Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ശ്രീലങ്കൻ പ്രസിഡൻ്റുമായുള്ള സംയുക്ത വാർത്താ സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവനയുടെ മലയാള പരിഭാഷ

ശ്രീലങ്കൻ പ്രസിഡൻ്റുമായുള്ള സംയുക്ത വാർത്താ സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവനയുടെ മലയാള പരിഭാഷ


ബഹുമാനപ്പെട്ട പ്രസിഡൻ്റ് അനുര കുമാര ദിസനായക,
ഇരു രാജ്യങ്ങളിലെയും പ്രതിനിധികൾ,
മാധ്യമ സുഹൃത്തുക്കളെ,
ആശംസകൾ!

പ്രസിഡൻ്റ് ദിസനായകയെ ഞാൻ ഇന്ത്യയിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു. പ്രസിഡണ്ട് എന്ന നിലയിൽ താങ്കളുടെ പ്രഥമ വിദേശ സന്ദർശനത്തിനായി ഇന്ത്യയെ തിരഞ്ഞെടുത്തതിൽ എനിക്ക് സന്തോഷമുണ്ട്. പ്രസിഡൻ്റ് ദിസനായകയുടെ സന്ദർശനം ഞങ്ങളുടെ ബന്ധത്തിൽ നവോന്മേഷവും ഊർജവും പകർന്നു. ഞങ്ങളുടെ പരസ്പര പങ്കാളിത്തം മുന്നോട്ടുകൊണ്ടുപോകുന്നതിനായി ഞങ്ങൾ ഒരു ഭാവി കാഴ്ചപ്പാട് സ്വീകരിച്ചു. സാമ്പത്തിക പങ്കാളിത്തത്തിൽ നിക്ഷേപത്തെ അടിസ്ഥാനമാക്കിയുള്ള വളർച്ചയ്ക്കും കണക്റ്റിവിറ്റിക്കും ഞങ്ങൾ ഊന്നൽ നൽകിയിട്ടുണ്ട്. ഭൗതിക, ഡിജിറ്റൽ, ഊർജ്ജ കണക്റ്റിവിറ്റി ഞങ്ങളുടെ പങ്കാളിത്തത്തിൻ്റെ പ്രധാന സ്തംഭങ്ങളായിരിക്കുമെന്ന് തീരുമാനിച്ചു. ഇരു രാജ്യങ്ങൾക്കുമിടയിൽ വൈദ്യുതി-ഗ്രിഡ് കണക്റ്റിവിറ്റിയും മൾട്ടി-പ്രൊഡക്റ്റ് പെട്രോളിയം പൈപ്പ് ലൈനുകളും സ്ഥാപിക്കുന്നതിനായി ഞങ്ങൾ പ്രവർത്തിക്കും. സാമ്പൂർ സൗരോർജ പദ്ധതി ത്വരിതപ്പെടുത്തും. മാത്രമല്ല, ശ്രീലങ്കയിലെ വൈദ്യുത നിലയങ്ങൾക്കായി എൽഎൻജി വിതരണം ചെയ്യും. ഉഭയകക്ഷി വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനായി ഇടിസിഎ  ഉടൻതന്നെ പൂർത്തിയാക്കാൻ ഇരുപക്ഷവും ശ്രമിക്കും.

സുഹൃത്തുക്കളെ,

ഇന്നുവരെയായി, ഇന്ത്യ 5 ബില്യൺ യുഎസ് ഡോളറിൻ്റെ ധനസഹായങ്ങളും വായ്പകളും ശ്രീലങ്കയിലേക്ക് എത്തിച്ചിട്ടുണ്ട്. ശ്രീലങ്കയിലെ 25 ജില്ലകൾക്കും ഞങ്ങൾ പിന്തുണ നൽകിവരുന്നു. ഞങ്ങളുടെ പങ്കാളിത്ത രാജ്യങ്ങളിലെ വികസന മുൻഗണനകളുടെ അടിസ്ഥാനത്തിലാണ് എപ്പോഴും ഞങ്ങൾ പദ്ധതികൾ തിരഞ്ഞെടുത്തിട്ടുള്ളത്. ഈ വികസന പിന്തുണ മുന്നോട്ട് കൊണ്ടുപോവുകയും, അനുരാധപുര റെയിൽവേ സെക്ഷനിലേക്കും കാങ്കേശൻതുറൈ തുറമുഖത്തേക്കുമായി മഹോയിലെ സിഗ്നലിംഗ് സംവിധാനത്തിൻ്റെ പുനരുജ്ജീവനം സാധ്യമാക്കുന്നതിന് സാമ്പത്തിക പിന്തുണ നൽകാൻ ഞങ്ങൾ തീരുമാനിക്കുകയും ചെയ്തു. ഞങ്ങളുടെ വിദ്യാഭ്യാസ സഹകരണത്തിൻ്റെ ഭാഗമായി, ജാഫ്‌നയിലെയും ശ്രീലങ്കയുടെ കിഴക്കൻ മേഖലയിലെ സർവകലാശാലകളിലെയും 200 വിദ്യാർത്ഥികൾക്ക് നമ്മൾ പ്രതിമാസ സ്‌കോളർഷിപ്പ് നൽകും. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 1500 ശ്രീലങ്കൻ സിവിൽ സർവീസ് ഉദ്യോഗസ്ഥർക്ക് ഇന്ത്യയിൽ പരിശീലനം നൽകും. പാർപ്പിടം, പുനരുപയോഗ ഊർജം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്‌ക്കൊപ്പം, കൃഷി, ക്ഷീര വികസനം, മത്സ്യബന്ധനം എന്നീ മേഖലകളിലും ഇന്ത്യ ശ്രീലങ്കയ്ക്ക് പിന്തുണ നൽകും. ശ്രീലങ്കയിലെ യുണീക്ക് ഡിജിറ്റൽ ഐഡൻ്റിറ്റി പദ്ധതിയിൽ ഇന്ത്യ പങ്കാളിയാകും.

സുഹൃത്തുക്കളെ,

ഞങ്ങളുടെ സുരക്ഷാ താൽപ്പര്യങ്ങൾ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്ന കാര്യത്തിൽ ഞാനും പ്രസിഡൻ്റ് ദിസനായകയും പൂർണ്ണ യോജിപ്പിലാണ്. സുരക്ഷാ സഹകരണ ഉടമ്പടി വേഗത്തിൽ പൂർത്തിയാക്കാൻ ഞങ്ങൾ തീരുമാനിച്ചു. ഹൈഡ്രോഗ്രാഫിയിൽ സഹകരിക്കാനും ഞങ്ങൾ സമ്മതിച്ചിട്ടുണ്ട്. കൊളംബോ സെക്യൂരിറ്റി കോൺക്ലേവ്, പ്രാദേശിക സമാധാനത്തിനും സുരക്ഷയ്ക്കും വികസനത്തിനുമുള്ള ഒരു പ്രധാന വേദിയാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഈ കുടക്കീഴിൽ, സമുദ്രസുരക്ഷ, ഭീകരവാദം, സൈബർ സുരക്ഷ, കള്ളക്കടത്തും സംഘടിത കുറ്റകൃത്യങ്ങളും തടയൽ, മാനുഷിക സഹായം, ദുരന്ത നിവാരണം എന്നീ കാര്യങ്ങളിൽ പിന്തുണ നൽകും.

സുഹൃത്തുക്കളെ,

ഇന്ത്യയിലെയും ശ്രീലങ്കയിലെയും ജനങ്ങൾ തമ്മിലുള്ള ബന്ധം നമ്മുടെ നാഗരികതകളിൽ വേരൂന്നിയതാണ്. ഇന്ത്യ പാലി ഭാഷയെ ക്ലാസിക്കൽ ഭാഷയായി പ്രഖ്യാപിച്ചപ്പോൾ ശ്രീലങ്കയും ഈ ആഘോഷത്തിൽ ഞങ്ങളോടൊപ്പം ചേർന്നു. ഫെറി സർവീസും ചെന്നൈ-ജാഫ്ന വിമാന ഗതാഗതവും വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുക മാത്രമല്ല സാംസ്കാരിക ബന്ധങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്തു. നാഗപട്ടണം-കങ്കേശൻതുറൈ ഫെറി സർവീസ് വിജയത്തെ തുടർന്ന് രാമേശ്വരത്തിനും തലൈമന്നാറിനും ഇടയിൽ ഫെറി സർവീസ് ആരംഭിക്കാൻ ഞങ്ങൾ സംയുക്തമായി തീരുമാനിച്ചു. ബുദ്ധമത കേന്ദ്രങ്ങളിലൂടെയും ശ്രീലങ്കയിലെ രാമായണ പാതയിലൂടെയും വിനോദസഞ്ചാരത്തിലെ അതുല്യമായ സാധ്യതകൾ സാക്ഷാത്കരിക്കാനുള്ള പ്രവർത്തനങ്ങളും ആരംഭിക്കും.

സുഹൃത്തുക്കളെ,

നമ്മുടെ മത്സ്യത്തൊഴിലാളികളുടെ ജീവിതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ചും ഞങ്ങൾ ദീർഘമായി സംസാരിച്ചു. ഈ വിഷയത്തിൽ മാനുഷിക സമീപനം സ്വീകരിക്കണമെന്നതിൽ ഞങ്ങൾ രണ്ടുപേരും യോജിച്ചു. ശ്രീലങ്കയിലെ പുനർനിർമ്മാണത്തെക്കുറിച്ചും അനുരഞ്ജനത്തെക്കുറിച്ചും ഞങ്ങൾ സംസാരിച്ചു. പ്രസിഡൻ്റ് ദിസനായക അദ്ദേഹത്തിൻ്റെ എല്ലാവരെയും ഉൾക്കൊള്ളുന്ന വീക്ഷണത്തെക്കുറിച്ച് എന്നെ അറിയിച്ചു. ശ്രീലങ്കൻ ഗവണ്മെന്റ് തമിഴ് ജനതയുടെ അഭിലാഷങ്ങൾ നിറവേറ്റുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ശ്രീലങ്കയുടെ ഭരണഘടന പൂർണ്ണമായും നടപ്പിലാക്കുന്നതിനും പ്രവിശ്യാ കൗൺസിൽ തിരഞ്ഞെടുപ്പ് നടത്തുന്നതിനുമുള്ള പ്രതിബദ്ധത അവർ നിറവേറ്റുകയും ചെയ്യും.

സുഹൃത്തുക്കളെ,

രാഷ്ട്രനിർമ്മാണത്തിനായുള്ള തൻ്റെ ശ്രമങ്ങളിൽ ഇന്ത്യ വിശ്വസനീയ പങ്കാളിയായി നിലകൊള്ളുമെന്ന് ഞാൻ പ്രസിഡൻ്റ് ദിസനായകയ്ക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. പ്രസിഡൻ്റ് ദിസനായകയെയും അദ്ദേഹത്തിൻ്റെ സംഘത്തെയും ഞാൻ ഒരിക്കൽ കൂടി ഊഷ്മളമായി സ്വാഗതം ചെയ്യുന്നു. അദ്ദേഹത്തിൻ്റെ ബോധ്ഗയ സന്ദർശനത്തിന് ആശംസകൾ നേരുകയും അത് ആത്മീയ ഊർജ്ജവും പ്രചോദനവും നിറഞ്ഞതായിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുകയും ചെയ്യുന്നു.

വളരെ നന്ദി.

നിരാകരണം -ഇത് പ്രധാനമന്ത്രിയുടെ പരാമർശത്തിൻ്റെ ഏകദേശ പരിഭാഷയാണ്. യഥാർത്ഥ പരാമർശങ്ങൾ ഹിന്ദിയിലാണ് നൽകിയത്.

 

-NK-