോഗവും അദ്ദേഹം പരാമർശിച്ചു, അതേസമയം ശത്രുക്കൾ അതിർത്തിയിലൂടെ തോക്കുകളും മയക്കുമരുന്നുകളും കടത്താൻ ഉപയോഗിക്കുന്നു. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ഇത്തരം പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാൻ യുവാക്കൾ അതീവ ഗൗരവത്തോടെ പ്രവർത്തിക്കുന്നതിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. പ്രതിരോധ സാങ്കേതികവിദ്യയുടെ കയറ്റുമതിക്ക് പുതിയ മാനങ്ങൾ നൽകാൻ ഈ കണ്ടുപിടിത്തങ്ങൾക്കു കഴിയുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി ആശംസകൾ അറിയിക്കുകയും അതിർത്തിപ്രദേശത്തു നിന്നുള്ള സംഘാംഗത്തിന് പ്രശ്‌നം വിശദമായി മനസ്സിലാക്കാനും പ്രതിവിധികളുടെ ആവശ്യകത മനസ്സിലാക്കാനും കഴിയുമെന്ന് അംഗീകരിക്കുകയും ചെയ്തു. തെറ്റായ കാര്യങ്ങൾക്ക് ഡ്രോണുകൾ ഉപയോഗിക്കുന്നവർ ഓരോ ദിവസം കഴിയുന്തോറും പുതിയ സാങ്കേതികവിദ്യ നടപ്പിലാക്കുന്നതിനാൽ ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് കണ്ടുപിടിത്തം നവീകരിക്കാനും അദ്ദേഹം അവർക്കു നിർദേശം നൽകി. അവരുടെ ശ്രമങ്ങളെ പ്രധാനമന്ത്രി പ്രശംസിക്കുകയും ചെയ്തു.

ബംഗളൂരുവിലെ ന്യൂ ഹൊറൈസൺ കോളേജ് ഓഫ് എൻജിനിയറിങ്ങിലെ നിർവാണ വൺ ടീം ലീഡർ നദീമലിനീകരണം കുറയ്ക്കുന്നതിനും നദികളുടെ പുനരുജ്ജീവനം മെച്ചപ്പെടുത്തുന്നതിനുമായി ജലശക്തി മന്ത്രാലയം നൽകിയ പ്രശ്നപ്രസ്താവനയെക്കുറിച്ച് പ്രധാനമന്ത്രിയെ അറിയിച്ചു. സാംസ്കാരികവും ആത്മീയവുമായ പ്രാധാന്യം കണക്കിലെടുത്താണ് ഗംഗയെ ഈ പദ്ധതിക്കായി തെരഞ്ഞെടുത്തതെന്ന് മറ്റൊരു സംഘാംഗം പറഞ്ഞു. നമാമി ഗംഗയെയും സംശുദ്ധ ഗംഗയ്ക്കായുള്ള ദേശീയ ദൗത്യത്തെയുംകുറിച്ച് നടത്തിയ ഗവേഷണത്തിന്റെ ഫലമായാണ് പദ്ധതി ആരംഭിച്ചതെന്ന് അവർ അറിയിച്ചു. നദീതീരത്ത് താമസിക്കുന്നവരുടെ ജീവിതത്തെ സഹായിക്കുന്നതിന് ലഭ്യമായ വിവരങ്ങളുടെ സഹായത്തോടെ തീരുമാന പിന്തുണാസംവിധാനം സൃഷ്ടിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. 38 പ്രധാന ഇടങ്ങൾ കണ്ടെത്തി, മാതൃ മാതൃകയുമായി ഇടപഴകുന്ന ഫെഡറേറ്റഡ് ലേണിങ്ങിന്റെ സഹായത്തോടെ പ്രാദേശിക മാതൃകകൾ സൃഷ്ടിച്ചതായും അതുവഴി കൃത്യത വർധിപ്പിച്ചതായും ടീം ലീഡർ അറിയിച്ചു. ഓരോ പങ്കാളിക്കും വേണ്ടി വിപുലമായ ഡാഷ്‌ബോർഡ് സൃഷ്ടിക്കുന്നതിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. മഹാകുംഭമേളയിൽ പങ്കെടുക്കുന്നവർക്ക് ഈ നവീകരണം എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെക്കുറിച്ച് പ്രധാനമന്ത്രി ആരാഞ്ഞപ്പോൾ, വിവരവിശകലനം വ്യക്തിഗത തലത്തിൽ അണുവിമുക്തമാക്കൽ നടത്താനും നല്ല ആരോഗ്യം ഉറപ്പാക്കാനും സഹായിക്കുമെന്ന് ടീം ലീഡർ മറുപടി നൽകി. വ്യാവസായിക മാലിന്യ നിരീക്ഷണം, മലിനജല സംസ്കരണ അടിസ്ഥാനസൗകര്യങ്ങൾ, ജൈവവൈവിധ്യ പരിപാലനം തുടങ്ങിയവയ്ക്കായി വിവിധ പോർട്ടലുകൾ നൽകുന്നതിനെക്കുറിച്ച് അദ്ദേഹം അറിയിച്ചു. കുടിവെള്ള വിതരണ ശൃംഖലയെ സംബന്ധിച്ചിടത്തോളം, മലിനീകരണത്തിന്റെ പ്രത്യേക വർധന അതിന് കാരണമാകുന്ന വ്യവസായത്തെ പിന്നോട്ട് വലിക്കാമെന്നും മൊത്തത്തിൽ മലിനീകരണമുണ്ടാക്കുന്ന വ്യവസായങ്ങളെ നിയന്ത്രിക്കുമെന്നും അദ്ദേഹം പ്രധാനമന്ത്രിയെ അറിയിച്ചു. പാരിസ്ഥിതിക കാഴ്ചപ്പാടിൽ പദ്ധതി വളരെ നിർണായകമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി, ഇത്തരം സംവേദാത്മക വിഷയങ്ങളിൽ സംഘം പ്രവർത്തിക്കുന്നതിൽ സന്തോഷം പ്രകടിപ്പിച്ചു. ടീമിന് അദ്ദേഹം ആശംസകൾ അറിയിച്ചു.

SIH-ൽ പങ്കെടുത്ത എല്ലാവരോടും നന്ദി പറഞ്ഞ പ്രധാനമന്ത്രി, എല്ലാവരോടും സംസാരിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞു. ഭാവിയിലെ ലോകം വിജ്ഞാനത്താലും നവീകരണത്താലും നയിക്കപ്പെടാൻ പോകുന്നുവെന്നും മാറുന്ന സാഹചര്യങ്ങളിൽ യുവാക്കൾ ഇന്ത്യയുടെ പ്രതീക്ഷയും അഭിലാഷവുമാണെന്നും ശ്രീ മോദി അഭിപ്രായപ്പെട്ടു. അവരുടെ കാഴ്ചപ്പാടും ചിന്തയും ഊർജവും വ്യത്യസ്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാവരുടെയും ലക്ഷ്യം ഒന്നുതന്നെയാണെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ലോകത്തിലെ ഏറ്റവും നൂതനവും പുരോഗമനപരവും സമ്പന്നവുമായ രാജ്യമായി ഇന്ത്യ മാറണമെന്ന് അടിവരയിട്ടു. നൂതനമായ യുവശക്തിയും ഇന്ത്യയുടെ സാങ്കേതിക ശക്തിയുമാണ് ഇന്ത്യയുടെ കരുത്തെന്നു ലോകം അംഗീകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്‌മാർട്ട് ഇന്ത്യ ഹാക്കത്തോണിലെ പങ്കാളികളിൽ ഇന്ത്യയുടെ കരുത്ത് വ്യക്തമായി കാണാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിലെ യുവാക്കളെ ആഗോളതലത്തിൽ മികച്ചവരാക്കാനുള്ള ഫലപ്രദമായ വേദിയായി സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ മാറിയതിൽ ശ്രീ മോദി സന്തുഷ്ടി പ്രകടിപ്പിച്ചു. സ്മാർട്ട് ഇന്ത്യ ഹാക്കത്തോണിന്റെ തുടക്കം മുതൽ ഏകദേശം 14 ലക്ഷം വിദ്യാർഥികൾ പങ്കെടുക്കുകയും രണ്ടുലക്ഷം ടീമുകൾ രൂപീകരിക്കുകയും മൂവായിരത്തോളം പ്രശ്‌നങ്ങളിൽ പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. 6400-ലധികം സ്ഥാപനങ്ങൾ ഇതുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും നൂറുകണക്കിന് പുതിയ സ്റ്റാർട്ടപ്പുകൾ ഹാക്കത്തോൺ കാരണം ഉണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2017-ൽ ഏഴായിരത്തിലധികം ആശയങ്ങൾ വിദ്യാർഥികൾ സമർപ്പിച്ചപ്പോൾ ഈ വർഷം ഈ ആശയങ്ങളുടെ എണ്ണം 57,000-ൽ അധികമായി വർധിച്ചതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്തെ വെല്ലുവിളികൾ പരിഹരിക്കാൻ ഇന്ത്യയിലെ യുവാക്കൾ എങ്ങനെയാണ് മുന്നോട്ട് വന്നതെന്ന് ഇത് കാണിച്ചുതരുന്നതായി അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഏഴ് ഹാക്കത്തോണുകളിൽ നിന്നുള്ള പല പ്രതിവിധികളും ഇന്ന് രാജ്യത്തെ ജനങ്ങൾക്ക് വളരെ ഉപകാരപ്രദമാണെന്ന് അറിയിച്ച പ്രധാനമന്ത്രി, ഹാക്കത്തോണുകൾ പല വലിയ പ്രശ്‌നങ്ങൾക്കും പ്രതിവിധി നൽകിയിട്ടുണ്ടെന്നും പറഞ്ഞു. 2022 ലെ ഹാക്കത്തോണിൽ നിന്നുള്ള ഉദാഹരണവും അദ്ദേഹം ചൂണ്ടിക്കാട്ടി. ചുഴലിക്കാറ്റിന്റെ തീവ്രത അളക്കുന്നതിനുള്ള സംവിധാനത്തിൽ യുവാക്കൾ പ്രവർത്തിച്ചിരുന്നു. അത് ഇപ്പോൾ ഐഎസ്ആർഒ വികസിപ്പിച്ച സാങ്കേതികവിദ്യയുമായി സംയോജിപ്പിച്ചിരിക്കുന്നു. ഒരു സംഘം വീഡിയോ ജിയോടാഗിങ് ആപ്ലിക്കേഷൻ സൃഷ്ടിച്ചതിന്റെ മറ്റൊരു ഉദാഹരണവും പ്രധാനമന്ത്രി പരാമർശിച്ചു. ഇത് വിവരശേഖരണം സുഗമമാക്കുന്നുവെന്ന് ഉറപ്പാക്കുന്നു, അത് ഇപ്പോൾ ബഹിരാകാശവുമായി ബന്ധപ്പെട്ട ഗവേഷണത്തിൽ ഉപയോഗിക്കുന്നു. പ്രകൃതിദുരന്തസമയത്ത് അവിടെയുണ്ടായിരുന്ന രക്തബാങ്കുകളുടെ വിശദാംശങ്ങൾ നൽകാൻ മറ്റൊരു സംഘം തത്സമയ രക്തം കൈകാര്യം ചെയ്യൽ സംവിധാനത്തിനായി പ്രവർത്തിച്ചു. ഇത് ഇന്ന് NDRF പോലുള്ള ഏജൻസികളെ വളരെയധികം സഹായിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹാക്കത്തോണിന്റെ മറ്റൊരു വിജയഗാഥയും ശ്രീ മോദി ചൂണ്ടിക്കാട്ടി. കുറച്ച് വർഷങ്ങൾക്ക് മുമ്പ് മറ്റൊരു സംഘം ദിവ്യാംഗങ്ങൾക്കായി ഒരുൽപ്പന്നം സൃഷ്ടിച്ചു. അത് അവരുടെ ജീവിതത്തിലെ ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിന് സഹായകരമാണെന്ന് തെളിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഹാക്കത്തോണിൽ പങ്കെടുക്കുന്ന യുവാക്കൾക്ക് ഇത്തരത്തിൽ വിജയിച്ച നൂറുകണക്കിന് കാര്യങ്ങളുടെ പഠനങ്ങൾ പ്രചോദനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യം നേരിടുന്ന വെല്ലുവിളികളെ നേരിടാൻ രാജ്യത്തെ യുവജനങ്ങൾ എങ്ങനെയാണ് രാജ്യത്തിന്റെ വികസനത്തിനായി ഗവണ്മെന്റിനൊപ്പം പ്രവർത്തിക്കുന്നതെന്ന് ഹാക്കത്തോണുകൾ കാണിച്ചുതരുന്നതായി പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും രാജ്യത്തിന്റെ വികസനത്തിനും ഉടമസ്ഥാവകാശബോധം നൽകുകയാണതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വികസിത ഇന്ത്യയിലേക്കുള്ള ശരിയായ പാതയിലാണ് രാജ്യം എന്ന് ശ്രീ മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇന്ത്യയിലെ പ്രശ്നങ്ങൾക്ക് നൂതനമായ പരിഹാരങ്ങൾ കണ്ടെത്തുന്ന യുവാക്കളുടെ ഉത്സാഹത്തെയും പ്രതിജ്ഞാബദ്ധതയെയും അദ്ദേഹം പ്രശംസിച്ചു.

ഇന്നത്തെ കാലത്ത് രാജ്യത്തിന്റെ അഭിലാഷങ്ങളിലുള്ള ഓരോ വെല്ലുവിളികളുടെ കാര്യത്തിലും നിലവിലെ ചിന്തകൾക്കതീതമായി സഞ്ചരിക്കേണ്ടതിന്റെ ആവശ്യകതയ്ക്ക് ഊന്നൽ നൽകിയ ശ്രീ മോദി, എല്ലാ മേഖലകളിലും നമ്മുടെ ശീലങ്ങളിൽ ചിന്തകൾക്കതീതമായി സഞ്ചരിക്കേണ്ടതുണ്ടെന്നും പറഞ്ഞു. ഈ ഹാക്കത്തോണിന്റെ പ്രത്യേകത എടുത്തുപറഞ്ഞ്, അതിന്റെ പ്രക്രിയയും ഉൽപ്പന്നവും പ്രധാനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കുമെന്ന് ഗവണ്മെന്റ് മാത്രം അവകാശപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്നും, എന്നാൽ, ഇന്ന് ഇത്തരം ഹാക്കത്തോണുകൾ വഴി വിദ്യാർഥികളെയും അധ്യാപകരെയും മാർഗനിർദേശകരെയും കൂടി പ്രതിവിധികളിലേക്ക് കണ്ണിചേർക്കുകയാണെന്നും ശ്രീ മോദി പറഞ്ഞു. ഇത് ഇന്ത്യയുടെ പുതിയ ഭരണ മാതൃകയാണെന്നും ‘കൂട്ടായ പ്രയത്നം’ ഈ മാതൃകയുടെ ജീവശക്തിയാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ അടുത്ത 25 വർഷത്തെ തലമുറ ഇന്ത്യയുടെ അമൃതതലമുറയാണെന്ന് പറഞ്ഞ പ്രധാനമന്ത്രി, ആവശ്യമായ എല്ലാ വിഭവങ്ങളും ശരിയായ സമയത്ത് നൽകാൻ ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണെന്നും വികസിത ഇന്ത്യ കെട്ടിപ്പടുക്കാനുള്ള ഉത്തരവാദിത്വം യുവാക്കൾക്ക് ഉണ്ടെന്നും പറഞ്ഞു. വിവിധ പ്രായ വിഭാഗങ്ങളിൽ ഗവണ്മെന്റ് വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്നുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി, വിദ്യാർഥികളിൽ ശാസ്ത്രീയ മനോഭാവം വളർത്തുന്നതിനായി ഗവണ്മെന്റ് പുതിയ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കിയിട്ടുണ്ടെന്നും അടുത്ത തലമുറയെ ഉറപ്പാക്കാൻ പതിനായിരത്തിലധികം അടൽ ടിങ്കറിങ് ലാബുകൾ തുറന്നിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്കൂളുകളിൽ നവീകരണത്തിനുള്ള വിഭവങ്ങൾ രാജ്യത്തിന് ലഭിക്കുന്നു. ഈ ലാബുകൾ ഇപ്പോൾ പുതിയ പരീക്ഷണങ്ങളുടെ കേന്ദ്രമായി മാറുകയാണെന്ന് എടുത്തുപറഞ്ഞ അദ്ദേഹം, ഒരു കോടിയിലധികം കുട്ടികൾ ഗവേഷണം നടത്തുന്നുണ്ടെന്ന് പറഞ്ഞു. 14,000-ലധികം പിഎം ശ്രീ സ്കൂളുകൾ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ വൈദഗ്ധ്യത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നും വിദ്യാർഥികളുടെ നൂതന ചിന്തകൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി കോളേജ് തലത്തിൽ ഗവണ്മെന്റ് നൂതനാശയ ഉത്ഭവകേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നൂതന റോബോട്ടിക്‌സും നിർമിതബുദ്ധി ലാബുകളും പ്രായോഗിക പഠനത്തിനായി ഉപയോഗിക്കുന്നുണ്ടെന്നും യുവാക്കളുടെ സംശയങ്ങൾ പരിഹരിക്കുന്നതിനാണ് ജിജ്ഞാസ പ്ലാറ്റ്‌ഫോം സൃഷ്ടിച്ചതെന്നും അവിടെ അവർക്ക് ശാസ്ത്രജ്ഞരുമായി നേരിട്ട് ബന്ധപ്പെടാനും സംസാരിക്കാനും അവസരമുണ്ടെന്നും ശ്രീ മോദി അഭിപ്രായപ്പെട്ടു.

ഇന്ന് പരിശീലനത്തിന് പുറമെ യുവാക്കൾക്ക് സ്റ്റാർട്ടപ്പ് ഇന്ത്യ യജ്ഞത്തിലൂടെ സാമ്പത്തിക സഹായവും നികുതി ഇളവും നൽകുന്നുണ്ടെന്ന് പ്രധാനമന്ത്രി അടിവരയിട്ടു. വ്യവസായം തുടങ്ങാൻ 20 ലക്ഷം രൂപ വരെ മുദ്ര വായ്പ ക്രമീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ കമ്പനികൾക്കായി രാജ്യത്തുടനീളം സാങ്കേതികവിദ്യ പാർക്കുകളും പുതിയ ഐടി ഹബ്ബുകളും നിർമിക്കുന്നുണ്ടെന്നും ഗവണ്മെന്റ് ഒരു ലക്ഷം കോടി രൂപയുടെ ഗവേഷണ ഫണ്ട് സൃഷ്ടിച്ചിട്ടുണ്ടെന്നും ശ്രീ മോദി അറിയിച്ചു. യുവാക്കളുടെ ആവശ്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുമ്പോൾ അവരുടെ തൊഴിൽജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ഗവണ്മെന്റ് അവർക്കൊപ്പം നിൽക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹാക്കത്തോണുകൾ വെറും ഔപചാരിക പരിപാടിയല്ലെന്നും യുവാക്കൾക്ക് പുതിയ അവസരങ്ങൾ നൽകുന്നുവെന്നും പറഞ്ഞ ശ്രീ മോദി, ഇത് ജനോപകാരപ്രദമായ ഭരണമാതൃകയുടെ ഭാഗമായ സ്ഥിരം സ്ഥാപനമായി മാറുന്ന പ്രക്രിയയാണെന്നും ചൂണ്ടിക്കാട്ടി.

ഇന്ത്യയെ വൻ സാമ്പത്തിക ശക്തിയായി ഉയർത്താൻ, വളർന്നുവരുന്ന മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ പ്രാധാന്യത്തിനു പ്രധാനമന്ത്രി മോദി ഊന്നൽ നൽകി. ഒരു പതിറ്റാണ്ട് മുമ്പ് വേണ്ടത്ര വികസിച്ചിട്ടില്ലാത്ത ഡിജിറ്റൽ ഉള്ളടക്ക നിർമ്മാണം, ഗെയിമിങ് തുടങ്ങിയ മേഖലകൾ ഇപ്പോൾ ഇന്ത്യയിൽ അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഈ മേഖലകൾ പുതിയ തൊഴിൽ പാതകൾ തുറക്കുകയും യുവാക്കൾക്ക് പര്യവേക്ഷണത്തിനും പരീക്ഷണത്തിനും അവസരങ്ങൾ നൽകുകയും ചെയ്യുന്നു. പരിഷ്കാരങ്ങളിലൂടെ തടസ്സങ്ങൾ നീക്കി യുവാക്കളുടെ ജിജ്ഞാസയ്ക്കും ബോധ്യത്തിനും ഗവണ്മെന്റ് സജീവമായി പിന്തുണ നൽകുന്നു. ഉള്ളടക്ക സ്രഷ്ടാക്കളുടെ പരിശ്രമങ്ങളും സർഗാത്മകതയും തിരിച്ചറിയാൻ ലക്ഷ്യമിട്ടുള്ള ദേശീയ ക്രിയേറ്റേഴ്‌സ് അവാർഡിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. ഗ്രാമതല ടൂർണമെന്റുകൾ മുതൽ ഒളിമ്പിക്‌സ് വരെയുള്ള പ്രധാന മത്സരങ്ങൾക്ക് തയ്യാറെടുക്കാൻ കായികതാരങ്ങളെ സഹായിക്കുന്ന ഖേലോ ഇന്ത്യയും ടോപ്‌സ് സ്‌കീമും പോലുള്ള സംരംഭങ്ങളിലൂടെ കായികരംഗത്തെ ജീവിതോപാധിയായി തെരഞ്ഞെടുക്കുന്നതു പ്രോത്സാഹിപ്പിക്കാനുള്ള ഗവണ്മെന്റിന്റെ ശ്രമങ്ങൾ പ്രധാനമന്ത്രി മോദി ചൂണ്ടിക്കാട്ടി. കൂടാതെ, അനിമേഷൻ, വിഷ്വൽ ഇഫക്‌ട്‌സ്, ഗെയിമിങ്, കോമിക്‌സ്, എക്സ്റ്റൻഡഡ് റിയാലിറ്റി എന്നിവയ്‌ക്കായുള്ള മികവിന്റെ ദേശീയ കേന്ദ്രം ഇതിനകം തന്നെ ജീവിതോപാധിക്കുള്ള മികച്ച അവസരമായി ഉയർന്നുവരുന്ന ഗെയിമിങ്ങിൽ സ്വാധീനം ചെലുത്തുന്നു.

ആഗോള പ്രശംസ നേടിയ ‘ഒരു രാജ്യം-ഒരു സബ്‌സ്‌ക്രിപ്‌ഷൻ’ പദ്ധതി ആരംഭിക്കാനുള്ള ഗവണ്മെന്റിന്റെ സമീപകാല തീരുമാനവും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഈ സംരംഭം ഇന്ത്യയിലെ യുവാക്കൾ, ഗവേഷകർ, നൂതനാശയ ഉപജ്ഞാതാക്കൾ എന്നിവർക്ക് അന്താരാഷ്ട്ര പ്രസിദ്ധീകരണങ്ങളിലേക്കു പ്രവേശനം നൽകുന്നു. ഇത് ഒരു ചെറുപ്പക്കാരനും വിലപ്പെട്ട വിവരങ്ങൾ നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്നു. ഈ പദ്ധതിക്കു കീഴിൽ, വിജ്ഞാനത്തിലേക്കുള്ള വ്യാപകമായ പ്രവേശനം സാധ്യമാക്കി, ഗവണ്മെന്റ് പ്രശസ്തമായ പ്രസിദ്ധീകരണങ്ങളുടെ വരിക്കാരാകുന്നു. ഹാക്കത്തോണുകളിൽ പങ്കെടുക്കുന്നവർക്ക് ഇത് നൽകുന്ന നേട്ടവും ലോകത്തിലെ മികച്ച മനസ്സുകളുമായി മത്സരിക്കാൻ ഇന്ത്യൻ യുവാക്കളെ ശാക്തീകരിക്കുക എന്ന വിശാലമായ ലക്ഷ്യവും പ്രധാനമന്ത്രി മോദി ചൂണ്ടിക്കാട്ടി. ഗവണ്മെന്റിന്റെ ദൗത്യം യുവാക്കളുടെ കാഴ്ചപ്പാടുമായി യോജിച്ചുപോകുന്നുവെന്നും വിജയിക്കാൻ ആവശ്യമായ എല്ലാ പിന്തുണയും അടിസ്ഥാനസൗകര്യങ്ങളും അവർക്കുണ്ടെന്നും അദ്ദേഹം ആവർത്തിച്ചു.

കുടുംബാംഗങ്ങളുടെ രാഷ്ട്രീയ ചരിത്രമില്ലാത്ത ഒരു ലക്ഷം യുവാക്കളെ രാജ്യത്തിന്റെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരുമെന്ന പ്രഖ്യാപനം ശ്രീ മോദി ആവർത്തിച്ചു, ഇത് ഇന്ത്യയുടെ ഭാവിക്ക് അത്യന്താപേക്ഷിതമാണെന്നും ഈ ദിശയിൽ വ്യത്യസ്ത വഴികൾ ആവിഷ്‌കരിച്ച് വരികയാണെന്നും കൂട്ടിച്ചേർത്തു. 2025 ജനുവരിയിൽ “വികസിത ഭാരത യുവ നേതാക്കളുടെ സംവാദം” നടക്കുമെന്ന് ശ്രീ മോദി പ്രഖ്യാപിച്ചു. അതിൽ രാജ്യത്തുടനീളമുള്ള കോടിക്കണക്കിന് യുവാക്കൾ പങ്കെടുക്കുകയും വികസിത ഇന്ത്യക്കായി അവരുടെ ആശയങ്ങൾ നൽകുകയും ചെയ്യും. യുവാക്കളെയും അവരുടെ ആശയങ്ങളെയും തെരഞ്ഞെടുക്കുമെന്നും സ്വാമി വിവേകാനന്ദന്റെ ജന്മദിനത്തോടനുബന്ധിച്ച് ജനുവരി 11, 12 തീയതികളിൽ യുവ നേതാക്കളുടെ സംവാദം ന്യൂഡൽഹിയിൽ സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തിനകത്തും പുറത്തുമുള്ള പ്രമുഖ വ്യക്തിത്വങ്ങൾക്കൊപ്പം താനും ഇതിൽ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ച ശ്രീ മോദി, എസ്ഐഎച്ചുമായി ബന്ധപ്പെട്ട എല്ലാ യുവാക്കളോടും “വ‌ികസിത ഭാരത യുവനേതാക്കളുടെ സംവാദ”ത്തിന്റെ ഭാഗമാകാൻ ആവശ്യപ്പെട്ടു. ഇത് അവർക്ക് രാഷ്ട്രനിർമാണത്തിന്റെ ഭാഗമാകാൻ മറ്റൊരു മികച്ച അവസരം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വരാനിരിക്കുന്ന സമയം അവസരമായും ഉത്തരവാദിത്വമായും കാണാൻ സ്മാർട്ട് ഇന്ത്യ ഹാക്കത്തോണിൽ പങ്കെടുക്കുന്നവരെ ശ്രീ മോദി പ്രോത്സാഹിപ്പിച്ചു. ഇന്ത്യയുടെ വെല്ലുവിളികൾ പരിഹരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക മാത്രമല്ല, ആഗോള പ്രശ്‌നങ്ങളിൽ കൂടുതൽ ഫലപ്രദമായി പ്രവർത്തിക്കാനും അദ്ദേഹം ടീമുകളോട് അഭ്യർഥിച്ചു. അടുത്ത ഹാക്കത്തോണിൽ ആഗോള പ്രതിസന്ധികളെ അഭിസംബോധന ചെയ്യുന്ന പ്രതിവിധികളുടെ ഉദാഹരണങ്ങൾ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി മോദി പ്രത്യാശ പ്രകടിപ്പിച്ചു. നൂതനാശയ ഉപജ്ഞാതാക്കളുടെയും പ്രശ്‌നപരിഹാരകരുടെയും കഴിവിലുള്ള രാജ്യത്തിന്റെ വിശ്വാസത്തിലും അഭിമാനത്തിലും ഊന്നൽ നൽകിയ അദ്ദേഹം, അവർക്ക് വിജയാശംസകൾ നേരുകയും നന്ദി അറിയിക്കുകയും ചെയ്തു.

പശ്ചാത്തലം

സ്മാർട്ട് ഇന്ത്യ ഹാക്കത്തോണിന്റെ (SIH) ഏഴാം പതിപ്പ‌ിന് 2024 ഡിസംബർ 11നു രാജ്യവ്യാപകമായി 51 നോഡൽ കേന്ദ്രങ്ങളിൽ ഒരേസമയം തുടക്കമായി. സോഫ്റ്റ്‌വെയർ പതിപ്പ് 36 മണിക്കൂർ തുടർച്ചയായി നടക്കും. അതേസമയം ഹാർഡ്‌വെയർ പതിപ്പ് 2024 ഡിസംബർ 11 മുതൽ 15 വരെ തുടരും. മുൻപതിപ്പുകൾപോലെ, വിദ്യാർഥി നൂതനാശയ വിഭാഗത്തിൽ ദേശീയ പ്രാധാന്യമുള്ള മേഖലകളുമായി ബന്ധിപ്പിച്ചിട്ടുള്ള 17 വിഷയങ്ങളിൽ ഏതെങ്കിലുമൊന്നിൽ മന്ത്രാലയങ്ങളോ വകുപ്പുകളോ വ്യവസായങ്ങളോ നൽകുന്ന പ്രശ്നപ്രസ്താവനകളിൽ വിദ്യാർഥികളുടെ ടീമുകൾ പ്രവർത്തിച്ച്, ആശയങ്ങൾ സമർപ്പിക്കും. ആരോഗ്യസംരക്ഷണം, വിതരണശൃംഖലയും ലോജിസ്റ്റിക്സും, സ്മാർട്ട് ടെക്നോളജീസ്, പൈതൃകവും സംസ്കാരവും, സുസ്ഥിരത, വിദ്യാഭ്യാസവും നൈപുണ്യവികസനവും, ജലം, കൃഷിയും ഭക്ഷണവും, ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾ, ദുരന്തനിവാരണം എന്നിവയാണ് ഈ മേഖലകൾ.

ഐഎസ്ആർഒ അവതരിപ്പിച്ച ‘ചന്ദ്രനിലെ ഇരുണ്ട പ്രദേശങ്ങളുടെ ചിത്രങ്ങൾ മെച്ചപ്പെടുത്തൽ’, ജലശക്തി മന്ത്രാലയം അവതരിപ്പിച്ച ‘നിർമിതബുദ്ധിയും ഉപഗ്രഹവിവരങ്ങളും ഐഒടിയും ഡൈനാമിക് മാതൃകകളും ഉപയോഗിച്ച് തത്സമയ ഗംഗാജല ഗുണനിലവാര നിരീക്ഷണ സംവിധാനം വികസിപ്പിക്കൽ’, ആയുഷ് മന്ത്രാലയം അവതരിപ്പിച്ച ‘നിർമിതബുദ്ധിയുമായി സംയോജിപ്പിച്ച് സ്മാർട്ട് യോഗ മാറ്റ് വികസിപ്പിക്കൽ’ എന്നിവ ഈ വർഷത്തെ പതിപ്പിന്റെ രസകരമായ ചില പ്രശ്നപ്രസ്താവനകളിൽ ഉൾപ്പെടുന്നു.

ഈ വർഷം 54 മന്ത്രാലയങ്ങൾ, വകുപ്പുകൾ, സംസ്ഥാന ഗവണ്മെന്റുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, വ്യവസായങ്ങൾ എന്നിവയിൽനിന്ന് 250-ലധികം പ്രശ്നപ്രസ്താവനകൾ സമർപ്പിച്ചു. സ്ഥാപനതലത്തിൽ ആഭ്യന്തര ഹാക്കത്തണുകളിൽ 150% വർധന രേഖപ്പെടുത്തി. SIH 2023ലെ 900ൽനിന്ന് SIH 2024ൽ ഏകദേശം 2247 ആയി ഉയർന്നത്, ഇതുവരെയുള്ള ഏറ്റവും വലിയ പതിപ്പായി ഇതിനെ മാറ്റി. SIH 2024ൽ സ്ഥാപനതലത്തിൽ 86,000-ലധികം സംഘങ്ങൾ പങ്കെടുത്തു. കൂടാതെ ഏകദേശം 49,000 വിദ്യാർഥിസംഘങ്ങളെ (ഓരോന്നിലും ആറു വിദ്യാർഥികളും രണ്ടു മാർഗദർശികളും അടങ്ങുന്നു) ദേശീയതലത്തിലേക്ക് ഈ സ്ഥാപനങ്ങൾ ശുപാർശ ചെയ്തിട്ടുണ്ട്.

 

-SK-