റിയോ ഡി ജനീറോയിൽ ജി20 ഉച്ചകോടിക്കിടെ, 2024 നവംബർ 19ന്, ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് എംപിയും രണ്ടാം ഇന്ത്യ-ഓസ്ട്രേലിയ വാർഷിക ഉച്ചകോടി നടത്തി.
2025-ലെ ഇന്ത്യ-ഓസ്‌ട്രേലിയ സമഗ്ര-തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ അഞ്ചാം വാർഷികത്തിന് മുന്നോടിയായി, കാലാവസ്ഥാവ്യതിയാനം, പുനരുപയോഗ ഊർജം, വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, വിദ്യാഭ്യാസവും ഗവേഷണവും നൈപുണ്യവും, ചലനാത്മകത, ശാസ്ത്രവും സാങ്കേതികവിദ്യയും, പ്രാദേശികവും ബഹുമുഖവുമായ സഹകരണം, സാമൂഹ്യ-സാംസ്കാരിക ബന്ധങ്ങൾ, ജനങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ എന്നിവയുൾപ്പെടെ നിരവധി സുപ്രധാന മേഖലകളിൽ ഉഭയകക്ഷിബന്ധം ശക്തിപ്പെടുത്തുന്നതിൽ സുപ്രധാന പുരോഗതി കൈവരിച്ചതായി പ്രധാനമന്ത്രിമാർ ചൂണ്ടിക്കാട്ടി.
ഇരുപ്രധാനമന്ത്രിമാരും നമ്മുടെ പ്രദേശത്തിന്റെ പൊതുവായ താൽപ്പര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്തു. വളരെയടുത്ത ഉഭയകക്ഷിബന്ധം ഇരുരാജ്യങ്ങൾക്കും വിശാലമായ മേഖലയ്ക്കും ഗുണം ചെയ്തതിൽ നേതാക്കൾ സംതൃപ്തി രേഖപ്പെടുത്തി. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള സുസ്ഥിരമായ ഉന്നതതല സമ്പർക്കത്തെയും മന്ത്രിതല ഇടപെടലിനെയും അവർ സ്വാഗതം ചെയ്തു. മുന്നോട്ടുള്ള പാതയിൽ, സഹകരണം വർധിപ്പിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത പ്രധാനമന്ത്രിമാർ ആവർത്തിക്കുകയും പരസ്പരപ്രയോജനത്തിനായുള്ള ശ്രമങ്ങൾ ത്വരിതപ്പെടുത്തുന്നതിനും നാം പങ്കിടുന്ന മേഖലയുടെ സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സംരംഭങ്ങൾ പ്രഖ്യാപിക്കുകയും ചെയ്തു.
സമ്പദ്‌വ്യവസ്ഥ, വ്യാപാരം, നിക്ഷേപം
ഇന്ത്യ-ഓസ്‌ട്രേലിയ സാമ്പത്തിക സഹകരണവും വ്യാപാര കരാറും (ഇസിടിഎ) വഴി പ്രാപ്‌തമാക്കിയ ചരക്കുകളുടെയും സേവനങ്ങളുടെയും വർധിച്ചുവരുന്ന ദ്വിമുഖ വ്യാപാരം, വ്യാവസായിക ഇടപെടൽ, വിപണി പ്രവേശനം എന്നിവയിൽ പ്രധാനമന്ത്രിമാർ സംതൃപ്തി രേഖപ്പെടുത്തി. ഉഭയകക്ഷി സാമ്പത്തികബന്ധത്തിന്റെ മുഴുവൻ സാധ്യതകളും സാക്ഷാത്കരിക്കുന്നതിനായി, സമതുലിതവും പരസ്പരപ്രയോജനകരവുമായ സമഗ്ര സാമ്പത്തിക സഹകരണ കരാറിലേക്ക് (സിഇസിഎ) കൂടുതൽ പ്രവർത്തനങ്ങളെ അവർ സ്വാഗതം ചെയ്തു.
‘മേക്ക് ഇൻ ഇന്ത്യ’, ‘ഫ്യൂച്ചർ മെയ്ഡ് ഇൻ ഓസ്‌ട്രേലിയ’ എന്നിവയ്ക്ക് പരസ്പരപൂരകവും സഹകരണപരവുമായ സാധ്യതകളുണ്ടെന്നും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാമ്പത്തിക വളർച്ച തുറക്കാനും മാറുന്ന ലോകത്ത് നമ്മുടെ ഭാവി അഭിവൃദ്ധി ഉറപ്പാക്കാനും കഴിയുമെന്നും പ്രധാനമന്ത്രിമാർ നിരീക്ഷിച്ചു. സമഗ്ര തന്ത്രപ്രധാന പങ്കാളിത്തം പ്രതിഫലിപ്പിക്കുന്ന കൂടുതൽ ദ്വിമുഖ നിക്ഷേപങ്ങൾക്ക് നേതാക്കൾ ആഹ്വാനം ചെയ്തു. ഇരുരാജ്യങ്ങളുടെയും സമ്പദ്‌വ്യവസ്ഥകൾക്കിടയിൽ വലിയ സമന്വയം യാഥാർഥ്യമാക്കുന്നതിനും ഇരുദിശകളിലും പരസ്പര പ്രയോജനകരമായ നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള വഴികൾ പര്യവേക്ഷണം ചെയ്യാൻ ഉദ്യോഗസ്ഥർക്കു നിർദേശം നൽകി.
ഓസ്‌ട്രേലിയ-ഇന്ത്യ വ്യാവസായിക വിനിമയ (എഐബിഎക്‌സ്) പരിപാടി 2024 ജൂലൈ മുതൽ നാലുവർഷത്തേയ്ക്കു നീട്ടുന്നതിനെ പ്രധാനമന്ത്രിമാർ സ്വാഗതം ചെയ്തു. പരസ്പര പ്രയോജനകരമായ പങ്കാളിത്തം വികസിപ്പിക്കുന്നതിനും കൂട്ടിയിണക്കുന്നതിനുമുള്ള ഓസ്ട്രേലിയൻ-ഇന്ത്യ വ്യവസായങ്ങളുടെ ആത്മവിശ്വാസവും ശേഷിയും എഐബിഎക്സ് തുടർച്ചയായി വർധിപ്പിക്കുകയാണ്.
ഊർജം, ശാസ്ത്ര-സാങ്കേതികവിദ്യ, ബഹിരാകാശം
അതിവേഗം നീങ്ങാനും ഒരുമിച്ച് പ്രവർത്തിക്കാനും കാലാവസ്ഥാ പ്രവർത്തനങ്ങളെ നയിക്കാൻ നമ്മുടെ പരസ്പരപ്രയോജനകരമായ കഴിവുകൾ വിന്യസിക്കാനുമുള്ള ആഗ്രഹം ഇന്ത്യയും ഓസ്‌ട്രേലിയയും പങ്കിട്ടു. സൗരോർജ പിവി, ഹരിത ഹൈഡ്രജൻ, ഊർജസംഭരണം, പുനരുപയോഗ ഊർജ പദ്ധതികളിലും അനുബന്ധ മേഖലകളിലും ദ്വിമുഖ നിക്ഷേപം, ഭാവിയിലെ പുനരുപയോഗ ഊർജമേഖലാതൊഴിലാളികൾക്കായി നവീകരിച്ച നൈപുണ്യ പരിശീലനം തുടങ്ങിയ മുൻഗണനാ മേഖലകളിൽ പ്രായോഗിക സഹകരണത്തിനുള്ള ചട്ടക്കൂട് നൽകുന്ന ഇന്ത്യ-ഓസ്‌ട്രേലിയ പുനരുപയോഗ ഊർജ പങ്കാളിത്തത്തിന്റെ (ആർഇപി) സമാരംഭത്തെ പ്രധാനമന്ത്രിമാർ സ്വാഗതം ചെയ്തു.
വാണിജ്യ ബന്ധങ്ങൾ വളർത്തുന്നതിനും വിതരണ ശൃംഖല വൈവിധ്യവൽക്കരണ താൽപ്പര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതിനുമുള്ള അവസരമായി ഇന്ത്യയുടെ ഖനിജ് ബിദേഷ് ലിമിറ്റഡും (KABIL) ഓസ്ട്രേലിയയിലെ ക്രിട്ടിക്കൽ മിനറൽസ് ഓഫീസും തമ്മിലുള്ള ധാരണാപത്രത്തിന് കീഴിലുള്ള പുരോഗതി പ്രധാനമന്ത്രിമാർ ചൂണ്ടിക്കാട്ടി. സമ്മേളനങ്ങളിൽ പരസ്പര പങ്കാളിത്തം ഉൾപ്പെടെ, ഗവേഷണത്തിന്റെയും നവീകരണത്തിന്റെയും നൈപുണ്യ വികസനത്തിന്റെയും പ്രൊഫഷണൽ കൈമാറ്റത്തിന്റെയും പങ്കിനു നേതാക്കൾ അടിവരയിട്ടു. ബാറ്ററികൾ, പുരപ്പുറ സൗരോർജം തുടങ്ങിയ സാങ്കേതികവിദ്യകളിലേക്കുള്ള ചേരുവകൾ ഉൾപ്പെടെ, ആഗോള സംശുദ്ധ ഊർജസംക്രമണത്തെ പിന്തുണയ്‌ക്കുന്നതിനായി നിർണായക ധാതുക്കളുടെ മേഖല വികസിപ്പിക്കുന്നതിനുള്ള സുസ്ഥിര സമ്പ്രദായങ്ങളിലും സഹകരണം കൊണ്ടുവരും.
ബഹിരാകാശ ഏജൻസി തലത്തിലും ബഹിരാകാശ വ്യവസായ തലത്തിലും ഇരുരാജ്യങ്ങളും തമ്മിലുള്ള വർധിച്ചുവരുന്ന ബഹിരാകാശ പങ്കാളിത്തത്തെ പ്രധാനമന്ത്രിമാർ സ്വാഗതം ചെയ്തു. ഗഗൻയാൻ ദൗത്യങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള സഹകരണം, 2026-ൽ ഇന്ത്യൻ വിക്ഷേപണ വാഹനത്തിൽ ഓസ്‌ട്രേലിയൻ ഉപഗ്രഹങ്ങളുടെ വിക്ഷേപണം, നമ്മുടെ ബഹിരാകാശ വ്യവസായങ്ങൾ തമ്മിലുള്ള സംയുക്ത പദ്ധതികൾ എന്നിവ ഈ ആഴത്തിലുള്ള സഹകരണത്തിന് ഉദാഹരണമാണ്.
പ്രതിരോധ-സുരക്ഷാ സഹകരണം
സമഗ്ര തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ പ്രതിരോധ-സുരക്ഷാ സ്തംഭത്തിന് കീഴിലുള്ള സുസ്ഥിരമായ പുരോഗതിയെ പ്രധാനമന്ത്രിമാർ സ്വാഗതം ചെയ്തു. ഇരുരാജ്യങ്ങളുടെയും ഉയർന്ന പ്രതിരോധ-സുരക്ഷാ പങ്കാളിത്തത്തിലും തന്ത്രപ്രധാന ഒത്തുചേരലിലും വികസനമോഹങ്ങൾ പ്രതിഫലിപ്പിക്കുന്നതിനായി, 2025-ൽ പ്രതിരോധ-സുരക്ഷാ സഹകരണം സംബന്ധിച്ച സംയുക്ത പ്രഖ്യാപനം പുതുക്കാനും ശക്തിപ്പെടുത്താനുമുള്ള ആഗ്രഹം നേതാക്കൾ പ്രകടിപ്പിച്ചു. കൂട്ടായ ശക്തി വർധിപ്പിക്കുന്നതിനും ഇരുരാജ്യങ്ങളുടെയും സുരക്ഷയ്ക്ക് സംഭാവന നൽകുന്നതിനും പ്രാദേശിക സമാധാനത്തിനും സുരക്ഷയ്ക്കും സുപ്രധാന സംഭാവന നൽകുന്നതിനും ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ-സുരക്ഷാ സഹകരണത്തെക്കുറിച്ചുള്ള ദീർഘകാല കാഴ്ചപ്പാടിനെക്കുറിച്ചും പ്രധാനമന്ത്രിമാർ ചർച്ച ചെയ്തു.
പ്രതിരോധ അഭ്യാസങ്ങളുടെയും വിനിമയങ്ങളുടെയും വർധിച്ചുവരുന്ന ആവൃത്തിയെയും സങ്കീർണതയെയും, പരസ്പര ലോജിസ്റ്റിക്സ് പിന്തുണാക്രമീകരണം നടപ്പാക്കുന്നതിലൂടെ വർധിച്ചുവരുന്ന പരസ്പരപ്രവർത്തനക്ഷമതയെയും നേതാക്കൾ അഭിനന്ദിച്ചു.
സമുദ്ര മേഖലയിലെ അവബോധം വർധിപ്പിക്കുന്നതിനും, പ്രവർത്തനപരമായ പ്രതിരോധ സഹകരണം ആഴത്തിലാക്കുന്നതിനും, പങ്കുവയ്‌ക്കുന്ന ആശങ്കകളും വെല്ലുവിളികളും അഭിസംബോധന ചെയ്യുന്നതിനും, തുറന്നതും ഉൾക്കൊള്ളുന്നതും, സമാധാനപരവും, സുസ്ഥിരവും, സമൃദ്ധവുമായ ഇന്തോ-പസഫിക്കിനായി പ്രവർത്തിക്കുന്നതിനുമുള്ള ക്രമീകരണങ്ങളെ പ്രധാനമന്ത്രിമാർ സ്വാഗതം ചെയ്തു. സംയുക്ത സമുദ്ര സുരക്ഷാ സഹകരണ മാർഗരേഖ വികസിപ്പിക്കാൻ അവർ ധാരണയായി. പ്രവർത്തനപരിചയം വളർത്തിയെടുക്കാൻ പ്രദേശങ്ങളിൽ നിന്ന് പരസ്പരം വിമാന വിന്യാസം തുടരാൻ പ്രധാനമന്ത്രിമാർ ധാരണയായി.
പ്രതിരോധ വ്യവസായം, സമുദ്ര വ്യവസായം ഉൾപ്പെടെയുള്ള ഗവേഷണം, ഭൗതിക സഹകരണം എന്നിവയുടെ പ്രാധാന്യം പ്രധാനമന്ത്രിമാർ എടുത്തുപറഞ്ഞു. പെർത്തിൽ നടന്ന ഇന്ത്യൻ മഹാസമുദ്ര പ്രതിരോധ-സുരക്ഷ 2024 സമ്മേളനത്തിലും മെൽബണിൽ നടന്ന കരസേനാ പൊതുപ്രദർശനത്തിലും ഇന്ത്യൻ പ്രതിരോധ വ്യവസായങ്ങൾ ഇതാദ്യമായി പങ്കെടുത്തതും ചൂണ്ടിക്കാട്ടി. പ്രധാന പ്രതിരോധ വ്യാപാര പ്രദർശനങ്ങളിൽ പരസ്പരം പങ്കാളികളാകാനുള്ള അവസരങ്ങൾ ഉൾപ്പെടെ, ഇന്ത്യയുടെയും ഓസ്‌ട്രേലിയയുടെയും പ്രതിരോധ വ്യവസായ താവളങ്ങളും പ്രതിരോധ സ്റ്റാർട്ടപ്പുകളും തമ്മിലുള്ള ബന്ധം വർധിപ്പിക്കേണ്ടതിന്റെ ആവശ്യകത അവർ അടിവരയിട്ടു. ക്രിയാത്മക ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകുന്നതിനും തുടർനടപടികൾ വിശദീകരിക്കുന്നതിനുമായി സമീപഭാവിയിൽ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള പ്രതിരോധ വ്യവസായ പ്രതിനിധികളുടെ സന്ദർശനങ്ങൾക്കായി കാത്തിരിക്കുന്നെന്നും നേതാക്കൾ പറഞ്ഞു.
പാർലമെന്ററി സഹകരണം
സമഗ്ര തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ പ്രധാന ഘടകമാണ് അന്തർപാർലമെന്റ്‌തല സഹകരണം എന്നും തുടർ വിനിമയങ്ങൾക്കായി കാത്തിരിക്കുകയാണെന്നും പ്രധാനമന്ത്രിമാർ ആവർത്തിച്ചു.
വിദ്യാഭ്യാസവും കായികമേഖലയും ജനങ്ങൾ തമ്മിലുള്ള ബന്ധവും
നമ്മുടെ ഉഭയകക്ഷിബന്ധങ്ങളെ തുടർച്ചയായി സമ്പുഷ്ടമാക്കുന്ന ജനങ്ങൾ തമ്മിലുള്ള വർധിച്ചുവരുന്ന ബന്ധത്തിന്റെ ശക്തി തിരിച്ചറിഞ്ഞ്, ഇന്ത്യൻ പൈതൃകമുള്ള ഓസ്‌ട്രേലിയക്കാരുടെ സുപ്രധാന സംഭാവനകളെ ഇരുനേതാക്കളും സ്വാഗതം ചെയ്യുകയും ഈ ‘ജീവസ്സുറ്റ പാല’ത്തിനു കൂടുതൽ കരുത്തേകുന്നതിനു ധാരണയാകുകയും ചെയ്തു.
ബെംഗളൂരുവിൽ ഓസ്‌ട്രേലിയയുടെ പുതിയ കോൺസുലേറ്റ് ജനറലിന്റെയും ബ്രിസ്‌ബേനിൽ ഇന്ത്യയുടെ പുതിയ കോൺസുലേറ്റ് ജനറലിന്റെയും ഉദ്ഘാടനത്തെ പ്രധാനമന്ത്രിമാർ സ്വാഗതം ചെയ്തു. ഇവ വ്യാപാര നിക്ഷേപ ബന്ധങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും സാംസ്കാരിക ബന്ധങ്ങൾ കൂടുതൽ ആഴത്തിലാക്കുമെന്നും അവർ പ്രതാശ പ്രകടിപ്പിച്ചു.
ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിലുള്ള ചലനാത്മക അവസരങ്ങൾ സാമ്പത്തിക വളർച്ചയുടെ പ്രധാന ചാലകമാണെന്ന് പ്രധാനമന്ത്രിമാർ വിലയിരുത്തി. 2024 ഒക്‌ടോബറിൽ ഇന്ത്യക്കായി ഓസ്‌ട്രേലിയയുടെ വർക്കിംഗ് ഹോളിഡേ മേക്കർ വിസ പ്രോഗ്രാം സമാരംഭിച്ചതിനെ അവർ സ്വാഗതം ചെയ്തു. ആദ്യകാല പ്രൊഫഷണലുകളുടെ ചലനാത്മകത പ്രോത്സാഹിപ്പിക്കുകയും ഇന്ത്യയിലെ ഏറ്റവും കഴിവുള്ള STEM ബിരുദധാരികൾക്ക് ഓസ്ട്രേലിയൻ വ്യവസായ പ്രവേശനം നൽകുകയും ചെയ്യുന്ന ഓസ്ട്രേലിയയുടെ ‘മൊബിലിറ്റി അറേഞ്ച്‌മെന്റ് ഫോർ ടാലന്റ് ഏർലി പ്രൊഫഷണൽ സ്കീം (എംഎടിഎസ്)’ ആരംഭിക്കുന്നതിനെയും നേതാക്കൾ പ്രതീക്ഷയോടെ കാത്തിരിക്കുന്നു.
ശക്തവും വളരുന്നതുമായ വിദ്യാഭ്യാസ പങ്കാളിത്തത്തിന്റെ മൂല്യം വിലയിരുത്തിയ പ്രധാനമന്ത്രിമാർ, ഓസ്‌ട്രേലിയൻ സർവകലാശാലകൾ ഇന്ത്യയിൽ ക്യാമ്പസുകൾ സ്ഥാപിക്കുന്നതിൽ സംതൃപ്തി രേഖപ്പെടുത്തി. 2024 ഒക്ടോബറിൽ നടന്ന രണ്ടാമത്തെ ഓസ്‌ട്രേലിയ ഇന്ത്യ വിദ്യാഭ്യാസ-നൈപുണ്യ സമിതി യോഗം വിദ്യാഭ്യാസ-നൈപുണ്യ സഹകരണം മെച്ചപ്പെടുത്താൻ സഹായിച്ചതായി പ്രധാനമന്ത്രിമാർ ചൂണ്ടിക്കാട്ടി.
ഉഭയകക്ഷി ബന്ധം ഊട്ടിയുറപ്പിക്കാനും ജനങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനും സാംസ്കാരിക വിനിമയം വർധിപ്പിക്കാനും കായികമേഖല സുപ്രധാന അവസരങ്ങൾ പ്രദാനം ചെയ്യുന്നുവെന്ന് പ്രധാനമന്ത്രിമാർ അടിവരയിട്ടു. പരിശീലനം, തൊഴിൽ ശക്തി വികസനം, സ്‌പോർട്‌സ് സയൻസും മെഡിസിനും, പ്രധാന കായികപരിപാടികളുടെ നടത്തിപ്പ് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ശേഷി വർധിപ്പിക്കുന്നതിൽ വ്യാപൃതരാകാൻ നേതാക്കൾ ധാരണയായി.
പ്രാദേശിക-ബഹുരാഷ്ട്ര സഹകരണം
പരമാധികാരവും പ്രദേശിക സമഗ്രതയും ബഹുമാനിക്കപ്പെടുന്ന തുറന്നതും ഉൾക്കൊള്ളുന്നതും സുസ്ഥിരവും സമാധാനപരവും സമൃദ്ധവുമായ ഇന്തോ-പസഫിക്കിനെ പിന്തുണയ്ക്കുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധത പ്രധാനമന്ത്രിമാർ ആവർത്തിച്ചു. സമുദ്രസഞ്ചാര സ്വാതന്ത്ര്യവും മേഖലയ്ക്കു മീതെയുള്ള വിമാനയാത്രയും ഉൾപ്പെടെ, അന്താരാഷ്ട്ര നിയമത്തിന്, പ്രത്യേകിച്ച് യുഎൻ കൺവെൻഷൻ ഓൺ ദി ലോ ഓഫ് ദ സീ (UNCLOS) അനുസരിച്ച് എല്ലാ കടലുകളിലും സമുദ്രങ്ങളിലും അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും വിനിയോഗിക്കാൻ കഴിയുന്നതിന്റെ പ്രാധാന്യത്തിനു പ്രധാനമന്ത്രിമാർ അടിവരയിട്ടു.
ഇൻഡോ-പസഫിക്കിന് യഥാർഥവും ക്രിയാത്മകവും ശാശ്വതവുമായ സ്വാധീനം നൽകുന്ന, സ്വതന്ത്രവും തുറന്നതും ഉൾക്കൊള്ളുന്നതും അതിജീവനശേഷിയുള്ളതുമായ പ്രദേശത്തിനായുള്ള തങ്ങളുടെ പൊതുവായ കാഴ്ചപ്പാട് മുന്നോട്ട് കൊണ്ടുപോകുന്നതിന് ആഗോള നന്മയ്ക്കുള്ള ശക്തിയെന്ന നിലയിൽ, ക്വാഡിലൂടെ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിജ്ഞാബദ്ധത പ്രധാനമന്ത്രിമാർ ആവർത്തിച്ചു. മഹാമാരികളും രോഗങ്ങളും നേരിടാൻ പങ്കാളികളെ സഹായിക്കുക; പ്രകൃതി ദുരന്തങ്ങളോട് പ്രതികരിക്കുക; സമുദ്ര മേഖലയുടെ അവബോധവും സമുദ്ര സുരക്ഷയും ശക്തിപ്പെടുത്തുക; ഉയർന്ന നിലവാരമുള്ള ഭൗതിക-ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങൾ സമാഹരിക്കുകയും നിർമിക്കുകയും ചെയ്യുക; നിർണായകവും ഉയർന്നുവരുന്നതുമായ സാങ്കേതികവിദ്യകളിൽ നിക്ഷേപിക്കുകയും പ്രയോജനം നേടുകയും ചെയ്യുക; കാലാവസ്ഥാ വ്യതിയാന ഭീഷണി നേരിടുക; സൈബർ സുരക്ഷ ശക്തിപ്പെടുത്തുക; സാങ്കേതികവിദ്യാ വിദഗ്ധരുടെ അടുത്ത തലമുറയെ വളർത്തുക എന്നിങ്ങനെയുള്ള ഉത്കൃഷ്ട പദ്ധതികൾ ഏറ്റെടുക്കുന്നതിനുള്ള ക്വാഡിന്റെ തുടർച്ചയായ ശ്രമങ്ങളെ അവർ അഭിനന്ദിച്ചു. 2025ൽ ഇന്ത്യയിൽ നടക്കുന്ന ക്വാഡ് നേതൃ ലീഡേഴ്‌സ് ഉച്ചകോടിയിൽ ഓസ്‌ട്രേലിയ്ക്ക് ആതിഥ്യമരുളുന്നതിനായി കാത്തിരിക്കുകയാണെന്നു പ്രധാനമന്ത്രി മോദി വ്യക്തമാക്കി.
ആസിയാൻ കേന്ദ്രീകരണത്തിനും കിഴക്കൻ ഏഷ്യ ഉച്ചകോടി (ഇഎഎസ്), ആസിയാൻ പ്രാദേശിക ഫോറം, ആസിയാൻ പ്രതിരോധ മന്ത്രിമാരുടെ മീറ്റിംഗ് പ്ലസ് എന്നിവയുൾപ്പെടെ ആസിയാൻ നേതൃത്വം നൽകുന്ന പ്രാദേശിക ചട്ടക്കൂടിനോടുള്ള പ്രതിബദ്ധത പ്രധാനമന്ത്രിമാർ ആവർത്തിച്ചു. ഇന്തോ-പസഫിക്കിൽ (AOIP) ആസിയാൻ വീക്ഷണം പ്രായോഗികമായി നടപ്പിലാക്കുന്നതിന് അവർ തുടർച്ചയായ പിന്തുണ അറിയിച്ചു. ഇൻഡോ-പസഫിക് സമുദ്ര ഉദ്യമത്തിനു (ഐപിഒഐ) കീഴിലുള്ള ഉഭയകക്ഷി സഹകരണം അവർ ചൂണ്ടിക്കാട്ടി. സമുദ്ര പരിസ്ഥിതി സംരക്ഷിക്കുന്നതിനും സമുദ്ര മലിനീകരണത്തിന്റെ ആഘാതം കുറയ്ക്കുന്നതിനും സമുദ്രവിഭവങ്ങളുടെ സുസ്ഥിര ഉപയോഗം ഉറപ്പാക്കുന്നതിനും കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം കുറയ്ക്കുന്നതിനും സഹകരണം വർദ്ധിപ്പിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. ഓസ്‌ട്രേലിയയുടെ ഇന്ത്യൻ മഹാസമുദ്ര തലസ്ഥാനമായ പെർത്തിൽ ഓസ്‌ട്രേലിയയും ഇന്ത്യയും സംയുക്തമായി ആതിഥേയത്വം വഹിച്ച 2024-ലെ ഇന്ത്യൻ മഹാസമുദ്ര സമ്മേളനത്തിന്റെ വിജയം പ്രധാനമന്ത്രിമാർ അനുസ്മരിച്ചു. ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ വെല്ലുവിളികൾ അഭിമുഖീകരിക്കുന്നതിനുള്ള പ്രധാന ഫോറം എന്ന നിലയിൽ, ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷന് (IORA) ശക്തമായ പിന്തുണ അവർ ആവർത്തിച്ചു. 2025 ൽ ഇന്ത്യ IORA അധ്യക്ഷപദം ഏറ്റെടുക്കുമ്പോൾ ഒരുമിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നതായി നേതാക്കൾ ആവർത്തിച്ചു.
പസഫിക് ദ്വീപ് രാജ്യങ്ങളുടെ ആവശ്യങ്ങൾക്കും മുൻഗണനകൾക്കും പിന്തുണ നൽകുന്നതിന് പസഫിക് മേഖലയിലെ സഹകരണം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രധാനമന്ത്രിമാർ വിലയിരുത്തി. കാലാവസ്ഥാ പ്രവർത്തനം, ആരോഗ്യം, വിദ്യാഭ്യാസം എന്നിവയുൾപ്പെടെ പസഫിക് മുൻഗണനകളെ പിന്തുണയ്ക്കുന്നതിനുള്ള ഇരുരാജ്യങ്ങളുടെയും പ്രതിബദ്ധത നേതാക്കൾ ചൂണ്ടിക്കാട്ടി. പ്രാദേശിക വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിൽ പസഫിക് ഐലൻഡ് ഫോറവും അതിന്റെ 2050 ലെ ബ്ലൂ പസഫിക് ഭൂഖണ്ഡത്തിനുള്ള തന്ത്രവും വഹിച്ച പ്രധാന പങ്ക് അവർ സ്ഥിരീകരിച്ചു. ഫോറം ഫോർ ഇന്ത്യ-പസഫിക് ഐലൻഡ്സ് കോഓപ്പറേഷൻ (എഫ്ഐപിഐസി) ചട്ടക്കൂട് ഉൾപ്പെടെ, പസഫിക് ദ്വീപ് രാജ്യങ്ങളിലേക്ക് വികസന പങ്കാളിത്തം വ്യാപിപ്പിക്കുന്നതിൽ ഇന്ത്യയുടെ പങ്കിനെ പ്രധാനമന്ത്രി അൽബനീസ് ശ്ലാഘിച്ചു. ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ വികസന പ്രവർത്തനങ്ങൾക്ക് പിന്തുണയേകുന്നതിലേക്ക് ഇരു രാജ്യങ്ങളും ഉറ്റുനോക്കുന്നു.
സമകാലികമായ പ്രാദേശിക- ആഗോള സംഭവവികാസങ്ങളെക്കുറിച്ച് പ്രധാനമന്ത്രിമാർ കാഴ്ചപ്പാടുകൾ കൈമാറി. നിലവിലുള്ള സംഘർഷങ്ങൾ ചർച്ചയിലൂടെയും നയതന്ത്രത്തിലൂടെയും പരിഹരിക്കാനുള്ള ആഹ്വാനം അവർ ആവർത്തിച്ചു. ഭീകരവാദത്തിന് സാമ്പത്തിക സഹായം നൽകുന്നതിനെ ചെറുക്കുന്നതിനുള്ള ആഗോള മാനദണ്ഡങ്ങൾ സൃഷ്ടിക്കുന്ന അന്താരാഷ്ട്ര ഭരണസംവിധാനം എന്ന നിലയിൽ സാമ്പത്തിക പ്രവർത്തക ദൗത്യസേനയിലെ സഹകരണം ശക്തിപ്പെടുത്തുന്നതിലൂടെ ഉൾപ്പെടെ, എല്ലാ രാജ്യങ്ങളും ഭീകരവാദ ഭീഷണിയെ ചെറുക്കേണ്ടതിന്റെ പ്രാധാന്യവും അവർ ഊന്നിപ്പറഞ്ഞു. രണ്ട് നേതാക്കളും ഭീകരതയെയും അക്രമാസക്തമായ തീവ്രവാദത്തെയും അതിന്റെ എല്ലാ രൂപത്തിലും അസന്ദിഗ്ധമായി അപലപിച്ചു.
ഉഭയകക്ഷി ഇടപെടലുകളുടെ പുരോഗതിയെക്കുറിച്ചുള്ള ക്രിയാത്മകമായ വിലയിരുത്തൽ പ്രധാനമന്ത്രിമാർ പങ്കുവച്ചു. പരസ്പര പ്രയോജനത്തിനും മേഖലയുടെ പ്രയോജനത്തിനും വേണ്ടിയുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കാനുള്ള പ്രതിജ്ഞാബദ്ധത നേതാക്കൾ ആവർത്തിച്ചു. സമഗ്ര തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ അഞ്ചാം വാർഷികത്തിന്റെ പ്രാധാന്യം അംഗീകരിച്ച പ്രധാനമന്ത്രിമാർ, 2025-ൽ ഈ നാഴികക്കല്ല് ഉചിതമായ രീതിയിൽ അനുസ്മരിക്കാനുള്ള അവസരങ്ങളെ സ്വാഗതം ചെയ്തു. 2025ലെ അടുത്ത ഇന്ത്യ-ഓസ്ട്രേലിയ വാർഷിക ഉച്ചകോടിക്കായി കാത്തിരിക്കുന്നുവെന്നും നേതാക്കൾ വ്യക്തമാക്കി.
***
SK
Sharing my remarks during meeting with PM Albanese of Australia. @AlboMP https://t.co/UGsT1mpWhJ
— Narendra Modi (@narendramodi) November 19, 2024