Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് രാജ്യാന്തര സാമ്പത്തിക ഫോറത്തിന്റെ സമ്പൂര്‍ണസമ്മേളനത്തില്‍ പ്രധാനമന്ത്രി പ്രസംഗിച്ചു

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് രാജ്യാന്തര സാമ്പത്തിക ഫോറത്തിന്റെ സമ്പൂര്‍ണസമ്മേളനത്തില്‍ പ്രധാനമന്ത്രി പ്രസംഗിച്ചു


സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് രാജ്യാന്തര സാമ്പത്തിക ഫോറ(എസ്.പി.ഐ.ഇ.എഫ്.)ത്തിന്റെ സമ്പൂര്‍ണസമ്മേളനത്തെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. ആഗോളതലത്തില്‍ പുതിയ സന്തുലനം സൃഷ്ടിക്കല്‍ എന്നതായിരുന്നു സമ്മേളനത്തിന്റെ പ്രമേയം.

എസ്.പി.ഐ.ഇ.എഫില്‍ ഈ വര്‍ഷത്തെ അതിഥിരാഷ്ട്രമാണ് ഇന്ത്യ. പ്രധാനമന്ത്രി മോദി വിശിഷ്ടാതിഥിയും.

മനോഹരമായ സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് നഗരത്തില്‍ നടക്കുന്ന എസ്.പി.ഐ.ഇഫില്‍ പങ്കെടുക്കാന്‍ അവസരം നല്‍കിയതിനു പ്രസിഡന്റ് പുടിനെ പ്രധാനമന്ത്രി നന്ദി അറിയിച്ചു.
ഇന്ത്യ-റഷ്യ ബന്ധം അതിവേഗം മെച്ചപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു. പരസ്പര വിശ്വാസത്തില്‍ അധിഷ്ഠിതമായ ബന്ധങ്ങള്‍ വളരെ ചുരുക്കമാണെന്നും 70 വര്‍ഷമായി തുടരുന്ന ഇന്ത്യ-റഷ്യ ബന്ധം വിശ്വാസത്തില്‍ അധിഷ്ഠിതമാണെന്നും മാറുന്ന ഇന്നത്തെ ലോകത്തില്‍ അതു കൂടുതല്‍ ദൃഢമായിക്കൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

125 കോടി ജനങ്ങളുടെ പ്രതിനിധി ആയാണു സമ്മേളനത്തില്‍ താന്‍ സംബന്ധിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തിന്റെ ശ്രദ്ധ ഏഷ്യയിലേക്കാണെന്നും അതു സ്വാഭാവികമായും ഇന്ത്യയിലേക്കാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ മൂന്നു വര്‍ഷമായി തന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് എല്ലാ രംഗത്തും പുരോഗമനപരമായ തീരുമാനങ്ങള്‍ കൈക്കൊണ്ടുവരികയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇപ്പോള്‍ ഇന്ത്യക്ക് 7 ശതമാനം മൊത്ത ആഭ്യന്തര ഉല്‍പാദന വളര്‍ച്ചാനിരക്കുണ്ടെന്നു പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഗവണ്‍മെന്റിന്റെ ഇടപെടല്‍ പരമാവധി കുറയ്ക്കുക, പരമാവധി ഭരണനേട്ടങ്ങള്‍ ഉണ്ടാക്കുക, ചുവപ്പു നാടയില്‍ കുരുക്കുന്നതിനു പകരം ചുവപ്പു പരവതാനി വിരിക്കുക എന്നിവയാണ് ഇന്ത്യയില്‍ ഭരണരംഗത്തു വരുത്തിയ പരിഷ്‌കാരങ്ങളെന്നും ശ്രീ. മോദി പറഞ്ഞു. പരിഷ്‌കാരങ്ങള്‍ക്കു രാഷ്ട്രീയ ഇച്ഛാശക്തിയും കൃത്യമായ വീക്ഷണവും അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. നേതൃത്വത്തിനു സമാനമായ ഊര്‍ജം ഉദ്യോഗസ്ഥ സംവിധാനത്തിനും ഉണ്ടായിരിക്കണമെന്ന് ഓര്‍മിപ്പിക്കുകയും ചെയ്തു.
വൈവിധ്യമാണ് ഇന്ത്യയുടെ കരുത്തെന്നു വ്യക്തമാക്കിയ അദ്ദേഹം, ചരക്കു സേവന നികുതി ജൂലൈ ഒന്നിനു നടപ്പാക്കുമെന്നും അതു രാജ്യത്താകമാനം ഏകീകൃത നികുതിസമ്പ്രദായം യാഥാര്‍ഥ്യമാക്കുമെന്നും വ്യക്തമാക്കി.

തനിക്കു മുമ്പേ പ്രസംഗിച്ച പ്രസിഡന്റ് പുടിന്റെ വാക്കുകളോടു യോജിപ്പു പ്രകടിപ്പിച്ച പ്രധാനമന്ത്രി, ഡിജിറ്റല്‍ ഇന്ത്യ മുന്നേറ്റത്തില്‍ സാങ്കേതികവിദ്യയാണു മുഖ്യ പങ്കു വഹിക്കാന്‍ പോകുന്നതെന്ന് ഓര്‍മിപ്പിച്ചു. സമൂഹത്തില്‍ ‘ഡിജിറ്റല്‍ വിടവ്’ അനുവദിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാമ്പത്തിക ഉള്‍ച്ചേര്‍ക്കലിനായി ഗവണ്‍മെന്റ് മുന്നോട്ടുവെച്ച ജന്‍ധന്‍, ആധാര്‍, മൊബൈല്‍ (ജാം) ത്രിത്വത്തെക്കുറിച്ചും പ്രധാനമന്ത്രി പരാമര്‍ശിച്ചു. 1200ലധികം നിയമങ്ങള്‍ കേന്ദ്ര ഗവണ്‍മെന്റ് റദ്ദാക്കിയതും അദ്ദേഹം ഓര്‍മിപ്പിച്ചു.

ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കാനായി കേന്ദ്ര ഗവണ്‍മെന്റ്തലത്തില്‍ മാത്രം 7000 പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയതായി പ്രധാനമന്ത്രി അറിയിച്ചു.

പ്രത്യക്ഷ വിദേശ നിക്ഷേപത്തിനായും മത്സരക്ഷമതയ്ക്കായും കൈക്കൊണ്ട തീരുമാനങ്ങള്‍ അദ്ദേഹം വിശദീകരിച്ചു. പ്രത്യക്ഷ വിദേശ നിക്ഷേപ സാധ്യത ഏറ്റവും കൂടുതലുള്ള മൂന്നു സ്ഥലങ്ങളില്‍ ഒന്നാണ് ഇന്ത്യയെന്നു രാജ്യാന്തര റേറ്റിങ് ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

നിക്ഷേപസുരക്ഷയുടെ പ്രാധാന്യത്തെക്കുറിച്ചു പരാമര്‍ശിക്കവേ, ഇന്ത്യയിലുള്ള സജീവമായ ജനാധിപത്യവും ഇംഗ്ലീഷ് ഭാഷാ പ്രചാരവും സുരക്ഷാബോധം ഉയര്‍ത്തുന്നതില്‍ നിര്‍ണായകമാണെന്ന് അദ്ദേഹം വിശദീകരിച്ചു.

പുതിയ ഇന്ത്യ സൃഷ്ടിക്കുക എന്ന കാഴ്ചപ്പാടിന്റെ ഭാഗമായി രാജ്യത്തുള്ള പ്രതിഭാധനരായ 80 കോടി യുവാക്കള്‍ക്കു നൈപുണ്യവികസനത്തിന് അവസരമൊരുക്കുക എന്നതിനാണ് ഏറ്റവും മുന്‍ഗണന. ഇന്ത്യയുടെ ചൊവ്വാദൗത്യം ആദ്യപരീക്ഷണത്തില്‍ തന്നെ വിജയിച്ചത് അദ്ദേഹം ചൂണ്ടിക്കാട്ടി. തൊഴില്‍തേടുന്ന യുവാക്കളല്ല, തൊഴില്‍ദായകരായ യുവാക്കളായിരിക്കും നവ ഇന്ത്യയില്‍ ഉണ്ടാവുകയെന്നും ആഗോളതലത്തില്‍ ആവശ്യമുള്ളിടത്തോളം തൊഴില്‍നൈപുണ്യമുള്ള മനുഷ്യവിഭവശേഷി ലഭ്യമാക്കാന്‍ ഇന്ത്യക്കു സാധിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

അതിവേഗം നടക്കുന്ന ഇന്ത്യയുടെ നഗരവല്‍ക്കരണത്തിന്റെ ഭാഗമായി മെട്രോ ശൃംഖലകളും മാലിന്യസംസ്‌കരണ സംവിധാനവും ഉള്‍പ്പെടെയുള്ള ആധുനിക അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. റെയില്‍ ശൃംഖല ആധുനികീകരിക്കുന്നതിനെക്കുറിച്ചും പ്രധാനമന്ത്രി പരാമര്‍ശിച്ചു. ഗംഗാനദി ശുചീകരിക്കാനുള്ള പദ്ധതിയും സദസ്സിന്റെ ശ്രദ്ധയില്‍പ്പെടുത്തി. ഇതെല്ലാം നിക്ഷേപം നടത്താനുള്ള വലിയ അവസരങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

കാര്‍ഷികരംഗത്തെ പദ്ധതികളെക്കുറിച്ചു വിശദീകരിക്കവേ, ജൈവകൃഷിയും ഭക്ഷ്യസംസ്‌കരണവും നിക്ഷേപസാധ്യതയുള്ള മേഖലകളായി പ്രധാനമന്ത്രി ഉയര്‍ത്തിക്കാട്ടി. ഉല്‍പാദനമേഖലയില്‍ ചികില്‍സാ ഉപകരണങ്ങളുടെയും പ്രതിരോധ സാമഗ്രികളുടെയും നിര്‍മാണമാണു വിദേശനിക്ഷേപത്തിന് ഏറ്റവും അനുയോജ്യമായ മേഖലകളായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്. സേവനമേഖലയില്‍ വിനോദസഞ്ചാരത്തിനും ആതിഥ്യരംഗത്തിനും മുന്‍ഗണന ലഭിക്കുമെന്ന് വ്യക്തമാക്കി.

വേദങ്ങളിലൊന്നായ അഥര്‍വവേദത്തില്‍ അയ്യായിരം വര്‍ഷം മുന്‍പ് പ്രകൃതിക്കായുള്ള സമര്‍പ്പണത്തെക്കുറിച്ചു വിശദീകരിക്കുന്നുണ്ടെന്നു വ്യക്തമാക്കിയ പ്രധാനമന്ത്രി, ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച പ്രകൃതിയെ ചൂഷണംചെയ്യുക എന്ന കുറ്റകൃത്യത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതല്ലെന്നും മറിച്ച് പ്രകൃതിയെ ഉപയോഗപ്പെടുത്തുന്നതോടൊപ്പം സംരക്ഷിക്കുകയും ആദരിക്കുകയും ചെയ്യുന്ന രീതി പിന്‍പറ്റിയുള്ളതാണെന്നും വിശദീകരിച്ചു. 2022 ആകുമ്പോഴേക്കും 175 ഗിഗാ വാട്ട്‌സ് പുനരുപയോഗിക്കാവുന്ന ഊര്‍ജം ഉല്‍പാദിപ്പിക്കുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യമെന്നും ആണവോര്‍ജത്തേക്കാള്‍ കൂടുതല്‍ പുനരുപയോഗിക്കാവുന്ന ഊര്‍ജം ഉല്‍പാദിപ്പിക്കാനാണു പദ്ധതിയെന്നും ചൂണ്ടിക്കാട്ടി. കാലാവസ്ഥയുടെ കാര്യത്തില്‍ ഉത്തരവാദിത്തബോധമുള്ള രാഷ്ട്രമായിരിക്കും ഇന്ത്യയെന്ന് ഉറപ്പിച്ചുപറഞ്ഞ പ്രധാനമന്ത്രി, പരിസ്ഥിതിക്ക് ആഘാതം സൃഷ്ടിക്കാത്തവിധം ഉല്‍പാദനം നടത്താന്‍ ശ്രമിക്കുമെന്നു വ്യക്തമാക്കി. എല്‍.ഇ.ഡി. ബള്‍ബ് വിതരണം പോലുള്ള പദ്ധതികള്‍ വലിയ അളവ് ഊര്‍ജം ലാഭിക്കുന്നതിനു സഹായകമായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നവര്‍ക്കു മുന്നില്‍ മാനംമുട്ടെ അവസരങ്ങളുണ്ടെന്ന് ഉറപ്പുനല്‍കുകവഴി ഇന്ത്യയില്‍ നിക്ഷേപിക്കുന്നതിനായി ആഗോള നിക്ഷേപകര്‍ക്ക് ആവേശം പകരുകയാണു പ്രധാനമന്ത്രി ചെയ്തത്.