Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ശ്രീ. ബില്‍ ഗേറ്റ്‌സുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി


ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ കോ-ചെയര്‍ ശ്രീ. ബില്‍ ഗേറ്റ്‌സുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വിഡിയോ കോണ്‍ഫറന്‍സ് വഴി സംവദിച്ചു. കോവിഡ്- 19നോടുള്ള ആഗോള പ്രതികരണവും മഹാവ്യാധിയെ നിയന്ത്രിക്കുന്നതിനായി ശാസ്ത്രത്തിലെ നൂതന ആശയങ്ങളും ഗവേഷണവും ആഗോളതലത്തില്‍ ഏകോപിപ്പിക്കപ്പെടേണ്ടതിന്റെ പ്രാധാന്യവും ഇരുവരും ചര്‍ച്ച ചെയ്തു.

അനുയോജ്യമായ സന്ദേശങ്ങളിലൂടെ ജനങ്ങളുടെ ഇടപെടല്‍ ഉറപ്പാക്കുന്നതിനെ അടിസ്ഥാനമാക്കിയുള്ള സമീപനമാണ് ആരോഗ്യ പ്രതിസന്ധിക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യ ബോധപൂര്‍വം കൈക്കൊണ്ട സമീപനമെന്നു പ്രധാനമന്ത്രി അടിവരയിട്ടു വ്യക്തമാക്കി. താഴെത്തട്ടില്‍ ജനങ്ങളെ കേന്ദ്രീകരിച്ചുള്ള സമീപനം എങ്ങനെ സാമൂഹിക അകലം പാലിക്കുന്നതിലും മുന്‍നിര പ്രവര്‍ത്തകരെ ആദരിക്കുന്നതിലും മാസ്‌ക് ധരിക്കുന്നതിലും ശുചിത്വം പാലിക്കുന്നതിലും ലോക്ഡൗണ്‍ വ്യവസ്ഥകള്‍ അംഗീകരിക്കുന്നതിലും സഹായകമായി എന്ന് അദ്ദേഹം വിശദീകരിച്ചു.

സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍, ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുന്നതു ശക്തിപ്പെടുത്തല്‍, സ്വച്ഛ് ഭാരത് ദൗത്യം വഴി ശുചിത്വവം വൃത്തിയും പ്രചരിപ്പിക്കല്‍, ജനങ്ങളുടെ പ്രതിരോധം വര്‍ധിപ്പിക്കുന്നതിനായി ഇന്ത്യയിലെ ആയുര്‍വേദ വിജ്ഞാനം ഉപയോഗപ്പെടുത്തല്‍ തുടങ്ങി ഗവണ്‍മെന്റ് മുന്‍പു നടപ്പാക്കിയ വികസന മുന്നേറ്റങ്ങള്‍ ഇപ്പോഴത്തെ മഹാവ്യാധിയോടു ഫലപ്രദമായി പ്രതികരിക്കാന്‍ ഇന്ത്യയെ സഹായിച്ചു എന്നു പ്രധാനമന്ത്രി ഉയര്‍ത്തിക്കാട്ടി.

കോവിഡ്- 19നോടുള്ള ആഗോള പ്രതികരണം ഏകോപിപ്പിക്കുന്നത് ഉള്‍പ്പെടെ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ ഇന്ത്യയില്‍ മാത്രമല്ല, ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും നടത്തിവരുന്ന ആരോഗ്യ സംബന്ധമായ പ്രവര്‍ത്തനങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു. ലോകത്തിന്റെ പൊതു നേട്ടത്തിനായി ഇന്ത്യയുടെ ശേഷിയും കഴിവും എങ്ങനെ കൂടുതല്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കും എന്നതു സംബന്ധിച്ച് അദ്ദേഹം ശ്രീ. ബില്‍ ഗേറ്റ്‌സിന്റെ അഭിപ്രായം തേടി.

ഗ്രാമ പ്രദേശങ്ങളില്‍ ആരോഗ്യ സേവനം എത്തിച്ച ഇന്ത്യയുടെ സവിശേഷ മാതൃക, സമ്പര്‍ക്കം കണ്ടെത്തുന്നതിനായി ഇന്ത്യാ ഗവണ്‍മെന്റ് വികസിപ്പിച്ചെടുത്ത മൊബൈല്‍ ആപ്, എല്ലാറ്റിനും ഉപരി പ്രതിരോധ കുത്തിവെപ്പും ചികില്‍സാ സാമഗ്രികളും കണ്ടുപിടിക്കപ്പെട്ടാല്‍ അവ വലിയ അളവില്‍ ഉല്‍പാദിപ്പിക്കാനുള്ള ഇന്ത്യയുടെ ശേഷി തുടങ്ങിയ കാര്യങ്ങള്‍ വിശിഷ്ട വ്യക്തികള്‍ ചര്‍ച്ച ചെയ്തു. ആഗോള ശ്രമങ്ങള്‍ക്ക്, വിശേഷിച്ച് മറ്റു വികസ്വര രാഷ്ട്രങ്ങളുടെ ഗുണത്തിനായി ഉള്ളതിന്, സംഭാവന അര്‍പ്പിക്കാന്‍ ഇന്ത്യ തയ്യാറാണെന്നിരിക്കെ, മഹാവ്യാധിയെ പ്രതിരോധിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള ആഗോള ചര്‍ച്ചകളില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തുന്നതു പ്രധാനമാണെന്ന് ഇരുവരും സമ്മതിച്ചു.

ജീവിതശൈലിയിലും സാമ്പത്തിക സംവിധാനത്തിലും സാമൂഹിക സ്വഭാവത്തിലും വിദ്യാഭ്യാസവും ആരോഗ്യ സംരക്ഷണവും ലഭ്യമാക്കുന്നതിലും കോവിഡിനു ശേഷമുള്ള ലോകത്തു സംഭവിക്കാവുന്ന മാറ്റങ്ങളും ഇതോടനുബന്ധിച്ച് അഭിമുഖീകരിക്കേണ്ടിവരുന്ന സാങ്കേതിക രംഗത്തെ വെല്ലുവിളികളും വിലയിരുത്തുന്നതിന് ഗേറ്റ്‌സ് ഫൗണ്ടേഷന്‍ മുന്‍കയ്യെടുക്കണമെന്നു പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു. അത്തരം അവലോകന പ്രവര്‍ത്തനങ്ങളുമായി സ്വന്തം അനുഭവങ്ങളെ അടിസ്ഥാനപ്പെടുത്തി സഹകരിക്കാന്‍ ഇന്ത്യക്കു സന്തോഷമേ ഉള്ളൂ എന്ന് അദ്ദേഹം അറിയിക്കുകയും ചെയ്തു.