Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാരുടെ പരിഷ്‌ക്കരിച്ച ശമ്പള ആനുകൂല്യങ്ങള്‍ക്ക് മന്ത്രിസഭയുടെ അംഗീകാരം


 

സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാരുടെയും വിരമിച്ച ജഡ്ജിമാരുടെയും ശമ്പളം, ഗ്രാറ്റുവിറ്റി, അലവന്‍സുകള്‍, പെന്‍ഷന്‍ തുടങ്ങിയവയിലെ പരിഷ്‌ക്കണം പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകരിച്ചു. കേന്ദ്ര ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ക്കും, ജീവനക്കാര്‍ക്കുമുള്ള ഏഴാം ശമ്പളപരിഷ്‌ക്കരണ ശിപാര്‍ശകള്‍ നടപ്പാക്കിയതിനെ തുടര്‍ന്നാണ് ഈ തീരുമാനം.

1958 ലെ സുപ്രീം കോര്‍ട്ട് ജഡ്ജസ്(സാലറീസ് ആന്റ് കണ്ടീഷന്‍സ് ഓഫ് സര്‍വ്വീസ്) നിയമം , 1954 ലെ ഹൈകോര്‍ട്ട് ജഡ്ജസ് ( സാലറീസ് ആന്റ് കണ്ടീഷന്‍സ് ഓഫ് സര്‍വ്വീസ്) നിയമം എന്നീ പ്രധാനപ്പെട്ട രണ്ടു നിയമങ്ങളില്‍ വേണ്ട ഭേദഗതി കൊണ്ടുവരുന്നതിന് ഈ അംഗീകാരം വഴിതുറക്കും. ഈ നിയമങ്ങളാണ് ഇന്ത്യയുടെ ചീഫ് ജസ്റ്റീസ്, സുപ്രീംകോടതിയിലെ മറ്റ് ജഡ്ജിമാര്‍, ഹൈക്കോടതിയിലെ ചീഫ് ജസ്റ്റീസ് മറ്റ് ജഡ്ജിമാര്‍ എന്നിവരുടെ ശമ്പളത്തെ നിയന്ത്രിക്കുന്നത്.

ശമ്പളത്തിലും മറ്റ് ആനുകൂല്യങ്ങളിലും വരുത്തിയ വര്‍ദ്ധന ചീഫ് ജസ്റ്റീസ് ഉള്‍പ്പെടെ സുപ്രീംകോടതിയിലെ 31 ജഡ്ജിമാര്‍ക്കും ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റീസ്മാരുള്‍പ്പെടെ 1079 ജഡ്ജിമാര്‍ക്കും പ്രയോജനപ്പെടും. അതിന് പുറമെ പെന്‍ഷന്‍/ഗ്രാറ്റുവിറ്റി തുടങ്ങിയവയില്‍ വരുത്തിയ പരിഷ്‌ക്കരണം വിരമിച്ച ഏകദേശം 2500ല്‍ പരം ജഡ്ജിമാര്‍ക്കും ഗുണം ചെയ്യും.

ശമ്പളപരിഷ്‌ക്കരണത്തിന്റെ ഭാഗമായി 2016 ജനുവരി ഒന്ന് കണക്കാക്കി പരിഷ്‌ക്കരിച്ച ശമ്പളം, ഗ്രാറ്റുവിറ്റി, പെന്‍ഷന്‍, കുടുംബപെന്‍ഷന്‍ എന്നിവയിലുണ്ടായിട്ടുള്ള കുടിശ്ശിക മൊത്തം ഒറ്റത്തവണ പണമായി നല്‍കും.

പശ്ചാത്തലം

സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ ശമ്പളം, പെന്‍ഷന്‍, ഗ്രാറ്റുവിറ്റി, അലവന്‍സുകള്‍ എന്നിവയെല്ലാം നിയന്ത്രിക്കുന്നത് 1958 ലെ സുപ്രീംകോര്‍ട്ട് ജഡ്ജസ് (സാലറീസ് ആന്റ് കണ്ടീഷന്‍സ് ഓഫ് സര്‍വ്വീസ്) നിയമമാണ് . അതുപോലെ ഹൈക്കോടതി ജഡ്ജിമാരുടെ ശമ്പളവും മറ്റും നിയന്ത്രിക്കുന്നത് 1954 ലെ ഹൈകോര്‍ട്ട് ജഡ്ജസ്(സാലറീസ് ആന്റ് കണ്ടീഷന്‍സ് ഓഫ് സര്‍വ്വീസ്) നിയമവുമാണ്. സുപ്രീംകോടതിയിലേയും ഹൈക്കോടതിയിലേയും ജഡ്ജിമാരുടെ ശമ്പളം/ പെന്‍ഷന്‍ ഗ്രാറ്റുവിറ്റി, അലവന്‍സുകള്‍ തുടങ്ങിയവ എപ്പോഴൊക്കെ പരിഷ്‌ക്കരിക്കുമോ അപ്പോഴൊക്കെ ഈ നിയമങ്ങളില്‍ ഭേദഗതി അനിവാര്യമാണ്. അതുകൊണ്ട് ഈ ശമ്പള-പെന്‍ഷന്‍പരിഷ്‌ക്കരണം നടപ്പാക്കുന്നതിനായിപാര്‍ലമെന്റിന്റെ തുടര്‍ന്നുവരുന്ന സമ്മേളനത്തില്‍ ബന്ധപ്പെട്ട നിയമങ്ങളില്‍ ഭേദഗതിക്കായി ഗവണ്‍മെന്റ് ബില്‍ കൊണ്ടുവരും.