Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ശ്യാമ പ്രസാദ് മുഖര്‍ജി റൂറര്‍ബന്‍ ദൗത്യത്തിന് അംഗീകാരം


ഗ്രാമീണ മേഖലകളെ സാമ്പത്തികമായും, സാമൂഹികമായും, ഭൗതികമായും സുസ്ഥിരമായ ഇടങ്ങള്‍ ആക്കി മാറ്റുന്നതിനായി 5142.08 കോടി രൂപ പദ്ധതി അടങ്കലോടു കൂടിയ ശ്യാമ പ്രസാദ് മുഖര്‍ജി റൂറര്‍ബന്‍ ദൗത്യത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. എല്ലാ സംസ്ഥാനങ്ങളിലും ഗ്രാമീണ വളര്‍ച്ചാ ക്ലസ്റ്ററുകള്‍ രൂപീകരിക്കുന്നതിലൂടെ ഈ പ്രദേശങ്ങളിലെ വികസനത്തിന് ആക്കം കൂട്ടുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സ്മാര്‍ട്ട് വില്ലേജുകളുടെ ക്ലസ്റ്ററുകള്‍ റൂറര്‍ബന്‍ ദൗത്യത്തിലൂടെ വികസിപ്പിച്ചെടുക്കും. ജനസംഖ്യ, സമ്പദ്‌വ്യവസ്ഥ, വിനോദസഞ്ചാര, തീര്‍ത്ഥാടന പ്രാധാന്യം, ഗതാഗത സംവിധാനം എന്നിവയെക്കുറിച്ചുള്ള ശാസ്ത്രീയ പഠനത്തിലൂടെയാണ് കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം ക്ലസ്റ്ററുകള്‍ തെരഞ്ഞെടുക്കുന്നത്.

വരുന്ന മൂന്ന് വര്‍ഷത്തിനിടയില്‍ ഇത്തരത്തിലുള്ള 300 ക്ലസ്റ്ററുകള്‍ ആരംഭിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കേന്ദ്ര ഗവണ്‍മെന്റിന്റെ വിവിധ പദ്ധതികളിലൂടെയാകും റൂറര്‍ബന്‍ ക്ലസ്റ്ററുകള്‍ക്ക് ധനസഹായം ലഭ്യമാക്കുന്നത്. ഇതിനു പുറമേ പദ്ധതിച്ചെലവിന്റെ 30 ശതമാനം തുക ശ്യാമ പ്രസാദ് മുഖര്‍ജി റൂറര്‍ബന്‍ ദൗത്യത്തിലൂടെ ലഭ്യമാക്കും. സാമ്പത്തിക പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട നൈപുണ്യ വികസന പരിശീലനം, അഗ്രോ പ്രോസസ്സിങ്ങ്/അഗ്രി സര്‍വീസസ്/സംഭരണം, വെയര്‍ഹൗസിങ്, ഡിജിറ്റല്‍ സാക്ഷരത, ശുചിത്വം, പൈപ്പ് ജല വിതരണം, ഖര, ദ്രാവക മാലിന്യ സംസ്‌കരണം, തെരുവുകള്‍, ഓടകള്‍, തെരുവു വിളക്കുകള്‍, മൊബൈല്‍ ആരോഗ്യ യൂണിറ്റ്, സ്‌കൂള്‍/ ഉന്നത വിദ്യാഭ്യാസ സൗകര്യങ്ങള്‍, റോഡ് കണക്ടിവിറ്റി, ഇ-സേവനങ്ങള്‍ക്കായുള്ള പൗര സേവന കേന്ദ്രങ്ങള്‍, ഇ-ഗ്രാം കണക്ടിവിറ്റി, പൊതു ഗതാഗത സൗകര്യം, എല്‍പിജി ഗ്യാസ് കണക്ഷനുകള്‍ എന്നീ കാര്യങ്ങളിലെ വികസനം ക്ലസ്റ്ററുകളില്‍ ഉറപ്പാക്കുകയെന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.