Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

”സുതാര്യ നികുതി വ്യവസ്ഥ- സത്യസന്ധരെ ആദരിക്കല്‍” പ്ലാറ്റ്‌ഫോം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു


”സുതാര്യ നികുതി വ്യവസ്ഥ- സത്യസന്ധരെ ആദരിക്കല്‍” പ്ലാറ്റ്‌ഫോം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സ് മുഖേന ഉദ്ഘാടനം ചെയ്തു.

രാജ്യത്തെ ഘടനാപരമായ പരിഷ്‌കാരങ്ങള്‍ പുതിയ തലങ്ങളിലെത്തിയതായി ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. 21ാം നൂറ്റാണ്ടിലെ നികുതി ഘടനയ്ക്ക് അനുസൃതമായാണ് ‘സുതാര്യമായ നികുതിയടയ്ക്കല്‍-സത്യസന്ധരെ ആദരിക്കല്‍’ പ്ലാറ്റ്‌ഫോം ആരംഭിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. ഫെയ്സ്ലെസ്സ് മൂല്യനിര്‍ണയം, ഫെയ്സ്ലെസ്സ്് അപ്പീല്‍, നികുതിദായകരുടെ അവകാശപത്രം തുടങ്ങിയ പരിഷ്‌കരണങ്ങളാണ് പ്ലാറ്റ്‌ഫോം ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ദീനദയാല്‍ ഉപാധ്യായയുടെ ജന്മദിനമായ സെപ്റ്റംബര്‍ 25 മുതല്‍ രാജ്യത്തുടനീളമുള്ള നികുതിദായകര്‍ക്ക് ഫെയ്സ്ലെസ്സ് അപ്പീല്‍ നല്‍കാനുള്ള അവസരം ലഭിക്കുന്നതിനൊപ്പം ഇന്ന് മുതല്‍ ഫെയ്സ്ലെസ്സ് മൂല്യനിര്‍ണയവും നികുതിദായകരുടെ അവകാശപത്രവും നിലവില്‍ വന്നതായി പ്രധാനമന്ത്രി വ്യക്തമാക്കി. ഫെയ്സ്ലെസ്സ് നികുതി സമ്പ്രദായം നടപ്പിലാകുന്നതിനൊപ്പം പുതിയ പ്ലാറ്റ്‌ഫോം നികുതിദായകരെ ഭയരഹിതരാക്കി മാറ്റുകയും അവര്‍ക്ക് ആത്മവിശ്വാസം നല്‍കുകയും ചെയ്യുന്നു.

കഴിഞ്ഞ ആറ് വര്‍ഷമായി ”ബാങ്കിംഗ് സൗകര്യമില്ലാത്തിടത്ത് ബാങ്കിംഗ് സൗകര്യമേര്‍പ്പെടുത്തുക, സുരക്ഷിമതമല്ലാത്തതിനെ സുരക്ഷിതമാക്കുക, ഫണ്ട് ലഭ്യമല്ലാത്തിടത്ത് ഫണ്ട് ലഭ്യമാക്കുക” എന്നതായിരുന്നു ഗവണ്‍മെന്റിന്റെ ലക്ഷ്യം. ”സത്യസന്ധരെ ആദരിക്കുക” പ്ലാറ്റ്ഫോമും ഈ ദിശയിലാണെന്നും അദ്ദേഹം പറഞ്ഞു.

കൃത്യവും സുതാര്യവുമായി നികുതി അടയ്ക്കുന്നവരെ അഭിനന്ദിച്ച പ്രധാനമന്ത്രി രാജ്യപുരോഗതിയ്ക്ക് അവര്‍ നല്‍കുന്ന സംഭാവന അളവറ്റതാണെന്നും അവരുടെ ജീവിതം സുഗമമാക്കുക എന്നത് ഗവണ്‍മെന്റിന്റെ ഉത്തരവാദിത്തമാണെന്നും വ്യക്തമാക്കി. ”സത്യസന്ധരായ നികുതിദായകരുടെ ജീവിതം സുഗമമാകുമ്പോള്‍ അവര്‍ വികസനത്തിന് വഴി വയ്ക്കുകയും അത് വഴി രാജ്യം വികസിക്കുകയും പുരോഗതിയിലേക്ക് മുന്നേറുകയും ചെയ്യും”- പ്രധാനമന്ത്രി പറഞ്ഞു.

കുറഞ്ഞ തോതില്‍ സര്‍ക്കാര്‍ ഭരണ സംവിധാനങ്ങള്‍ ഉപയോഗിച്ച് മികച്ച തോതില്‍ സേവനങ്ങള്‍ ലഭ്യമാക്കുക എന്നതും പുതുതായി ഉദ്ഘാടനം ചെയ്യപ്പെട്ട പ്ലാറ്റ്‌ഫോമിന്റെ ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുന്നു. അധികാരകേന്ദ്രീകരണത്തിന് പകരമായി എല്ലാ നിയമങ്ങളും നയങ്ങളും ജനകേന്ദ്രീകൃതമാക്കുന്നതിന് ലക്ഷ്യം വെച്ച് നിര്‍മിക്കപ്പെട്ടതാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു. പുതിയ പരിഷ്‌കരണം മികച്ച ഫലങ്ങള്‍ ലക്ഷ്യമിട്ടുള്ളതാണ്.

എല്ലാ കടമകളും കൃത്യമായി നിര്‍വഹിക്കുന്നതിനുള്ള സാഹചര്യം ലക്ഷ്യമിടുന്നതാണ് പുതിയ പ്ലാറ്റ്‌ഫോമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭയം കൊണ്ടോ ശിക്ഷയെ ഭയന്നോ അല്ല, സ്വീകരിച്ച സമഗ്ര സമീപനത്തെക്കുറിച്ചുള്ള ധാരണയാലാണിത്. പുതിയ പരിഷ്‌കരണം ഘട്ടം ഘട്ടമായി നിര്‍വഹിക്കപ്പെടുന്ന ഒന്നല്ലെന്നും അത് സമഗ്രവും ഫലം ലക്ഷ്യമിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യത്തിനു മുമ്പുള്ള കാലഘട്ടത്തിലുണ്ടാക്കിയതിനെ വികസിപ്പിച്ചതാണ് മുമ്പുള്ള നികുതി ഘടന. അതിനാല്‍ രാജ്യത്തിന്റെ നികുതി ഘടനയ്ക്ക് അടിസ്ഥാന പരിഷ്‌കാരങ്ങള്‍ ആവശ്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യത്തിനുശേഷമുള്ള കാലഘട്ടത്തില്‍ വരുത്തിയ മാറ്റങ്ങള്‍ പോലും അതിന്റെ അടിസ്ഥാന സ്വഭാവത്തെ മാറ്റിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മുമ്പുണ്ടായിരുന്ന വ്യവസ്ഥയുടെ സങ്കീര്‍ണത അതിനെ ഇണക്കിച്ചേര്‍ക്കുന്നതില്‍ പ്രതിസന്ധിയുണ്ടാക്കിയെന്നു പ്രധാനമന്ത്രി പറഞ്ഞു.

ലളിതമാക്കിയ നിയമങ്ങളും നടപടിക്രമങ്ങളും അവ അനുസരിക്കുന്നത് എളുപ്പമാക്കി. അതിനൊരു ഉദാഹരണമാണ് ജിഎസ്ടിയെന്നും നിരവധി നികുതികള്‍ക്കു ബദലാകാന്‍ അതിനു കഴിഞ്ഞെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഏറ്റവും പുതിയ നിയമങ്ങള്‍ നികുതി സമ്പ്രദായത്തിലെ നിയമപരമായ ബുദ്ധിമുട്ടുകള്‍ കുറച്ചതായി പ്രധാനമന്ത്രി പറഞ്ഞു. ഇപ്പോള്‍ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്യുന്ന കേസുകളുടെ പരിധി 1 കോടി രൂപവരെയായും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്യുന്നതിന് 2 കോടി വരെയായും നിശ്ചയിച്ചിട്ടുണ്ട്. ‘വിവാദ് സേ വിശ്വാസ്’ പദ്ധതി പോലുള്ള സംരംഭങ്ങള്‍ മിക്ക കേസുകളും കോടതിക്ക് പുറത്ത് തീര്‍പ്പാക്കാനും വഴിയൊരുക്കുന്നു.

5 ലക്ഷം രൂപ വരെ വരുമാനത്തിന് നികുതി അടയ്ക്കേണ്ടതില്ല, തുടങ്ങിയ പരിഷ്‌കാരങ്ങള്‍ക്കൊപ്പം നികുതി സ്ലാബുകളും യുക്തിസഹമാക്കിയിട്ടുണ്ട്. മറ്റു സ്ലാബുകളിലും നികുതി നിരക്ക് കുറഞ്ഞിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോകത്ത് കോര്‍പ്പറേറ്റ് നികുതി ഏറ്റവും കുറഞ്ഞ രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് അദ്ദേഹം പറഞ്ഞു.

നികുതി സമ്പ്രദായത്തെ തടസ്സമില്ലാത്തതും പ്രശ്നരഹിതവും ഫെയ്സ്ലെസ്സുമാക്കി മാറ്റുകയാണ് ഇപ്പോള്‍ നടക്കുന്ന പരിഷ്‌കാരങ്ങളുടെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഒരു നികുതിദായകന്റെ പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുന്നതിനു പകരം അതു പരിഹരിക്കുന്നതിനായി ‘സീംലെസ്’ സംവിധാനം പ്രവര്‍ത്തിക്കുന്നു.

പ്രശ്നരഹിതമാക്കുന്നതിനായി (പെയിന്‍ലെസ്സ്) സാങ്കേതികവിദ്യ മുതല്‍ നിയമങ്ങള്‍ വരെ എല്ലാം ലളിതമായിരിക്കണം. സൂക്ഷ്മപരിശോധന, അറിയിപ്പ്, സര്‍വേ അല്ലെങ്കില്‍ വിലയിരുത്തല്‍ തുടങ്ങിയ എല്ലാ കാര്യങ്ങളിലും നികുതിദായകനും ആദായനികുതി ഉദ്യോഗസ്ഥനും തമ്മില്‍ നേരിട്ട് ബന്ധപ്പെടേണ്ട ആവശ്യമില്ലെന്ന് ‘ഫെയ്സ്ലെസ്’ സംവിധാനത്തെ പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു.

നികുതിദായകരുടെ അവകാശപത്രത്തിന്റെ തുടക്കത്തെക്കുറിച്ചു പരാമര്‍ശിച്ച പ്രധാനമന്ത്രി, നികുതിദായകന് നീതിയുക്തവും യുക്തിസഹവുമായ ഇടപെടല്‍ ഉറപ്പുനല്‍കുന്ന സുപ്രധാന നടപടിയാണിതെന്നു പറഞ്ഞു. നികുതിദായകന്റെ അന്തസ്സും അവബോധവും നിലനിര്‍ത്താന്‍ അവകാശപത്രം കരുതലെടുക്കുന്നുണ്ടെന്നും അത് ഒരു വിശ്വാസ ഘടകത്തെ ആസ്പദമാക്കിയുള്ളതാണെന്നും ഒരടിസ്ഥാനവുമില്ലാതെ നികുതിദായകനെ സംശയിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ കേസുകളുടെ സൂക്ഷ്മപരിശോധന കുറഞ്ഞത് നാല് തവണയെങ്കിലും കുറച്ചതായി അദ്ദേഹം പരാമര്‍ശിച്ചു. 2012-13 ല്‍ 0.94 ശതമാനമായിരുന്നതില്‍ നിന്ന് 2018-19 ല്‍ 0.26 ശതമാനമായി കുറഞ്ഞു. ഇത് സര്‍ക്കാരിനു നികുതിദായകരിലുള്ള വിശ്വാസത്തിന്റെ പ്രതിഫലനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ 6 വര്‍ഷത്തിനിടയില്‍ നികുതി സംവിധാനത്തില്‍ ഒരു പുതിയ മാതൃക ഇന്ത്യ കണ്ടുവെന്ന് അദ്ദേഹം പറഞ്ഞു. ഈ പ്രയത്നങ്ങള്‍ക്കെല്ലാമിടയിലും കഴിഞ്ഞ 6-7 വര്‍ഷങ്ങളായി ആദായനികുതി അടയ്ക്കുന്നവരുടെ എണ്ണത്തില്‍ ഏകദേശം 2.5 കോടിയുടെ വര്‍ധനയുണ്ടായി.

130 കോടി വരുന്ന രാജ്യത്ത് 1.5 കോടി മാത്രമാണ് നികുതി അടയ്ക്കുന്നത് എന്നതും നിഷേധിക്കാനാകില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജനങ്ങള്‍ ആത്മപരിശോധന നടത്തണമെന്നും നികുതി അടയ്ക്കാന്‍ മുന്നോട്ട് വരണമെന്നും ശ്രീ മോദി അഭ്യര്‍ത്ഥിച്ചു.

ആത്മനിര്‍ഭര്‍ഭാരത് എന്ന സ്വയംപര്യാപ്ത ഇന്ത്യയുടെ നിര്‍മ്മിതിക്ക് ഇത് സഹായകമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
***