Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സിവില്‍ സര്‍വ്വീസസ്സ് ദിനത്തില്‍ പ്രധാനമന്ത്രി പുരസ്‌ക്കാരങ്ങള്‍ സമ്മാനിച്ചു

സിവില്‍ സര്‍വ്വീസസ്സ് ദിനത്തില്‍ പ്രധാനമന്ത്രി പുരസ്‌ക്കാരങ്ങള്‍ സമ്മാനിച്ചു


പതിനൊന്നാമത് സിവില്‍ സര്‍വ്വീസസ്സ് ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്യുകയും പുരസ്‌ക്കാരങ്ങള്‍ സമ്മാനിക്കുകയും ചെയ്തു.

ഈ ദിവസത്തെ പുനരര്‍പ്പണത്തിന്റെ ദിനമായി വിശേഷിപ്പിച്ച പ്രധാനമന്ത്രി, തങ്ങളുടെ കരുത്തിനെയും, ശേഷിയെയും, വെല്ലുവിളികളെയും, ചുമതലകളെയും കുറിച്ച് നല്ലതുപോലെ ബോധമുള്ളവരാണ് ഉദ്യോഗസ്ഥരെന്ന് അഭിപ്രായപ്പെട്ടു.

ഇന്ന് നിലവിലുള്ള സാഹചര്യങ്ങള്‍ രണ്ട് പതിറ്റാണ്ടിന് മുമ്പ് ഉള്ളവയെക്കാള്‍ തികച്ചും വിഭിന്നമാണെന്നും, വരുന്ന രണ്ട് വര്‍ഷം കഴിയുമ്പോള്‍ ഇവ ക്രമാനുഗതമായി പരിണമിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. മുമ്പൊക്കെ ചരക്കുകളുടെയും സേവനങ്ങളുടെയും ഏക ദാതാവ് ഗവണ്‍മെന്റ് ആയിരുന്നതിനാല്‍ ഒരാളുടെ ഉപേക്ഷകള്‍ അവഗണിക്കാന്‍ ഒട്ടേറെ സാധ്യതകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് മിക്കപ്പോഴും ജനങ്ങള്‍ ധരിക്കുന്നത് സ്വകാര്യ മേഖലയ്ക്ക് ഗവണ്‍മെന്റിനേക്കാള്‍ മെച്ചപ്പെട്ട സേവനം നല്‍കാന്‍ കഴിയുമെന്നാണ്. ഇന്ന് നിരവധി മേഖലകളില്‍ ബദലുകള്‍ ലഭ്യമായതിനാല്‍ ഗവണ്‍മെന്റ് ഉദ്യോഗസ്ഥരുടെ ചുമതലകള്‍ വര്‍ദ്ധിച്ചിരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ വര്‍ദ്ധന ജോലിയുടെ വ്യാപ്തിയില്‍ മാത്രമല്ല, വെല്ലുവിളികളുടെ കാര്യത്തിലുമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗുണപരമായ മാറ്റം കൊണ്ട് വരുന്ന മത്സരത്തിന്റെ പ്രാധാന്യത്തെ പ്രധാനമന്ത്രി ഊന്നി പറഞ്ഞു. ഒരു നിയന്ത്രകന്‍ എന്നതില്‍ നിന്ന് നിര്‍വ്വാകഹന്‍ എന്ന നിലയിലേയ്ക്ക് ഗവണ്‍മെന്റിന്റെ മനോഭാവം എത്രയും വേഗം മാറുന്നുവോ, അത്രയും വേഗം മത്സരത്തിന്റെ ഈ വെല്ലുവിളി ഒരു അവസരമായി മാറും.

ഒരു പ്രവര്‍ത്തന മണ്ഡലത്തില്‍ ഗവണ്‍മെന്റിന്റെ അഭാവം സ്പഷ്ടമാണെന്നിരിക്കെ, അതിന്റെ സാന്നിദ്ധ്യം ഒരിക്കലും ഒരു ബാധ്യതയാകരുത്. അത്തരം സംവിധാനങ്ങള്‍ക്കായി ശ്രമിക്കാന്‍ അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

സിവില്‍ സര്‍വ്വീസസ്സ് ദിന അവാര്‍ഡിനായുള്ള കഴിഞ്ഞ വര്‍ഷത്തെ നൂറില്‍ കുറഞ്ഞ അപേക്ഷകളുടെ സ്ഥാനത്ത് ഇക്കുറി അവയുടെ എണ്ണം അഞ്ഞൂറിലധികമായി വര്‍ദ്ധിച്ചത് ചൂണ്ടിക്കാട്ടി ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും, മികവ് ഒരു ശീലമാക്കുന്നതിനും വേണം ഇന്നത്തെ ഊന്നലെന്ന് പ്രധാനമന്ത്രി പറഞ്ഞു.

യുവ ഉദ്യോഗസ്ഥരുടെ നവീന ആശയങ്ങളെ അമര്‍ച്ച ചെയ്യുന്ന തരത്തില്‍ പരിചയ സമ്പന്നത ഒരു ബാധ്യതയാകരുതെന്ന് പ്രധാനമന്ത്രി മുതിര്‍ന്ന ഉദ്യോഗസ്ഥരെ ആഹ്വാനം ചെയ്തു.

സിവില്‍ സര്‍വ്വീസസ്സിന്റെ ഏറ്റവും വലിയ ശക്തികളിലൊന്ന് പേരില്ലായ്മയാണെന്ന് ശ്രീ. നരേന്ദ്ര മോദി പറഞ്ഞു. ഗവണ്‍മെന്റിന്റെ പദ്ധതികളുടെ ഗുണഫലങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ സാമൂഹിക മാധ്യമങ്ങളും, മൊബൈല്‍ ഭരണ നിര്‍വ്വഹണവും പരമാവധി ഉപയോഗിക്കുമ്പോഴും ഈ കരുത്തില്‍ കുറവുണ്ടാകാതിരിക്കാന്‍ ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

‘പരിഷ്‌ക്കരിക്കുക, പ്രവര്‍ത്തിക്കുക, പരിവര്‍ത്തനം ചെയ്യുക” എന്നതിന്റെ പശ്ചാത്തലത്തില്‍ സംസാരിക്കവെ, പരിഷ്‌ക്കരണത്തിന് രാഷ്ട്രീയ ഇച്ഛാശക്തിയും പ്രവര്‍ത്താക്കാന്‍ ഉദ്യോഗസ്ഥരും, പരിവര്‍ത്തനത്തിന് ജനപങ്കാളിത്തവും വേളമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഒരു തീരുമാനം എടുക്കുമ്പോള്‍ ദേശീയ താല്‍പര്യമായിരിക്കണം ഉരകല്ല് എന്ന് പറഞ്ഞ പ്രധാനമന്ത്രി ഓരോ തീരുമാനവും എടുക്കുന്നത് ദേശീയ താല്‍പര്യം കണക്കിലെടുത്താണെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

രണ്ടായിരത്തി ഇരുപത്തിരണ്ടാമാണ്ട് സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷം കുറിക്കുമെന്ന് ഓര്‍മ്മിപ്പിച്ച് കൊണ്ട് സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിക്കുന്നതിനുള്ള രാസത്വരകങ്ങളായി വര്‍ത്തിക്കാന്‍ പ്രധാനമന്ത്രി ഉദ്യോഗസ്ഥരെ ആഹ്വാനം ചെയ്തു.