Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സിഗംപ്പൂര്‍ പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി പുറത്തിറക്കിയ മാധ്യമപ്രസ്താവന

സിഗംപ്പൂര്‍ പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി പുറത്തിറക്കിയ മാധ്യമപ്രസ്താവന

സിഗംപ്പൂര്‍ പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി പുറത്തിറക്കിയ മാധ്യമപ്രസ്താവന


ബഹുമാനപ്പെട്ട പ്രധാനമന്ത്രി ലീ സീന്‍ ലൂങ്, മാധ്യമപ്രവര്‍ത്തകരേ,
ഡ്രൈവര്‍മാരില്ലാത്ത കാറുകള്‍ നിരത്തില്‍ ഇറക്കുന്ന കാര്യത്തില്‍ ലോകത്തെ നയിക്കുന്നതു സിംഗപ്പൂരാണ് എന്നാണ് എനിക്കറിയാന്‍ കഴിഞ്ഞത്. അതോടൊപ്പം എനിക്കും നിങ്ങള്‍ക്കും ഉറപ്പുള്ള ഒരു കാര്യം സിംഗപ്പൂരിന്റെയും നാം തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെയും ഡ്രൈവിങ് സീറ്റില്‍ ഇരിക്കുന്നത് പ്രധാനമന്ത്രി ലീ ആണെന്നതാണ്. ബഹുമാനപ്പെട്ട ലീ, താങ്കള്‍ ഇന്ത്യയുടെ സുഹൃത്താണ്. നാം തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതില്‍ താങ്കള്‍ക്കുള്ള സമര്‍പ്പണബോധത്തെയും അക്കാര്യത്തിലുള്ള താങ്കളുടെ സംഭാവനകളെയും ഞങ്ങള്‍ അഭിനന്ദിക്കുന്നു. താങ്കളെ ഇന്ന് ഇവിടേക്കു സ്വാഗതം ചെയ്യാന്‍ അവസരം ലഭിച്ചത് എനിക്കു വലിയ അംഗീകാരമാണ്.

സുഹൃത്തുക്കളേ,

പ്രധാനമന്ത്രി എന്ന നിലയിലുള്ള എന്റെ ആദ്യ സിംഗപ്പൂര്‍ സന്ദര്‍ശനം സിംഗപ്പൂരിനു മാത്രമല്ല, ഏഷ്യക്കു മുഴുവന്‍ മാര്‍ഗദീപമായിരുന്ന ലീ ക്വാന്‍ യൂവിന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ ആയിരുന്നു. ഈ വര്‍ഷമാകട്ടെ, സിംഗപ്പൂരിന്റെ മറ്റൊരു മഹാനായ മകന്‍ മുന്‍ പ്രസിഡന്റ് എസ്.ആര്‍. നാഥന്റെ നിര്യാണം നമ്മെ ദുഃഖിപ്പിച്ചു. അദ്ദേഹം നമ്മുടെ ഒരു അടുത്ത സുഹൃത്തായിരുന്നു. നാം അദ്ദേഹത്തിനു പ്രവാസി ഭാരതീയ സമ്മാനം നല്‍കിയിരുന്നു. അദ്ദേഹത്തെ നഷ്ടമായതു നമ്മെയെല്ലാം ദുഃഖിപ്പിക്കുന്നു.

സുഹൃത്തുക്കളേ,

സിംഗപ്പൂരിന്റെ ദേശീയഗാനം ‘മജുലാ സിംഗപ്പൂരാ’ എന്നതാണ്. മുന്നോട്ടു കുതിക്കുക, സിംഗപ്പൂര്‍ എന്നതാണ് ഇതിന്റെ അര്‍ഥം. അതുകൊണ്ടു തന്നെ, ഇപ്പോള്‍ സജീവമായി നിലകൊള്ളുന്നതിനൊപ്പം ഭാവിയുടെ ആവശ്യങ്ങള്‍ നിറവേറ്റപ്പെടുന്നതിനുകൂടി സജീവമായുള്ള ഒരു രാഷ്ട്രമുണ്ടെങ്കില്‍ അതു സിംഗപ്പൂരാണ്. ഉല്‍പാദനമാകട്ടെ, പരിസ്ഥിതിയാകട്ടെ, പുതുമകളാകട്ടെ, സാങ്കേതികവിദ്യയാകട്ടെ, പൊതുസേവനങ്ങളുടെ ലഭ്യതയാകട്ടെ, ഏതു കാര്യത്തിലും ലോകം നാളെ ചെയ്യുന്നത് ഇന്നു തന്നെ ചെയ്യുന്ന രാഷ്ട്രമാണ് സിംഗപ്പൂര്‍.

സുഹൃത്തുക്കളേ,

ഒരു വര്‍ഷത്തിനിടെ ഞാന്‍ നടത്തിയിരുന്ന സിംഗപ്പൂര്‍ സന്ദര്‍ശന സമയത്തു നമുക്കിടയിലുള്ള ഉഭയകക്ഷിബന്ധം ‘പുതിയ ആവേശവും പുതിയ ഊര്‍ജവു’മായി തന്ത്രപ്രധാനമായ പങ്കാളിത്തമായി വികസിപ്പിക്കുകയുണ്ടായി. നാം തമ്മിലുള്ള ബന്ധം ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ക്കു ഗുണകരമാക്കി മാറ്റുന്നതിനായി സിംഗപ്പൂരിന്റെ കരുത്തും ഇന്ത്യയുടെ വലിപ്പവും തമ്മില്‍ ബന്ധിപ്പിക്കുക എന്നതാണു പങ്കാളിത്തത്തിന്റെ ലക്ഷ്യം; സിഗംപ്പൂരിന്റെയും നമ്മുടെ സംസ്ഥാനങ്ങളുടെയും ഊര്‍ജത്തെ പരസ്പരം ബന്ധിപ്പിക്കുകയാണു ലക്ഷ്യം. പരസ്പര സഹകരണമെന്ന ലക്ഷ്യം യാഥാര്‍ഥ്യമാക്കാനുള്ള പദ്ധതി എന്റെ കഴിഞ്ഞ സിംഗപ്പൂര്‍ സന്ദര്‍ശനത്തിനിടെ തയ്യാറാക്കിയിരുന്നു. കൈക്കൊണ്ട തീരുമാനങ്ങള്‍ കാലവിളംബമില്ലാതെ നടപ്പാക്കുക എന്നതും നാം തമ്മിലുള്ള ബന്ധത്തിന്റെ ഒരു പ്രധാന ഘടകമാണ്. ബഹുമാനപ്പെട്ട ലീയും ഞാനും ഇരു രാഷ്ട്രങ്ങള്‍ക്കും ഇടയിലുള്ള തന്ത്രപരമായ ബന്ധം വികസിക്കുന്നത് എങ്ങനെയെന്ന് ഇന്നു വിശദമായി പരിശോധിച്ചു. സിംഗപ്പൂരിലെത്തിയപ്പോള്‍ പ്രധാനമന്ത്രി ലീ എന്നെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നിക്കല്‍ എജ്യുക്കേഷന്‍ സന്ദര്‍ശിക്കാന്‍ കൊണ്ടുപോയിരുന്നു. ഇന്ന് നാം നൈപുണ്യവികസനം ലക്ഷ്യമിട്ടു രണ്ടു ധാരണാപത്രങ്ങള്‍ ഒപ്പിട്ടു- ഒന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കായി ഗോഹട്ടിയില്‍ നൈപുണ്യവികസന കേന്ദ്രം സ്ഥാപിക്കാനും മറ്റൊന്നു ദേശീയ നൈപുണ്യ വികസന കൗണ്‍സിലുമായി ബന്ധപ്പെട്ടും. രാജസ്ഥാന്‍ സംസ്ഥാന ഗവണ്‍മെന്റുമായി സഹകരിച്ച് ഉദയ്പൂരില്‍ വിനോദസഞ്ചാര പരിശീലനത്തിനുള്ള മികവിന്റെ കേന്ദ്രം ഉദ്ഘാടനം ചെയ്യപ്പെട്ടതിനെ ഞാന്‍ സ്വാഗതം ചെയ്യുന്നു. നഗരവികസനം, മാലിന്യനിര്‍മാര്‍ജനം എന്നീ മേഖലകളിലും രാജസ്ഥാനും സിംഗപ്പൂരും സഹകരിക്കുന്നുണ്ട്. ആന്ധ്രാപ്രദേശിന്റെ പുതിയ തലസ്ഥാനമായ അമരാവതി വികസിപ്പിക്കുന്നതില്‍ നമ്മുടെ പങ്കാളിയാണ് സിംഗപ്പൂര്‍.

സുഹൃത്തുക്കളേ,

വ്യാപാര, നിക്ഷേപ ബന്ധങ്ങളാണു നാം തമ്മിലുള്ള ഉഭയകക്ഷിബന്ധത്തിന്റെ അടിസ്ഥാനം. വാണിജ്യ പങ്കാളിത്തത്തില്‍ ശക്തമായ ശൃംഖല നമുക്കിടയിലുണ്ട്. ഈ സാഹചര്യത്തില്‍ സമഗ്ര സാമ്പത്തിക സഹകരണ കരാറിന്റെ രണ്ടാമതു പുനഃപരിശോധന ഉടന്‍ നടത്താന്‍ പ്രധാനമന്ത്രി ലീയും ഞാനും സന്നദ്ധരായിക്കഴിഞ്ഞു. ഇന്ന് ഒപ്പു വെക്കപ്പെട്ട ബൗദ്ധിക സ്വത്തു സംബന്ധിച്ച ധാരണാപത്രം കൂടുതല്‍ വാണിജ്യക്കൈമാറ്റങ്ങളും സഹകരണങ്ങളും യാഥാര്‍ഥ്യമാക്കും. സിംഗപ്പൂരില്‍ കോര്‍പറേറ്റ് റുപ്പീ ബോണ്ടുകള്‍ വിതരണം ചെയ്തതിനെ പ്രധാനമന്ത്രി ലീയും ഞാനും സ്വാഗതം ചെയ്യുന്നു. ഇന്ത്യക്ക് അടിസ്ഥാനസൗകര്യ വികസനം വ്യാപകമായി വിപുലപ്പെടുത്തേണ്ടതുള്ളതിനാല്‍ മൂലധനസമാഹരണത്തില്‍ ഈ ബോണ്ടുകള്‍ വളരെയധികം സഹായകമാകും.

സുഹൃത്തുക്കളേ,

പ്രതിരോധ, സുരക്ഷാ മേഖലകളിലെ സഹകരണം നാം തമ്മിലുള്ള തന്ത്രപരമായ ബന്ധത്തിലെ മുഖ്യസ്തംഭമാണ്. സമുദ്രാതിര്‍ത്തിയുള്ള രണ്ടു രാഷ്ട്രങ്ങളെന്ന നിലയില്‍ സമുദ്രമാര്‍ഗമുള്ള ആശയവിനിമയ സാധ്യതകള്‍ തുറന്നിടാനും സമുദ്രസംബന്ധിയായ രാജ്യാന്തര നിയമസംവിധാനം ബഹുമാനിച്ചു പ്രവര്‍ത്തിക്കാനും ആയിരിക്കും നാം മുന്‍ഗണന നല്‍കുക. ആസിയാന്‍, പൂര്‍വേഷ്യന്‍ ഉച്ചകോടി, ആസിയാന്‍ മേഖലാതല ചട്ടക്കൂട് എന്നിവയിലുള്ള ഇന്ത്യ-സിംഗപ്പൂര്‍ സഹകരണത്തിലൂടെ ഉദ്ദേശിക്കുന്നത് തുറന്നതും എല്ലാവരെയും ഉള്‍പ്പെടുത്തിയുള്ളതുമായ മേഖലാതല സഹകരണത്തിനുള്ള പദ്ധതിയൊരുക്കുക എന്നതാണ്. ആത്മവിശ്വാസത്തോടും പരസ്പര വിശ്വാസത്തോടുംകൂടി വേണം ഇതു സാധ്യമാക്കാന്‍. വര്‍ധിച്ചുവരുന്ന തീവ്രവാദം, വിശേഷിച്ച് അതിര്‍ത്തി കടന്നുള്ള തീവ്രവാദം, അതുപോലെ തന്നെ സമൂല പരിഷ്‌കരണവാദം എന്നിവ നമ്മുടെ സുരക്ഷയ്ക്കു വലിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. അവ നമ്മുടെ സമൂഹങ്ങളുടെ നിലനില്‍പിനു തന്നെ ഭീഷണി ഉയര്‍ത്തുന്നു. സമാധാനത്തിനും മാനവികതയ്ക്കുമായി നിലകൊള്ളുന്നവര്‍ ഈ ശാപത്തിനെതിരെ നില്‍ക്കാനും ഒരുമിച്ചു പ്രവര്‍ത്തിക്കാനും തയ്യാറാകണമെന്നാണു ഞാന്‍ ഉറച്ചു വിശ്വസിക്കുന്നത്. ഈ ഭീഷണികളെ നേരിടാനായി സൈബര്‍ സുരക്ഷയുടെ കാര്യത്തില്‍ ഉള്‍പ്പെടെ സഹകരണം ശക്തിപ്പെടുത്താന്‍ ഇന്നു നാം തീരുമാനമെടുത്തിട്ടുണ്ട്.

ബഹുമാനപ്പെട്ട ലീ,

ഇന്ത്യ ശക്തമായ സാമ്പത്തിക വളര്‍ച്ചയുടെയും മാറ്റത്തിന്റെയും പാതയിലെത്തിക്കഴിഞ്ഞു. ഈ യാത്രയില്‍ സിംഗപ്പൂരിനെ പ്രധാന പങ്കാളി ആയാണു ഞങ്ങള്‍ കാണുന്നത്. അടുത്തിടെ, ഇന്ത്യയില്‍ പരിവര്‍ത്തനം സൃഷ്ടിക്കുന്നതിനായി ഉപപ്രധാനമന്ത്രി ഷണ്മുഖരത്‌നം നല്‍കിയ ആശയങ്ങള്‍ ഞങ്ങള്‍ക്കു നേട്ടമായി. താങ്കളുമായുള്ള വ്യക്തിപരമായ സൗഹൃദത്തിനും ഉഭയകക്ഷിബന്ധം മുന്നോട്ടു കൊണ്ടുപോകുന്നതിനു താങ്കള്‍ നല്‍കുന്ന നേതൃത്വത്തിനും ഞാന്‍ വളരെയധികം വില കല്‍പിക്കുന്നു. ഒരിക്കല്‍ക്കൂടി താങ്കള്‍ക്കും പ്രതിനിധിസംഘത്തിനും ഊഷ്മളമായ സ്വാഗതം ആശംസിക്കുന്നു. താങ്കളുടെ ഇന്ത്യാസന്ദര്‍ശനം സൃഷ്ടിപരവും വിജയപ്രദവുമായിരിക്കും എന്നു ഞാന്‍ വിശ്വസിക്കുന്നു.

നന്ദി.

വളരെയധികം നന്ദി.