Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സെപ്റ്റംബർ 29നും 30നും പ്രധാനമന്ത്രി ഗുജറാത്ത് സന്ദർശിക്കും


പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബർ 29നും 30നും ഗുജറാത്ത് സന്ദർശിക്കും. സെപ്റ്റംബർ 29നു രാവിലെ 11നു സൂറത്തിൽ 3400 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികൾക്കു പ്രധാനമന്ത്രി തറക്കല്ലിടുകയും രാഷ്ട്രത്തിനു സമർപ്പിക്കുകയും ചെയ്യും. അതിനുശേഷം പ്രധാനമന്ത്രി ഭാവ്‌നഗറിലേക്കു പോകും. അവിടെ ഉച്ചയ്ക്ക് 2നു 5200 കോടി രൂപയിലധികം വരുന്ന ഒന്നിലധികം വികസന സംരംഭങ്ങളുടെ തറക്കല്ലിടലും ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും. വൈകുന്നേരം 7ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ പ്രധാനമന്ത്രി 36-ാം ദേശീയ ഗെയിംസ് ഉദ്ഘാടനം ചെയ്യും. രാത്രി 9ന് അഹമ്മദാബാദിലെ ജിഎംഡിസി ഗ്രൗണ്ടിൽ നടക്കുന്ന നവരാത്രി ഉത്സവത്തിലും പ്രധാനമന്ത്രി പങ്കെടുക്കും.

സെപ്റ്റംബർ 30നു രാവിലെ 10.30നു ഗാന്ധിനഗർ-മുംബൈ വന്ദേ ഭാരത് എക്സ്പ്രസ് ഗാന്ധിനഗർ സ്റ്റേഷനിൽ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. തുടർന്നു കാലുപുർ റെയിൽവേ സ്റ്റേഷനിലേക്ക് അദ്ദേഹം ട്രെയിനിൽ യാത്ര ചെയ്യും. പകൽ 11.30നു പ്രധാനമന്ത്രി അഹമ്മദാബാദ് മെട്രോ റെയിൽ പദ്ധതി ഫ്ലാഗ് ഓഫ് ചെയ്യും. കാലുപുർ സ്റ്റേഷനിൽനിന്നു ദൂരദർശൻ കേന്ദ്രം മെട്രോ സ്റ്റേഷനിലേക്കു പ്രധാനമന്ത്രി മെട്രോയിൽ സഞ്ചരിക്കും. ഉച്ചയ്ക്ക് 12ന് അഹമ്മദാബാദിലെ അഹമ്മദാബാദ് എജ്യുക്കേഷൻ സൊസൈറ്റിയിൽ നടക്കുന്ന പൊതുചടങ്ങിൽ പ്രധാനമന്ത്രി അഹമ്മദാബാദ് മെട്രോ പദ്ധതിയുടെ ഒന്നാംഘട്ടം ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5.45നു പ്രധാനമന്ത്രി അംബാജിയിൽ 7200 കോടി രൂപയുടെ വിവിധ പദ്ധതികൾ തറക്കല്ലിടുകയും സമർപ്പിക്കുകയും ചെയ്യും. വൈകുന്നേരം 7ന് അംബാജി ക്ഷേത്രത്തിൽ പ്രധാനമന്ത്രി ദർശനവും പൂജയും നടത്തും. 7.45നു ഗബ്ബർ തീർഥത്തിലെ മഹാ ആരതിയിലും അദ്ദേഹം പങ്കെടുക്കും.

വിപുലമായ ഈ വികസനപദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും ലോകോത്തര അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും നഗരത്തിന്റെ ചലനക്ഷമത വർധിപ്പിക്കുന്നതിനും ബഹുതലസമ്പർക്കസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള പ്രധാനമന്ത്രിയുടെ പ്രതിബദ്ധതയാണു പ്രതിഫലിപ്പിക്കുന്നത്. സാധാരണക്കാരുടെ ജീവിതസൗകര്യം മെച്ചപ്പെടുത്തുന്നതിൽ അദ്ദേഹത്തിന്റെ ഗവൺമെന്റ് തുടർച്ചയായി ശ്രദ്ധിക്കുന്നതിനെയും ഇതു ചൂണ്ടിക്കാട്ടുന്നു.
 

പ്രധാനമന്ത്രി സൂറത്തിൽ 

പ്രധാനമന്ത്രി 3400 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികൾക്കു തറക്കല്ലിടുകയും സമർപ്പിക്കുകയുംചെയ്യും. ജലവിതരണം, ജലനിർഗമന പദ്ധതികൾ, ഡ്രീം സിറ്റി, ജൈവവൈവിധ്യ പാർക്ക്, പൊതു അടിസ്ഥാനസൗകര്യങ്ങൾ, പൈതൃക പുനരുദ്ധാരണം, സിറ്റി ബസ്/ബിആർടിഎസ് അടിസ്ഥാനസൗകര്യങ്ങൾ, വൈദ്യുതവാഹന അടിസ്ഥാനസൗകര്യങ്ങൾ, കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകളുടെ സംയുക്ത വികസനപ്രവർത്തനങ്ങൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. 

റോഡ് അടിസ്ഥാനസൗകര്യപ്രവൃത്തികളുടെ ഒന്നാംഘട്ടവും ഡയമണ്ട് റിസർച്ച് ആൻഡ് മെർക്കന്റൈൽ (ഡ്രീം) സിറ്റിയുടെ പ്രധാന കവാടവും പ്രധാനമന്ത്രി ഉദ്ഘാടനംചെയ്യും. സൂറത്തിലെ രത്നവ്യാപാരത്തിന്റെ ദ്രുതഗതിയിലുള്ള വളർച്ചയ്ക്ക് അനുബന്ധമായി വാണിജ്യ, പാർപ്പിട മേഖലകളുടെ വർധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനുള്ള കാഴ്ചപ്പാടോടെയുള്ളതാണു ഡ്രീം സിറ്റി പദ്ധതി. പദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും.

ഡോ. ഹെഡ്ഗെവാർ പാലംമുതൽ ഭീംരാഡ്-ബാംറോളി പാലംവരെ 87 ഹെക്ടറിലധികം സ്ഥലത്തു നിർമിക്കുന്ന ജൈവവൈവിധ്യ പാർക്കിന്റെ തറക്കല്ലിടൽ പ്രധാനമന്ത്രി നിർവഹിക്കും. സൂറത്തിലെ ശാസ്ത്രകേന്ദ്രത്തി‌ൽ ഖോജ് മ്യൂസിയവും പ്രധാനമന്ത്രി ഉദ്ഘാടനംചെയ്യും. കുട്ടികൾക്കായി നിർമിച്ച മ്യൂസിയത്തിൽ കാണികൾക്കുകൂടി ഇടപെടാവുന്ന തരത്തിലുള്ള പ്രദർശനങ്ങൾ, അന്വേഷണാധിഷ്ഠിത പ്രവർത്തനങ്ങൾ, ജിജ്ഞാസാധിഷ്ഠിത പരിശോധനകൾ എന്നിവ ഉണ്ടായിരിക്കും.

പ്രധാനമന്ത്രി ഭാവ്നഗറിൽ

ഭാവ്‌നഗറിൽ 5200 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. ഭാവ്‌നഗറിൽ ലോകത്തിലെ ആദ്യത്തെ സിഎൻജി ടെർമിനലിനും ബ്രൗൺഫീൽഡ് തുറമുഖത്തിനും പ്രധാനമന്ത്രി തറക്കല്ലിടും. 4000 കോടിയിലധികം രൂപ ചെലവിലാണു തുറമുഖം വികസിപ്പിക്കുന്നത്. ലോകത്തിലെ നാലാമത്തെ ഏറ്റവും വലിയ ലോക്ക് ഗേറ്റ് സംവിധാനത്തോടൊപ്പം ലോകത്തിലെ ആദ്യത്തെ സിഎൻജി ടെർമിനലിനായുള്ള അത്യാധുനിക അടിസ്ഥാനസൗകര്യങ്ങളും ഇവിടെയുണ്ടാകും. സിഎൻജി ടെർമിനലിനുപുറമേ, ഈ മേഖലയിൽ വരാനിരിക്കുന്ന വിവിധ പദ്ധതികളുടെ ഭാവി ആവശ്യകതകളും തുറമുഖം നിറവേറ്റും. തുറമുഖത്തിന് അത്യാധുനിക കണ്ടെയ്‌നർ ടെർമിനൽ, വിവിധോദ്ദേശ്യ ടെർമിനൽ, ലിക്വിഡ് ടെർമിനൽ എന്നിവയുമുണ്ടാകു. നിലവിലുള്ള റോഡ്‌വേയിലേക്കും റെയിൽവേ ശൃംഖലയിലേക്കും നേരിട്ടുള്ള വാതിൽപ്പടി സമ്പർക്കസൗകര്യവും ഇതിനുണ്ടായിരിക്കും. ഇതു ചരക്കുകൾ കൈകാര്യം ചെയ്യുന്നതിനുള്ള ചെലവു ലാഭിക്കുന്നതിനാൽ സാമ്പത്തിക നേട്ടങ്ങൾക്കു മാത്രമല്ല, മേഖലയിലെ ജനങ്ങൾക്കു തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഇടയാക്കും. കൂടാതെ, സ‌ിഎൻജി ഇറക്കുമതി ടെർമിനൽ ശുദ്ധമായ ഊർജത്തിന്റെ വർധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി അധിക ഊർജസ്രോതസാകും.

ഭാവ്‌നഗറിൽ 20 ഏക്കറിൽ പരന്നുകിടക്കുന്ന, ഏകദേശം 100 കോടി രൂപ ചെലവിൽ നിർമിച്ച പ്രാദേശിക ശാസ്ത്രകേന്ദ്രത്തിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും. മറൈൻ അക്വാട്ടിക് ഗാലറി, ഓട്ടോമൊബൈൽ ഗാലറി, നോബൽ പ്രൈസ് ഗാലറി – ഫിസിയോളജി ആൻഡ് മെഡിസിൻ, ഇലക്ട്രോ മെക്കാനിക്സ് ഗാലറി, ബയോളജി സയൻസ് ഗാലറി തുടങ്ങിയ വിഷയങ്ങൾ അടിസ്ഥാനമാക്കിയുള്ള ഗാലറികൾ കേന്ദ്രത്തിലുണ്ട്. അനിമട്രോണിക് ദിനോസറുകൾ, ശാസ്ത്രവി‌ഷയങ്ങൾ അധിഷ്ഠിതമാക്കിയ കളിട്രെയിൻ, പ്രകൃതിപര്യവേഷണയാത്ര, മോഷൻ സിമുലേറ്ററുകൾ, ലഘു സൗര നിരീക്ഷണകേന്ദ്രം തുടങ്ങിയ സംവിധാനങ്ങളിലൂടെ കുട്ടികൾക്കായി, കണ്ടെത്തുന്നതിനും പര്യവേഷണം ചെയ്യുന്നതിനുമുള്ള സർഗാത്മക ഇടം കേന്ദ്രം ഒരുക്കും.

പരിപാടിയിൽ, സൗനി യോജന ലിങ്ക് 2ന്റെ പാക്കേജ് 7, 25 മെഗാവാട്ട് പാലിറ്റാന സോളാർ പിവി പ്രോജക്റ്റ്, എപിപിഎൽ കണ്ടെയ്നർ (ആവാദ്കൃപ പ്ലാസ്റ്റോമെക്ക് പ്രൈവറ്റ് ലിമിറ്റഡ്) പദ്ധതി ഉൾപ്പെടെയുള്ള വിവിധ പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. സൗനി യോജന ലിങ്ക് 2 ന്റെ പാക്കേജ് 9, ചൊർവാഡ്‌ല സോൺ ജലവിതരണ പദ്ധതി ഉൾപ്പെടെയുള്ള പദ്ധതികളുടെ തറക്കല്ലിടലും നിർവഹിക്കും.

 പ്രധാനമന്ത്രി അഹമ്മദാബാദിൽ 

അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ 36-ാം ദേശീയ ഗെയിംസിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും. ദേശീയ ഗെയിംസിൽ പങ്കെടുക്കുന്ന രാജ്യത്തുടനീളമുള്ള കായികതാരങ്ങളെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. ചടങ്ങിനിടെ, ദേശാറിലെ ലോകോത്തര നിലവാരമുള്ള “സ്വർണിം ഗുജറാത്ത് കായിക സർവകലാശാല”യുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും. നാഴികക്കല്ലാകുന്ന ഈ പദ്ധതി രാജ്യത്തിന്റെ കായിക വിദ്യാഭ്യാസമേഖലയെ മാറ്റിമറിക്കുമെന്നാണു പ്രതീക്ഷ. 

ഗുജറാത്തിൽ ഇതാദ്യമായാണു ദേശീയ ഗെയിംസ് നടക്കുന്നത്. 2022 സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 12 വരെയാണു കായികോത്സവം. രാജ്യത്തുടനീളമുള്ള 15,000 കായികതാരങ്ങളും പരിശീലകരും ഉദ്യോഗസ്ഥരും 36 കായിക ഇനങ്ങളിൽ പങ്കെടുക്കും. എക്കാലത്തെയും വലിയ ദേശീയ ഗെയിംസായി ഇതു മാറും. അഹമ്മദാബാദ്, ഗാന്ധിനഗർ, സൂറത്ത്, വഡോദര, രാജ്‌കോട്ട്, ഭാവ്‌നഗർ എന്നീ ആറു നഗരങ്ങളിലാണു കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. അന്നു മുഖ്യമന്ത്രിയായിരുന്ന ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള ശക്തമായ കായിക അടിസ്ഥാനസൗകര്യങ്ങൾ സൃഷ്ടിക്കുന്നതിനുള്ള യാത്ര ഗുജറാത്ത് ആരംഭിച്ചത്. ഇതു വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ഗെയിംസിനു തയ്യാറെടുക്കാൻ സംസ്ഥാനത്തെ സഹായിച്ചു. 

അഹമ്മദാബാദിൽ നടക്കുന്ന പൊതുപരിപാടിയിൽ പ്രധാനമന്ത്രി അഹമ്മദാബാദ് മെട്രോ പദ്ധതിയുടെ ഒന്നാംഘട്ടം ഉദ്ഘാടനംചെയ്യും. അപ്പാരൽ പാർക്ക് മുതൽ തൽതേജ് വരെയുള്ള 32 കിലോമീറ്റർ കിഴക്ക്-പടിഞ്ഞാറ് ഇടനാഴിയും മൊട്ടേരമുതൽ ഗ്യാസ്പുർവരെയുള്ള വടക്ക്-തെക്ക് ഇടനാഴിയും ഇതിൽ ഉൾപ്പെടുന്നു. കിഴക്ക്-പടിഞ്ഞാറ് ഇടനാഴിയിലെ തൽതേജ്-വസ്ത്രാൽ റൂട്ടിൽ 17 സ്റ്റേഷനുകളുണ്ട്. ഈ ഇടനാഴിയിൽ നാലു സ്റ്റേഷനുകളുള്ള 6.6 കിലോമീറ്റർ ഭൂഗർഭ ഭാഗവുമുണ്ട്. ഗ്യാസ്പുരിനെ മൊട്ടേര സ്റ്റേഡിയവുമായി ബന്ധിപ്പിക്കുന്ന 19 കിലോമീറ്റർ വടക്ക്-തെക്ക് ഇടനാഴിയിൽ 15 സ്റ്റേഷനുകളുണ്ട്. 12,900 കോടിയിലധികം രൂപ ചെലവിട്ടാണ് ഒന്നാം ഘട്ട പദ്ധതി മുഴുവൻ നിർമിച്ചിരിക്കുന്നത്. ഭൂഗർഭ തുരങ്കങ്ങൾ, ആർച്ചുകളും പാലങ്ങളും, ഭൂമിയിൽനിന്നുയർന്നു നിൽക്കുന്നതും ഭൂമിക്കടിയിലുള്ളതുമായ സ്റ്റേഷൻ കെട്ടിടങ്ങൾ, ബാലസ്റ്റ്‌രഹിത റെയിൽ ട്രാക്കുകൾ, ഡ്രൈവറില്ലാ ട്രെയിൻ പ്രവർത്തിപ്പിക്കുന്ന കംപ്ലയന്റ് റോളിംഗ് സ്റ്റോക്ക് തുടങ്ങിയവ ഉൾപ്പെടുന്ന ബൃഹത്തായ അത്യാധുനിക അടിസ്ഥാനസൗകര്യപദ്ധതിയാണ് അഹമ്മദാബാദ് മെട്രോ. ഊർജ ഉപഭോഗത്തിന്റെ 30-35% ലാഭിക്കാൻ കഴിയുന്ന ഊർജക്ഷമമായ പ്രൊപ്പൽഷൻ സംവിധാനമണു മെട്രോ ട്രെയിൻ സെറ്റിൽ സജ്ജീകരിച്ചിട്ടുള്ളത്. ട്രെയിനിലുള്ള അത്യാധുനിക സസ്പെൻഷൻ സംവിധാനം യാത്രക്കാർക്കു വളരെ സുഗമമായ യാത്രാനുഭവം നൽകും. അഹമ്മദാബാദ് ഒന്നാംഘട്ട മെട്രോ പദ്ധതിയുടെ ഉദ്ഘാടനം നഗരത്തിലെ ജനങ്ങൾക്കു ലോകോത്തര ബഹുതല സമ്പർക്കസൗകര്യങ്ങളൊരുക്കും. ഇന്ത്യൻ റെയിൽവേ, ബസ് സംവിധാനം (ബിആർടിഎസ്, ജിഎസ്ആർടിസി, സിറ്റി ബസ് സർവീസ്) എന്നിവയുമായി ബഹുതലസമ്പർക്കസൗകര്യം ഇതു നൽകുന്നുണ്ട്. റാണിപ്പ്, വഡാജ്, എഇസി സ്റ്റേഷൻ മുതലായവയിൽ ബിആർടിഎസുമായുള്ള സമ്പർക്കസൗകര്യവും ഗാന്ധിധാം, കലുപൂർ, സബർമതി സ്റ്റേഷനുകളിൽ ഇന്ത്യൻ റെയിൽവേയുമായുള്ള സമ്പർക്കസൗകര്യവും ഇതിൽ ഉൾപ്പെടുന്നു. കാലുപ്പുരിൽ, മുംബൈയെയും അഹമ്മദാബാദിനെയും ബന്ധിപ്പിക്കുന്ന അതിവേഗ റെയിൽ സംവിധാനവുമായി മെട്രോ ലൈൻ ബന്ധിപ്പിക്കും. 

ഗാന്ധിനഗറിനും മുംബൈയ്ക്കുമിടയിൽ വന്ദേ ഭാരത് എക്സ്പ്രസിന്റെ പുതിയതും നവീകരിച്ചതുമായ പതിപ്പും പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. വന്ദേ ഭാരത് എക്സ്പ്രസ് ഏറെ മികച്ചതും വിമാനംപോലെയുള്ളതുമായ യാത്രാനുഭവമാണു പ്രദാനം ചെയ്യുന്നത്. തദ്ദേശീയമായി വികസിപ്പിച്ച ട്രെയിൻ കൂട്ടിയിടി ഒഴിവാക്കൽസംവിധാനമായ ‘കവച്’ ഉൾപ്പെടെയുള്ള അത്യാധുനിക സുരക്ഷാ സംവിധാനങ്ങളോടെയാണു സജ്ജീകരിച്ചിരിക്കുന്നത്. എല്ലാ ക്ലാസുകളിലും ചാരിയിരിക്കാവുന്ന സീറ്റുകളാണുള്ളത്. എക്സിക്യൂട്ടീവ് കോച്ചുകളിൽ 180 ഡിഗ്രി കറങ്ങുന്ന സീറ്റുകളെന്ന അധിക സവിശേഷതയുമുണ്ട്. എല്ലാ കോച്ചുകളിലും യാത്രക്കാർക്കു വിവരങ്ങളും വിനോദവും പ്രദാനംചെയ്യുന്ന 32 ഇഞ്ച് സ്‌ക്രീനുകളും സജ്ജീകരിച്ചിട്ടുണ്ട്. 

പ്രധാനമന്ത്രി അംബാജിയിൽ 

അംബാജിയിൽ 7200 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്കു പ്രധാനമന്ത്രി തറക്കല്ലിടുകയും രാജ്യത്തിനു സമർപ്പിക്കുകയും ചെയ്യും. പ്രധാനമന്ത്രി ആവാസ് യോജനയ്ക്കുകീഴിൽ നിർമിച്ച 45,000 വീടുകളുടെ സമർപ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. തരംഗ ഹിൽ – അംബാജി – അബു റോഡ് പുതിയ ബ്രോഡ് ഗേജ് ലൈനിന്റെ തറക്കല്ലിടലും പ്രസാദ് പദ്ധതിപ്രകാരം അംബാജി ക്ഷേത്രത്തിൽ തീർഥാടന സൗകര്യങ്ങളുടെ വികസനോദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും. 51 ശക്തിപീഠങ്ങളിൽ ഒന്നായ അംബാജി സന്ദർശിക്കുന്ന ലക്ഷക്കണക്കിനു ഭക്തർക്കു പുതിയ റെയിൽ പാത പ്രയോജനപ്പെടും. മാത്രമല്ല, ഈ തീർഥാടന സ്ഥലങ്ങളിലെല്ലാം ഭക്തരുടെ ആരാധനാനുഭവം സമ്പന്നമാക്കും. ഡീസയിലെ എയർഫോഴ്‌സ് സ്റ്റേഷനിൽ റൺവേയുടെ നിർമ്മാണവും അനുബന്ധ അടിസ്ഥാന സൗകര്യങ്ങളും, അംബാജി ബൈപാസ് റോഡ് ഉൾപ്പെടെയുള്ള മറ്റു പദ്ധതികളുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. 

പടിഞ്ഞാറൻ സമർപ്പിത ചരക്ക് ഇടനാഴിയുടെ 62 കിലോമീറ്റർ നീളമുള്ള പുതിയ പാലൻപുർ-ന്യൂ മഹേശന ഭാഗവും 13 കിലോമീറ്റർ നീളമുള്ള പുതിയ പാലൻപുർ-ന്യൂ ചതോദാർ സെക്ഷനും (പാലൻപുർ ബൈപാസ് ലൈൻ) പ്രധാനമന്ത്രി സമർപ്പിക്കും. പിപാവാവ്, ദീൻദയാൽ തുറമുഖ അതോറിറ്റി (കണ്ട്‌ല), മുന്ദ്ര, ഗുജറാത്തിലെ മറ്റ് തുറമുഖങ്ങൾ എന്നിവയിലേക്കുള്ള സമ്പർക്കസൗകര്യം വർധിപ്പിക്കാൻ ഇതിനു കഴിയും. ഈ ഭാഗങ്ങൾ തുറക്കുന്നതോടെ പടിഞ്ഞാറൻ സമർപ്പിത ചരക്ക് ഇടനാഴിയുടെ 734 കിലോമീറ്റർ പ്രവർത്തനക്ഷമമാകും. ഈ പാത തുറക്കുന്നതു ഗുജറാത്തിലെ മെഹ്‌സാന-പാലൻപുർ; രാജസ്ഥാനിലെ സ്വരൂപ്ഗഞ്ച്, കേശവ്ഗഞ്ച്, കിഷൻഗഡ്; ഹരിയാനയിലെ രേവാരി-മനേസർ, നർനൗൾ എന്നിവിടങ്ങളിലെ വ്യവസായങ്ങൾക്കു ഗുണംചെയ്യും.  മിത-തരാട്-ഡീസ റോഡ് വീതികൂട്ടുന്നതുൾപ്പെടെയുള്ള വിവിധ റോഡ് പദ്ധതികളുടെ സമർപ്പണവും പ്രധാനമന്ത്രി നിർവഹിക്കും.

–ND–