പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു സംസ്ഥാന ആഭ്യന്തരമന്ത്രിമാരുടെ ‘ചിന്തൻ ശിബിറി’നെ വിദൂരദൃശ്യസംവിധാനത്തിലൂടെ അഭിസംബോധനചെയ്തു.
സമ്മേളനത്തെ അഭിസംബോധന ചെയ്യവേ, ആഘോഷവേളകളിൽ സമാധാനപരമായ അന്തരീക്ഷമൊരുക്കുന്നതിനു ക്രമസമാധാനപാലകർ നടത്തുന്ന തയ്യാറെടുപ്പുകളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. സഹകരണ ഫെഡറലിസത്തിന്റെ മികച്ച ഉദാഹരണമാണു ചിന്തൻ ശിബിറെന്ന് അദ്ദേഹം പറഞ്ഞു. ഭരണഘടനയനുസരിച്ചു ക്രമസമാധാനം സംസ്ഥാനങ്ങളുടെ ഉത്തരവാദിത്വമാണെങ്കിലും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സമാനമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു. “എല്ലാ സംസ്ഥാനങ്ങളും പരസ്പരം പഠിക്കണം. പരസ്പരം പ്രചോദനം ഉൾക്കൊണ്ടു രാജ്യത്തിന്റെ പുരോഗതിക്കായി പ്രവർത്തിക്കണം. ഇതാണു ഭരണഘടനയുടെ സത്ത. ഇത് ഇന്ത്യക്കാരോടുള്ള നമ്മുടെ ഉത്തരവാദിത്വം കൂടിയാണ്”- അദ്ദേഹം പറഞ്ഞു.
നിലവിലെ ‘അമൃതകാലം’ പരാമർശിച്ച്, അമൃതകാലത്തു ‘പഞ്ച്പ്രാണി’ന്റെ സത്തയുള്ള അമൃതതലമുറ ഉയർന്നുവരുമെന്നു പ്രധാനമന്ത്രി പറഞ്ഞു. “‘പഞ്ച്പ്രാൺ’ സദ്ഭരണത്തിനുള്ള വഴികാട്ടിയാകണം”- അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ ശക്തി വർധിക്കുമ്പോൾ, രാജ്യത്തെ ഓരോ പൗരന്റെയും ഓരോ കുടുംബത്തിന്റെയും ശക്തിക്ക് ഉത്തേജനം ലഭിക്കുമെന്നു പ്രധാനമന്ത്രി പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളിലും വരികളിലുള്ള അവസാനത്തെ വ്യക്തിക്കുപോലും ആനുകൂല്യങ്ങൾ ലഭിക്കുന്ന സദ്ഭരണമാണിതെന്നും അദ്ദേഹം പറഞ്ഞു. ക്രമസമാധാനസംവിധാനവും സംസ്ഥാനങ്ങളുടെ വികസനവും തമ്മിലുള്ള ബന്ധത്തിനും പ്രധാനമന്ത്രി ഊന്നൽ നൽകി. “ക്രമസമാധാനസംവിധാനമാകെ വിശ്വസനീയമാകേണ്ടതു വളരെ പ്രധാനമാണ്. പൊതുജനങ്ങൾക്കിടയിൽ അതിന്റെ വിശ്വാസവും അവബോധവും വളരെ പ്രധാനമാണ്”- അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രകൃതിദുരന്തങ്ങളുടെ സമയത്ത് എൻഡിആർഎഫിന്റെയും എസ്ഡിആർഎഫിന്റെയും വർധിച്ചുവരുന്ന പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞു. അതുപോലെ, കുറ്റകൃത്യം നടന്ന സ്ഥലത്തേക്കുള്ള പൊലീസിന്റെ വരവു ഗവണ്മെന്റിന്റെ വരവായാണു കണക്കാക്കപ്പെടുന്നത്. കൊറോണ കാലഘട്ടത്തിലും പൊലീസിന്റെ പ്രശസ്തി വർധിച്ചു- പ്രധാനമന്ത്രി പറഞ്ഞു. പ്രതിബദ്ധതയ്ക്കു കുറവേതുമില്ലെന്നും പൊലീസിനെക്കുറിച്ചുള്ള അവബോധം കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ അവരെ നയിക്കുന്നതു നമ്മുടെ തുടർപ്രക്രിയയാകണം- അദ്ദേഹം പറഞ്ഞു.
കുറ്റകൃത്യങ്ങൾ ഇപ്പോൾ പ്രാദേശികവൽക്കരിക്കപ്പെടുന്നില്ലെന്നും അന്തർസംസ്ഥാന-അന്താരാഷ്ട്ര കുറ്റകൃത്യങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അതുകൊണ്ടാണു സംസ്ഥാന ഏജൻസികൾക്കിടയിലും കേന്ദ്ര-സംസ്ഥാന ഏജൻസികൾക്കിടയിലും പരസ്പരസഹകരണം നിർണായകമാകുന്നത്. സൈബർ കുറ്റകൃത്യമാകട്ടെ, ഡ്രോൺ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ആയുധങ്ങളോ മയക്കുമരുന്നുകളോ കടത്തുന്നതാകട്ടെ, ഇവയിലെല്ലാമുള്ള അപകടങ്ങൾ നേരിടാൻ ഗവണ്മെന്റ് പുതിയ സാങ്കേതികവിദ്യകൾക്കായി പരിശ്രമിക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. “സ്മാർട്ട് സാങ്കേതികവിദ്യയുടെ സഹായത്തോടെ ക്രമസമാധാനസംവിധാനം മെച്ചപ്പെടുത്താൻ കഴിയും”- പ്രധാനമന്ത്രി പറഞ്ഞു. 5ജി, അതിന്റെ നേട്ടങ്ങൾക്കൊപ്പം, കൂടുതൽ ജാഗ്രതയുടെ ആവശ്യകതയും സൃഷ്ടിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഈ സാങ്കേതികവിദ്യ സാധാരണ പൗരന്മാർക്കിടയിൽ സുരക്ഷിതത്വത്തിന്റെ ആത്മവിശ്വാസം വർധിപ്പിക്കുമെന്നതിനാൽ ബജറ്റിന്റെ നിയന്ത്രണങ്ങൾക്കപ്പുറം സാങ്കേതികവിദ്യയുടെ ആവശ്യകത ഗൗരവമായി വിലയിരുത്താൻ മുഖ്യമന്ത്രിമാരോടും ആഭ്യന്തര മന്ത്രിമാരോടും അദ്ദേഹം അഭ്യർഥിച്ചു. കേന്ദ്ര ഗവൺമെന്റിന്റെ പൊലീസ് സാങ്കേതികവിദ്യാദൗത്യത്തെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു. എങ്കിലും, വിവിധ സംസ്ഥാനങ്ങളിലെ വ്യത്യസ്ത സാങ്കേതികവിദ്യകൾ പരസ്പരം ബന്ധപ്പെടാത്തതിനാൽ പൊതുവേദി വേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം ചൂണ്ടിക്കാട്ടി. “നമുക്ക് അഖിലേന്ത്യാതല കാഴ്ചപ്പാടുണ്ടായിരിക്കണം. നമ്മുടെ എല്ലാ മികച്ച സമ്പ്രദായങ്ങളും പരസ്പരം പ്രവർത്തനക്ഷമമായിരിക്കണം. കൂടാതെ, പൊതുവായി ബന്ധവുമുണ്ടാകണം”- അദ്ദേഹം പറഞ്ഞു. ഫോറൻസിക് സയൻസിൽ കഴിവുകൾ വികസിപ്പിക്കാനും ഗാന്ധിനഗറിലെ ദേശീയ ഫോറൻസിക് സയൻസസ് സർവകലാശാലയുടെ പൂർണപ്രയോജനം ലഭ്യമാക്കാനും അദ്ദേഹം സംസ്ഥാന ഏജൻസികളോട് ആവശ്യപ്പെട്ടു.
രാജ്യത്തു സമാധാനപരമായ അന്തരീക്ഷം നിലനിർത്താൻ കഴിഞ്ഞ കുറച്ചുവർഷങ്ങളായി ക്രമസമാധാനസംവിധാനം ശക്തിപ്പെടുത്തുന്നതിനുള്ള നിരവധി പരിഷ്കരണങ്ങൾ നടന്നിട്ടുണ്ടെന്ന് അത്തരം പരിഷ്കരണങ്ങൾ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു. ക്രമസമാധാനപാലനം 24 X7 ജോലിയാണെന്ന് അദ്ദേഹം പറഞ്ഞു. ഉൾപ്പെട്ടിരിക്കുന്ന പ്രക്രിയകളിൽ മെച്ചപ്പെടുത്തലിനും പുരോഗതിക്കുംവേണ്ടി പ്രവർത്തിക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കമ്പനി നിയമത്തിലെ പല കാര്യങ്ങളിലും നിയമപരമായ വിലക്ക് ഒഴിവാക്കുന്നത് ഈ ദിശയിലേക്കുള്ള ചുവടുവയ്പായി അദ്ദേഹം പരാമർശിച്ചു. കാലഹരണപ്പെട്ട ചട്ടങ്ങളും നിയമങ്ങളും വിലയിരുത്താനും ഒഴിവാക്കാനും അദ്ദേഹം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.
അഴിമതിയും ഭീകരതയും ഹവാലയും ശക്തമായി കൈകാര്യം ചെയ്യാനുള്ള ഇച്ഛാശക്തി കേന്ദ്രഗവണ്മെന്റ് നടപ്പാക്കിയ നിയമങ്ങളിൽ വ്യക്തമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. “യുഎപിഎ പോലുള്ള നിയമങ്ങൾ ഭീകരവാദത്തിനെതിരായ നിർണായകപോരാട്ടത്തിൽ വ്യവസ്ഥിതിക്കു ശക്തിപകർന്നു”- അദ്ദേഹം പറഞ്ഞു.
രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളിലെയും പൊലീസുകാർക്ക് ഒരൊറ്റ യൂണിഫോം എന്നതു പരിഗണിക്കണമെന്നു പ്രധാനമന്ത്രി സമ്മേളനത്തോട് ആവശ്യപ്പെട്ടു. ഇതു നിശ്ചിതമാനദണ്ഡങ്ങളനുസരിച്ചു ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ ഉറപ്പാക്കുക മാത്രമല്ല, രാജ്യത്തെവിടെയും പൊലീസ് ഉദ്യോഗസ്ഥരെ പൗരന്മാർ തിരിച്ചറിയുമെന്നതിനാൽ നിയമപാലകർക്കു പൊതുസ്വത്വമേകുകയും ചെയ്യും. സംസ്ഥാനങ്ങൾക്ക് അവരുടെ നമ്പറോ ചിഹ്നമോ പതിക്കുകയും ചെയ്യാം. “‘ഒരു രാജ്യം, ഒരു പൊലീസ് യൂണിഫോം’- ഇതു നിങ്ങളുടെ പരിഗണനയ്ക്കായി ഞാൻ മുന്നോട്ടുവയ്ക്കുന്നു”- അദ്ദേഹം പറഞ്ഞു. അതുപോലെ, വിനോദസഞ്ചാരവുമായി ബന്ധപ്പെട്ടു പൊലീസിനു പ്രത്യേക കഴിവുകൾ വികസിപ്പിക്കുന്നതിനെക്കുറിച്ചു ചിന്തിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏതൊരു സ്ഥലത്തിന്റെയും പ്രശസ്തിയുടെ ഏറ്റവും വലുതും വേഗതയേറിയതുമായ അംബാസഡർമാരാണു വിനോദസഞ്ചാരികളെന്ന് അദ്ദേഹം പറഞ്ഞു.
സംവേദനക്ഷമതയുടെ പ്രാധാന്യവും വ്യക്തിഗതസ്പർശം വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. മഹാമാരിക്കാലത്തു ജനങ്ങളെ, പ്രത്യേകിച്ചു മുതിർന്ന പൗരന്മാരെ സഹായിക്കാൻ പൊലീസിനെ വിളിച്ചതിന്റെ ഉദാഹരണങ്ങൾ അദ്ദേഹം നൽകി. ഇത് അവഗണിക്കാൻ സാധിക്കാത്തതിനാൽ സാങ്കേതിക ബുദ്ധിക്കൊപ്പം മാനവബൗദ്ധികതയും ശക്തിപ്പെടുത്തണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഇന്ത്യയുടെ വളർച്ചയുടെ പശ്ചാത്തലത്തിൽ ഉയർന്നുവരുന്ന പുതിയ വെല്ലുവിളികൾക്കെതിരെ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകതയും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
സമൂഹമാധ്യമങ്ങളുടെ സാധ്യതകൾ ചൂണ്ടിക്കാട്ടി, വിവരങ്ങളുടെ ഉറവിടമായി അതിനെ പരിമിതപ്പെടുത്തരുതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒരൊറ്റ വ്യാജവാർത്തയ്ക്കു ദേശീയ ആശങ്ക സൃഷ്ടിക്കാനും ഊതിപ്പെരുപ്പിക്കാനുമുള്ള കഴിവുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മുൻകാലങ്ങളിൽ തൊഴിൽസംവരണം സംബന്ധിച്ച വ്യാജവാർത്തകളാൽ ഇന്ത്യക്ക് അഭിമുഖീകരിക്കേണ്ടിവന്ന നഷ്ടങ്ങൾ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഏതു വിവരവും മറ്റുള്ളവർക്കു കൈമാറുന്നതിനുമുമ്പ് അതു വിശകലനം ചെയ്യുന്നതിനെക്കുറിച്ചും പരിശോധിച്ചുറപ്പിക്കുന്നതിനെക്കുറിച്ചും ജനങ്ങളെ ബോധവൽക്കരിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം വ്യക്തമാക്കി. വ്യാജവാർത്തകൾ പ്രചരിക്കുന്നതു തടയാൻ നാം സാങ്കേതികമായി മുന്നേറണം- അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്ത് പൗരപ്രതിരോധത്തിന്റെ ആവശ്യകതയിലേക്കു വെളിച്ചംവീശിയ പ്രധാനമന്ത്രി, സ്കൂളുകളിലും കോളേജുകളിലും പരിശീലനങ്ങൾ (ഡ്രില്ലുകൾ) നടത്താൻ അഗ്നിശമനസേനാംഗങ്ങളോടും പൊലീസിനോടും അഭ്യർഥിച്ചു.
ഭീകരവാദത്തിന്റെ അധോലോകശൃംഖലയെ തുടച്ചുനീക്കേണ്ടതിന്റെ ആവശ്യകത ആവർത്തിച്ചുപറഞ്ഞ പ്രധാനമന്ത്രി, ഓരോ ഗവണ്മെന്റും സ്വന്തം കഴിവിലും അവബോധത്തിലും തങ്ങളുടെ പങ്കു നിർവഹിക്കാൻ ശ്രമിക്കുകയാണെന്ന് അഭിപ്രായപ്പെട്ടു. ഒറ്റക്കെട്ടായി യോജിച്ചു സാഹചര്യം കൈകാര്യംചെയ്യേണ്ടതു കാലഘട്ടത്തിന്റെ ആവശ്യമാണെന്നു ശ്രീ മോദി പറഞ്ഞു. തോക്കേന്തിയതായാലും പേനയിലൂടെയുള്ളതായാലും, നക്സലിസത്തിന്റെ എല്ലാ രൂപങ്ങളും രാജ്യത്തെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കുന്നതു തടയുന്നതിനായി, വേരോടെ പിഴുതെറിയപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരുംതലമുറകളുടെ മനസിനെ വികൃതമാക്കാൻ ഇത്തരം ശക്തികൾ അവരുടെ ബൗദ്ധികമണ്ഡലം വർധിപ്പിക്കുകയാണെന്നു പ്രധാനമന്ത്രി മുന്നറിയിപ്പു നൽകി. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടിയും സർദാർ പട്ടേലിന്റെ പ്രചോദനംകൊണ്ടും നമ്മുടെ രാജ്യത്ത് അത്തരം ശക്തികൾ തഴച്ചുവളരുന്നത് അനുവദിക്കാനാകില്ല. അത്തരം ശക്തികൾക്ക് അന്താരാഷ്ട്രതലത്തിൽ കാര്യമായ സഹായം ലഭിക്കുന്നുണ്ട്- അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ എട്ടുവർഷത്തിനിടെ രാജ്യത്തു നക്സൽബാധിത ജില്ലകളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. “ജമ്മു കശ്മീരാകട്ടെ, വടക്കുകിഴക്കൻ മേഖലയാകട്ടെ, അവിടെയെല്ലാം ഇന്നു നാം ശാശ്വതസമാധാനത്തിലേക്ക് അതിവേഗം നീങ്ങുകയാണ്. അടിസ്ഥാനസൗകര്യവികസനമടക്കം ഈ മേഖലകളിലെല്ലാം ദ്രുതഗതിയിലുള്ള വികസനത്തിൽ നാം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്”- അദ്ദേഹം കൂട്ടിച്ചേർത്തു. തിരിച്ചുള്ള കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നതിനായി അതിർത്തിയിലും തീരപ്രദേശങ്ങളിലും വികസനത്തിനായി കേന്ദ്രഗവണ്മെന്റ് ഇന്നു ദൗത്യമെന്നപോലെ പ്രവർത്തിക്കുകയാണെന്നു പ്രധാനമന്ത്രി അറിയിച്ചു. ഈ മേഖലകളിലേക്കുള്ള ആയുധങ്ങളുടെയും മയക്കുമരുന്നുകളുടെയും കള്ളക്കടത്തു തടയാൻ ഇത് ഏറെ സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ പദ്ധതികൾ പ്രാവർത്തികമാക്കുന്നതിന് അതിർത്തിയിൽനിന്നും തീരദേശ സംസ്ഥാനങ്ങളിൽനിന്നും കൂടുതൽ സഹകരണം നൽകണമെന്നു പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
വർഷങ്ങളായി ഡിജിപി സമ്മേളനങ്ങളിൽനിന്ന് ഉയർന്നുവന്ന നിർദേശങ്ങൾ ഗൗരവമായി പഠിക്കണമെന്നു പ്രസംഗം ഉപസംഹരിക്കവേ പ്രധാനമന്ത്രി അഭ്യർഥിച്ചു. പുതിയ പൊളിക്കൽനയത്തിന്റെ വെളിച്ചത്തിൽ വാഹനങ്ങൾ വിലയിരുത്താൻ പ്രധാനമന്ത്രി പൊലീസ് സേനയോട് ആവശ്യപ്പെട്ടു. “പൊലീസ് വാഹനങ്ങൾ ഒരിക്കലും പഴയതായിരിക്കരുത്. കാരണം അത് അവയുടെ കാര്യക്ഷമതയുമായി ബന്ധപ്പെട്ടുള്ളതാണ്”.
ദേശീയ വീക്ഷണത്തോടെ മുന്നോട്ടുപോയാൽ എല്ലാ വെല്ലുവിളികളും നമ്മുടെ മുന്നിൽ തകർന്നുവീഴുമെന്ന് അദ്ദേഹം ഉറപ്പുനൽകി. “ഈ ചിന്തൻ ശിബിറിൽ, മികച്ച നിർദേശങ്ങൾക്കൊപ്പം ഒരു രൂപരേഖയും ഉരുത്തിരിയും. നിങ്ങൾക്ക് എല്ലാ ആശംസകളും നേരുന്നു!”- പ്രധാനമന്ത്രി ഉപസംഹരിച്ചു.
പശ്ചാത്തലം:
2022 ഒക്ടോബർ 27നും 28നും ഹരിയാനയിലെ സൂരജ്കുണ്ഡിലാണു ചിന്തൻ ശിബിർ. സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാരും ഡയറക്ടർ ജനറൽ ഓഫ് പൊലീസ് (ഡിജിപി), സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സ് (സിഎപിഎഫ്), സെൻട്രൽ പൊലീസ് ഓർഗനൈസേഷൻ (സിപിഒ) എന്നിവയുടെ ഡയറക്ടർ ജനറൽമാർ തുടങ്ങിയവർ ചിന്തൻ ശിബിറിൽ പങ്കെടുക്കും.
പ്രധാനമന്ത്രി തന്റെ സ്വാതന്ത്ര്യദിനപ്രസംഗത്തിൽ പ്രഖ്യാപിച്ച ‘പഞ്ചപ്രാണി’ന് അനുസൃതമായി ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നയരൂപീകരണത്തിനു ദേശീയ കാഴ്ചപ്പാടു നൽകാനുള്ള ശ്രമമാണ് ആഭ്യന്തര മന്ത്രിമാരുടെ ചിന്തൻ ശിബിർ. സഹകരണ ഫെഡറലിസത്തിന്റെ ആവേശത്തിൽ, കേന്ദ്ര-സംസ്ഥാന തലങ്ങളിലെ വിവിധ പങ്കാളികൾ തമ്മിലുള്ള ആസൂത്രണത്തിലും ഏകോപനത്തിലും ശിബിർ കൂടുതൽ സമന്വയം കൊണ്ടുവരും.
പൊലീസ് സേനയുടെ നവീകരണം, സൈബർ ക്രൈം മാനേജ്മെന്റ്, ക്രിമിനൽ നീതിന്യായ വ്യവസ്ഥയിൽ ഐടിയുടെ വർധിച്ച ഉപയോഗം, ലാൻഡ് ബോർഡർ മാനേജ്മെന്റ്, തീരദേശ സുരക്ഷ, സ്ത്രീ സുരക്ഷ, മയക്കുമരുന്നുകടത്ത് തുടങ്ങിയവ ശിബിറിലെ ചർച്ചാവിഷയങ്ങളാണ്.
Addressing Chintan Shivir of Home Ministers of states being held in Haryana. https://t.co/LIMv4dfhWv
— Narendra Modi (@narendramodi) October 28, 2022
संविधान में भले कानून और व्यवस्था राज्यों का दायित्व है, लेकिन ये देश की एकता-अखंडता के साथ भी उतने ही जुड़े हुए हैं। pic.twitter.com/wZHVJ9f3h7
— PMO India (@PMOIndia) October 28, 2022
The ‘Panch Pran’ must be a guiding force for good governance. pic.twitter.com/fPeuX3lE27
— PMO India (@PMOIndia) October 28, 2022
जब देश का सामर्थ्य बढ़ेगा तो देश के हर नागरिक, हर परिवार का सामर्थ्य बढ़ेगा। pic.twitter.com/gKiH2kT7Ry
— PMO India (@PMOIndia) October 28, 2022
कानून-व्यवस्था के पूरे तंत्र का विश्वसनीय होना, जनता के बीच उनका Perception क्या है, ये बहुत महत्वपूर्ण है। pic.twitter.com/Xn6eeuYqAq
— PMO India (@PMOIndia) October 28, 2022
Smart technology for a smarter law and order system. pic.twitter.com/eD6ZKXTVCf
— PMO India (@PMOIndia) October 28, 2022
Several reforms for strengthening the law and order system have taken place in the last few years. pic.twitter.com/F6Y80D8pqF
— PMO India (@PMOIndia) October 28, 2022
*****
ND
Addressing Chintan Shivir of Home Ministers of states being held in Haryana. https://t.co/LIMv4dfhWv
— Narendra Modi (@narendramodi) October 28, 2022
संविधान में भले कानून और व्यवस्था राज्यों का दायित्व है, लेकिन ये देश की एकता-अखंडता के साथ भी उतने ही जुड़े हुए हैं। pic.twitter.com/wZHVJ9f3h7
— PMO India (@PMOIndia) October 28, 2022
The 'Panch Pran' must be a guiding force for good governance. pic.twitter.com/fPeuX3lE27
— PMO India (@PMOIndia) October 28, 2022
जब देश का सामर्थ्य बढ़ेगा तो देश के हर नागरिक, हर परिवार का सामर्थ्य बढ़ेगा। pic.twitter.com/gKiH2kT7Ry
— PMO India (@PMOIndia) October 28, 2022
कानून-व्यवस्था के पूरे तंत्र का विश्वसनीय होना, जनता के बीच उनका Perception क्या है, ये बहुत महत्वपूर्ण है। pic.twitter.com/Xn6eeuYqAq
— PMO India (@PMOIndia) October 28, 2022
Smart technology for a smarter law and order system. pic.twitter.com/eD6ZKXTVCf
— PMO India (@PMOIndia) October 28, 2022
Several reforms for strengthening the law and order system have taken place in the last few years. pic.twitter.com/F6Y80D8pqF
— PMO India (@PMOIndia) October 28, 2022
Fact check of fake news is a must. Technology plays a big role in this. People must be made aware of mechanisms to verify messages before forwarding them. pic.twitter.com/ucUwQKOqlT
— PMO India (@PMOIndia) October 28, 2022