Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

‘സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ 2023’ ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുത്തവരെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

‘സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ 2023’ ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുത്തവരെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ 2023’ ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുത്തവരുമായി ഇന്നു സംവദിച്ചു. വിദൂരദൃശ്യസംവിധാനത്തിലൂടെ അദ്ദേഹം അവരെ അഭിസംബോധന ചെയ്തു.

കൽക്കരി മന്ത്രാലയത്തിന്റെ ‘ഗതാഗതവും ലോജിസ്റ്റിക്സും’ എന്ന വിഷയവുമായി ബന്ധപ്പെട്ടു പ്രവർത്തനങ്ങൾ നടത്തിയ കർണാടകത്തിലെ മൈസൂരുവിലെ ദേശീയ എൻജിനിയറിങ് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നുള്ള സോയ്കത് ദാസ്, പ്രോതിക് സാഹ എന്നിവരുമായി പ്രധാനമന്ത്രി സംവദിച്ചു. റെയിൽവേ ചരക്കുകൾക്കായുള്ള ഐഒടി അധിഷ്ഠിതസംവിധാനമാണ് അവർ ഒരുക്കുന്നത്. ഹാക്കത്തോൺ തനിക്കും പഠനാവസരമാണെന്നും പങ്കെടുക്കുന്നവരുമായി സംവദിക്കാൻ താൻ എപ്പോഴും ഉത്സുകനാണെന്നും പ്രധാനമന്ത്രി അവരോടു പറഞ്ഞു. പങ്കെടുത്തവരുടെ തിളക്കമാർന്ന മുഖത്തേക്കു നോക്കി, അവരുടെ ആവേശവും ഇച്ഛാശക്തിയും രാഷ്ട്രനിർമാണത്തിനായുള്ള ആഗ്രഹവും ഇന്ത്യയുടെ യുവശക്തിയുടെ പ്രതിച്ഛായയായി മാറിയെന്നു പ്രധാനമന്ത്രി പറഞ്ഞു. റെയിൽവേ കൽക്കരി വാഗണുകളുടെ അമിതഭാരം നഷ്‌ടത്തിനോ പിഴയ്‌ക്കോ കാരണമാകുന്ന പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നതായി ബംഗ്ലാദേശിൽനിന്നുള്ള വിദ്യാർഥികൾ ഉൾപ്പെടുന്ന സംഘം പ്രധാനമന്ത്രിയെ അറിയിച്ചു. അതിനായി ഐഒടി-നിർമിതബുദ്ധി അധിഷ്ഠിത സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നു. ഇന്ത്യ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽനിന്നുള്ള ആറംഗങ്ങൾവീതമാണു സംഘത്തിലുള്ളത്. പരിവർത്തനഘട്ടത്തിലേക്കു നീങ്ങുന്ന ഇന്ത്യൻ റെയിൽവേയ്ക്ക് അവരുടെ പ്രയത്നം ഗുണംചെയ്യുമെന്നു പ്രധാനമന്ത്രി ​പ്രത്യാശ പ്രകടിപ്പിച്ചു. ലോജിസ്റ്റിക്സാണു ശ്രദ്ധ കേന്ദ്രീകരിക്കുന്ന മേഖലയെന്നും ഭാവിയിൽ ബംഗ്ലാദേശിൽനിന്നു കൂടുതൽ വിദ്യാർഥികൾ ഇന്ത്യയിലേക്കു വരുമെന്നു പ്രതീക്ഷിക്കുന്നതായും ‘ഇന്ത്യയിൽ പഠിക്കൂ’ ഉദ്യമം അത്തരം വിദ്യാർഥികളെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അഹമ്മദാബാദിലെ ഗുജറാത്ത് സാങ്കേതികസർവകലാശാലയിലെ തിവാരി ഹർഷിത എസ്, ജേത്വ ജെയ് പി എന്നിവർ ഐഎസ്ആർഒയുടെ ചാന്ദ്രലാൻഡറിനു ലഭിച്ച മീഡിയം റെസല്യൂഷൻ ചിത്രങ്ങളെ ഇമേജ് പ്രോസസിങ്ങും നിർമിതബുദ്ധിയും ഉപയോഗിച്ചു സൂപ്പർ റെസല്യൂഷൻ ചിത്രങ്ങളാക്കി മാറ്റി ചന്ദ്രന്റെ യഥാർഥപ്രതീതിയുളവാക്കുന്ന ഭൂപടം ഒരുക്കുന്നതിനുള്ള പദ്ധതിയിൽ പ്രവർത്തിച്ചു. ഭാവിദൗത്യങ്ങൾക്കായി സുരക്ഷിതമായ ഇറങ്ങൽ മേഖലയും സഞ്ചാരപാതയും നിർണയിക്കാൻ പദ്ധതിയുടെ പരിണതഫലം സഹായിക്കും. രാജ്യത്തെ വിവിധ ബഹിരാകാശ സ്റ്റാർട്ടപ്പുകൾക്കൊപ്പം ഐഎസ്ആർഒ സംഘത്തിന്റെ മേൽനോട്ടവും മാർഗനിർദേശവും നേടണമെന്നു പ്രധാനമന്ത്രി നിർദേശിച്ചു. ചന്ദ്രയാൻ 3ന്റെ വിജയത്തിനുശേഷം ഇന്ത്യയുടെ ബഹിരാകാശപദ്ധതി ലോകത്തിനു പ്രതീക്ഷയുടെ കിരണമായി മാറിയെന്നും ഇന്ത്യയോടുള്ള വിദേശരാജ്യങ്ങളുടെ കാഴ്ചപ്പാടു മാറിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ ബഹിരാകാശമേഖലയിലേക്കു സംഭാവന നൽകാൻ ആഗ്രഹിക്കുന്ന യുവാക്കൾക്ക് അനുയോജ്യമായ കാലഘട്ടമാണ് ഇന്നത്തേതെന്ന് അദ്ദേഹം പറഞ്ഞു. യുവാക്കൾക്ക് അഭിവൃദ്ധി പ്രാപിക്കാൻ ബഹിരാകാശമേഖല സ്വകാര്യമേഖലയ്ക്കു തുറന്നുകൊടുക്കുന്നതിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. നവയുഗ സ്റ്റാർട്ടപ്പുകൾക്കായി ഐഎസ്ആർഒ സൗകര്യങ്ങൾ തുറക്കുന്നതിനെക്കുറിച്ചു പരാമർശിച്ച പ്രധാനമന്ത്രി, അഹമ്മദാബാദിൽ സ്ഥിതിചെയ്യുന്ന ഇൻ-സ്പേസ് ആസ്ഥാനം സന്ദർശിക്കാൻ നിർദേശിക്കുകയും ചെയ്തു.

അസമില്‍ ഗുവാഹത്തിയിലെ അസം റോയല്‍ ഗ്ലോബല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ശ്രീമതി രേഷ്മ മസ്തുത ആര്‍ നിര്‍മ്മിത ബുദ്ധി (എ.ഐ)ടൂളായ ഭാഷിണി ഉപയോഗിച്ച് പ്രധാനമന്ത്രിയുമായി സംവദിച്ചു. തത്സമയ വിവര്‍ത്തനത്തിനുള്ള ഭാഷിണി ടൂള്‍ ഇത്തരത്തിലുള്ള ഒരു പരിപാടിയില്‍ ആദ്യമായാണ് ഉപയോഗിക്കുന്നത് . ദക്ഷിണേന്ത്യയില്‍ നിന്നുള്ള ശ്രീമതി രേഷ്മയും അവരുടെ സംഘവും ഏക് ഭാരത് ശ്രേഷ്ഠ (ഏക ഭാരതം ശ്രേഷ്ഠ ഭാരതം) ഭാരതത്തിന്റെ യഥാര്‍ത്ഥ അംബാസഡര്‍മാരാണെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഒരു വെബ് ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ജലവൈദ്യുത നിലയങ്ങളിലെ ഘടകങ്ങളുടെ ഇന്‍പുട്ട് അധിഷ്ഠിത എ.ഐ ജനറേറ്റീവ് ഡിസൈനുകള്‍ സൃഷ്ടിക്കുന്നതിന് പ്രവര്‍ത്തിക്കുന്ന അവരുടെ ടീം, അതിലൂടെ ഇന്ത്യയെ ഊര്‍ജ്ജ സ്വശ്രായ രാജ്യമാക്കാനും ഫോസില്‍ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനും സഹായിക്കുന്നു. വികസിത ഭാരതിന് വളരെ പ്രധാനപ്പെട്ടതും ഇന്ത്യയുടെ ഭാവി രൂപപ്പെടുത്തുന്നതില്‍ നിര്‍ണായകവുമായതിനാല്‍, വൈദ്യുതി മേഖലയെ നിര്‍മ്മിത ബുദ്ധിയുമായി ബന്ധിപ്പിക്കുന്നതിനുള്ള വഴികള്‍ കണ്ടെത്തണമെന്നതിന് പ്രധാനമന്ത്രി ഊന്നല്‍ നല്‍കി. ഉപഭോക്തൃ നിരീക്ഷണത്തിനൊപ്പം വൈദ്യുതി ഉല്‍പ്പാദനത്തിലും പ്രസരണത്തിലും എ.ഐ അധിഷ്ഠിത പരിഹാരങ്ങള്‍ ഉപയോഗിച്ച് കാര്യക്ഷമത കൈവരിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു. കഴിഞ്ഞ വര്‍ഷങ്ങളില്‍ എല്ലാ ഗ്രാമങ്ങളിലേക്കും കുടുംബങ്ങളിലേക്കും വൈദ്യുതി എത്തിച്ച ഗവണ്‍മെന്റിന്റെ നേട്ടം എടുത്തുപറഞ്ഞ പ്രധാനമന്ത്രി മോദി, കൃഷിപാടങ്ങളിലെ ചെറുകിട സൗരോര്‍ജ്ജ പ്ലാന്റുകളിലും പട്ടണങ്ങളിലെ മേല്‍ക്കൂര സൗരോര്‍ജ്ജ പ്ലാന്റുകളിലുമുള്ള ഗവണ്‍മെന്റിന്റെ ശ്രദ്ധ ഊന്നിപ്പറയുകയും അതിനുള്ള എ.ഐ പരിഹാരങ്ങള്‍ കണ്ടെത്താന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കാനും അദ്ദേഹം അവരോട് അഭ്യര്‍ത്ഥിച്ചു.

ഫിഷിംഗ് ഡൊമെയ്‌നുകള്‍ നിര്‍മ്മിതബുദ്ധി ഉപയോഗിച്ച് കണ്ടെത്തി പരിഹാരങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള എന്‍.ടി.ആര്‍.ഒയുടെ ബ്ലോക്ക്‌ചെയിന്‍, സൈബര്‍ സെക്യൂരിറ്റിയില്‍ പ്രവര്‍ത്തിക്കുകയാണ് ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലെ നോയിഡ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്‌നോളജിയില്‍ നിന്നുള്ള ശ്രീ ഋഷഭ് എസ് വിശ്വാമിത്ര. സൈബര്‍ തട്ടിപ്പിന്റെ അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന വെല്ലുവിളികളെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, പുതിയ സാങ്കേതികവിദ്യകളുടെ പശ്ചാത്തലത്തില്‍ ഉയര്‍ന്ന ജാഗ്രതയുടെ ആവശ്യകതയും ഊന്നിപ്പറഞ്ഞു. ജനറേറ്റീവ് എ.ഐ മുഖേനയുള്ള ഡീപ്പ് ഫെയ്ക്ക് വീഡിയോകളെക്കുറിച്ച് പരാമര്‍ശിച്ച അദ്ദേഹം ഏതെങ്കിലും ഒരു ഫോട്ടോയോ വീഡിയോയോ വിശ്വസിക്കുന്നതിന് മുമ്പ് ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു. എ.ഐക്ക് ഒരു ആഗോള ചട്ടക്കൂട് സൃഷ്ടിക്കുന്നതിനുള്ള ഇന്ത്യയുടെ സംഘടിതപ്രവര്‍ത്തനത്തെക്കുറിച്ചുംഅദ്ദേഹം പരാമര്‍ശിച്ചു.

രാജ്യത്തെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുള്ള യുവതലമുറയുടെ സമര്‍പ്പണത്തില്‍ സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. മുന്‍ ഹാക്കത്തണുകളുടെ വിജയം അദ്ദേഹം ആവര്‍ത്തിച്ചു. മുന്‍ ഹാക്കത്തണുകളില്‍ നിന്ന് ഉരുത്തിരിഞ്ഞുവന്ന സ്റ്റാര്‍ട്ടപ്പുകളും പരിഹാരങ്ങളും ഗവണ്‍മെന്റിനെയും സമൂഹത്തെയും സഹായിക്കുന്നു.

ജയ് ജവാന്‍, ജയ് കിസാന്‍, ജയ് വിഗ്യാന്‍, ജയ് അനുസന്ധന്‍ എന്ന 21-ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ മന്ത്രത്തെ പ്രധാനമന്ത്രി അനുസ്മരിച്ചു. മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയിലേക്കുള്ള ഇന്ത്യയുടെ ഉയര്‍ച്ചയെ പരാമര്‍ശിച്ച പ്രധാനമന്ത്രി, ഇന്ത്യയുടെ യു.പി.ഐ വിജയത്തെക്കുറിച്ചും മഹാമാരി കാലത്തെ വാക്‌സിന്‍ വിജയത്തെക്കുറിച്ചും സംസാരിച്ചു.
അടുത്ത ആയിരം വര്‍ഷത്തിന്റെ ദിശ നിര്‍ണ്ണയിക്കുന്ന നിലവിലെ കാലഘട്ടത്തിന്റെ പ്രാധാന്യം യുവനൂതനാശയക്കാരെയും ഡൊമെയ്ന്‍ വിദഗ്ധരെയും അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി, ആവര്‍ത്തിച്ചു. ലോകത്തിലെ ഏറ്റവും യുവ രാജ്യങ്ങളിലൊന്ന്, അതിലെ പ്രതിഭകള്‍, സുസ്ഥിരവും ശക്തവുമായ ഗവണ്‍മെന്റ്, കുതിച്ചുയരുന്ന സമ്പദ്‌വ്യവസ്ഥ, മുന്‍പൊന്നുമില്ലാത്തതരത്തില്‍ ശാസ്ത്രത്തിനും സാങ്കേതികവിദ്യയ്ക്കും നല്‍കിയിരിക്കുന്ന ഊന്നല്‍ എന്നിങ്ങനെ നിരവധി ഘടകങ്ങള്‍ ഇന്ത്യയില്‍ ഒത്തുചേര്‍ന്നിരിക്കുന്ന നിലവിലെ കാലഘട്ടത്തിന്റെ പ്രത്യേകത മനസ്സിലാക്കാന്‍ പ്രധാനമന്ത്രി അവരോട് ആവശ്യപ്പെട്ടു.

”സാങ്കേതികവിദ്യ ഇന്ന് നമ്മുടെ ജീവിതത്തിന്റെ ഒരു വലിയ ഭാഗമായി മാറിയിരിക്കുന്നു”, പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. യുവ നൂതനാശയക്കാരുടെ പങ്ക് ഊന്നിപ്പറഞ്ഞ അദ്ദേഹം ഒരാള്‍ പരിചയപ്പെടാന്‍ തുടങ്ങുമ്പോള്‍ തന്നെ സാങ്കേതികവിദ്യയുടെ നവീകരിച്ച പതിപ്പ് വരുമെന്നും ചൂണ്ടിക്കാട്ടി.

ഒഡിഷയിലെ സംബൽപുരിലെ വീർ സുരേന്ദ്ര സായ് സാങ്കേതികസർവകലാശാലയിലെ അങ്കിത് കുമാറും സയ്യിദ് സിദ്ദിഖി ഹുസൈനും കുട്ടികളുടെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഓപ്പൺ ഇന്നൊവേഷനിൽ പ്രവർത്തിക്കുകയും മാതാപിതാക്കൾക്കും ചികിത്സാവിദഗ്ധർക്കും കാലേക്കൂട്ടി മുന്നറിയിപ്പു നൽകി അവരെ സഹായിക്കുന്ന റേറ്റിങ് സൃഷ്ടിക്കുകയും ചെയ്തു. പ്രധാനമന്ത്രിയുടെ അഭ്യർഥന മാനിച്ച്, സംഘത്തിലെ വനിതാ അംഗവും പദ്ധതിയെക്കുറിച്ചു പ്രധാനമന്ത്രിയെ ധരിപ്പിച്ചു. സുപ്രധാനമേഖല തിരഞ്ഞെടുത്തതിനു സംഘത്തെ അഭിനന്ദിച്ച പ്രധാനമന്ത്രി, യുവജനങ്ങൾക്കിടയിലെ മാനസികാരോഗ്യപ്രശ്ന ത്തെക്കുറിച്ചു വിശദമാക്കുകയും അത്തരം വിഷയങ്ങളിൽ വിദ്യാഭ്യാസവകുപ്പു പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യത്തിന് ഊന്നൽ നൽകുകയും വിദ്യാഭ്യാസസ്ഥാപനങ്ങളിൽ കണ്ടെത്തിയ പരിഹാരം വികസിപ്പിക്കാനും വിന്യസിക്കാനുമുള്ള മാർഗങ്ങൾ ആരായുകയും ചെയ്തു. ഇന്ത്യ വികസിതമാക്കുന്നതിനു യുവാക്കളുടെ മാനസികാരോഗ്യം പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. മൈ-ഇന്ത്യ പോർട്ടലിനെക്കുറിച്ചും അദ്ദേഹം അവരോടു പറഞ്ഞു.

ഇന്ത്യയുടെ അമൃതകാലത്തിന്റെ അടുത്ത 25 വര്‍ഷം യുവ നവീനാശയക്കാർക്ക് നിര്‍ണായകമായ ഒരു കാലഘട്ടമായിരിക്കുമെന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ചു. സ്വാശ്രയ ഇന്ത്യ എന്ന പൊതുലക്ഷ്യത്തിന് അടിവരയിടുകയും പുതിയതൊന്നും ഇറക്കുമതി ചെയ്യുകയും മറ്റ് രാജ്യങ്ങളെ ആശ്രയിക്കുകയും ചെയ്യാതിരിക്കുക എന്ന ലക്ഷ്യവും അദ്ദേഹം പ്രസ്താവിച്ചു. സ്വാശ്രയത്വത്തിനായി പ്രവര്‍ത്തിക്കുന്ന പ്രതിരോധ മേഖലയുടെ ഉദാഹരണം നല്‍കിക്കൊണ്ട്, ചില പ്രതിരോധ സാങ്കേതികവിദ്യകള്‍ ഇറക്കുമതി ചെയ്യാന്‍ ഇന്ത്യ നിര്‍ബന്ധിതമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അര്‍ദ്ധചാലകത്തിലും ചിപ്പ് സാങ്കേതികവിദ്യയിലും സ്വയം ആശ്രയിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു. ക്വാണ്ടം സാങ്കേതികവിദ്യയിലെയും ഹൈഡ്രജന്‍ ഊര്‍ജ മേഖലയിലെയും ഇന്ത്യയുടെ ഉയര്‍ന്ന അഭിലാഷങ്ങളും പ്രധാനമന്ത്രി മോദി എടുത്തുപറഞ്ഞു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആധുനിക ആവാസവ്യവസ്ഥ സൃഷ്ടിച്ച് ഇത്തരം എല്ലാ മേഖലകള്‍ക്കും ഗവണ്‍മെന്റ് പ്രത്യേക ഊന്നല്‍ നല്‍കുന്നുണ്ട്. എന്നാല്‍ അതിന്റെ വിജയം യുവജനങ്ങളുടെ വിജയത്തെ ആശ്രയിച്ചിരിക്കുന്നു, അദ്ദേഹം പറഞ്ഞു.

ആഗോള വെല്ലുവിളികള്‍ക്ക് കുറഞ്ഞ ചെലവും ഗുണമേന്മയുള്ളതും സുസ്ഥിരവും മികച്ച തോതിലുള്ളതുമായ പരിഹാരങ്ങള്‍ ഇന്ത്യയില്‍ കണ്ടെത്തുമെന്ന് ലോകത്തിന് ആത്മവിശ്വാസമുണ്ടെന്ന് പ്രധാനമന്ത്രി മോദി യുവ നവീനാശയകരോട് പറഞ്ഞു. നമ്മുടെ ചന്ദ്രയാന്‍ ദൗത്യം ലോകത്തിന്റെ പ്രതീക്ഷകള്‍ പലമടങ്ങ് വര്‍ദ്ധിപ്പിച്ചു. അതിനനുസരിച്ച് നവീകരിക്കാന്‍ പ്രധാനമന്ത്രി അവരോട് ആവശ്യപ്പെട്ടു. ”രാജ്യത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും പരിഹാരങ്ങളിലൂടെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തോണിന്റെ ലക്ഷ്യം. സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തോണിലൂടെ രാജ്യത്തിന്റെ യുവശക്തി വികസിത ഇന്ത്യയ്ക്കുള്ള പരിഹാരങ്ങളുടെ അമൃത് പുറത്തെടുക്കുകയാണ്”, ഹാക്കത്തോണിന്റെ ലക്ഷ്യം വിശദീകരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ യുവശക്തിയില്‍ വിശ്വാസം പ്രകടിപ്പിച്ച പ്രധാനമന്ത്രി, ഏത് പ്രശ്നത്തിനും പരിഹാരം കാണുമ്പോള്‍ വികസിത ഭാരതം എന്ന ദൃഢനിശ്ചയം മനസ്സില്‍ സൂക്ഷിക്കാന്‍ അവരോട് ആവശ്യപ്പെട്ടു. ”നിങ്ങള്‍ എന്തുതന്നെ ചെയ്താലും അത് ഏറ്റവും മികച്ചതായിരിക്കട്ടെ. ലോകം നിങ്ങളെ പിന്തുടരുന്ന അത്തരം ജോലികള്‍ നിങ്ങള്‍ ചെയ്യണം,” പ്രധാനമന്ത്രി മോദി പറഞ്ഞു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ ധര്‍മേന്ദ്ര പ്രധാന്‍ ഓണ്‍ലൈനിലൂടെ  സാന്നിധ്യം അറിയിച്ചു.

പശ്ചാത്തലം

യുവജനങ്ങള്‍ നയിക്കുന്ന വികസനം എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമായി, വിദ്യാര്‍ത്ഥികള്‍ക്ക് ഗവണ്‍മെന്റിന്റെ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും വ്യവസായങ്ങളുടെയും മറ്റ് സ്ഥാപനങ്ങളുടെയും ഞെരുക്കമുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഒരു വേദി പ്രദാനം ചെയ്യുന്ന രാജ്യവ്യാപക സംരംഭമാണ് സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തോണ്‍ (എസ്ഐഎച്ച്). 2017-ല്‍ ആരംഭിച്ച സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തോണ്‍ യുവ നവീനര്‍ക്കിടയില്‍ വന്‍ ജനപ്രീതി നേടിയിട്ടുണ്ട്. കഴിഞ്ഞ അഞ്ച് പതിപ്പുകളില്‍, വിവിധ മേഖലകളില്‍ നൂതന പരിഹാരങ്ങള്‍ ഉയര്‍ന്നുവരുകയും സ്ഥാപിത സ്റ്റാര്‍ട്ടപ്പുകളായി വേറിട്ടുനില്‍ക്കുകയും ചെയ്തു.

ഈ വര്‍ഷം, ഡിസംബര്‍ 19 മുതല്‍ 23 വരെയാണ് എസ്‌ഐഎച്ചിന്റെ ഗ്രാന്‍ഡ് ഫിനാലെ നടക്കുന്നത്. എസ്‌ഐഎച്ച് 2023-ല്‍, 44,000 ടീമുകളില്‍ നിന്ന് 50,000-ത്തിലധികം ആശയങ്ങള്‍ ലഭിച്ചു, ഇത് സ്മാര്‍ട്ട് ഇന്ത്യാ ഹാക്കത്തോണിന്റെ ആദ്യ പതിപ്പിനെ അപേക്ഷിച്ച് ഏകദേശം ഏഴിരട്ടി വര്‍ദ്ധനവാണ്. രാജ്യത്തുടനീളമുള്ള 48 നോഡല്‍ കേന്ദ്രങ്ങളില്‍ നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ 12,000-ലധികം പങ്കാളികളും 2500-ലധികം ഉപദേഷ്ടാക്കളും പങ്കെടുക്കും. ബഹിരാകാശ സാങ്കേതികവിദ്യ, സ്മാര്‍ട്ട് എജ്യുക്കേഷന്‍, ദുരന്ത നിവാരണം, റോബോട്ടിക്സ് ആന്‍ഡ് ഡ്രോണുകള്‍, പൈതൃകവും സംസ്‌കാരവും തുടങ്ങി വിവിധ വിഷയങ്ങളില്‍ പരിഹാരങ്ങള്‍ നല്‍കുന്നതിനായി ഗ്രാന്‍ഡ് ഫിനാലെയ്ക്കായി ഈ വര്‍ഷം മൊത്തം 1282 ടീമുകളെ തെരഞ്ഞെടുത്തിട്ടുണ്ട്.

25 കേന്ദ്ര മന്ത്രിമാരുടെയും സംസ്ഥാന ഗവണ്‍മെന്റുകളുടെയും 51 വകുപ്പുകള്‍ പോസ്റ്റ് ചെയ്ത 231 പ്രശ്നങ്ങള്‍ (176 സോഫ്റ്റ്വെയറും 55 ഹാര്‍ഡ്വെയറും) പങ്കെടുക്കുന്ന ടീമുകള്‍ കൈകാര്യം ചെയ്യുകയും പരിഹാരങ്ങള്‍ നല്‍കുകയും ചെയ്യും. സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തോണ്‍ 2023-ന്റെ ആകെ സമ്മാനം 2 കോടിയിലധികം രൂപയാണ്. അവിടെ വിജയിക്കുന്ന ഓരോ ടീമിനും ഒരു പ്രശ്ന പ്രസ്താവനയ്ക്ക് ഒരു ലക്ഷം രൂപ വീതം ക്യാഷ് പ്രൈസ് നല്‍കും.

 

Interacting with the young innovators at the Grand Finale of Smart India Hackathon 2023. Their problem-solving capabilities & ingenuity to address complex challenges is remarkable. https://t.co/frHyct8OGe

— Narendra Modi (@narendramodi) December 19, 2023

India of 21st century is moving forward with the mantra of ‘Jai Jawan, Jai Kisan, Jai Vigyan and Jai Anusandhan.’ pic.twitter.com/ncxp1WAQRs

— PMO India (@PMOIndia) December 19, 2023

Today we are at a turning point in time, where every effort of ours will strengthen the foundation of the India of the next thousand years. pic.twitter.com/ToRmk0NGLJ

— PMO India (@PMOIndia) December 19, 2023

India’s time has come. pic.twitter.com/Et0QfkpO4v

— PMO India (@PMOIndia) December 19, 2023

To make India developed, we all have to work together.

Our goal must be – Aatmanirbhar Bharat. pic.twitter.com/NJlMi7d43R

— PMO India (@PMOIndia) December 19, 2023

The world is confident that India can provide low-cost, quality, sustainable and scalable solutions to global challenges. pic.twitter.com/jtqufQ8PF3

— PMO India (@PMOIndia) December 19, 2023

 

***

–NS–