Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സൈബര്‍ സുരക്ഷയും ഡിജിറ്റല്‍ സാങ്കേതികവിദ്യയും ,സംബന്ധിച്ച ഇന്‍ഡോ – ഫ്രഞ്ച് നിര്‍ദ്ദേശങ്ങള്‍ (ആഗസ്റ്റ് 22, 2019)


പൊതുവായ കാഴ്ചപ്പാട്

സാമ്പത്തിക വളര്‍ച്ച, സുസ്ഥിര വികസനം, ഡിജിറ്റല്‍ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിന് അത്യാവശ്യമായ സുരക്ഷിതവും വര്‍ദ്ധിച്ച തോതിലുമുള്ള ഇന്റര്‍നെറ്റ് ലഭ്യത എന്നിവയ്ക്കായി ഡിജിറ്റല്‍ സാങ്കേതിക വിദ്യയെ തങ്ങളുടെ സമൂഹങ്ങളില്‍ ഒരു പരിവര്‍ത്തന ഘടകമാക്കി മാറ്റാന്‍ ഇന്ത്യയും ഫ്രാന്‍സും ഉദ്ദ്യേശിക്കുന്നു. 
    അതിനാല്‍ തന്നെ പൗരന്മാരെ ശാക്തീകരിക്കുന്നതും, അസമത്വങ്ങള്‍ കുറയ്ക്കുന്നതും, സുസ്ഥിര വികസനം പരിപോഷിപ്പിക്കുന്നതുമായ ഡിജിറ്റല്‍ സാങ്കേതിക വിദ്യകളുടെ ഒരു ദര്‍ശനത്തെയാണ് ഫ്രാന്‍സും, ഇന്ത്യയും അനുകൂലിക്കുന്നത്. 

അന്താരാഷ്ട്ര സുരക്ഷിതത്വവും, നയതന്ത്ര ശ്രമങ്ങളും 
    തുറസ്സായതും, ആശ്രയിക്കാവുന്നതും, സുരക്ഷിതവും, സുസ്ഥിരവും, സമാധാനപൂര്‍ണ്ണവുമായ ഒരു സൈബര്‍ ഇടത്തിന് വേണ്ടിയുള്ള തങ്ങളുടെ പ്രതിബദ്ധത ഫ്രാന്‍സും ഇന്ത്യയും ഉറപ്പിച്ച് പറയുന്നു. തുറസ്സായതും, സുരക്ഷിതവും, സമാധാനപൂര്‍ണ്ണവും, പ്രാപ്യവുമായ ഒരു ഡിജിറ്റല്‍ പരിസ്ഥിതി പരിപോഷിപ്പിക്കുന്നതിനും, സമാധാനവും, സുസ്ഥിരതയും നിലനിര്‍ത്തുന്നതിനും, അന്താരാഷ്ട്ര നിയമം പ്രത്യേകിച്ച് ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടര്‍ ബാധകമാണ്. സൈബര്‍ ഇടത്തില്‍ ഉത്തരവാദിത്ത പൂര്‍ണ്ണമായ പെരുമാറ്റ രീതികള്‍ സ്വമേധയാ നടപ്പിലാക്കുന്നതിനും, പ്രചരിപ്പിക്കുന്നതിനുമുള്ള പ്രാധാന്യവും ഒപ്പം ഐക്യരാഷ്ട്ര സഭയുടെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട് വിശ്വാസവും, ശേഷി നിര്‍മ്മാണ നടപടികള്‍ കൈക്കൊള്ളേണ്ടതിനുമുള്ള പ്രാധാന്യം ഇരു കൂട്ടരും ഉറപ്പിച്ച് പറഞ്ഞു. സൈബര്‍ ഇടത്തിലെ സമാധാനത്തിന്റെയും , സുരക്ഷിതത്വത്തിന്റെയും അടിത്തറയാണിത്. 
    സൈബര്‍ ഇടത്തില്‍ വിശ്വാസം, സുരക്ഷിതത്വം, സുസ്ഥിരത തുടങ്ങിയവ മെച്ചപ്പെടുത്താന്‍ വിവിധ ഘടകങ്ങള്‍ക്കുള്ള തങ്ങളുടേതായ ഉത്തരവാദിത്തത്തെ ഇന്ത്യയും, ഫ്രാന്‍സും അംഗീകരിക്കുന്നു. തുറസ്സായതും, സുരക്ഷിതതവും, സുസ്ഥിരവും, എളുപ്പത്തില്‍ ലഭിക്കുന്നതും, സമാധാനപൂര്‍ണ്ണവുമായ ഒരു ഡിജിറ്റല്‍ പരിസ്ഥിതി ശക്തിപ്പെടുത്തുന്നതിന് ബഹുതല സമീപനത്തിന് അവര്‍ ആഹ്വാനം ചെയ്തു. ഇതിനായി ഗവണ്‍മെന്റുകള്‍, വ്യവസായ മേഖല, അക്കാദമിക് രംഗം, പൊതുസമൂഹം എന്നിവരുടെ കൂട്ടായ ശ്രമങ്ങളാണ് ആവശ്യം. 

ഭരണ നിര്‍വ്വഹണം, പരമാധികാരവും സാങ്കേതിക നിയന്ത്രണവും
    ഇന്റര്‍നെറ്റില്‍ രാഷ്ട്രങ്ങളുടേതുള്‍പ്പെടെ ബന്ധപ്പെട്ട എല്ലാവരുടെയും താല്‍പര്യങ്ങള്‍ മാനിക്കുന്ന ഒരു ബഹുതല സമീപനം നിലനിര്‍ത്തിക്കൊണ്ട് ഏവരേയും ഉള്‍ക്കൊള്ളുന്നതും, സുതാര്യവും, തുറസ്സായതുമായ ഡിജിറ്റല്‍ പരിസ്ഥിതി പരിപോഷിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കാന്‍ ഫ്രാന്‍സും, ഇന്ത്യയും ഉദ്ദ്യേശിക്കുന്നു. 
    ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ ത്വരിത വികസനത്തെ ഫ്രാന്‍സും ഇന്ത്യയും തിരിച്ചറിയുന്നു. ഇതോടൊപ്പം ഓണ്‍ലൈനിലെ മനുഷ്യാവകാശങ്ങളും അഭിപ്രായ സ്വാതന്ത്ര്യവും സംരക്ഷിക്കാനും, ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങളെക്കാള്‍ രാഷ്ട്രങ്ങളുടെ പരമാധികാരം ഉറപ്പുവരുത്താനുമുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ യത്‌നങ്ങളും ഉണ്ടാകാം.

സൈബര്‍ സുരക്ഷാ മേഖലയിലെ സഹകരണം 
    2019 ജൂണ്‍ 20 ന് പാരീസില്‍ നടന്ന സൈബര്‍ ചര്‍ച്ചയുടെ മൂന്നാം പതിപ്പ് അംഗീകരിച്ച സംയുക്ത പ്രസ്താവനയെ സ്വാഗതം ചെയ്ത ഫ്രാന്‍സും, ഇന്ത്യയും അത് പിന്തുടരേണ്ടതിന്റെ പ്രധാന്യവും തിരിച്ചറിയുന്നു. 
    മുന്‍കാലങ്ങളിലെ ഐക്യരാഷ്ട്രസഭയുടെ വിദഗ്ധ സമിതി റിപ്പോര്‍ട്ടുകളില്‍ അംഗീകരിച്ചിട്ടുള്ള സൈബര്‍ ഇടങ്ങളിലെ ഉത്തരവാദിത്തപൂര്‍ണ്ണമായ പെരുമാറ്റത്തിന് ആവശ്യമായ നിബന്ധനകള്‍ നടപ്പിലാക്കുന്നതും, അന്താരാഷ്ട്ര നിയമം ഉപയോഗിക്കുന്നത് സംബന്ധിച്ച വിവിധ തലങ്ങളില്‍ നടന്നു വരുന്ന ചര്‍ച്ചകളെ പിന്തുണയ്ക്കുന്നതില്‍ തങ്ങളുടെ ഏകോപനം ശക്തിപ്പെടുത്താന്‍ ഇന്ത്യയും, ഫ്രാന്‍സും ആഗ്രഹിക്കുന്നു.
    സൈബര്‍ ഇടങ്ങള്‍ വിദ്വേഷ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നത് തടയാനും, അവയുടെ കാരണങ്ങള്‍ കണ്ടെത്തി ആവശ്യമായ തിരുത്തല്‍ നടപടികള്‍ കൈക്കൊള്ളുന്നതിനും, പരസ്പരം വിവരങ്ങള്‍ പങ്കുവയ്ക്കലിലൂടെ തങ്ങളുടെ സഹകരണം ശക്തിപ്പെടുത്താനും ഇന്ത്യയും, ഫ്രാന്‍സും തീരുമാനിച്ചു. 
    ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട സാമ്പത്തിക വിവരങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ സംരക്ഷിക്കുന്നതിനും, ഡിജിറ്റല്‍ ഉല്പന്നങ്ങളുടെ പരിശോധനയ്ക്കും, സാക്ഷ്യപ്പെടുത്തലിനും ആവശ്യമായ നിയമപരവും, നിയന്ത്രണസ്വഭാവവും ഉള്ള ചട്ടക്കൂടും, മികച്ച സമ്പ്രദായങ്ങളും, പരസ്പരം കൈമാറാനും ഇരു രാജ്യങ്ങളും ഉദ്ദേശിക്കുന്നു. ഇതിന്റെ ഭാഗമായി 5-ജി സാങ്കേതിക വിദ്യയുടെ വിന്യാസവുമായി ബന്ധപ്പെട്ട സുരക്ഷാ, സാങ്കേതിക പ്രശ്‌നങ്ങള്‍ക്ക് സംയുക്തമായി പരിഹാരം കാണാനും ലക്ഷ്യമിടുന്നു. 
    സൈബര്‍ ഇടങ്ങളില്‍ വിദ്വേഷ പ്രചരണങ്ങള്‍ തടയാന്‍ ഇരു രാജ്യങ്ങളും കക്ഷിയായ വാസേനാര്‍ ഉടമ്പടിക്ക് കീഴിലുള്ള ചര്‍ച്ചകളില്‍ സജീവമായി പങ്കെടുക്കേണ്ടതിന്റെ പ്രാധാന്യവും ഫ്രാന്‍സും ഇന്ത്യയും തിരിച്ചറിയുന്നു.
    സൈബര്‍ സുരക്ഷിതത്വത്തിന് പ്രത്യേകിച്ച്, ദേശീയ  സുരക്ഷയെ ബാധിക്കുന്ന  സാമ്പത്തിക വിവരങ്ങളുമായി ബന്ധപ്പെട്ട അടിസ്ഥാനസൗകര്യങ്ങള്‍ക്ക് നേരെയുണ്ടാകുന്ന ഭീഷണികള്‍ നേരിടുന്നതില്‍ എല്ലാ രാജ്യങ്ങളും തമ്മിലുണ്ടാകേണ്ട ഉറ്റ സഹകരണം ഇന്ത്യയും, ഫ്രാന്‍സും എടുത്തു പറഞ്ഞു.

സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് സഹകരണം
    സൈബര്‍ കുറ്റകൃത്യങ്ങളെ രാജ്യാന്തര കുറ്റകൃത്യങ്ങളായി കണക്കാക്കി സൈബര്‍ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ വര്‍ദ്ധിച്ച അന്താരാഷ്ട്ര സഹകരണം ആവശ്യമാണെന്ന് ഫ്രാന്‍സും ഇന്ത്യയും കരുതുന്നു. ഇതിനായി വിവരങ്ങളുടെ കൈമാറ്റം, തെളിവു ശേഖരിക്കല്‍, കുറ്റവാളികളെ, പ്രത്യേകിച്ച് കമ്പ്യൂട്ടറുകളെയും മറ്റും തകരാറിലാക്കുന്ന പ്രോഗാമുകള്‍ തയ്യാറാക്കുന്നവര്‍, അവയെ സൈബര്‍ ഇടങ്ങളില്‍ കയറ്റിവിടുന്നവരെ കണ്ടെത്തല്‍, മുതലായ മേഖലകളില്‍ തങ്ങളുടെ സഹകരണം ശക്തിപ്പെടുത്താന്‍ ഉദ്ദേശിക്കുന്നു. എ.ടി.എമ്മുകളില്‍ ഉള്‍പ്പെടെ ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളില്‍ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിന് ഇലക്‌ട്രോണിക് പേയ്‌മെന്റുകളുടെ സുരക്ഷയെ സംബന്ധിച്ച ആശങ്കയും അവര്‍ വ്യക്തമാക്കുന്നു. അന്തിമമായി സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നത് സംബന്ധിച്ച് സേവന ദാതാക്കള്‍, സാമൂഹ്യ മാധ്യമ കമ്പനികള്‍ തുടങ്ങിയവരുമായി വിവരം പങ്കിടല്‍ സംവിധാനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനും ഉദ്ദ്യേശിക്കുന്നു.

ഡിജിറ്റല്‍ ഗവേണന്‍സില്‍ സഹകരണം

നിയന്ത്രങ്ങളുടെ വെല്ലുവിളികള്‍
    അന്താരാഷ്ട്ര തലത്തില്‍ ഡിജിറ്റല്‍ മേഖലയെ സുരക്ഷിതമാക്കുന്നതിന് നീതിപൂര്‍വ്വകവും, ന്യായയുക്തവും, സന്തുലിതവുമായ ഒരു സമീപനം വികസിപ്പിച്ചെടുക്കുന്നതില്‍ തങ്ങളുടെ സഹകരണം ശക്തിപ്പെടുത്താന്‍ ഫ്രാന്‍സും ഇന്ത്യയും ആഗ്രഹിക്കുന്നു. പൊതു ഉല്പന്നങ്ങള്‍, ഡാറ്റാ പരമാധികാരം, അടിസ്ഥാന സ്വാതന്ത്ര്യം എന്നിവയെ സംരക്ഷിക്കാന്‍ ആവശ്യമായ ചട്ടക്കൂട് വികസിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും ഇരു രാജ്യങ്ങളും തിരിച്ചറിയുന്നു. 

നിര്‍മ്മിതബുദ്ധിയുടെ നിയന്ത്രണം
    സുസ്ഥിര വികസനം, ഇ-ഗവേണന്‍സ്, സ്വയംഭരണ ഗതാഗതം, സ്മാര്‍ട്ട് സിറ്റികള്‍, സൈബര്‍ സുരക്ഷ, ആരോഗ്യം, വിദ്യാഭ്യാസം, കൃഷി എന്നീ മേഖലകളില്‍ നിര്‍മ്മിത ബുദ്ധിയുടെ സാധ്യതകളെ ഫ്രാന്‍സും, ഇന്ത്യയും സ്വാഗതം ചെയ്യുന്നു.
    പൗര കേന്ദ്രീകൃത സേവനങ്ങള്‍, ഡാറ്റാ പരമാധികാരം മുതലായവയുടെ പശ്ചാത്തലത്തില്‍ നിര്‍മ്മിത ബുദ്ധിയുമായി ബന്ധപ്പെട്ട നയങ്ങളും, പരിപാടികളും വികസിപ്പിച്ച് നടപ്പിലാക്കേണ്ടതിന്റെ ആവശ്യകത ഇന്ത്യയും, ഫ്രാന്‍സും തിരിച്ചറിയുന്നു. തങ്ങളുടെ പരിചയ സമ്പന്നതയും, മികച്ച സമ്പ്രദായങ്ങളും പങ്കിട്ട് കൊണ്ട് നിര്‍മ്മിത ബുദ്ധിയിലെ ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍ ഫ്രാന്‍സും, ഇന്ത്യയും പ്രതിജ്ഞാബദ്ധരാണ്.
    അന്താരാഷ്ട്ര നിയമത്തിനനുസൃതമായി, മനുഷ്യരാശിയുടെ സേവനത്തിനായി നിര്‍മ്മിത ബുദ്ധിയുടെ ത്വരിത വികസനം ഉറപ്പുവരുത്തുന്നതിന് ഒരു അന്താരാഷ്ട്ര നിയമ സദാചാര കല്പന രൂപീകരിക്കേണ്ടതിന്റെ പ്രാധാന്യവും ഇന്ത്യയും, ഫ്രാന്‍സും ഊന്നിപ്പറയുന്നു. നിര്‍മ്മിത ബുദ്ധി സംബന്ധിച്ച അന്താരാഷ്ട്ര പാനലിലും (ഐ.പി.എ.ഐ), ജി-7, ജി-20, ഐക്യരാഷ്ട്രസഭ തുടങ്ങിയ വിവിധ ബഹുതല വേദികളിലും ഇതിലേക്കായി പ്രവര്‍ത്തിക്കുന്നതിനുള്ള പ്രതിബദ്ധത അവര്‍ ഊന്നിപ്പറഞ്ഞു.

ഓണ്‍ലൈന്‍ വഴിയുള്ള ഭീകരവാദ – തീവ്രവാദ അക്രമ ഉള്ളടക്കങ്ങള്‍ക്കെതിരെയുള്ള പോരാട്ടം 
    സമൂഹ മാധ്യമങ്ങളില്‍ ഓണ്‍ലൈന്‍ വഴിയുള്ള വിദ്വേഷ പ്രചാരണം ഭീകരവാദ -തീവ്രവാദ അക്രമ ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കുന്നതിലെ ഉത്തരവാദിത്തം ഫ്രാന്‍സും, ഇന്ത്യയും ആവര്‍ത്തിച്ച് ഉറപ്പിച്ചു. ഒപ്പം ക്രൈസ്റ്റ് ചര്‍ച്ച് കാള്‍ ടു ആക്ഷന്‍ ഉച്ചകോടിയിലെ തത്വങ്ങള്‍ക്ക് പിന്തുണ നല്‍കാനും ധാരണയായി. 

വിവരങ്ങളില്‍ കൃത്രിമം കാണിക്കല്‍ തടയല്‍
    വ്യാജ വാര്‍ത്തകളുടെ പ്രചരണം തടയല്‍, വസ്തുതകളുടെ വക്രീകരണം ചെറുക്കല്‍ എന്നിവ സംബന്ധിച്ച പ്രതിബദ്ധത ആവര്‍ത്തിക്കുന്ന ഫ്രാന്‍സും, ഇന്ത്യയും ഓണ്‍ലൈന്‍ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം എടുത്തു പറയുന്നു. വ്യക്തിപരമായ വിവരങ്ങളുടെ ചോര്‍ച്ചയും, വ്യാജ വാര്‍ത്തകളഉടെ പ്രചരണവും സൃഷ്ടിക്കാവുന്ന അപകടങ്ങള്‍ അവര്‍ എടുത്തുപറഞ്ഞു. ഈ ഭീഷണിക്കെതിരെ, പ്രത്യേകിച്ച് ,സാമൂഹ്യ മാധ്യമ വേദികള്‍ നിയന്ത്രിക്കുന്നതിന് ഒരു ചട്ടക്കൂട് വികസിപ്പിക്കുന്നത് സംബന്ധിച്ച് അന്താരാഷ്ട്ര തലത്തിലെ ആശയവിനിമയത്തിന്  ഇന്ത്യയും ഫ്രാന്‍സും ആഹ്വാനം ചെയ്തു.

വ്യക്തിപരമായ വിവരങ്ങളുടെ സംരക്ഷണം
    ഡിജിറ്റല്‍ പരിസ്ഥിതി ഉപയോക്താക്കളുടെ വിവരങ്ങള്‍ സുരക്ഷിതമാക്കുന്നതിന് നൂതന മാര്‍ഗ്ഗങ്ങള്‍ വികസിപ്പിക്കാന്‍ ഫ്രാന്‍സും ഇന്ത്യയും ആഗ്രഹിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് യൂറോപ്യന്‍ യൂണിയന്റെ ജനറല്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ ചട്ടത്തിന്റെ നടത്തിപ്പിനെ പ്രോത്സാഹിപ്പിക്കാന്‍ ഇന്ത്യയും   ഫ്രാന്‍സും അനുകൂലിക്കുന്നു. 

ഡിജിറ്റല്‍ വിഭജനം കുറയ്ക്കല്‍
    ജനങ്ങളുടെ ജീവിതത്തില്‍ സാങ്കേതികത വിദ്യയുടെ പ്രാധാന്യവും പങ്കും കണക്കിലെടുത്ത് ഡിജിറ്റല്‍ സാക്ഷരത പ്രോത്സാഹിപ്പിക്കാന്‍ ഇന്ത്യയും ഫ്രാന്‍സും ഉദ്ദ്യേശിക്കുന്നു. ഇത് സംബന്ധിച്ച തങ്ങളുടെ ദേശീയ നയങ്ങളും  മികച്ച സമ്പ്രദായങ്ങളും പരസ്പരം കൈമാറിക്കൊണ്ടായിരിക്കുമിത്.

ഇന്തോ – ഫ്രഞ്ച് ഡിജിറ്റല്‍ കൂട്ടുകെട്ട്
    
അനുയോജ്യമായ സംവിധാനത്തിലൂടെ ഇന്തോ- ഫ്രഞ്ച് ഡിജിറ്റല്‍ കൂട്ടുകെട്ട് നടപ്പിലാക്കുന്നതിനുള്ള ഏകോപനത്തിന്റെ കേന്ദ്ര ബിന്ദുക്കള്‍ 
ഫ്രാന്‍സിന്റെ ധനകാര്യ മന്ത്രാലയവും ഇന്ത്യയുടെ ഇലക്ട്രോണിക്‌സ്, വിവര സാങ്കേതിക മന്ത്രാലയവുമാണ്. വീഡിയോ കോണ്‍ഫറന്‍സിലൂടെയും മറ്റു സമ്മേളനങ്ങളിലൂടെയും ഇന്തോ- ഫ്രാന്‍സ് ഡിജിററല്‍ കൂട്ടുകെട്ട് സംബന്ധിച്ച് നിരന്തര കൂടിയാലോചനകള്‍ നടത്താന്‍ ഇരു കൂട്ടരും ഉദ്ദേശിക്കുന്നു. 

സാമ്പത്തിക വിനിമയങ്ങള്‍
    തങ്ങളുടെ വിപണികളില്‍ വന്‍തോതില്‍ തൊഴില്‍ നല്‍കിക്കൊണ്ട് ഡിജിറ്റല്‍ മേഖലയിലെ ബിസിനസ് സഹകരണം പരിപോഷിപ്പിക്കുന്നതിന് ഇന്ത്യയും ഫ്രാന്‍സും ആഗ്രഹിക്കുന്നു. ഇതിനായി ഇന്ത്യയിലെയും ഫ്രാന്‍സിലെയും ഡിജിറ്റല്‍ കമ്പനികള്‍ യോജിച്ചു പ്രവര്‍ത്തിക്കും.
ഇരു രാജ്യങ്ങളിലെയും സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളുടെ ത്വരിത സംയോജനത്തിന്റെ പ്രാധാന്യവും ഫ്രാന്‍സും ഇന്ത്യയും അടിവരയിട്ട് പറയുന്നു. രണ്ടു രാജ്യങ്ങളിലെയും ഡിജിറ്റല്‍ കമ്പനികള്‍ ഗണ്യമായ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. 

ഗവേഷണം, പരിശീലനം, വിദ്യാഭ്യാസം

സൂപ്പര്‍ കമ്പ്യൂട്ടിംഗ്, ക്വാണ്ടം കമ്പ്യൂട്ടിംഗ്

ദേശീയ സൂപ്പര്‍ കമ്പ്യൂട്ടിംഗ് ദൗത്യത്തിനും മഹാനദീ തടത്തിലെ ജലത്തിന്റെ ഒഴുക്ക് കണക്കാക്കുന്നതിനുള്ള ഇന്തോ- ഫ്രഞ്ച് പൈലറ്റ് പദ്ധതിയിലുമുള്ള സഹകരണം തുടര്‍ന്നു കൊണ്ടുപോകാന്‍ ഇരു രാജ്യങ്ങളും ആഗ്രഹിക്കുന്നു. കൂടാതെ നിര്‍മ്മിത ബുദ്ധിയുമായി ബന്ധപ്പെട്ട ഉയര്‍ന്ന നിലവാരത്തിലുള്ള കമ്പ്യൂട്ടിംഗ്, പൂനെയില്‍ സ്ഥാപിച്ച ഇന്തോ- ഫ്രഞ്ച് ക്വാണ്ടം കാല്‍ക്കുലേഷന്‍ സെന്റര്‍ എന്നിവയിലും സഹകരണം വര്‍ദ്ധിപ്പിക്കും.

കൃത്രിമ ബുദ്ധിയുമായി ബന്ധപ്പെട്ട ഉദ്യമങ്ങള്‍
നിര്‍മ്മിത ബുദ്ധിക്കുവേണ്ടി മാത്രമായി ഒരു ഇന്തോ- ഫ്രഞ്ച് ഗവേഷണ, നവീനാശയ പരിപാടി വികസിപ്പിക്കാന്‍ ഫ്രാന്‍സും ഇന്ത്യയും ആഗ്രഹിക്കുന്നു. 
ആരോഗ്യം, കാലാസ്ഥാ, ഗതാഗതം, ദുരന്ത പ്രതിരോധം, സ്മാര്‍ട്ട് സിറ്റികള്‍ എന്നിവയുമായി ബന്ധപ്പെട്ട് ഫ്രാന്‍സിലും ഇന്ത്യയിലുമുള്ള കൃത്രിമ ബുദ്ധിയുമായി ബന്ധപ്പെട്ട പദ്ധതികള്‍ ഏകോപിപ്പിക്കുന്നതിന് അക്കാദമിക് സ്ഥാപനങ്ങള്‍, മന്ത്രാലയങ്ങള്‍ കമ്പനികള്‍ എന്നിവയുടെ ഒരു കണ്‍സോര്‍ഷ്യം രൂപീകരിക്കും. 
ഇതിന്റെ ഭാഗമായി ഗവേഷണ പദ്ധതികള്‍, പരിശീലനത്തിനും ഗവേഷണത്തിനുമുള്ള സ്‌കോളര്‍ഷിപ്പുകള്‍, വിദഗ്ദ്ധരുടെ കൈമാറ്റം, ബോധവത്കരണ നടപടികള്‍ എന്നിവയ്ക്കായി പ്രതിവര്‍ഷം രണ്ടു ദശലക്ഷം യൂറോ സ്വരൂപിക്കുന്നതിന് ഇരു രാജ്യങ്ങളും ശ്രമിക്കും. 
വിജ്ഞാന ഉച്ചകോടിയുടെ (നോളജ് സമ്മിറ്റ്) ഭാഗമായി ഈ കണ്‍സോര്‍ഷ്യം എല്ലാ വര്‍ഷവും യോഗം ചേരും. ഉച്ചകോടിയുടെ ആദ്യ യോഗം ഇക്കൊല്ലം ഒക്ടോബറില്‍ ലിയോണില്‍ നടക്കും.