സിവില്‍ സര്‍വീസസ് വിഭവശേഷി വികസനത്തിനുള്ള ദേശീയ പദ്ധതിക്ക് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ന് അംഗീകാരം നല്‍കി. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ പൊതു മാനവവിഭവശേഷി സമിതി, കപ്പാസിറ്റി ബില്‍ഡിംഗ് കമ്മീഷന്‍, ഓണ്‍ലൈന്‍ പരിശീലനത്തിനുള്ള സാങ്കേതിക പ്ലാറ്റ്‌ഫോo നടത്തിപ്പിനും ഡിജിറ്റല്‍ രേഖകള്‍ കൈകാര്യം ചെയ്യുന്നതിനും എസ്.പി വി, കാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഏകോപന യൂണിറ്റ് എന്നീ നാല് സ്ഥാപന ചട്ടക്കൂടുകള്‍ ചേര്‍ന്നതാണ് പദ്ധതി
പ്രധാന സവിശേഷതകള്‍
സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ കര്‍മശേഷി വികസനത്തിന് അടിത്തറ പാകുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ചതാണ് എന്‍.പി.സി.എസ്.സി ബി. ഇന്ത്യന്‍ സംസ്‌കാരത്തില്‍ കേന്ദ്രീകരിച്ച്, ലോകമെമ്പാടുമുള്ള മികച്ച സ്ഥാപനങ്ങള്‍, പ്രവര്‍ത്തന മാതൃകകള്‍ എന്നിവയില്‍നിന്നും പരിശീലനം നേടുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സംയോജിത ഗവണ്‍മെന്റ് ഓണ്‍ലൈന്‍ പരിശീലന പ്ലാറ്റ്‌ഫോം ‘iGOT- കര്‍മയോഗി ‘ വഴിയാണ് പദ്ധതി നടപ്പാക്കുക. പദ്ധതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ താഴെപ്പറയുന്നു.
*’ചട്ടങ്ങള്‍ അധിഷ്ഠിതമായ’ രീതിയില്‍ നിന്നും ‘പ്രവര്‍ത്തന അധിഷ്ഠിതമായ’ രീതിയിലേത്തുള്ള പരിവര്‍ത്തനം. തസ്തികയ്ക്ക് ആവശ്യാനുസരണമുള്ള കഴിവുകള്‍ ഉള്ളവരെ തെരഞ്ഞെടുത്ത ജോലി ഏല്‍പ്പിക്കല്‍.
* ‘ഓഫ് സൈറ്റ് ‘പഠനരീതിക്കൊപ്പം ‘ഓണ്‍സൈറ്റ്’ പഠനരീതിയും പ്രോത്സാഹിപ്പിക്കുക.
* പഠനസാമഗ്രികള്‍, സ്ഥാപനങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവരെ പങ്കുവച്ചുകൊണ്ട് ഒരു പരിശീലന അടിസ്ഥാനസൗകര്യ അന്തരീക്ഷം സൃഷ്ടിക്കുക.
* കര്‍ത്തവ്യം, പ്രവര്‍ത്തനങ്ങള്‍, മത്സരക്ഷമത എന്നിവയുടെ അടിസ്ഥാനത്തില്‍ എല്ലാ സിവില്‍ സര്‍വീസസ് സ്ഥാപനങ്ങളെയും മൂല്യനിര്‍ണയം നടത്തുകയും ഓരോ ഗവണ്‍മെന്റ് സ്ഥാപനത്തിനും അനുയോജ്യമായ പരിശീലന ഉള്ളടക്കം സൃഷ്ടിച്ച് കൈമാറുകയും ചെയ്യുക.
*എല്ലാ സിവില്‍ സര്‍വീസസ് ഉദ്യോഗസ്ഥര്‍ക്കും അവരുടെ പെരുമാറ്റ പരവും പ്രവര്‍ത്തനപരവുമായ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനുള്ള അവസരം ലഭ്യമാക്കുക.
ലക്ഷ്യങ്ങള്‍
സഹകരണത്തോടെയും പങ്കാളിത്തത്തോടെയും ഉള്ള ഏകീകൃത വിഭവശേഷി വികസന അന്തരീക്ഷം സൃഷ്ടിക്കുന്നതിന് ഒരു കപ്പാസിറ്റി ബില്‍ഡിംഗ് കമ്മീഷന്‍ രൂപീകരിക്കാന്‍ ശുപാര്‍ശയുണ്ട്. കമ്മീഷന്റെ ലക്ഷ്യങ്ങള്‍ ഇനി പറയുന്നു.
*വാര്‍ഷിക വിഭവശേഷി വികസന പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുന്നതിനുള്ള പി.എം പബ്ലിക് എച്ച് ആര്‍ സമിതിയെ സഹായിക്കുക.
* സിവില്‍ സര്‍വീസസ് നൈപുണ്യ ശേഷി വികസനവുമായി ബന്ധപ്പെട്ട എല്ലാ കേന്ദ്ര പരിശീലന സ്ഥാപനങ്ങളുടെയും പ്രവര്‍ത്തന മേല്‍നോട്ടം നിര്‍വഹിക്കുക.
* ആഭ്യന്തര-വിദേശ അധ്യാപകര്‍, റിസോഴ്‌സ് സെന്റര്‍ എന്നിവ ഉള്‍പ്പെടെയുള്ള പങ്കാളിത്ത പഠനവിഭവങ്ങള്‍ സൃഷ്ടിക്കുക.
* പങ്കാളികളായ വകുപ്പുകളുമായി ചേര്‍ന്ന് നൈപുണ്യ വികസന പദ്ധതികളുടെ നടത്തിപ്പിന് മേല്‍നോട്ടം നിര്‍വഹിക്കുക.
* കര്‍മ്മ ശേഷി വികസന പരിശീലനം, ബോധനരീതി, രീതിശാസ്ത്രം എന്നിവയുടെ ഏകീകരണത്തിനായി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുക.
*എല്ലാ സിവില്‍ സര്‍വീസസ് മേഖലയിലും പൊതുവായതും കരിയറിനിടയിലും പരിശീലന പരിപാടികള്‍ നല്‍കുന്നതിന് മാനദണ്ഡങ്ങള്‍ രൂപീകരിക്കുക.
* മനുഷ്യവിഭവശേഷി, കര്‍മ്മ ശേഷി വികസനം എന്നിവയുമായി ബന്ധപ്പെട്ട നയരൂപീകരണത്തില്‍ ഗവണ്‍മെന്റിന് നിര്‍ദ്ദേശം നല്‍കുക
രണ്ടു കോടിയോളം ഉദ്യോഗസ്ഥരുടെ നൈപുണ്യ ശേഷി വികസനത്തിനുള്ള പദ്ധതിയാണ് iGOTകര്‍മയോഗി പ്ലാറ്റ്‌ഫോമില്‍ ലഭ്യമാക്കുന്നത്. ശ്രദ്ധാപൂര്‍വ്വം നിര്‍മ്മിച്ചതും പരിശോധിച്ചതുമായ ഇ -ലേണിങ് പാഠ്യപദ്ധതി ഉള്ള, ലോകോത്തര നിലവാരമുള്ള ഒരു ഉള്ളടക്ക വിപണിയായി ഈ പ്ലാറ്റ്‌ഫോം മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നൈപുണ്യ ശേഷി വികസനത്തോടൊപ്പം, പ്രൊബേഷന്‍ പിരീഡ് പൂര്‍ത്തിയാക്കല്‍, നിയമനം, ജോലി വിന്യാസം, ഒഴിവുകളുടെ നോട്ടിഫിക്കേഷന്‍ തുടങ്ങിയ സര്‍വീസ് വിഷയങ്ങളും ഇതില്‍ ഉള്‍പ്പെടുത്താന്‍ ഉദ്ദേശമുണ്ട്.
ഭാവിയില്‍ ഇന്ത്യയിലെ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെ കൂടുതല്‍ ക്രിയാത്മകവും ഭാവന ശേഷിയുള്ളവരും നൂതനാശയങ്ങള്‍ ഉള്ളവരും മുന്‍കൂട്ടി കാര്യങ്ങള്‍ ആമാക്കാന്‍ ഇതിലൂടെ ലക്ഷ്യമിടുന്നു. പുരോഗമന ആശയം ഉള്ളവരും ഊര്‍ജ്ജസ്വലരും കഴിവുള്ളവരും സാങ്കേതികവിദ്യയില്‍ നിപുണരും സുതാര്യത ഉള്ളവരുമായ പ്രൊഫഷണലുകളായി വാര്‍ത്തെടുക്കുക എന്നതും മിഷന്‍ കര്‍മ്മയോഗിയുടെ പ്രധാനലക്ഷ്യങ്ങളാണ്.
സാമ്പത്തിക ബാധ്യത
2020-21 മുതല്‍ 2024-25 വരെ അഞ്ചുവര്‍ഷ കാലയളവില്‍ 46 ലക്ഷത്തോളം കേന്ദ്ര ഗവണ്‍മെന്റ് ജീവനക്കാര്‍ക്കായി 510.86കോടി രൂപ ചെലവഴിക്കും. ചെലവിന്റെ ഒരു ഭാഗം- ഏകദേശം 10 ദശലക്ഷം ഡോളര്‍, പല സ്ഥലങ്ങളില്‍നിന്നും സാമ്പത്തിക സഹായമായി ലഭിക്കും. 2013 ലെ കമ്പനീസ് ആക്ട് സെക്ഷന്‍ 8 പ്രകാരം, ഒരു പൂര്‍ണ ഉടമസ്ഥാവകാശമുള്ള സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ (SPV)കമ്പനി സ്ഥാപിക്കും. ഈ നോണ്‍ പ്രോഫിറ്റ് കമ്പനിക്ക് i GOT കര്‍മ്മയോഗി പ്ലാറ്റ്‌ഫോമിന്റെ ഉടമസ്ഥാവകാശവും നടത്തിപ്പ് ചുമതലയും ഉണ്ടാകും. ഉള്ളടക്കം, പ്രധാന സേവനങ്ങള്‍, ടെലിമെട്രി ഡാറ്റ ലഭ്യത, ഉള്ളടക്കത്തിന്റെ പ്രയോജന ക്ഷമത ഉറപ്പുവരുത്തല്‍ എന്നിവയുടെ നിര്‍വ്വഹണവും കമ്പനിയുടെ ഉത്തരവാദിത്തം ആയിരിക്കും. ഇന്ത്യ ഗവണ്മെന്റിന്റെ പേരില്‍ ബൗദ്ധികസ്വത്തവകാശം കമ്പനിക്ക് ഉണ്ടാകും. കര്‍മയോഗി പ്ലാറ്റ്‌ഫോമിന്റെ എല്ലാ ഉപയോക്താക്കളുടേയും പ്രകടന മൂല്യം വിലയിരുത്തുന്നതിന് അനുയോജ്യമായ ഒരു സംവിധാനം രൂപീകരിക്കുകയും പ്രധാന പ്രകടന സൂചികകള്‍ കാണുന്നതിനായി ഡാഷ്‌ബോര്‍ഡ് രൂപീകരിക്കുകയും ചെയ്യും.
***