Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സമുദ്രസുരക്ഷ വര്‍ദ്ധിപ്പിക്കല്‍: അന്താരാഷ്ട്ര സഹകരണത്തിനായുള്ള വിഷയം” എന്ന പ്രമേയത്തിലുള്ള യുഎന്‍എസ് സി ഉന്നതതല സംവാദത്തില്‍ പ്രധാനമന്ത്രി അധ്യക്ഷനാകും


”സമുദ്രസുരക്ഷ വര്‍ദ്ധിപ്പിക്കല്‍: അന്താരാഷ്ട്ര സഹകരണത്തിനായുള്ള വിഷയം” എന്ന പ്രമേയത്തില്‍ ഉന്നതതലത്തില്‍ നടക്കുന്ന തുറന്ന ചര്‍ച്ചയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അധ്യക്ഷനാകും. ഓഗസ്റ്റ് 9ന് വൈകിട്ട് 5.30ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് സംവാദം.

യോഗത്തില്‍ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സിലിലെ അംഗരാജ്യങ്ങളിലെ നിരവധി രാഷ്ട്രത്തലവന്മാരും യുഎന്നില്‍ നിന്നും സുപ്രധാന പ്രാദേശിക സംഘടനകളില്‍ നിന്നുമുള്ള ഉന്നതതല വക്താക്കളും പങ്കെടുക്കും. സമുദ്രമേഖലയിലെ കുറ്റകൃത്യങ്ങളെയും അരക്ഷിതാവസ്ഥയെയും ഫലപ്രദമായി നേരിടുന്നതിനുള്ള മാര്‍ഗങ്ങളെക്കുറിച്ചും സമുദ്രമേഖലയിലെ ഏകോപനം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും തുറന്ന സംവാദം ശ്രദ്ധ കേന്ദ്രീകരിക്കും.

സമുദ്രസുരക്ഷയുടെയും സമുദ്രമേഖലയിലെ കുറ്റകൃത്യങ്ങളുടെയും വിവിധ വശങ്ങളെക്കുറിച്ച് യുഎന്‍ സുരക്ഷാ സമിതി ചര്‍ച്ച ചെയ്യുകയും പ്രമേയങ്ങള്‍ പാസാക്കുകയും ചെയ്തിട്ടുണ്ട്. എങ്കിലും ഉന്നതതലത്തില്‍ നടക്കുന്ന തുറന്ന ചര്‍ച്ചയില്‍ പ്രത്യേക കാര്യപരിപാടിയായി സമുദ്രസുരക്ഷ സമഗ്രമായ രീതിയില്‍ ചര്‍ച്ച ചെയ്യുന്നത് ഇതാദ്യമാണ്. സമുദ്രസുരക്ഷയുടെ വിവിധ വശങ്ങള്‍ അഭിസംബോധന ചെയ്യാന്‍ ഒരു രാജ്യത്തിനു മാത്രം കഴിയില്ല. അതുകൊണ്ടുതന്നെ, ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതിയില്‍ ഈ വിഷയം സമഗ്രമായി പരിഗണിക്കേണ്ടത് പ്രധാനമാണ്. സമുദ്ര മേഖലയിലെ പരമ്പരാഗതവും അല്ലാത്തതുമായ ഭീഷണികള്‍ പ്രതിരോധിക്കുന്നതിനൊപ്പം, സമുദ്രസുരക്ഷയുടെ സമഗ്രമായ സമീപനം സമുദ്രത്തിലെ നിയമാനുസൃത പ്രവര്‍ത്തനങ്ങളെ സംരക്ഷിക്കുകയും പിന്തുണയ്ക്കുകയും വേണം.

സിന്ധു നദീതട സംസ്‌കാരത്തിന്റെ കാലം മുതല്‍ തന്നെ സമുദ്രങ്ങള്‍ ഇന്ത്യയുടെ ചരിത്രത്തില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. സമുദ്രങ്ങളെ സമാധാനത്തിന്റെയും സമൃദ്ധിയുടെയും ഉപാധിയായി കാണുന്ന നമ്മുടെ നാഗരിക തത്വങ്ങളെ അടിസ്ഥാനമാക്കി, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘സാഗര്‍’ (മേഖലയിലെ എല്ലാവര്‍ക്കും സുരക്ഷയും വളര്‍ച്ചയും) എന്ന കാഴ്ചപ്പാട് 2015ല്‍ മുന്നോട്ടുവച്ചിരുന്നു. സമുദ്രങ്ങളുടെ സുസ്ഥിര ഉപയോഗത്തിനുള്ള സഹകരണ നടപടികള്‍ക്കാണ് ഈ കാഴ്ചപ്പാട് ഊന്നല്‍ നല്‍കുന്നത്. കൂടാതെ, മേഖലയിലെ വിശ്വസ്തവും സുരക്ഷിതവും സുസ്ഥിരവുമായ സമുദ്രമേഖലയ്ക്ക് ചട്ടക്കൂടും ഒരുക്കുന്നു. 2019ല്‍, കിഴക്കന്‍ ഏഷ്യ ഉച്ചകോടിയില്‍, സമുദ്ര സുരക്ഷയുടെ ഏഴ് മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഈ സംരംഭം ഇന്തോ-പസഫിക് സമുദ്ര സംരംഭ(ഐപിഒഐ)ത്തിലൂടെ വിപുലീകരിച്ചു. സമുദ്ര ആവാസവ്യവസ്ഥ, സമുദ്ര വിഭവങ്ങള്‍, ശേഷീവികസനവും വിഭവങ്ങളുടെ പങ്കുവയ്ക്കലും, ദുരന്ത സാധ്യത കുറയ്ക്കലും കൈകാര്യം ചെയ്യലും, ശാസ്ത്ര-സാങ്കേതിക-വിദ്യാഭ്യാസ സഹകരണം, വ്യാപാരബന്ധം, സമുദ്ര ഗതാഗതം എന്നീ മേഖലകളിലാണിവ. 

യുഎന്‍ സുരക്ഷാസമിതിയുടെ തുറന്ന ചര്‍ച്ചയ്ക്ക് അധ്യക്ഷം നല്‍കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാകും ശ്രീ നരേന്ദ്ര മോദി. പരിപാടി യുഎന്‍ സുരക്ഷാസമിതി കൗണ്‍സില്‍ വെബ്‌സൈറ്റില്‍ ഇന്ത്യന്‍ സമയം വൈകിട്ട് 5.30 മുതല്‍/ ന്യൂയോര്‍ക്ക് സമയം രാവിലെ എട്ടുമുതല്‍ തത്സമയം കാണാനാകും.