Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

‘സേവാ പരമോ ധര്‍മ’ ആയിരിക്കണം സിവില്‍ സര്‍വീസസിന്റെ മന്ത്രമെന്നു പ്രധാനമന്ത്രി


രാഷ്ട്രീയ ഏകതാ ദിവസമായ ഇന്ന് കെവാദിയയിലെ ഏകതാ പ്രതിമയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 430 സിവില്‍ സര്‍വീസ് പ്രോബേഷണര്‍മാരെയും ഉദ്യോഗസ്ഥരെയും മറ്റുള്ളവരെയും അഭിസംബോധന ചെയ്തു.

പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പ്രൊബേഷണര്‍മാര്‍ കൃഷിയും ഗ്രാമീണ ശാക്തീകരണവും, ആരോഗ്യ സംരക്ഷണ പരിഷ്‌കാരങ്ങളും നയരൂപീകരണവും, ഉള്‍ച്ചേര്‍ത്തുള്ള നഗരവല്‍ക്കരണവും വിദ്യാഭ്യാസത്തിന്റെ ഭാവിയും തുടങ്ങിയ വിഷയങ്ങള്‍ അവതരിപ്പിച്ചു.

‘രാജ്യത്തെ വിവിധ സിവില്‍ സര്‍വീസുകള്‍ക്കായി ഒരുമിച്ചു നടത്തുന്ന ഫൗണ്ടേഷന്‍ കോഴ്‌സ് ഒരര്‍ഥത്തില്‍ രാജ്യത്തെ സിവില്‍ സര്‍വീസുകളെ സംബന്ധിച്ചിടത്തോളം പുതിയ അധ്യായത്തിന്റെ തുടക്കമാണ്. ഇതുവരെ മസൂറി, ഹൈദരാബാദ് തുടങ്ങി പലയിടങ്ങളിലാണു നിങ്ങള്‍ക്കു പരിശീലനം ലഭിച്ചിരുന്നത്. അതുപോലെ പരിശീലനത്തിന്റെ തുടക്കകാലത്തുതന്നെ, നിങ്ങളൊക്കെ വിവിധ വിഭാഗങ്ങളിലേക്കു വേര്‍തിരിക്കപ്പെടുംമുമ്പ് ഉദ്യോഗസ്ഥ സംവിധാനം എങ്ങനെയാണു പ്രവര്‍ത്തിക്കുന്നതെന്നു ഞാന്‍ വിശദീകരിക്കുകയും ചെയ്തിരുന്നു’, പ്രസംഗത്തില്‍ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

‘നിങ്ങളെയെല്ലാം ചേര്‍ത്തു ശരിയായ വിധത്തില്‍ സിവില്‍ സര്‍വീസുകളുടെ യഥാര്‍ഥ ഏകോപനം ഇപ്പോള്‍ നടക്കുകയാണ്. തുടക്കംതന്നെ പരിഷ്‌കരണമാണ്. ഈ പരിഷ്‌കരണം പരിശീലനത്തിന്റെ ഏകോപനം മാത്രമല്ല. ഇതു വീക്ഷണവും സമീപനവും വികസിപ്പിക്കാനും കൂടുതല്‍ അവസരം ലഭ്യമാക്കാനുംകൂടി ഉദ്ദേശിച്ചുള്ളതാണ്. ഇതു സിവില്‍ സര്‍വീസുകളുടെ ഏകോപനമാണ്. നിങ്ങളിലൂടെയാണ് ഈ തുടക്കം നടക്കുന്നത്’, പദ്ധതിയെ പ്രശംസിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

ഇതിന്റെ ഭാഗമായി ഓഫീസര്‍ ട്രെയിനികള്‍ക്ക് ആഗോള സാമൂഹിക, സാമ്പത്തിക നേതാക്കളുമായി ബന്ധപ്പെടാന്‍ അവസരം നല്‍കിയിരുന്നു.

സിവില്‍ സര്‍വീസസിനെ രാഷ്ട്രനിര്‍മാണത്തിനുള്ള പ്രധാന ഉപകരണമാക്കി മാറ്റുക എന്നതു സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ വീക്ഷണമായിരുന്നു എന്നു പ്രധാനമന്ത്രി വ്യക്തമാക്കി.

‘സിവില്‍ സര്‍വീസസിനെ രാഷ്ട്രനിര്‍മാണത്തിനും പുരോഗതിക്കുമുള്ള പ്രധാന മാധ്യമമാക്കി മാറ്റുക എന്നത് സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ വീക്ഷണമായിരുന്നു. രാജ്യത്തെ മുന്നോട്ടു കൊണ്ടുപോകാനുള്ള ശേഷി ഈ സംവിധാനത്തിന് ഉണ്ടെന്ന് സര്‍ദാര്‍ പട്ടേല്‍ കരുതിയിരുന്നു.’

‘ഇതേ ഉദ്യോഗസ്ഥ സംവിധാനമാണ് രാജഭരണത്തിന്‍ കീഴിലായിരുന്ന പ്രദേശങ്ങളെ രാജ്യത്തിന്റെ ഭാഗമാക്കാന്‍ സഹായിച്ചത്.’

സാധാരണ മനുഷ്യരുടെ ജീവിതത്തില്‍ പരിവര്‍ത്തനം സാധ്യമാക്കാന്‍ നല്ല ഇച്ഛാശക്തിയും നിശ്ചയദാര്‍ഢ്യവും വേണമെന്ന് സര്‍ദാര്‍ പട്ടേല്‍ പല തവണ കാണിച്ചുതന്നിട്ടുണ്ടെന്ന് പ്രൊബേഷണര്‍മാരോടു പ്രധാനമന്ത്രി പറഞ്ഞു.

‘പരിമിതമായ വിഭവങ്ങള്‍ ഉപയോഗപ്പെടുത്തി 10 വര്‍ഷംകൊണ്ട് അഹമ്മദാബാദ് മുനിസിപ്പാലിറ്റി പരിഷ്‌കരിച്ച് അദ്ദേഹം നൂറു വര്‍ഷത്തോളം മുന്‍പ് കഴിവു തെളിയിച്ചിട്ടുണ്ട്’, സര്‍ദാര്‍ പട്ടേലിന്റെ കഴിവുകളെ പരാമര്‍ശിക്കവേ അദ്ദേഹം ചൂണ്ടിക്കാട്ടി.

‘തന്റെ കാഴ്ചപ്പാടിനനുസരിച്ച് സര്‍ദാര്‍ പട്ടേല്‍ സ്വതന്ത്ര ഇന്ത്യയിലെ സിവില്‍ സര്‍വീസുകളെ സംബന്ധിച്ച വ്യവസ്ഥകള്‍ തയ്യാറാക്കി.’

നിഷ്പക്ഷതയും സ്വാര്‍ഥതയില്ലായ്മയും യാഥാര്‍ഥ്യമാക്കാന്‍ പരമാവധി യത്‌നിക്കണമന്ന് പ്രൊബേഷണര്‍മാരോടു പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
‘നിഷ്പക്ഷമായും സ്വാര്‍ഥതയില്ലാതെയും നടത്തുന്ന ഓരോ പരിശ്രമവും നവ ഇന്ത്യയുടെ കരുത്തുറ്റ അടിത്തറയായി മാറും.’

‘പുതിയ ഇന്ത്യയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും സ്വപ്‌നങ്ങളും യാഥാര്‍ഥ്യമാകണമെങ്കില്‍ 21ാം നൂറ്റാണ്ടിനെക്കുറിച്ചു ചിന്തിക്കാന്‍ നമ്മുടെ ഉദ്യോഗസ്ഥ സംവിധാനം തയ്യാറാകണം. ക്രിയാത്മകവും സൃഷ്ടിപരവും, ആസൂത്രണം ചെയ്യാന്‍ കഴിയുന്നതും നവീനതയുള്ളതും, പ്രതികരണാത്മകവും വിനയപൂര്‍ണവും, വൈദഗ്ധ്യമുള്ളതും പുരോഗമനപരവും, ആവേശപൂര്‍ണവും സുസാധ്യമാക്കുന്നതും, കഴിവുള്ളതും ഫലപ്രദവും, സുതാര്യവും സാങ്കേതിക മികവുള്ളതുമായ ഉദ്യോഗസ്ഥ സംവിധാനമാണു നമുക്കു വേണ്ടത്’, പ്രധാനമന്ത്രി പറഞ്ഞു.

റോഡുകള്‍, വാഹനങ്ങള്‍, ടെലിഫോണുകള്‍, റെയില്‍വേ, ആശുപത്രികള്‍, സ്‌കൂളുകള്‍, കോളജുകള്‍ തുടങ്ങി പലതും നേടിയെടുക്കാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കു സാധിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

‘ഇന്നത്തെ സ്ഥിതി അതല്ല. ഇന്ത്യ വലിയ പുരോഗതിയിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. നമുക്കു വളരെയധികം യുവശക്തിയും ആധുനിക സാങ്കേതിക വിദ്യയും ഉണ്ടെന്നു മാത്രമല്ല, ഭക്ഷ്യക്ഷാമം ഇല്ലതാനും. നിങ്ങള്‍ക്ക് ഇപ്പോള്‍ വലിയ സാധ്യതകളും ഉത്തരവാദിത്തങ്ങളും ഉണ്ട്. ഇന്ത്യയുടെ ശേഷി വര്‍ധിപ്പിക്കാനും സ്ഥിരത ശക്തിപ്പെടുത്താനും നിങ്ങള്‍ക്കു സാധിക്കണം.’

പ്രൊബേഷണര്‍മാര്‍ രാഷ്ട്രസേവനത്തിനായി സ്വയം സമര്‍പ്പിക്കാന്‍ തയ്യാറാകണമെന്നു പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

‘നിങ്ങള്‍ ഈ വഴിയിലേക്കു വന്നതു കേവലം തൊഴിലിനായല്ല. നിങ്ങള്‍ സേവനത്തിനായി വന്നതാണ്. സേവാ പരമോധര്‍മം എന്ന മന്ത്രവുമായി കടന്നുവന്നതാണ്’.

‘ഒരു ഒപ്പിടുന്നത് ഉള്‍പ്പെടെ നിങ്ങള്‍ ചെയ്യുന്ന ഓരോ കാര്യവും ലക്ഷക്കണക്കിനു ജീവിതങ്ങളെ ബാധിക്കുന്നതാണ്. നിങ്ങള്‍ കൈക്കൊള്ളുന്ന തീരുമാനം പ്രാദേശികതലത്തിലോ മേഖലാ തലത്തിലോ മാത്രം ബാധകമാകുന്നതാവാം. എന്നാല്‍, ദേശീയ വീക്ഷണത്തോടെ വേണം അതു ചെയ്യാന്‍. നിങ്ങള്‍ കൈക്കൊള്ളുന്ന തീരുമാനം രാജ്യത്തെ എങ്ങനെ ബാധിക്കുമെന്ന് എല്ലായ്‌പ്പോഴും ചിന്തിക്കണം.’

‘നിങ്ങളുടെ തീരുമാനങ്ങള്‍ എല്ലായ്‌പ്പോഴും രണ്ട് അടിസ്ഥാന തത്വങ്ങളെ അവലംബിച്ചായിരിക്കണം. അതില്‍ ഒന്നാമത്തേത് മഹാത്മാ ഗാന്ധി പറഞ്ഞ ആശയമാണ്. നിങ്ങള്‍ കൈക്കൊള്ളുന്ന തീരുമാനം സമൂഹത്തിന്റെ ഏറ്റവും താഴെത്തട്ടിലുള്ളയാളെ എങ്ങനെ ബാധിക്കുമെന്നു ചിന്തിക്കണം എന്നതാണ് അത്. രണ്ടാമത്തെ കാര്യം നമ്മുടെ തീരുമാനം രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സ്ഥിരതയ്ക്കും കരുത്തിനും സഹായകമാകുമോ എന്നതാണ്’.

എല്ലാ കാര്യങ്ങളിലും അവഗണിക്കപ്പെട്ടതും വികസനം കാംക്ഷിക്കുന്നതുമായ 100 ജില്ലകളിലെ സ്ഥിതി വിവരിച്ച പ്രധാനമന്ത്രി, അവിടങ്ങളിലെ ജനങ്ങള്‍ നിരാശരാണെന്നു ചൂണ്ടിക്കാട്ടി.

‘വികസനത്തിനായുള്ള ഓട്ടത്തില്‍ നൂറിലേറെ ജില്ലകള്‍ക്ക് ഇടം നഷ്ടപ്പെട്ടു. ഇവ ഇപ്പോള്‍ വികസനം കാംക്ഷിക്കുന്നു. അവര്‍ എല്ലാ ഘട്ടങ്ങളിലും അവഗണിക്കപ്പെട്ടതു രാഷ്ട്രത്തിനു തന്നെ ദുഃഖം പകര്‍ന്നു. അവ വികസിപ്പിക്കുക എന്നത് ഇപ്പോള്‍ കൂടുതല്‍ ബുദ്ധിമുട്ടായിത്തീര്‍ന്നു. മനുഷ്യവികസന സൂചികയുടെ എല്ലാ ഘടകങ്ങളും വികസിപ്പിക്കാനുള്ള ശ്രമത്തിലാണു നാം. എല്ലാ നയങ്ങളും സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടപ്പാക്കാന്‍ ശ്രമിച്ചുവരികയാണ്. ഇതിനായി കഠിനപ്രയത്‌നം ചെയ്യേണ്ടിയിരിക്കുന്നു. വികസനം കാംക്ഷിക്കുന്ന ഈ ജില്ലകളെ നമുക്കു വികസിപ്പിക്കേണ്ടിയിരിക്കുന്നു.’

ഒരു സമയം ഒരു പ്രശ്‌നത്തിനു പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുകയും അതു പൂര്‍ണമായി പരിഹരിക്കാന്‍ സാധിക്കുകയും വേണമെന്ന് അദ്ദേഹം പ്രൊബേഷണര്‍മാരോടു പറഞ്ഞു. ഇതു ജനങ്ങളുടെ ആത്മവിശ്വാസവും പങ്കാളിത്തവും വര്‍ധിപ്പിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

‘ആവേശപൂര്‍വം പല കാര്യങ്ങള്‍ ചെയ്യാന്‍ പുറപ്പെടുകയും അതുവഴി വിഭവങ്ങള്‍ തികയാതെ വരികയും ചെയ്യുന്ന സാഹചര്യം ഉണ്ടാകുന്നു. അതിനാല്‍, നിങ്ങള്‍ ഒരു പ്രശ്‌നത്തെ മാത്രം അഭിസംബോധന ചെയ്യുക. അതിനു പരിഹാരം കണ്ടെത്തുക. ഒരു ജില്ലയിലെ ഒരു പ്രശ്‌നം ഏറ്റെടുക്കുക. അതിനു സമ്പൂര്‍ണ പരിഹാരം കണ്ടെത്തുകയും ചെയ്യുക. അങ്ങനെ ഒരു പ്രശ്‌നം ഇല്ലാതെയാവട്ടെ. അപ്പോള്‍ നിങ്ങളുടെയും ജനങ്ങളുടെയും ആത്മവിശ്വാസം വര്‍ധിക്കും. അതുവഴി പദ്ധതികളില്‍ ജനപങ്കാളിത്തം വര്‍ധിക്കുകയും ചെയ്യും.’

ഉദ്ദേശ്യശുദ്ധിയോടെ പ്രവര്‍ത്തിക്കണമെന്നും പൊതുജനങ്ങള്‍ക്കു ബന്ധപ്പെടാന്‍ അവസരമൊരുക്കണമെന്നും അദ്ദേഹം യുവ പ്രൊബേഷണര്‍മാരോട് അഭ്യര്‍ഥിച്ചു.

‘അധികാരം ഉപയോഗിക്കുന്നതു ബലപൂര്‍വമാകരുത്. പകരം, മൃദുവായിട്ടാകണം. പൊതുജനങ്ങള്‍ക്കു നിങ്ങളെ എളുപ്പത്തില്‍ ബന്ധപ്പെടാന്‍ സാധിക്കണം. സദുദ്ദേശ്യപരമായി പ്രവര്‍ത്തിക്കണം. എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്താന്‍ നിങ്ങള്‍ക്കു സാധിച്ചില്ലെന്നുവരാം. എങ്കിലും അവ കേള്‍ക്കാനെങ്കിലും തയ്യാറാകണം. തങ്ങളുടെ പ്രശ്‌നം യഥാവിധി കേള്‍ക്കപ്പെട്ടാല്‍ത്തന്നെ രാജ്യത്തെ സാധാരണക്കാര്‍ സംതൃപ്തരാകും. തങ്ങള്‍ ബഹുമാനിക്കപ്പെടണമെന്നും തങ്ങള്‍ക്ക് അന്തസ്സോടെ കഴിയാന്‍ സാധിക്കണമെന്നും അവര്‍ കരുതുന്നു. തങ്ങളുടെ പ്രശ്‌നങ്ങള്‍ പറയാനുള്ള വേദി അവര്‍ ആഗ്രഹിക്കുന്നുമുണ്ട്.’

പ്രതികരണം ലഭിക്കാനുള്ള ഫലപ്രദമായ സംവിധാനം ഒരുക്കണമെന്നും അതുവഴി ശരിയായ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ സാധിക്കുമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു. ‘ഏതു വ്യവസ്ഥിതിയിലും ഉദ്യോഗസ്ഥ സംവിധാനം ഫലപ്രദമാക്കുന്നതിനായി ശരിയായ പ്രതികരണ സംവിധാനം ഉണ്ടായിരിക്കണം. എതിരാളികളില്‍നിന്നുപോലും പ്രതികരണം ലഭിക്കാന്‍ സംവിധാനം ഉണ്ടായിരിക്കണം. ഇതു വീക്ഷണം വിപുലപ്പെടുത്താനും പരിഷ്‌കാരങ്ങള്‍ നടപ്പാക്കാനും സഹായകമാകും.’, അദ്ദേഹം പറഞ്ഞു.

സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി പ്രവര്‍ത്തിക്കാനും അതുവഴി അഞ്ചു ലക്ഷം കോടി ഡോളര്‍ സമ്പദ്‌വ്യവസ്ഥയായി വളരാന്‍ രാജ്യത്തെ സഹായിക്കാനും സിവില്‍ സര്‍വീസ് പ്രൊബേഷണര്‍മാരോടു പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.