Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ശ്രീ വിജയ് വല്ലഭ് സുരീശ്വര്‍ജിയുടെ 150-ാം ജന്മവാര്‍ഷികത്തില്‍ പ്രധാനമന്ത്രി വീഡിയോ സന്ദേശം നല്‍കി

ശ്രീ വിജയ് വല്ലഭ് സുരീശ്വര്‍ജിയുടെ 150-ാം ജന്മവാര്‍ഷികത്തില്‍ പ്രധാനമന്ത്രി വീഡിയോ സന്ദേശം നല്‍കി


“‘അപരിഗ്രഹം ത്യാഗം മാത്രമല്ല, അത് എല്ലാത്തരം ആസക്തികളെയും നിയന്ത്രിക്കുന്നു”

“സമാധാന പ്രതിമ’യും ‘ഏകതാപ്രതിമ’യും കൂറ്റന്‍ പ്രതിമകള്‍ മാത്രമല്ല, ഏക ഭാരതം, ശ്രേഷ്ഠ ഭാരതത്തിന്റെ ഏറ്റവും വലിയ പ്രതീകം കൂടിയാണ്”

“ഒരു രാജ്യത്തിന്റെ അഭിവൃദ്ധി അതിന്റെ സാമ്പത്തിക അഭിവൃദ്ധിയെ ആശ്രയിച്ചിരിക്കുന്നു. തദ്ദേശീയ ഉല്‍പ്പന്നങ്ങള്‍ വാങ്ങി ഉപയോഗിക്കുന്നതിലൂടെ, ഒരാള്‍ക്ക് ഇന്ത്യയുടെ കല, സംസ്കാരം, നാഗരികത എന്നിവയെ സജീവമായി നിലനിര്‍ത്താന്‍ കഴിയും”

“സ്വദേശിയുടെയും സ്വയംപര്യാപ്തതയുടെയും സന്ദേശം ‘ആസാദി കാ അമൃത്കാലി’ല്‍ വളരെ പ്രസക്തമാണ്”

“‘ആസാദി കാ അമൃത്കാലി’ല്‍ നാം വികസിത ഇന്ത്യയുടെ നിര്‍മ്മാണത്തിലേക്ക് നീങ്ങുകയാണ്”

“പൗരന്‍മാരുടെ കടമകളെ പ്രചോദിപ്പിക്കുന്നതില്‍ സന്ന്യാസിമാരുടെ മാർഗനിർദേശങ്ങള്‍ എല്ലായ്പോഴും പ്രധാനമാണ്”

 

ശ്രീ വിജയ് വല്ലഭ് സുരീശ്വര്‍ജിയുടെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് വീഡിയോ സന്ദേശത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി സദസിനെ അഭിസംബോധന ചെയ്തു.

ഇന്ത്യയിലെ സന്ന്യാസികളുടെ പാരമ്പര്യം വഹിക്കുന്നവര്‍ക്കും ജൈനമതവിശ്വാസികള്‍ക്കും ആദരമര്‍പ്പിച്ചാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. നിരവധി സന്ന്യാസിമാരുടെ കൂടെ സമയം ചെലവഴിക്കാനും അവരുടെ അനുഗ്രഹം തേടാനും അവസരം ലഭിച്ചതില്‍ ശ്രീ മോദി ആഹ്ളാദം പ്രകടിപ്പിച്ചു. ഗുജറാത്തിൽ വഡോദരയിലും ഛോട്ടാ ഉദയ്പുരിലെ കാൻവട് ഗ്രാമത്തിലും സന്ത്‌വാണി കേൾക്കാൻ അവസരം ലഭിച്ച സമയവും പ്രധാനമന്ത്രി അനുസ്മരിച്ചു.

ആചാര്യ ശ്രീ വിജയ് വല്ലഭ് സുരീശ്വര്‍ജിയുടെ 150-ാം ജന്മവാര്‍ഷികാഘോഷങ്ങളുടെ തുടക്കം അനുസ്മരിച്ച പ്രധാനമന്ത്രി, ആചാര്യ ജി മഹാരാജിന്റെ പ്രതിമ അനാച്ഛാദനം ചെയ്യാന്‍ അവസരം ലഭിച്ചതില്‍ അഭിമാനമുണ്ടെന്ന് പറഞ്ഞു. “ഇന്ന് ഒരിക്കല്‍ക്കൂടി എനിക്കു സാങ്കേതികവിദ്യയുടെ സഹായത്തോടെ നിങ്ങള്‍ സന്ന്യാസിമാരുടെ അടുക്കൽ നില്‍ക്കാന്‍ കഴിയുന്നു”- പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ആചാര്യ ശ്രീ വിജയ് വല്ലഭ് സുരീശ്വര്‍ മഹാരാജിന്റെ ജീവിതദര്‍ശനമായ ആത്മീയബോധവുമായി ജനങ്ങളെ ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ശ്രീ വിജയ് വല്ലഭ് സുരീശ്വര്‍ മഹാരാജ് സ്മാരക തപാല്‍ സ്റ്റാമ്പും നാണയവും ഇന്നു പുറത്തിറക്കിയതായി പ്രധാനമന്ത്രി അറിയിച്ചു. രണ്ട് വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങള്‍ക്ക് ഇതോടെ അവസാനമായതായും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്കിടയില്‍ വിശ്വാസം, ആത്മീയത, ദേശസ്നേഹം, ദേശീയശക്തി എന്നിവ വർധിപ്പിക്കുന്നതിനായി ആരംഭിച്ച ക്യാമ്പയിന്‍ അഭിനന്ദനാര്‍ഹമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ലോകത്തിലെ ഇപ്പോഴത്തെ ഭൗമ-രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് പരാമര്‍ശിച്ച പ്രധാനമന്ത്രി, ഇന്ന് ലോകം യുദ്ധം, ഭീകരത, അക്രമം എന്നിവയാല്‍ പ്രതിസന്ധി നേരിടുകയാണെന്ന് പറഞ്ഞു. ഈ ദുഷിച്ച സാഹചര്യത്തില്‍ നിന്ന് പുറത്തുകടക്കാന്‍ ലോകം പരിശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അത്തരമൊരു സാഹചര്യത്തില്‍ ഇന്നത്തെ ഇന്ത്യയുടെ ശക്തിയോടൊപ്പം പൗരാണിക പാരമ്പര്യങ്ങളും തത്വചിന്തയുമാണ് ലോകത്തിന് വലിയ പ്രതീക്ഷയായി മാറിക്കൊണ്ടിരിക്കുന്നതെന്ന് മോദി വ്യക്തമാക്കി. ആചാര്യ ശ്രീ വിജയ് വല്ലഭ് സുരീശ്വര്‍ തെളിച്ച പാതയും ജൈന ഗുരുക്കന്മാരുടെ ഉപദേശങ്ങളും ഈ ആഗോള പ്രതിസന്ധികള്‍ക്കുള്ള പരിഹാരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “അഹിംസയുടെയും ഏകാന്തതയുടെയും ത്യാഗത്തിന്റെയും  ജീവിതമാണ് ആചാര്യജി കാണിച്ചുതന്നത്. ഈ ആശയങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കാന്‍ നിരന്തരമായ ശ്രമങ്ങള്‍ നടത്തിയത് നമുക്കെല്ലാവര്‍ക്കും പ്രചോദനമാണ്”-  ശ്രീ മോദി പറഞ്ഞു. വിഭജനത്തിന്റെ ഭീകരതകള്‍ക്കിടയിലും സമാധാനത്തിനും ഐക്യത്തിനുമുള്ള ആചാര്യ ജിയുടെ നിര്‍ബന്ധം വ്യക്തമായി പ്രകടമായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യസമരത്തില്‍ ആചാര്യന്മാര്‍ നിർദേശിച്ച ‘അപരിഗ്രഹ’ത്തിന്റെ പാത മഹാത്മാഗാന്ധി സ്വീകരിച്ച കാര്യം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. “അപരിഗ്രഹം ത്യാഗം മാത്രമല്ല, അത് എല്ലാത്തരം ആസക്തികളെയും നിയന്ത്രിക്കുന്നു”.

ഗച്ഛാധിപതി ജൈനാചാര്യ ശ്രീ വിജയ് നിത്യാനന്ദ് സുരീശ്വര്‍ജി പരാമര്‍ശിച്ചതുപോലെ ഗുജറാത്ത് സംസ്ഥാനം രാജ്യത്തിന് രണ്ട് വല്ലഭ്മാരെ നല്‍കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. “ആചാര്യജിയുടെ 150-ാം ജന്മവാര്‍ഷികാഘോഷങ്ങള്‍ ഇന്ന് പൂര്‍ത്തിയാകുന്നുവെന്നത് യാദൃച്ഛികമാണ്. കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ സര്‍ദാര്‍ പട്ടേലിന്റെ ജന്മവാര്‍ഷികവും ദേശീയ ഐക്യ ദിനവും ആഘോഷിക്കാന്‍ പോകുന്നു”. ‘സമാധാനപ്രതിമ’ സന്ന്യാസിമാരുടെ ഏറ്റവും വലിയ പ്രതിമകളിലൊന്നാണെന്നും ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയാണ് ‘ഏകതാപ്രതിമ’യെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇവ ഉയരമുള്ള പ്രതിമകള്‍ മാത്രമല്ല, ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്നതിന്റെ ഏറ്റവും വലിയ പ്രതീകം കൂടിയാണെന്ന് ശ്രീ മോദി പറഞ്ഞു. രണ്ട് വല്ലഭ്മാരുടെ സംഭാവനകളെക്കുറിച്ച് പരാമര്‍ശിച്ച പ്രധാനമന്ത്രി, ആചാര്യജി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുകയും ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും സംസ്കാരവും ശക്തിപ്പെടുത്തുകയും ചെയ്തപ്പോള്‍ നാട്ടുരാജ്യങ്ങളായി വിഭജിക്കപ്പെട്ട ഇന്ത്യയെ സര്‍ദാര്‍ സാഹിബ് ഒന്നിപ്പിക്കുകയായിരുന്നുവെന്നും പറഞ്ഞു.

മതാചാരങ്ങള്‍ക്കൊപ്പം തദ്ദേശീയ ഉൽപ്പന്നങ്ങള്‍ എങ്ങനെ പ്രോത്സാഹിപ്പിക്കാമെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഒരു രാജ്യത്തിന്റെ അഭിവൃദ്ധി അതിന്റെ സാമ്പത്തിക അഭിവൃദ്ധിയെ ആശ്രയിച്ചിരിക്കുന്നുവെന്ന് ആചാര്യജിയെ ഉദ്ധരിച്ച് വ്യക്തമാക്കി. തദ്ദേശീയ ഉല്‍പ്പന്നങ്ങള്‍ സ്വീകരിക്കുന്നതിലൂടെ, ഒരാള്‍ക്ക് ഇന്ത്യയുടെ കല, സംസ്കാരം, നാഗരികത എന്നിവ സജീവമായി നിലനിര്‍ത്താന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആചാര്യജിയുടെ വസ്ത്രങ്ങള്‍ക്ക് വെള്ളനിറമായിരുന്നെന്നും എല്ലായ്പോഴും ഖാദി കൊണ്ടാണ് അവ നിർമിച്ചിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സ്വദേശിന്റെയും സ്വയംപര്യാപ്തതയുടെയും സന്ദേശം ‘ആസാദി കാ അമൃത്കാലി’ല്‍ അങ്ങേയറ്റം പ്രസക്തമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്വയംപര്യാപ്ത ഇന്ത്യയുടെ പുരോഗതിയുടെ മന്ത്രമാണിതെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍, ആചാര്യ വിജയ് വല്ലഭ് സുരീശ്വര്‍ജി മുതല്‍ ഇപ്പോഴത്തെ ഗച്ഛാധിപതി ആചാര്യ ശ്രീ നിത്യാനന്ദ് സുരീശ്വര്‍ജി വരെ,  ഈ പാത ശക്തിപ്പെടുത്തിയതായും നാം അതിനെ കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആചാര്യര്‍ മുന്‍കാലങ്ങളില്‍ വികസിപ്പിച്ചെടുത്ത സാമൂഹ്യക്ഷേമം, മനുഷ്യസേവനം, വിദ്യാഭ്യാസം, പൊതുമനഃസാക്ഷി എന്നീ ഗുണങ്ങളുടെ സമ്പന്നമായ പാരമ്പര്യം ഇനിയും വികസിക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ‘ആസാദി കാ അമൃത്കാലി’ല്‍ നാം വികസിത ഇന്ത്യയുടെ നിർമാണത്തിലേക്ക് നീങ്ങുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി, രാജ്യം അഞ്ച് പ്രതിജ്ഞകള്‍ എടുത്തിട്ടുണ്ട്, ‘പഞ്ച് പ്രാണ്‍’ നിറവേറ്റുന്നതില്‍ സന്ന്യാസിമാരുടെ പങ്ക് പ്രധാനമാണ്. പൗരന്റെ കടമകള്‍ നിറവേറ്റാന്‍ പ്രേരിപ്പിക്കുന്നതില്‍ സന്ന്യാസിമാരുടെ മാര്‍ഗദര്‍ശനം എക്കാലവും പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു. ‘പ്രാദേശികതയ്ക്കായുള്ള ആഹ്വാനം’ എന്ന ക്യാമ്പയിന്റെ പ്രചാരണത്തില്‍ ആചാര്യരുടെ പങ്കും അദ്ദേഹം എടുത്തുപറഞ്ഞു. “നിങ്ങളുടെ അനുയായികളില്‍ ഭൂരിഭാഗവും കച്ചവടവുമായി ബന്ധപ്പെട്ടവരാണ്”. ഇന്ത്യയില്‍ മാത്രം നിർമിക്കുന്ന ചരക്കുകളില്‍ വ്യാപാരം നടത്തുമെന്ന് പ്രതിജ്ഞയെടുക്കാന്‍ അദ്ദേഹം അവരോട് അഭ്യർഥിച്ചു. ഇത് മഹാരാജ് സാഹിബിനുള്ള വലിയ ശ്രദ്ധാഞ്ജലിയായിരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. “ആചാര്യ ശ്രീ നമുക്ക് പുരോഗതിയുടെ ഈ പാത കാണിച്ചുതന്നു. ഭാവിയിലേക്ക് അത് ഇനിയും നമുക്കു വഴ‌ിതുറക്കട്ടെ”- പ്രധാനമന്ത്രി ഉപസംഹരിച്ചു.

Tributes to Shree Vijay Vallabh Surishwer Ji Maharaj on his Jayanti. https://t.co/KVMAB5JRmA

— Narendra Modi (@narendramodi) October 26, 2022

*****