ആദരണിയനായ പ്രസിഡന്റ് ഷി ജിംഗ്പിംഗ് എന്റെ ബഹുമാനപ്പെട്ട ബ്രിക്‌സ് സഹപ്രവര്‍ത്തകരെ ബഹുമാന്യരായ നേതാക്കളെ,
ഇന്ന് നിങ്ങളോടൊപ്പം ഇവിടെ ഒത്തുചേരാനായതില്‍ ഞാന്‍ അതീവ സന്തുഷ്ടനാണ്. നിങ്ങളുടെ രാജ്യങ്ങള്‍ ഇന്ത്യയ്ക്ക് വളരെ വിലപ്പെട്ട ഉറ്റ പങ്കാളികളാണ്. സമഗ്രമായ സുസ്ഥിരവികസനം നേടണമെന്ന നമ്മുടെ പങ്കാളിത്ത മുന്‍ഗണയില്‍ എന്റെ വീക്ഷണം നിങ്ങളുമായി പങ്കുവയ്ക്കുന്നതില്‍ എനിക്ക് അതീവ ആഹ്‌ളാദമുണ്ട്. നമ്മെ ഇക്കാര്യത്തില്‍ പരസ്പരം ഒന്നിച്ചുകൊണ്ടുവന്നതിന് പ്രസിഡന്റ് സീ ജിംഗ്പിംഗിനോടുള്ള എന്റെ നന്ദിയും ഞാന്‍ പ്രകടിപ്പിക്കുകയാണ്.
ആദരണീയരെ,
യു.എന്നിന്റെ 2030 അജണ്ടയും സുസ്ഥിരവികസനത്തിനുള്ള അതിലെ 17 ലക്ഷ്യങ്ങളും നാം സ്വീകരിച്ചിട്ട് രണ്ടുവര്‍ഷം കഴിയവെ ലക്ഷ്യം നേടുന്നതിനുള്ള യോജിച്ച പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കേണ്ടത് അനിവാര്യമായിരിക്കുകയാണ്. അടുത്തകാലത്താണ് ഇന്ത്യ സുസ്ഥിര വികസന ലക്ഷ്യങ്ങളെ(എസ്.ഡി.ഡി)ക്കുറിച്ചുള്ള ദേശീയ വിലയിരുത്തല്‍ സ്വയം നടത്തിയത്. നമ്മുടെ വികസന അജണ്ടയുടെ പ്രധാനപ്പെട്ട അടിസ്ഥാനതത്വം ”എല്ലാവര്‍ക്കും ഒപ്പം, എല്ലാവരുടെയും വികസനം”-അതായത് കൂട്ടായ പ്രയത്‌നം, സംശ്ലേഷിത വികസനം എന്നതാണ്. ഓരോ സുസ്ഥിര വികസന ലക്ഷ്യത്തെയും നമ്മുടെ വികസന പദ്ധതികളിലും പരിപാടികളിലും ഉള്‍പ്പെടുത്തി ദേശീയ-സംസ്ഥാന തലങ്ങളില്‍ പ്രത്യേകം രൂപരേഖ തയാറാക്കിയിട്ടുണ്ട്. ഈ സുസ്ഥിര വികസന ലക്ഷ്യങ്ങളെ കുറിച്ച് ചര്‍ച്ചകള്‍ നടത്തുന്നതിന് നമ്മുടെ പാര്‍ലമെന്റും പ്രത്യേകമായി മുന്‍കൈയെടുത്തിരുന്നു. ഈ ലക്ഷ്യങ്ങള്‍ സമയബന്ധിതമായി നേടിയെടുക്കുന്ന തരത്തിലുള്ള മുന്‍ഗണയുടെ അടിസ്ഥാനത്തിലാണ് നമ്മുടെ പദ്ധതികള്‍ രൂപീകരിച്ചിരിക്കുന്നതും. ഇതുമായി ബന്ധപ്പെട്ട് ഒരേ ഒരു ഉദാഹരണം മാത്രം എടുത്തുകാട്ടാം, നമ്മുടെ ത്രിമുഖ സമീപനമാണിത്. ബാങ്കുമായി ബന്ധമില്ലാത്തവര്‍ക്കെല്ലാം ഒരു ബാങ്ക് അക്കൗണ്ട് നല്‍കുക, അതോടൊപ്പം എല്ലാവര്‍ക്കും ബയോ-മെട്രിക്ക് തിരിച്ചറിയറിയല്‍ രേഖ നല്‍കുക, അതിനുശേഷം ഏറ്റവും നുതനമായ മൊബൈല്‍ ഭരണപരിഹാര പദ്ധതി ഉപയോഗിക്കുക, എന്നതാണത്. ഇതിലൂടെ ഏകദേശം 360 ദശലക്ഷം ജനങ്ങള്‍ക്ക് അവരുടെ ആനുകൂല്യം ഇതാദ്യമായി നേരിട്ട് കൈമാറാന്‍ സഹായകമായി.
ആദരണീയരെ,
ഇത്തരം പ്രാദേശിക പരിശ്രമങ്ങള്‍ക്ക് അന്തര്‍ദ്ദേശീയ പങ്കാളിത്തം ഒരു താങ്ങാവുന്നത് കാണാനാണ് നാം ആഗ്രഹിക്കുന്നത്. അതിനായി നാം നമ്മുടെ പങ്ക് നിര്‍വഹിക്കാനും തയാറാണ്. നമ്മുടെ വികസനത്തിനുള്ള അഭിലാഷങ്ങളെ പിന്തുടരുന്നതോടൊപ്പം മറ്റ് സഹ വികസിത രാജ്യങ്ങളുമായി എന്നും നല്ല പങ്കാളിത്തമുണ്ടാക്കുകയെന്നത് ഇന്ത്യയുടെ ദീര്‍ഘകാല പാരമ്പര്യമാണ്. ഓരോ ചവിട്ടടിയിലും വിവിധ മേഖലകളില്‍ വ്യാപിച്ചുകിടക്കുന്ന നമ്മുടെ പരിചയസമ്പന്നതയും വിഭവങ്ങളും പങ്കുവയ്ക്കുന്നതിന് നാം തയാറാണ്. ജനാധിപത്യ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നത് മുതല്‍, പൊതുന്മയ്ക്ക് വേണ്ടിയുള്ള ഉയര്‍ന്ന സാങ്കേതിക സഹായം വരെ അതിലുള്‍പ്പെടും. തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ആഗ്രഹിക്കുന്ന പ്രാദേശിക പങ്കാളികള്‍ക്ക് വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, വാര്‍ത്താവിനിമയം, ദുരന്തനിവാരണം എന്നീ മേഖലകളിലെ അവരുടെ വികസന ലക്ഷ്യങ്ങള്‍ നേടുന്നതിന് ഗുണകരമാകുന്നതിനായി ഈ വര്‍ഷം ആദ്യം നമ്മള്‍ തെക്കന്‍ ഏഷ്യ ഉപഗ്രഹം വിക്ഷേപിച്ചിരുന്നു. കഴിഞ്ഞ അര നൂറ്റാണ്ടാലേറെയായി ഇന്ത്യയുടെ പ്രധാനപ്പെട്ട പദ്ധതികളിലൊന്നായ ഇന്ത്യന്‍ സാങ്കേതികവിദ്യ സാമ്പത്തിക സഹകരണം, ഐ.ടി.ഇ.സി(ഇന്ത്യന്‍ ടെക്‌നിക്കല്‍ ആന്റ് ഏക്കണോമിക് കോര്‍പ്പറേഷന്‍) ഏഷ്യ, ആഫ്രിക്ക, പശ്ചിമ യൂറോപ്പ്, ലാറ്റിന്‍ അമേരിക്ക, കരീബിയന്‍, പസഫിക് ദ്വീപ് രാഷ്ട്രങ്ങള്‍ എന്നിവിടങ്ങളിലെ 161 രാജ്യങ്ങള്‍ക്ക് നൈപുണ്യവികസനവും പരിശീലനവും നല്‍കുന്നുണ്ട്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയില്‍ ആഫ്രിക്കയില്‍ നിന്നുമാത്രം ഐ.ടി.ഇ.സി സ്‌കോളര്‍ഷിപ്പ് നേടി ഇന്ത്യയില്‍ പരിശീലനം നേടിയ വിദ്യാര്‍ത്ഥികള്‍ 25,000 ലേറെയാണ്. 2015ല്‍ 54 ലേറെ ആഫ്രിക്കന്‍ രാഷ്ട്രങ്ങള്‍ പങ്കെടുത്ത മൂന്നാമത് ഇന്ത്യ-ആഫ്രിക്കന്‍ ഉച്ചകോടിയില്‍ ഈ ഐ.ടി.ഇ.സി സ്‌കോളര്‍ഷിപ്പ് അടുത്ത 5 വര്‍ഷത്തേക്ക് ഇരട്ടി അതായത് 50,000 ആക്കി ഉയര്‍ത്താന്‍ ധാരണയായിട്ടുണ്ട്. ഇന്ത്യയില്‍ പരിശീലനം ലഭിച്ച ആഫ്രിക്കയിലെ ” സോളാര്‍ മമ്മ” മാര്‍ ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലങ്ങോളമിങ്ങോളം ആയിരക്കണക്കിന് വീടുകളില്‍ വെളിച്ചം കൊണ്ടുവരികയാണ്. ആഫ്രിക്കയുമായുള്ള നമ്മുടെ വളര്‍ന്നുവരുന്ന ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ ആഫ്രിക്കന്‍ വികസന ബാങ്ക്(ആഫ്രിക്കന്‍ ഡെവലപ്പ്‌മെന്റ് ബാങ്ക്) ആദ്യമായി അതിന്റെ വാര്‍ഷികയോഗം ഈ വര്‍ഷം ആദ്യം ആഫ്രിക്കയ്ക്ക് പുറത്ത് ഇന്ത്യയില്‍ വച്ചു നടത്തുകയുണ്ടായി. ലോകത്തെ അങ്ങോളമിങ്ങോളമുള്ള ഒരു ഡസന്‍ രാജ്യങ്ങളില്‍ വെള്ളം, വൈദ്യുതി, റോഡുകള്‍, ആരോഗ്യസംരക്ഷണം, ടെലി-മെഡിസന്‍, ജനങ്ങള്‍ക്ക് വേണ്ട മറ്റ് അടിസ്ഥാനസൗകര്യങ്ങള്‍ എന്നിവ ലഭ്യമാക്കുകയെന്നതിലാണ് നമ്മുടെ വികസന പങ്കാളിത്തം. എല്ലാത്തിനുപരിയായി പങ്കാൡ രാജ്യങ്ങളുടെ ആവശ്യത്തിനും മുന്‍ഗണനയ്ക്കും ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ” ചരടുകളിലില്ലാത്ത” പങ്കാളത്തിമാതൃകയാണ് നാം നടപ്പാക്കുന്നതും.
ആദരണീയരെ,
ഇന്ന് ഇവിടെ സമ്മേളിച്ചിരിക്കുന്ന രാജ്യങ്ങളെ മൊത്തം പരിഗണിച്ചാല്‍ അത് മാനവികതയുടെ പകുതി ഭാഗത്തെ പ്രതിനിധാനം ചെയ്യുന്നതാണ്. നാം എന്താണോ ചെയ്യുന്നത്, ലോകത്തിന്റെ സുസ്ഥിരതയില്‍ അത് വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. അതുകൊണ്ട് ഓരോ കല്ലുകള്‍ പാകി, അല്ലെങ്കില്‍ ബ്രിക്‌സിലൂടെ ഒരു മികച്ച ലോകം സൃഷ്ടിക്കുകയെന്നത് നമ്മുടെ മാത്രം കടമയാണ്. അടുത്ത ഒരു പതിറ്റാണ്ട് ആഗോള തലത്തിലുണ്ടാകുന്ന പരിണാമത്തിന് ബ്രിക്‌സ് പ്രേരകശക്തിയാകുന്നതും ആ സുവര്‍ണദശകത്തേയും കുറിച്ചൊക്കെ ഞാന്‍ ഇന്നലെ സംസാരിച്ചിരുന്നു. നമ്മുടെ സജീവമായ സമീപനം, നയങ്ങള്‍, കര്‍മ്മം തുടങ്ങി താഴേപ്പറയുന്ന പത്ത് മഹത്തായ കടമകള്‍ കൊണ്ട് നമുക്ക് അത് നേടിയെടുക്കാന്‍ കഴിയുമെന്നാണ് എനിക്ക് നിര്‍ദ്ദേശിക്കാനുള്ളത്.
1. കൂടുതല്‍ സുരക്ഷിതമായ ലോകം സൃഷ്ടിക്കുക:- ഭീകരവാദത്തെ ഏതിര്‍ക്കുക, സൈബര്‍ സുരക്ഷ, ദുരന്തനിവാരണം തുടങ്ങിയവയില്‍ കുറഞ്ഞപക്ഷം മൂന്ന് കാര്യങ്ങളിലെങ്കിലും സഹകരണത്തോടെയുള്ള പ്രവര്‍ത്തനം സംഘടിപ്പിക്കണം.
2. കൂടുതല്‍ ഹരിതാഭമായ ലോകം സൃഷ്ടിക്കല്‍:- അന്തര്‍ദ്ദേശീയ സൗരോര്‍ജ്ജ കൂട്ടായ്മപോലുള്ള മുന്‍കൈകളിലൂടെ കാലവാവസ്ഥ വ്യതിയാനത്തെ നേരിടുന്നതിന് ശക്തമായ നടപടികള്‍ കൈക്കൊണ്ട്.
3. പ്രാപ്തമായ ഒരുലോകം സൃഷ്ടിക്കുക:- കാര്യശേഷി, സമ്പദ്ഘടന, ഫലപ്രാപതി എന്നിവയ്ക്കായി യോജിച്ച സാങ്കേതിവിദ്യകള്‍ വിന്യസിപ്പിച്ചും പങ്കുവയ്ച്ചും.
4. ഒരു സംശ്ലേഷിത ലോകം സൃഷ്ടിക്കുക:-നമ്മുടെ ജനങ്ങളെ ബാങ്കിംഗ്, ധനകാര്യമേഖലയിലുള്‍പ്പെടെ സാമ്പത്തിക മുഖ്യധാരയില്‍ കൊണ്ടുവരിക.
5. ഒരു ഡിജിറ്റല്‍ ലോകം സൃഷ്ടിക്കുക:-നമ്മുടെ സമ്പദ്ഘടനയ്ക്കുള്ളിലൂം പുറത്തുമുള്ള ഡിജിറ്റല്‍ ചേരിതിരവ് സംബന്ധിച്ച അന്തരം കുറച്ച് കൊണ്ട്.
6. ഒരു നൈപുണ്യവൈദഗ്ധ്യലോകം സൃഷ്ടിക്കുക:-ഭാവിയില്‍ ആവശ്യമുള്ള നൈപുണ്യം ലക്ഷക്കണക്കിന് യുവാക്കള്‍ക്ക് നല്‍കികൊണ്ട്.
7. ആരോഗ്യകരമായ ഒരു ലോകം സൃഷ്ടിക്കുക:-രോഗങ്ങള്‍ ഇല്ലായ്മചെയ്യുന്നതിനുള്ള ഗവേഷണവികസനത്തില്‍ പങ്കുചേര്‍ന്നുകൊണ്ടും, എല്ലാവര്‍ക്കും താങ്ങാന്‍ കഴിയുന്ന ആരോഗ്യസുരക്ഷ നല്‍കിക്കൊണ്ടും.
8. സമത്വത്തിന്റെ ഒരുലോകം സൃഷ്ടിക്കുക:- എല്ലാവര്‍ക്കും അവസരസമത്വം, പ്രത്യേകിച്ചും ലിംഗസമത്വം ലഭ്യമാക്കികൊണ്ട്.
9. പര്‌സ്പരം ബന്ധിപ്പിക്കുന്ന ലോകം സൃഷ്ടിക്കുക:- ചരക്കുകള്‍, ആളുകള്‍, സേവനങ്ങള്‍ എന്നിവയുടെ സുഗമമായ ഒഴുക്ക് സാദ്ധ്യമാക്കികൊണ്ട്.
10. യോജിപ്പുള്ള ലോകം സൃഷ്ടിക്കുക:- ആശയങ്ങള്‍, പ്രവര്‍ത്തനങ്ങള്‍, പാരമ്പര്യം എന്നിവ പ്രോത്സാഹിപ്പിച്ചുകൊണ്ട്. അവയെല്ലാം സമാധാനമായ സഹവര്‍ത്തിത്വത്തിലും പ്രകൃതിയോടിണങ്ങിയുള്ള ജീവിതത്തിലും കേന്ദ്രീകൃതമായിരിക്കണം.
ഈ അജണ്ടാ സൂചികയിലും അതിന്റെ നടത്തിപ്പിലും വഴി നാം നേരിട്ട് ആഗോള സമൂഹത്തിന്റെ ക്ഷേമത്തിന് വേണ്ടി സംഭാവനകള്‍ ചെയ്യുന്നതോടൊപ്പം നമ്മുടെ ജനങ്ങള്‍ക്കും നന്മചെയ്യുകയാണ്. ഇക്കാര്യത്തില്‍ പൂര്‍ണ്ണ സമ്മതത്തോടെയും ഉത്തരവാദിത്തത്തോടെയും പ്രവര്‍ത്തിക്കാന്‍ തയാറായ പങ്കാളിയായി ഇന്ത്യ നിലകൊള്ളുന്നു. ഓരോരുത്തരുടെയും ദേശീയ ശ്രമങ്ങളെ സഹായിക്കുന്നതിനും സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുകൊണ്ട്. ഈ വഴിയില്‍ നമ്മുടെ ഒന്നിച്ചുള്ള പുരോഗതിയെ ഞാന്‍ ഉറ്റുനോക്കുകയാണ്. 2017 വര്‍ഷത്തില്‍ ബ്രിക്‌സിന്റെ ചെയര്‍മാന്‍ എന്ന നിലയില്‍ നല്ലനിലയില്‍ നയിച്ചതിനും മനോഹര നഗരമായ സയാമെനില്‍ നല്‍കിയ ഊഷ്മളമായ സ്വാഗതത്തിനും ആതിഥ്യത്തിനും ഞാന്‍ പ്രസിഡന്റ് സീയെ അഭിനന്ദിക്കുകയാണ്. അതോടൊപ്പം പ്രസിഡന്റ് സുമയെ സ്വാഗതം ചെയ്യുകയും ജോഹനാസ്ബര്‍ഗില്‍ വച്ച് അടുത്തവര്‍ഷം നടക്കുന്ന ഉച്ചകോടിക്ക് എല്ലാവിധ പിന്തുണയും അറിയിക്കുകയും ചെയ്യുന്നു.
എല്ലാവര്‍ക്കും നന്ദി
Addressed the BRICS Emerging Markets and Developing Countries Dialogue. Sharing my speech. https://t.co/0Oed2c4igl
— Narendra Modi (@narendramodi) September 5, 2017
Emphasised on India’s commitment & endeavours towards expanding developmental cooperation with other nations, particularly Africa.
— Narendra Modi (@narendramodi) September 5, 2017