Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ നടക്കുന്ന 18ാമത് വാര്‍ഷിക ഇന്ത്യ-റഷ്യ ഉച്ചകോടിയില്‍ പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് പുടിനും കൂടിക്കാഴ്ച നടത്തി

സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ നടക്കുന്ന 18ാമത് വാര്‍ഷിക ഇന്ത്യ-റഷ്യ ഉച്ചകോടിയില്‍ പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് പുടിനും കൂടിക്കാഴ്ച നടത്തി

സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ നടക്കുന്ന 18ാമത് വാര്‍ഷിക ഇന്ത്യ-റഷ്യ ഉച്ചകോടിയില്‍ പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് പുടിനും കൂടിക്കാഴ്ച നടത്തി


സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ നടക്കുന്ന 18ാമത് വാര്‍ഷിക ഇന്ത്യ-റഷ്യ ഉച്ചകോടിയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് ശ്രീ. വ്‌ളാദിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തി.

ഉച്ചകോടിക്കുശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവേ, 2001ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയെന്ന നിലയില്‍ സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലേക്കു നടത്തിയ ആദ്യസന്ദര്‍ശനത്തെക്കുറിച്ചു പ്രധാനമന്ത്രി മോദി അനുസ്മരിച്ചു. സംസ്‌കാരം മുതല്‍ സുരക്ഷ വരെയുള്ള എല്ലാ മേഖലകളിലും ഇന്ത്യയും റഷ്യയും തമ്മില്‍ ബന്ധമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

വിവിധ ഉഭയകക്ഷി വിഷയങ്ങളിലും ആഗോള വിഷയങ്ങളിലും ഉള്ള സമാനമായ കാഴ്ചപ്പാട് 70 വര്‍ഷമായി ഇരു രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്രബന്ധത്തിന്റെ ഫലമായി ഉണ്ടായതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇളകിമറിയുന്നതും പരസ്പരാശ്രിതത്വം ഉള്ളതും പരസ്പര ബന്ധിതവുമായ ലോകത്തില്‍ സുസ്ഥിരതയുടെ മാനദണ്ഡമാണ് ഇന്നു പുറത്തിറക്കപ്പെട്ട സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് പ്രഖ്യാപനമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എസ്.പി.ഐ.ഇ.എഫില്‍ ഇന്ത്യ അതിഥിരാഷ്ട്രമായി പങ്കെടുക്കുന്നതിനൊപ്പം നാളെ അവിടെ താന്‍ നടത്താന്‍ പോകുന്ന പ്രസംഗവും കൂടിച്ചേരുമ്പോള്‍ ഇരു രാജ്യങ്ങള്‍ തമ്മിലുള്ള സാമ്പത്തിക സഹകരണം മെച്ചപ്പെടുമെന്നു പ്രധാനമന്ത്രി വ്യക്തമാക്കി.

ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാനശിലകളിലൊന്ന് ഊര്‍ജമേഖലയിലെ സഹകരണമാണെന്നു വെളിപ്പെടുത്തിയ പ്രധാനമന്ത്രി, ആണവ, ഹൈഡ്രോകാര്‍ബണ്‍ ഊര്‍ജമേഖലയിലും പുനരുപയോഗിക്കാവുന്ന ഊര്‍ജമേഖലയിലും ഉള്ള സഹകരണം വര്‍ധിക്കുന്നതിനു സഹായകമാണ് ഇന്നു നടത്തിയ ചര്‍ച്ചകളും കൈക്കൊണ്ട തീരുമാനങ്ങളും എന്നു കൂട്ടിച്ചേര്‍ത്തു. കൂടംകുളം ആണവോര്‍ജ പ്ലാന്റിലെ അഞ്ചും ആറും യൂണിറ്റുകള്‍ സംബന്ധിച്ച കരാറിനെക്കുറിച്ച് അദ്ദേഹം പരാമര്‍ശിച്ചു.

ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര, വാണിജ്യബന്ധം ശക്തിപ്പെടുത്തുന്നതില്‍ സ്വകാര്യമേഖലയ്ക്കുള്ള പങ്കിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, 2025 ആകുമ്പോഴേക്കും 3000 കോടി യു.എസ്. ഡോളര്‍ നിക്ഷേപം യാഥാര്‍ഥ്യമാക്കുക എന്ന ലക്ഷ്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണെന്നും വ്യക്തമാക്കി.

കണക്റ്റിവിറ്റിയെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ആ അവസരത്തില്‍, ഇരു രാജ്യങ്ങള്‍ തമ്മില്‍ രാജ്യാന്തര തെക്കുവടക്കു ഗതാഗത ഇടനാഴി സംബന്ധിച്ചുള്ള കരാര്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തു. മറ്റു പദ്ധതികളെക്കുറിച്ചു പറയവേ, സ്റ്റാര്‍ട്ടപ്പുകളും സംരംഭങ്ങളും ആരംഭിക്കുന്നതു പ്രോത്സാഹിപ്പിക്കാനായുള്ള ‘ബ്രിഡ്ജ് റ്റു ഇന്നവേഷനെ’ ക്കുറിച്ച് ഓര്‍മിപ്പിച്ചു. യൂറേഷ്യന്‍ സാമ്പത്തിക യൂണിയനുമായി നടത്താനിരിക്കുന്ന സ്വതന്ത്ര വ്യാപാര കരാറിനെക്കുറിച്ചും പ്രധാനമന്ത്രി പരാമര്‍ശിച്ചു.

കാലത്തിന്റെ പരീക്ഷണങ്ങളെ അതിജീവിച്ച ഇന്ത്യ-റഷ്യ ബന്ധത്തിന്റെ നയതന്ത്രപരമായ വ്യാപ്തിയെക്കുറിച്ച് അടിവരയിട്ടു സൂചിപ്പിച്ച അദ്ദേഹം ഇരു രാജ്യങ്ങളും ചേര്‍ന്നു നടത്താനിരിക്കുന്ന ആദ്യ ട്രൈ-സര്‍വീസസ് പ്രകടനമായ ഇന്ദ്ര 20917നെക്കുറിച്ചു വിശദീകരിക്കുകയും ചെയ്തു. കാനോവ് 226 ഹെലികോപ്റ്ററുകളും യുദ്ധക്കപ്പലുകളും നിര്‍മിക്കാനുള്ള പ്രതിരോധ മേഖലയിലെ സംയുക്ത സംരംഭങ്ങളെക്കുറിച്ചും പരാമര്‍ശിച്ചു. അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ ഇന്ത്യക്കു വ്യവസ്ഥകളില്ലാതെ പിന്തുണ നല്‍കിയ റഷ്യയുടെ നടപടിയെ പ്രധാനമന്ത്രി സ്വാഗതംചെയ്തു.

സാംസ്‌കാരികബന്ധത്തെക്കുറിച്ചു പരാമര്‍ശിക്കവേ, റഷ്യന്‍ സംസ്‌കാരത്തെക്കുറിച്ച് ഇന്ത്യയില്‍ നന്നായി അറിയാമെന്നതും യോഗയും ആയുര്‍വേദവും റഷ്യയില്‍ പ്രചാരം നേടിയിട്ടുണ്ടെന്നുള്ളതും വളരെ സംതൃപ്തി പകരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യ-റഷ്യ ബന്ധം മെച്ചപ്പെടുത്തുന്നതില്‍ പ്രസിഡന്റ് പുടിന്‍ വഹിക്കുന്ന പങ്കിനെ പ്രധാനമന്ത്രി സ്വാഗതം ചെയ്യുകയും അഭിനന്ദിക്കുകയും ചെയ്തു.

അടുത്തിടെ നിര്യാതനായ ഇന്ത്യയുടെ സുഹൃത്തായിരുന്ന അംബാസഡര്‍ അലക്‌സാന്‍ഡര്‍ കഡാക്കിന്റെ പേര് ഡെല്‍ഹിയിലെ ഒരു റോഡിനു നല്‍കിയ കാര്യം ശ്രീ. മോദി പ്രഖ്യാപിച്ചു.

നേരത്തേ, ഇരു രാജ്യങ്ങളിലെയും സി.ഇ.ഒമാരെ അഭിസംബോധന ചെയ്യവേ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലെ പ്രധാന മേഖലകളില്‍ നിക്ഷേപം നടത്താന്‍ റഷ്യന്‍ കമ്പനികളെ ക്ഷണിക്കുകയും യുദ്ധതന്ത്ര മേഖലയിലെ സാധ്യതകള്‍ പ്രത്യേകം പരാമര്‍ശിക്കുകയും ചെയ്തിരുന്നു.

ആണവോര്‍ജം, റെയില്‍വേ, രത്‌നവും ആഭരണവും, പരമ്പരാഗ വിജ്ഞാനവും സാംസ്‌കാരിക വിനിമയവും തുടങ്ങിയ മേഖലകളിലായി അഞ്ചു കരാറുകള്‍ ഇന്ത്യയും റഷ്യയും ഇന്ന് ഒപ്പുവെച്ചു.

പ്രധാനമന്ത്രി നേരത്തേ പിസ്‌കരോവ്‌സ്‌കോയെ സെമിത്തേരി സന്ദര്‍ശിച്ച് ലെനിന്‍ഗ്രാഡ് യുദ്ധപ്പോരാളികള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചിരുന്നു.