Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സംസ്ഥാന പരിസ്ഥിതിമന്ത്രിമാരുടെ ദേശീയ സമ്മേളനം ഗുജറാത്തിലെ ഏകതാ നഗറിൽ പ്രധാനമന്ത്രി ഉദ്ഘാടനംചെയ്തു

സംസ്ഥാന പരിസ്ഥിതിമന്ത്രിമാരുടെ ദേശീയ സമ്മേളനം ഗുജറാത്തിലെ ഏകതാ നഗറിൽ പ്രധാനമന്ത്രി ഉദ്ഘാടനംചെയ്തു


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു ഗുജറാത്തിലെ ഏകതാ നഗറിൽ പരിസ്ഥിതിമന്ത്രിമാരുടെ ദേശീയ സമ്മേളനം വിദൂരദൃശ്യസംവിധാനത്തിലൂടെ ഉദ്ഘാടനംചെയ്തു.

സമ്മേളനത്തെ അഭിസംബോധനചെയ്യവേ, ഏകതാ നഗറിലേക്കും പരിസ്ഥിതിമന്ത്രിമാരുടെ ദേശീയ സമ്മേളനത്തിലേക്കും ഏവരേയും പ്രധാനമന്ത്രി സ്വാഗതംചെയ്തു. അടുത്ത 25 വർഷത്തേക്ക് ഇന്ത്യ പുതിയ ലക്ഷ്യങ്ങൾ നിശ്ചയിക്കുന്ന വേളയിലാണു സമ്മേളനം നടക്കുന്നതെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. വനം, ജലസംരക്ഷണം, വിനോദസഞ്ചാരം, നമ്മുടെ ഗിരിവർഗ സഹോദരങ്ങൾ എന്നീ കാര്യങ്ങളിൽ ഏകതാ നഗറിന്റെ സമഗ്ര വികസനം പരിസ്ഥിതി തീർഥാടനത്തിന്റെ മികച്ച ഉദാഹരണമാണെന്ന് അതിന്റെ പ്രാധാന്യത്തെക്കുറിച്ചു സംസാരിക്കവേ പ്രധാനമന്ത്രി പറഞ്ഞു. 

അന്താരാഷ്ട്ര സൗരസഖ്യം, ദുരന്തനിവാരണ അടിസ്ഥാനസൗകര്യ സഖ്യം, ലൈഫ് പ്രസ്ഥാനം എന്നീ ഉദാഹരണങ്ങളിലൂടെ, പുനരുൽപ്പാദക ഊർജമേഖലയിൽ ഇന്ത്യ വൻ കുതിച്ചുചാട്ടം നടത്തുക മാത്രമല്ല, ലോകത്തെ മറ്റു രാജ്യങ്ങളെ നയിക്കുകയും ചെയ്യുന്നുവെന്നു പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. “ഇന്നത്തെ പുതിയ ഇന്ത്യ പുതിയ ചിന്തയും പുതിയ സമീപനവുമായി മുന്നോട്ടുപോകുകയാണ്.”- പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന സമ്പദ്‌വ്യവസ്ഥയാണെന്നും രാജ്യത്തിന്റെ ആവാസവിജ്ഞാനത്തെ തുടർച്ചയായി ശക്തിപ്പെടുത്തുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. “നമ്മുടെ വനവിസ്തൃതി വർധ‌ിച്ചു. തണ്ണീർത്തടങ്ങളും അതിവേഗം വികസിക്കുന്നു.” – അദ്ദേഹം പറഞ്ഞു.

പ്രതിബദ്ധതകൾ നിറവേറ്റിയതിന്റെ നേട്ടത്തിന്റെ പശ്ചാത്തലത്തിലാണു ലോകം ഇന്ന് ഇന്ത്യയോടൊപ്പം ചേരുന്നതെന്നു പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. “ഗിർ സിംഹങ്ങൾ, കടുവകൾ, ആനകൾ, ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങൾ, പുള്ളിപ്പുലികൾ എന്നിവയുടെ എണ്ണം വർഷങ്ങളായി വർധിക്കുകയാണ്. കുറച്ചുദിവസങ്ങൾക്കുമുമ്പു മധ്യപ്രദേശിൽ ചീറ്റപ്പുലികൾ വാസസ്ഥലത്തേയ്ക്കു മടങ്ങിയെത്തിയതിലൂടെ പുത്തൻ ആവേശവും ഉയർന്നിരിക്കുകയാണ്.”- പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. 

2070 ആകുമ്പോൾ ‘നെറ്റ് സീറോ’ എന്ന ലക്ഷ്യം കൈവരിക്കുന്നതിലേക്ക് ഏവരുടെയും ശ്രദ്ധ ആകർഷിച്ചുകൊണ്ട്, ഹരിത വളർച്ചയിലും ഹരിതപ്രവർത്തനങ്ങളിലുമാണു രാജ്യത്തിന്റെ ശ്രദ്ധയെന്നു പ്രധാനമന്ത്രി പറഞ്ഞു. പ്രകൃതിയുമായുള്ള സന്തുലിതാവസ്ഥ നിലനിർത്തേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. ഈ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ സംസ്ഥാനങ്ങളുടെ പരിസ്ഥിതിമന്ത്രാലയങ്ങളുടെ പങ്കിനെക്കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു. “സംസ്ഥാനങ്ങൾക്കു കഴിയുന്നതുപോലെ ചാക്രിക സമ്പദ്‌വ്യവസ്ഥ പ്രോത്സാഹിപ്പിക്കണമെന്നു ഞാൻ എല്ലാ പരിസ്ഥിതിമന്ത്രിമാരോടും അഭ്യർത്ഥിക്കുന്നു.”- പ്രധാനമന്ത്രി പറഞ്ഞു. ഖരമാലിന്യ സംസ്കരണപ്രവർത്തനങ്ങളുടെ കരുത്ത് ഇതു വർധിപ്പിക്കും. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ പിടിയിൽ നിന്നു നമ്മെ മോചിപ്പിക്കുമെന്നും ശ്രീ മോദി പറഞ്ഞു. 

പരിസ്ഥിതി മന്ത്രാലയങ്ങളുടെ പങ്കിനെ നിയന്ത്രണസംവിധാനമെന്ന നിലയിൽ കാണരുതെന്നു പ്രധാനമന്ത്രി പറഞ്ഞു. “വളരെക്കാലമായി പരിസ്ഥിതി മന്ത്രാലയങ്ങൾ നിയന്ത്രണസംവിധാനമായി മാറിയതിൽ ഖേദമുണ്ട്. എങ്കിലും നിയന്ത്രണസംവിധാനം എന്നതിനേക്കാൾ പരിസ്ഥിതിയുടെ പ്രോത്സാഹനസംവിധാനം എന്ന നിലയിലാണു പരിസ്ഥിതിമന്ത്രാലയം വർത്തിക്കേണ്ടത് എന്നാണു ഞാൻ കരുതുന്നത്.”- പ്രധാനമന്ത്രി പറഞ്ഞു. വാഹനം പൊളിക്കൽ നയം പോലുള്ള നടപടികളും എഥനോൾ മിശ്രണം പോലുള്ള ജൈവ ഇന്ധന നടപടികളും താഴേത്തട്ടിൽ ശക്തിപ്പെടുത്താനും സംസ്ഥാനങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടു. ഈ നടപടികൾ പ്രോത്സാഹിപ്പിക്കുന്നതിനായി ആരോഗ്യകരമായ മത്സരവും സംസ്ഥാനങ്ങൾ തമ്മിലുള്ള സഹകരണവും അദ്ദേഹം ആവശ്യപ്പെട്ടു.

ഭൂഗർഭജലവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലേക്കു വെളിച്ചം വീശി, സമൃദ്ധമായി വെള്ളം ലഭിച്ചിരുന്ന സംസ്ഥാനങ്ങളും ഇന്നു ജലക്ഷാമം നേരിടുന്നുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. രാസരഹിത പ്രകൃതിക്കൃഷി, അമൃത സരോവരം, ജലസുരക്ഷ തുടങ്ങിയ വെല്ലുവിളികളും നടപടികളും ഓരോരോ വകുപ്പുകളുടെ ചുമതലയിൽമാത്രം ഒതുങ്ങുന്നതല്ലെന്നും പരിസ്ഥിതിവകുപ്പും ഇവയെ തുല്യമായ പ്രാധാന്യത്തോടെ, ഒഴ‌ിച്ചുകൂടാനാകാത്ത വെല്ലുവിളിയായി പരിഗണിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. “പരിസ്ഥിതി മന്ത്രാലയങ്ങൾ പങ്കാളിത്തമനോഭാവത്തോടെയും സംയോജിത സമീപനത്തോടെയും പ്രവർത്തിക്കേണ്ടതു നിർണായകമാണ്. പരിസ്ഥിതി മന്ത്രാലയങ്ങളുടെ കാഴ്ചപ്പാടു മാറുമ്പോൾ, പ്രകൃതിക്കും പ്രയോജനം ലഭിക്കുമെന്ന് എനിക്കുറപ്പുണ്ട്.” 

ഈ പ്രവർത്തനം കേവലം വാർത്താവിതരണ വകുപ്പിലോ വിദ്യാഭ്യാസവകുപ്പിലോ മാത്രം ഒതുങ്ങുന്നതല്ലെന്ന് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, പരിസ്ഥിതിസംരക്ഷണത്തിന്റെ മറ്റൊരു പ്രധാന വശമാണു പൊതുജന അവബോധം എന്നും വ്യക്തമാക്കി‌. “രാജ്യത്തു നടപ്പാക്കിയ ദേശീയ വിദ്യാഭ്യാസനയത്തിൽ, പരിചയസമ്പന്നത അടിസ്ഥാനപ്പെടുത്തിയ പഠനത്തിനു വളരെയധികം ഊന്നൽ നൽകിയിട്ടുണ്ടെന്നു നിങ്ങൾക്കെല്ലാവർക്കും നന്നായി അറിയാം.”- ശ്രീ മോദി പറഞ്ഞു. പരിസ്ഥിതി മന്ത്രാലയമാണ് ഈ ക്യാമ്പയിനു നേതൃത്വം നൽകേണ്ടതെന്നു പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇതു കുട്ടികളിൽ ജൈവവൈവിധ്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും പരിസ്ഥിതിസംരക്ഷണത്തിന്റെ വിത്തുപാകുകയും ചെയ്യും. “നമ്മുടെ തീരപ്രദേശങ്ങളിൽ താമസിക്കുന്ന കുട്ടികളെ സമുദ്ര ആവാസവ്യവസ്ഥയെ എങ്ങനെ സംരക്ഷിക്കാമെന്നു പഠിപ്പിക്കണം. നമ്മുടെ കുട്ടികളെയും ഭാവി തലമുറയെയും പരിസ്ഥിതിയുടെ കാര്യത്തിൽ അവബോധമുള്ളവരാക്കണം.”- പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. നമ്മുടെ സംസ്ഥാനങ്ങളിലെ സർവകലാശാലകളും ലബോറട്ടറികളും ‘ജയ് അനുസന്ധാൻ’ എന്ന മന്ത്രം പിന്തുടർന്നു പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട നൂതനാശയങ്ങൾക്കു മുൻതൂക്കം നൽകണം. പരിസ്ഥിതിസംരക്ഷണത്തിനായി സാങ്കേതികവിദ്യ സ്വീകരിക്കുന്നതിനെക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു. “വനങ്ങൾക്കുള്ളിലെ വനങ്ങളുടെ അവസ്ഥയെക്കുറിച്ചുള്ള പഠനവും ഗവേഷണവും ഒരുപോലെ പ്രധാനമാണ്.”- ശ്രീ മോദി കൂട്ടിച്ചേർത്തു. 

പാശ്ചാത്യലോകത്തുണ്ടാകുന്ന ഭയാനകമായ കാട്ടുതീയുടെ കാര്യത്തെക്കുറിച്ചു സൂചിപ്പിച്ച പ്രധാനമന്ത്രി, കാട്ടുതീയുണ്ടാക്കുന്ന ആഗോള പുറന്തള്ളലുകളിൽ ഇന്ത്യയുടെ പങ്കു ചെറുതായിരിക്കാമെന്നും എങ്കിലും നാം എല്ലായ്പോഴും ജാഗ്രത പാലിക്കണമെന്നും അഭിപ്രായപ്പെട്ടു. എല്ലാ സംസ്ഥാനങ്ങളിലെയും കാട്ടുതീ അണയ്ക്കാനുള്ള സംവിധാനം സാങ്കേതികവിദ്യാധിഷ്ഠിതവും കരുത്തുറ്റതുമായിരിക്കണമെന്നു പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. നമ്മുടെ ഫോറസ്റ്റ് ഗാർഡുകളുടെ പരിശീലനത്തിലും കാട്ടുതീ കെടുത്തുന്ന കാര്യത്തിൽ പ്രത്യേകം ഊന്നൽ നൽകണമെന്നും അദ്ദേഹം പറഞ്ഞു. 

പാരിസ്ഥിതികാനുമതി ലഭിക്കുന്നതിലെ സങ്കീർണതകൾ ചൂണ്ടിക്കാട്ടി, ആധുനിക അടിസ്ഥാനസൗകര്യങ്ങളുടെ വികസനവും രാജ്യത്തെ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താനുള്ള ശ്രമങ്ങളും തടസപ്പെടുന്നതായി പ്രധാനമന്ത്രി പറഞ്ഞു. പണ്ഡിറ്റ് നെഹ്രു 1961ൽ ആരംഭിച്ച സർദാർ സരോവർ അണക്കെട്ടാണ് ഉദാഹരണമായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയത്. പരിസ്ഥിതിയുടെ പേരിൽ നടത്തിയ ഗൂഢാലോചനകൾ കാരണമാണ് ഇതിന്റെ നിർമാണം പൂർത്തിയാക്കാൻ പതിറ്റാണ്ടുകൾ വേണ്ടിവന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിവിധ ആഗോള സംഘടനകളിൽ നിന്നും ഫൗണ്ടേഷനുകളിൽ നിന്നും കോടിക്കണക്കിനു രൂപ കൈപ്പറ്റി ഇന്ത്യയുടെ വികസനം തടസപ്പെടുത്തുന്നതിൽ നഗരങ്ങൾ കേന്ദ്രീകരിച്ചുള്ള നക്സലുകളുടെ പങ്കിനെക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു. അത്തരക്കാരുടെ ഗൂഢാലോചനയുടെ പശ്ചാത്തലത്തിൽ അണക്കെട്ടിന്റെ ഉയരം കൂട്ടാൻ ലോകബാങ്ക് വായ്പ നൽകാൻ വിസമ്മതിച്ച സാഹചര്യമുണ്ടായതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. “ഈ ഗൂഢാലോചനകൾ പരാജയപ്പെടുത്താൻ കുറച്ചു സമയമെടുത്തു. പക്ഷേ ഗുജറാത്തിലെ ജനങ്ങൾ വിജയിച്ചു. അണക്കെട്ടിനെ പരിസ്ഥിതിക്കു ഭീഷണിയെന്നാണു വിശേഷിപ്പിക്കുന്നത്. ഇന്ന് അതേ അണക്കെട്ടു പരിസ്ഥിതിയെ സംരക്ഷിക്കുന്നതിന്റെ പര്യായമായി മാറിയിരിക്കുന്നു.”- പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. അതതു സംസ്ഥാനങ്ങളിലെ ഇത്തരം നഗരകേന്ദ്രീകൃത നക്സലുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും പ്രധാനമന്ത്രി എല്ലാവരോടും അഭ്യർഥിച്ചു. പാരിസ്ഥിതികാനുമതിക്കായി 600ലധികം നിർദേശങ്ങളും വനം അനുമതിക്കായി 6500 അപേക്ഷകളും സംസ്ഥാനങ്ങളുടെ പക്കലുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. “ശരിയായ എല്ലാ നിർദേശങ്ങൾക്കും ഉടൻ അനുമതി നൽകാനുള്ള ശ്രമങ്ങൾ സംസ്ഥാനങ്ങൾ നടത്തണം. ഇത്തരത്തിലുള്ള കെട്ടിക്കിടക്കലുകൾ കാരണം ആയിരക്കണക്കിനു കോടി രൂപയുടെ പദ്ധതികൾ മുടങ്ങുമെന്നു നിങ്ങൾക്ക് ഊഹിക്കാവുന്നതേയുള്ളൂ.”- അദ്ദേഹം കൂട്ടിച്ചേർത്തു. മുടങ്ങിക്കിടക്കലുകൾ കുറയുകയും അനുമതി വേഗത്തിലാക്കുകയും ചെയ്യുന്ന തരത്തിൽ തൊഴിൽ അന്തരീക്ഷത്തിൽ മാറ്റം കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. പാരിസ്ഥിതികാനുമതി നൽകുമ്പോൾ, നാം നിയമങ്ങൾ പാലിക്കുകയും ആ പ്രദേശത്തെ ജനങ്ങളുടെ വികസനത്തിനു മുൻഗണന നൽകുകയും ചെയ്യുന്നകാര്യം ശ്രദ്ധിക്കണമെന്നു പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. “ഇതു സമ്പദ്‌വ്യവസ്ഥയ്ക്കും പരിസ്ഥിതിക്കും പ്രയോജനപ്രദമാകുന്ന സാഹചര്യമാണ്.”- അദ്ദേഹം പറഞ്ഞു. “അനാവശ്യമായി പരിസ്ഥിതിയുടെ പേരുയർത്തിപ്പിടിച്ച്, ജീവിതം സുഗമമാക്കലിനും വ്യവസായനടത്ത‌ിപ്പു സുഗമമാക്കുന്നതിനും വേണ്ടിയുള്ള അന്വേഷണത്തിൽ തടസങ്ങൾ സൃഷ്ടിക്കാൻ അനുവദിക്കരുത് എന്നതിനാണു ഞങ്ങളുടെ ശ്രമം. പാരിസ്ഥിതികാനുമതി എത്രയും വേഗത്തിൽ ലഭ്യമാകുന്നുവോ അത്രയും വേഗത്തിൽ വികസനവും നടക്കുമെന്നു നാം ഓർക്കണം.”

ഏതാനും ആഴ്ചകൾക്കുമുമ്പു രാഷ്ട്രത്തിനു സമർപ്പിച്ച ഡൽഹിയിലെ പ്രഗതി മൈതാനം തുരങ്കത്തെ പ്രധാനമന്ത്രി ഉദാഹരിച്ചു. “ഈ തുരങ്കം കാരണം ഡൽഹിയിലെ ജനങ്ങൾ ഗതാഗതക്കുരുക്കിലാകുന്നതിന്റെ ബുദ്ധിമുട്ടു കുറഞ്ഞു. പ്രഗതി മൈതാനം തുരങ്കം പ്രതിവർഷം 55 ലക്ഷം ലിറ്റർ ഇന്ധനം ലാഭിക്കാൻ സഹായിക്കും.”- അദ്ദേഹം കൂട്ടിച്ചേർത്തു. ഇതു പ്രതിവർഷം കാർബൺ പുറന്തള്ളൽ 13,000 ടൺ കുറയ്ക്കും. വിദഗ്ധരുടെ അഭിപ്രായപ്രകാരം 6 ലക്ഷത്തിലധികം മരങ്ങൾക്കു തുല്യമാണിത്.  “ഫ്ലൈ ഓവറുകളോ റോഡുകളോ അതിവേഗപാതകളോ റെയിൽവേ പദ്ധതികളോ എന്തുമാകട്ടെ, അവയുടെ നിർമാണം കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിനു സഹായിക്കണം. അനുമതിനൽകുന്ന സമയത്ത്, ഈ ഭാഗം നാം അവഗണിക്കരുത്. ”- ശ്രീ മോദി പറഞ്ഞു.

 പരിസ്ഥിതിയുമായി ബന്ധപ്പെട്ട എല്ലാത്തരം അനുമതികൾക്കും ഏകജാലക സംവിധാനമായ പരിവർത്തൻ പോർട്ടൽ ഉപയോഗിക്കാമെന്നു പ്രധാനമന്ത്രി പറഞ്ഞു. അനുമതി നേടുന്നതിനുള്ള തിരക്കു കുറയ്ക്കുന്നതിനുള്ള അതിന്റെ സുതാര്യതയെയും കാര്യക്ഷമതയെയുംകുറിച്ചും അദ്ദേഹം പറഞ്ഞു. “8 വർഷംമുമ്പു പാരിസ്ഥിതികാനുമതിക്ക് 600 ദിവസത്തിലധികം സമയമെടുത്തിരുന്നു. ഇന്നതു വെറും 75 ദിവസമാണ്.”- പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. 

പിഎം ഗതി ശക്തി ദേശീയ ആസൂത്രണപദ്ധതി നടപ്പിലാക്കിയതിനുശേഷം അടിസ്ഥാനസൗകര്യ വികസനപദ്ധതികളിലെ ഏകോപനം വർധിച്ചതായും അതിലൂടെ നിരവധി പദ്ധതികൾക്ക് ആക്കം കൂടി‌യതായും  പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പിഎം ഗതി ശക്തി ദേശീയ ആസൂത്രണപദ്ധതി പരിസ്ഥിതിസംരക്ഷണത്തിനുള്ള മികച്ച ഉപാധി കൂടിയാണ്. ദുരന്തനിവാരണ അടിസ്ഥാനസൗകര്യങ്ങളുടെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു. കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട വെല്ലുവിളികൾ നേരിടുമ്പോൾ സമ്പദ്‌വ്യവസ്ഥയുടെ വളർന്നുവരുന്ന ഓരോ മേഖലയും നാം നന്നായി ഉപയോഗിക്കേണ്ടതുണ്ടെന്നു ശ്രീ മോദി പറഞ്ഞു. “കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകൾ കൈകോർത്തു ഹരിത വ്യാവസായിക സമ്പദ്‌വ്യവസ്ഥയിലേക്കു നീങ്ങേണ്ടതുണ്ട്.”- പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. 

പരിസ്ഥിതിമന്ത്രാലയം നിയന്ത്രണസംവിധാനം മാത്രമല്ല, ജനങ്ങളുടെ സാമ്പത്തിക ശാക്തീകരണത്തിനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള മികച്ച മാധ്യമം കൂടിയാണെന്നു പറഞ്ഞാണു പ്രധാനമന്ത്രി പ്രസംഗം ഉപസംഹരിച്ചത്. “ഏകതാ നഗറിൽ നിങ്ങൾക്കു പഠിക്കാനും കാണാനും ചെയ്യാനും ഒരുപാടു കാര്യങ്ങൾ കണ്ടെത്താനാകും. ഗുജറാത്തിലെ കോടിക്കണക്കിനു ജനങ്ങൾക്ക് അമൃതം നൽകുന്ന സർദാർ സരോവർ അണക്കെട്ട് ഇവിടെത്തന്നെയുണ്ട്.”- അദ്ദേഹം കൂട്ടിച്ചേർത്തു, “സർദാർ സാഹെബിന്റെ ഇത്രയും വലിയ പ്രതിമ ഐക്യത്തിന്റെ പ്രതിജ്ഞയിൽ ഉറച്ചുനിൽക്കാൻ ഞങ്ങളെ പ്രചോദിപ്പിക്കുന്നു.” 

ഏകതാ നഗറിലെ കെവാഡിയയിലെ പഠനസാധ്യതകൾ ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, പരിസ്ഥിതിയുടെയും സമ്പദ്‌വ്യവസ്ഥയുടെയും ഒരേസമയത്തുള്ള വികസനം, പരിസ്ഥിതി ശക്തിപ്പെടുത്തലും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കലും, ഇക്കോ ടൂറിസം വർധിപ്പിക്കുന്നതിനുള്ള മാധ്യമമായ ജൈവ വൈവിധ്യം, നമ്മുടെ ഗിരിവർഗ സഹോദരങ്ങളുടെ സമ്പത്തിനൊപ്പം കാടിന്റെ സമ്പത്ത് എങ്ങനെ ഉയരുന്നു തുടങ്ങിയ കാര്യങ്ങളും ഇവിടെ അഭിസംബോധന ചെയ്യാം എന്നു ചൂണ്ടിക്കാട്ടി. 

ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, കേന്ദ്ര പരിസ്ഥിതി-വനം-കാലാവസ്ഥാവ്യതിയാന മന്ത്രി ഭൂപേന്ദ്ര യാദവ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

പശ്ചാത്തലം : 

സഹകരണ ഫെഡറലിസമെന്ന മനോഭാവം മുൻനിർത്തി, ബഹുമുഖ സമീപനത്തിലൂടെ പ്ലാസ്റ്റിക് മലിനീകരണം ഇല്ലാതാക്കൽ, കാലാവസ്ഥാവ്യതിയാനത്തെ ഫലപ്രദമായി പ്രതിരോധിക്കാനുള്ള സംസ്ഥാന കർമപദ്ധതികൾ തുടങ്ങിയ വിഷയങ്ങളിൽ മികച്ച നയങ്ങൾ രൂപവൽക്കരിക്കുന്നതിനു കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകൾക്കിടയിൽ കൂടുതൽ സഹകരണം സൃഷ്ടിക്കാനായാണു സമ്മേളനം ചേരുന്നത്. പരിസ്ഥിതിക്കുവേണ്ടിയുള്ള ജീവിതശൈലിയിലും ശോഷണം സംഭവിച്ച ഭൂമിയുടെ പുനഃസ്ഥാപനത്തിനും വന്യജീവിസംരക്ഷണത്തിനും പ്രത്യേക ഊന്നൽ നൽകി വനവിസ്തൃതി വർധിപ്പിക്കുന്നതിലും ഇതു ശ്രദ്ധകേന്ദ്രീകരിക്കും.

സെപ്‌റ്റംബർ 23നും 24നുമായി സംഘടിപ്പിക്കുന്ന രണ്ടുദിനസമ്മേളനത്തിൽ ലൈഫ്, കാലാവസ്ഥാ വ്യതിയാനം ചെറുക്കൽ (പുറന്തള്ളൽ ലഘൂകരിക്കുന്നതിനും കാലാവസ്ഥാ ആഘാതങ്ങളുമായി പൊരുത്തപ്പെടുന്നതിനുമുള്ള കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള സംസ്ഥാന പ്രവർത്തനപദ്ധതികൾ പുതുക്കൽ) എന്നീ വിഷയങ്ങളിൽ ആറു വിഷയാധിഷ്ഠിത  സെഷനുകൾ ഉണ്ടായിരിക്കും. പരിവേഷ് (സംയോജിത ഹരിതാനുമതികൾക്കുള്ള ഏകജാലക സംവിധാനം); വനപരിപാലനം; മലിനീകരണം തടയലും നിയന്ത്രണവും; വന്യജീവിപരിപാലനം; പ്ലാസ്റ്റിക്-മാലിന്യസംസ്കരണം എന്നിവയും ഇതിലുൾപ്പെടും.

ND