Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ശ്രീലങ്കാ പ്രസിഡന്റ് മൈത്രിപാല സിരിസേന പ്രധാനമന്ത്രി മോദിയോടു ഫോണില്‍ സംസാരിച്ചു


ശ്രീലങ്കാ പ്രസിഡന്റ് മൈത്രിപാല സിരിസേന പ്രധാനമന്ത്രി മോദിയോടു ടെലിഫോണില്‍ സംസാരിച്ചു.

ശ്രീലങ്കയുടെ പ്രസിഡന്റിനെയും ഒരു മുന്‍ പ്രതിരോധ സെക്രട്ടറിയെയും കൊലപ്പെടുത്താന്‍ ശ്രമം നടന്നു എന്ന മാധ്യമ റിപ്പോര്‍ട്ടുകളില്‍ വന്ന, അപായപ്പെടുത്താനുള്ള നീക്കത്തില്‍ ഇന്ത്യക്കു പങ്കുണ്ടെന്നു താന്‍ സൂചിപ്പിച്ചതായുള്ള പരാമര്‍ശം ശ്രീലങ്കാ പ്രസിഡന്റ് നിഷേധിച്ചു.

ദുരൂഹവും വിശ്വാസയോഗ്യമല്ലാത്തതുമായ പ്രസ്തുത റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതവും തെറ്റുമാണെന്നും ഇത് ഇരു നേതാക്കള്‍ക്കും ഇടയില്‍ തെറ്റിദ്ധാരണ വളര്‍ത്താനും ഇരു അയല്‍രാജ്യങ്ങള്‍ തമ്മിലുള്ള ഊഷ്മള ബന്ധത്തിന്റെ താളംതെറ്റിക്കാനും ഉദ്ദേശിച്ചുള്ളതാണെന്ന് അദ്ദേഹം പ്രതികരിച്ചു.

ഇത്തരം റിപ്പോര്‍ട്ടുകളെ പരസ്യമായി തള്ളിക്കളയുന്നതിനായി താന്‍ വ്യക്തിപരമായും ഒപ്പം ശ്രീലങ്കാ ഗവണ്‍മെന്റും കൈക്കൊണ്ട അടിയന്തര നടപടികള്‍ പ്രധാനമന്ത്രിയോടു പ്രസിഡന്റ് വിശദീകരിച്ചു. ശ്രീലങ്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറുമായി കൂടിക്കാഴ്ച നടത്തി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു എന്നതു പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു.

ശ്രീലങ്കയുടെ ശരിയായ സുഹൃത്തും വ്യക്തിപരമായി തന്റെ അടുത്ത സുഹൃത്തും ആയാണു പ്രധാനമന്ത്രിയെ കാണുന്നതെന്ന് ശ്രീലങ്കാ പ്രസിഡന്റ് വ്യക്തമാക്കി. പരസ്പരം ഗുണകരമായിത്തീരുന്ന ഇന്ത്യ-ശ്രീലങ്ക ബന്ധത്തിനു താന്‍ വലിയ വില കല്‍പിക്കുന്നു എന്നും ഇതു കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി പ്രധാനമന്ത്രിക്കൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ സന്നദ്ധനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വസ്തുതകള്‍ വെളിപ്പെടുത്തുക വഴി വിശ്വാസയോഗ്യമല്ലാത്ത റിപ്പോര്‍ട്ടിനെ തള്ളുന്നതിനായി ശ്രീലങ്കാ പ്രസിഡന്റും ഗവണ്‍മെന്റും ഊര്‍ജിതമായ നടപടികള്‍ കൈക്കൊണ്ടതിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. അയല്‍ രാഷ്ട്രങ്ങളുമായുള്ള ബന്ധത്തിനു മുന്‍ഗണന നല്‍കിക്കൊണ്ടുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ നയവും ഇരു രാജ്യങ്ങളും തമ്മിലുള്ള സര്‍വതോന്മുഖ സഹകരണത്തിനു താന്‍ കല്‍പിക്കുന്ന പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു.