Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ശുചിത്വ ഭാരത് ദിവസ് 2019 ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നടത്തിയ പ്രസംഗം


ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ദേവവ്രത് ജി, മുഖ്യമന്ത്രി വിജയ് രുപാനി ജി, കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്റുകളിലെ മറ്റു സഹപ്രവര്‍ത്തകര്‍, നൈജീരിയ, ഇന്തോനേഷ്യ, മാലി ഗവണ്‍മെന്റ് പ്രതിനിധികള്‍, ലോകത്തെ വിവിധ രാജ്യങ്ങളിലെ ദൗത്യ സംഘ മേധാവികള്‍, രാജ്യമെമ്പാടും നിന്നെത്തിയ ആയിരക്കണക്കിന് സ്വച്ഛഗ്രാഹികള്‍, ഗ്രാമത്തലവന്മാരായ എന്റെ സുഹൃത്തുക്കളേ, സഹോദരീ സഹോദരന്മാരേ,

ആരംഭിക്കുന്നതിനു മുമ്പ്, ഇവിടെ ഈ സബര്‍മതി തീരത്ത് ഇന്നു സന്നിഹിതരായിരിക്കുന്ന മുഴുവന്‍ ഗ്രാമത്തലവന്മാരിലൂടെയും, രാജ്യത്തെ മുഴുവന്‍ നഗരസഭകളിലെയും ജനപ്രതിനിധികളെ അഭിവാദ്യം ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു; എന്തുകൊണ്ടെന്നാല്‍ ബാപ്പുവിന്റെ സ്വപ്‌നം സാക്ഷാല്‍കരിക്കുന്നതിന് കഴിഞ്ഞ അഞ്ചു വര്‍ഷം വിശ്രമരഹിതമായ പ്രയത്‌നം സമര്‍പ്പിത മനോഭാവത്തോടെ നടത്തിയവരാണ് നിങ്ങളെല്ലാവരും.

സബര്‍മതിയുടെ ഈ വിശുദ്ധ തീരത്തു നിന്ന് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിക്കും ലാളിത്യത്തിന്റെ പ്രതീകമായിരുന്ന മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിക്കും ഞാന്‍ ശ്രദ്ധാഞ്ജലി അര്‍പ്പിക്കുന്നു.

സുഹൃത്തുക്കളേ,

മഹാത്മജിയുടെ നൂറ്റിയമ്പതാം ജന്മവാര്‍ഷികത്തിന്റെ വിശുദ്ധ വേളയും ശുചിത്വ ഭാരത്് അഭിയാന്റെ സുപ്രധാന സമ്മേളനവും ശക്തിയുടെ ഉല്‍സവമായ നവരാത്രിയും ഒത്തുചേര്‍ന്ന് എവിടെയും ആഹ്ലാദം പ്രതിധ്വനിപ്പിക്കുന്നു; ഇത്തരമൊരു വിസ്മയകരവും സവിശേഷവുമായ യാദൃശ്ചികത അത്യപൂര്‍വമായി മാത്രമേ കാണാനാവുകയുള്ളു. രാജ്യമെമ്പാടു നിന്നും എത്തിയ നമ്മുടെ ഗ്രാമത്തലവരായ സഹോദരങ്ങളേ നിങ്ങള്‍ക്ക് ഇത്തരം സന്ദര്‍ഭത്തിനു മുമ്പ് അവസരം ലഭിച്ചിട്ടുണ്ടോ? നിങ്ങള്‍ ഗര്‍ബ കാണാന്‍ അവസരം ലഭിച്ചിട്ടുണ്ടോ?

ലോകം മുഴുവനും ബാപ്പുവിന്റെ ജന്മവാര്‍ഷികം ആഘോഷിക്കുകയാണ്. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ഐക്യരാഷ്ട്ര സഭ തപാല്‍ സ്റ്റാമ്പുകള്‍ പ്രസിദ്ധീകരിച്ചുകൊണ്ട് ഈ വേള അവിസ്മരണീയമാക്കി മാറ്റി. ഇന്ന് ഇവിടെ തപാല്‍ സ്റ്റാമ്പുകളും നാണയങ്ങളും പ്രകാശനം ചെയ്യുന്നു. പ്രചോദനത്തിന്റെയും ദൃഢനിശ്ചയത്തിന്റേതുമായ ബാപ്പുവിന്റെ ദേശത്തു നിന്നുകൊണ്ട് ഞാന്‍ മുഴുവന്‍ ലോകത്തെയും അഭിനന്ദിക്കുന്നു.

സഹോദരീ സഹോദരന്മാരേ,

ഇവിടെ എത്തുന്നതിനു മുമ്പ് ഞാന്‍ സബര്‍മതി ആശ്രമത്തില്‍ പോയി. ജീവിതത്തില്‍ പല വട്ടം അവിടം സന്ദര്‍ശിക്കാന്‍ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. എല്ലായ്‌പ്പോഴും എനിക്ക് അവിടെ ബാപ്പുവിന്റെ സാന്നിധ്യം അനുഭവപ്പെട്ടിട്ടുണ്ട്. പക്ഷേ, ഇന്് എനിക്ക് പുതിയ ഒരു ഊര്‍ജ്ജവും കൂടി അനുഭവപ്പെട്ടു. സബര്‍മതി ആശ്രമത്തില്‍ വച്ചാണ് അദ്ദേഹം സ്വച്ഛഗ്രഹത്തിന്റെയു സത്യഗ്രഹത്തിന്റെയും സമഗ്രരീതികള്‍ രൂപപ്പെടുത്തിയത്. ഈ സബര്‍മതിയുടെ തീരത്താണ് മഹാത്മാ ഗാന്ധി സത്യാന്വേഷണ പരീക്ഷണങ്ങള്‍ നടത്തിയത്.

സഹോദരീ സഹോദരന്മാരേ,

ഇന്ന് സബര്‍മതിയുടെ തീരം പ്രചോദനാത്മകമായ സ്വച്ഛഗ്രഹത്തിന്റെ വന്‍ വിജയത്തിനു സാക്ഷ്യം വഹിക്കുകയാണ്. ഇത് നമുക്കെല്ലാം ആഹ്ലാദവും അഭിമാനവുമേകുന്ന വേളയാണ്. എനിക്കാകട്ടെ, ഈ സമ്മേളനം സബര്‍മതിപ്പുഴയുടെ തീരത്തു സംഘടിപ്പിക്കാന്‍ കഴിഞ്ഞതില്‍ അളവറ്റ ആഹ്ലാദമാണുള്ളത്.

സുഹൃത്തുക്കളേ,

ഗ്രാമീണ ഇന്ത്യ ഇന്ന് അതിനെ വെളിയിട വിസര്‍ജ്ജന മുക്തമായി പ്രഖ്യാപിച്ചു കഴിഞ്ഞിരിക്കുന്നു. ഇത് ശുചിത്വഭാരത് അഭിയാന്റെ കരുത്തു മാത്രമല്ല, വിജയസ്രോതസ്സ് കൂടിയാണ്. സ്വയം സന്നദ്ധരായി പങ്കെടുക്കുന്ന പൊതുജനങ്ങളുടെ വന്‍തോതിലുള്ള പങ്കാളിത്തമാണ് ഇവിടെ കാണുന്നത്. ഞാന്‍ മുഴുവന്‍ രാജ്യവാസികളെയും പ്രത്യേകിച്ചും ഗ്രാമങ്ങളില്‍ ജീവിക്കുന്നവരെയും നമ്മുടെ ഗ്രാമത്തലവരെയും മുഴുവന്‍ സ്വച്ഛഗ്രഹികളെയും ഇന്ന് ഹൃദയത്തിന്റെ ഭാഷയില്‍ അഭിനന്ദിക്കുന്നു. ഇന്ന് ഇവിടെ ശുചിത്വ ഭാരത് അവാര്‍ഡുകള്‍ സ്വീകരിച്ച സ്വച്ഛഗ്രഹികളെയും ഞാന്‍ അഭിനന്ദിക്കുന്നു.

സുഹൃത്തുക്കളേ,

ചരിത്രം അതേവിധം ആവര്‍ത്തിക്കുന്നതുപോലെ ഒരു അനുഭവമാണ് യഥാര്‍ത്ഥത്തില്‍ എനിക്കുള്ളത്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ബാപ്പു ഒന്ന് ആഹ്വാനം ചെയ്തപ്പോള്‍ ലക്ഷക്കണക്കിനാളുകളാണ് സത്യാഗ്രഹവഴി പിന്തുടര്‍ന്നത്. അതേ പാതയില്‍ കോടിക്കണക്കിന് രാജ്യവാസികള്‍ ശുചിത്വത്തി്‌ന് അവരുടെ ഹൃദയം നിറഞ്ഞ പിന്തുണ നല്‍കുന്നു. അഞ്ച് വര്‍ഷം മുമ്പ് ചുവപ്പു കോട്ടയില്‍വെച്ച് ഞാന്‍ രാജ്യവാസികളോട് ശുചിത്വമുള്ള ഇന്ത്യക്കു വേണ്ടി അഭ്യര്‍ത്ഥന നടത്തിയപ്പോള്‍ പൊതുജന വിശ്വാസവും ബാപ്പുവിന്റെ അനശ്വരമായ സന്ദേശവും മാത്രമായിരുന്നു കൈമുതല്‍. ലോകത്ത് നമുക്ക് മാറ്റം കാണണമെങ്കില്‍ ആദ്യം നാമത് സ്വന്തമായി ചെയ്യണം എന്ന് ഗാന്ധി പറയുമായിരുന്നല്ലോ.

ഈ മന്ത്രം പിന്തുടര്‍ന്ന് നാം മുഴുവന്‍ പാഴ്‌ച്ചെടുകളും പിഴുതെടുത്ത് കളഞ്ഞു. പ്രായം, സാമൂഹികവും സാമ്പത്തികവുമായ പദവി ഇവയ്‌ക്കെല്ലാം അതീതമായി എല്ലാവരും വെടിപ്പിന്റെയും അന്തസ്സിന്റെയും ആദരവിന്റെയും ഈ ‘യജ്ഞ’ത്തി്ല്‍ സംഭാവന ചെയ്തു.
ഒരു പെണ്‍കുട്ടി വിവാഹത്തിനു ഉപാധിയായി ശുചിമുറി ഉണ്ടായിരിക്കണമെന്ന് പറഞ്ഞാല്‍ ശുചിമുറിക്ക് ഒരു അന്തസ്സ് കൈവരും. ശുചിമുറിയെക്കുറിച്ചു സംസാരിക്കാന്‍ ഒരുകാലത്ത് ആളുകള്‍ക്ക് ബുദ്ധിമുട്ടായിരുന്നുവെങ്കില്‍ ഇന്നത് രാജ്യത്തിന്റെ ചിന്തയുടെ പ്രധാന ഭാഗമായി മാറിക്കഴിഞ്ഞിരിക്കുന്നു. ശുചിത്വത്തിന്റെ ഈ വന്‍ പ്രചാരണ പരിപാടി ബോളിവുഡ് മുതല്‍ കളിസ്ഥലം വരെ എല്ലാവരെയും പ്രചോദിപ്പിക്കുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്നു.

സുഹൃത്തുക്കളേ,

ഇന്ന് നമ്മുടെ വിജയത്തില്‍ ലോകം വിസ്മയിക്കുകയാണ്. ഇതിന്റെ പേരില്‍ ലോകമാകെ നമുക്ക് അംഗീകാരവും ആദരവും നല്‍കുന്നു. 60 മാസം കൊണ്ട് 60 കോടിയിലധികം ആളുകള്‍ക്ക് കക്കൂസ്് സൗകര്യം ലഭ്യമാക്കുകയും 11 കോടിയിലധികം കക്കൂസുകള്‍ നിര്‍മിക്കുകയും ചെയ്തു എന്നത് അമ്പരപ്പോടെയാണ് അവര്‍ കേള്‍ക്കുന്നത്. പെണ്‍കുട്ടികള്‍ ആശങ്ക കൂടാതെ സ്‌കൂളില്‍ പോകുന്നതാണ് എന്നെ സംബന്ധിച്ചിടത്തോളം മറ്റേത് സ്ഥിതിവിവരക്കണക്കിനേക്കാളും, ഏത് അഭിനന്ദനത്തേക്കാളും, ഏത് ആദരവിനേക്കാളും മഹത്തായ സംതൃപ്തി നല്‍കുന്നത്.

ഇരുട്ടാകാന്‍ കാത്തിരിക്കുക എന്ന ദുസ്സഹമായ വേദനയില്‍ നിന്ന് കോടിക്കണക്കിന് അമ്മമാരും സഹോദരിമാരും മുക്തരായതില്‍ ഞാന്‍ സംതൃപ്തനാണ്. പലവിധ മാറാരോഗങ്ങളില്‍പ്പെട്ട് മരിച്ചുകൊണ്ടിരുന്ന ലക്ഷക്കണക്കിന് നിഷ്‌കളങ്കരായ ആളുകളുടെ ജീവന്‍ ഇപ്പോള്‍ രക്ഷിക്കാന്‍ കഴിയുന്നതില്‍ ഞാന്‍ സംതൃപ്തനാണ്. പാവപ്പെട്ടവരെ ബുദ്ധിമുട്ടിച്ചിരുന്ന രോഗങ്ങള്‍ ചികില്‍സിക്കാന്‍ വേണ്ടി വന്നിരുന്ന ചെലവ് ശുചിത്വം മൂലം കുറയ്ക്കാന്‍ സാധിച്ചതില്‍ ഞാന്‍ സംതൃപ്തനാണ്. ഗ്രാമീണ, ആദിവാസി മേഖലകളില്‍ ഈ പ്രചാരണ പരിപാടി മൂലം പുതിയ തൊഴിലവസരങ്ങള്‍ നല്‍കാന്‍ കഴിഞ്ഞതില്‍ ഞാന്‍ സംതൃപ്തനാണ്. മുമ്പ് കല്‍പ്പണിക്കാരുടെ നേതൃസ്ഥാനത്ത് പുരുഷന്‍മാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. പക്ഷേ, ഇപ്പോള്‍ നമ്മുടെ സഹോദരിമാര്‍ക്കും ആ സ്ഥാനത്ത് പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കുന്നു.

സഹോദരീ സഹോദരന്മാരേ,

ശുചിത്വ ഭാരത് അഭിയാന്‍ ജീവന്‍ രക്ഷയ്ക്ക് ഉതകുമെന്നും ജീവിത നിലവാരം വര്‍ദ്ധിപ്പിക്കുമെന്നും കൂടി തെളിയിച്ചിരിക്കുന്നു. യൂനിസെഫിന്റെ ഒരു കണക്കുപ്രകാരം കഴിഞ്ഞ അഞ്ച് വര്‍ഷംകൊണ്ട് ഇന്ത്യയുടെ സമ്പദ്ഘടനയില്‍ 20 ലക്ഷം കോടി രൂപയുടെ ഗുണപരമായ സ്വാധീനം ഉണ്ടാക്കാന്‍ ശുചിത്വ ഭാരതിനു സാധിച്ചു. ഇത് ഇന്ത്യയില്‍ 75 ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. അതില്‍ കൂടുതലും ലഭിച്ചത് ഗ്രാമങ്ങളിലെ സഹോദരീ സഹോദരന്മാര്‍ക്കാണ്.

അതിനേക്കാളേറെ, കുട്ടികളുടെ വിദ്യാഭ്യാസ നിലവാരത്തില്‍ ഇതൊരു ഗുണപരമായ മാറ്റമുണ്ടാക്കി, നമ്മുടെ ഉല്‍പ്പാദനക്ഷമതയിലും സംരംഭകത്വത്തിലും അത് പ്രതിഫലിച്ചു. രാജ്യത്തെ പെണ്‍മക്കളുടെയും സഹോദരിമാരുടെയും ജീവിത സാഹചര്യങ്ങളില്‍ സുരക്ഷയുടെയും ശാക്തീകരണത്തിന്റേതുമായ മാറ്റമാണ് ഇത് ഉണ്ടാക്കിയത്. ഗ്രാമങ്ങളില്‍, പാവപ്പെട്ടവരിലും സ്ത്രീകളിലും ഇത്തരമൊരു സ്വാശ്രയത്വം പ്രോല്‍സാഹിപ്പിക്കാനാണ് മഹാത്മാ ഗാന്ധി ആഗ്രഹിച്ചത്. മഹാത്മജിയുടെ സ്വരാജിന്റെ കാമ്പ് അതായിരുന്നു. അദ്ദേഹം സ്വന്തം ജീവിതം അതിനു വേണ്ടി സമര്‍പ്പിച്ചു.

സുഹൃത്തുക്കളേ,

പക്ഷേ, ഇപ്പോഴത്തെ ചോദ്യം, നാം നേടിയതെന്താണോ അത് മതിയോ എന്നതാണ്. ഉത്തരം ലളിതവും വ്യക്തവുമാണ്. നാം ഇന്ന് ഒന്നാം ഘട്ടത്തില്‍ നേടിയിരിക്കുന്നത് ഒരു തലം മാത്രമാണ്. വൃത്തിയുള്ള ഇന്ത്യയ്ക്കു വേണ്ടി നമ്മുടെ യാത്ര തുടരുക തന്നെ ചെയ്യണം.
നാം ഇന്ന് കക്കൂസുകള്‍ നിര്‍മിക്കുകയും അത് ഉപയോഗിക്കാന്‍ ആളുകളെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്നു. ശീലത്തിലെ ഈ മാറ്റം രാജ്യത്തെ വലിയ വിഭാഗം ആളുകളില്‍ സ്ഥിരമായി നിലനിര്‍ത്താന്‍ കഴിയണം. ഗവണ്‍മെന്റുകളോ, തദ്ദേശ ഭരണാധികാരികളോ ഗ്രാമപഞ്ചായത്തുകളോ, ആരായാലും ആളുകള്‍ ശുചിമുറികള്‍ ശരിയായി വിനിയോഗിക്കുന്നുവെന്ന് ഉറപ്പു വരുത്തണം. ആരാണോ ഇപ്പോഴും അതിനു പുറത്തു നില്‍ക്കുന്നത് അവരെക്കൂടി അതിലേക്കു കൊണ്ടുവരണം.

സഹോദരീ സഹോദരന്മാരേ,

ഗവണ്‍മെന്റ് ഇപ്പോള്‍ ആരംഭിച്ച ജല്‍ജീവന്‍ ദൗത്യവും ഇക്കാര്യത്തില്‍ സഹായിക്കും. നമ്മുടെ വീടുകളിലും ഗ്രാമങ്ങളിലും കോളനികളിലും ജലസ്രോതസ്സുകള്‍ റീച്ചാര്‍ജ്ജ് ചെയ്യാന്‍ എന്താണോ നമുക്കു സാധ്യമായത്, അത് ചെയ്യുകതന്നെ വേണം. നാം അത് ചെയ്യുകയാണെങ്കില്‍ തുടര്‍ച്ചയായും സ്ഥിരമായും ആളുകള്‍ ശുചിമുറികള്‍ ഉപയോഗിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ അത് വലിയ തോതില്‍ സഹായിക്കും. ജലജീവന്‍ ദൗത്യത്തിന് മൂന്നര ലക്ഷം കോടി രൂപ ചെലവിടാനാണ് ഗവണ്‍മെന്റിന്റെ തീരുമാനം. പക്ഷേ, രാജ്യവാസികളുടെ സജീവ പങ്കാളിത്തം ഇല്ലെങ്കില്‍ ഈ വലിയ ജോലി പൂര്‍ത്തീകരിക്കുക ബുദ്ധിമുട്ടാണ്.

സുഹൃത്തുക്കളേ,

പൊതുശുചിത്വം, പരിസ്ഥിതി സംരക്ഷണം, ജീവനോപാധികളുടെ സംരക്ഷണം – ഈ മൂന്നു കാര്യങ്ങളും മഹാത്മാ ഗാന്ധിയുടെ പ്രിയപ്പെട്ട വിഷയങ്ങളായിരുന്നു. ഇത് മൂന്നിനും പ്ലാസ്റ്റിക് പ്രധാന ആപത്താണ്. അതുകൊണ്ട് 2022 ആകുമ്പോഴേയ്ക്കും പ്ലാസ്റ്റിക്കിന്റെ ഉപയോഗത്തില്‍ നിന്നു രാജ്യത്തെ മുക്തമാക്കുക എന്ന ലക്ഷ്യം നേടാന്‍ നമുക്കു കഴിയണം. ശുചിത്വ പ്രവര്‍ത്തനങ്ങളിലൂടെ കഴിഞ്ഞ മൂന്നാഴ്ച രാജ്യമാകെ ഈ പ്രചാരണ പരിപാടിക്ക് വന്‍തോതില്‍ ആക്കം കൂട്ടി. ഈ കാലയളവില്‍ ഏകദേശം ഇരുപതിനായിരം ടണ്‍ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാന്‍ കഴിഞ്ഞതായാണ് എനിക്ക് അറിയാനായത്. ഇതേ കാലത്തു തന്നെ, പ്ലാസ്റ്റിക് സഞ്ചികളുടെ ഉപയോഗവും വളരെ വേഗം കുറഞ്ഞു.

പ്ലാസ്റ്റിക്ക് ഉപയോഗിക്കില്ല എന്ന് രാജ്യവ്യാപകമായി കോടിക്കണക്കിന് ആളുകള്‍ ഉറച്ച തീരുമാനമെടുത്തതായും ഇന്നെനിക്ക് ബോധ്യമുണ്ട്. ഒരിക്കല്‍ നാം ഉപയോഗിച്ചിരുന്ന പ്ലാസ്റ്റിക് വേണ്ടെന്നു വയ്ക്കുന്നതിലൂടെ അതില്‍ നിന്നു നാം നമ്മുടെ രാജ്യത്തെ മുക്തമാക്കുകയാണ്. അത് പരിസ്ഥിതിക്ക് ഗുണകരമാകും, നമ്മുടെ നഗരങ്ങളിലെ റോഡുകളിലും ഓടകളിലും മലിനജലം കെട്ടിനില്‍ക്കുന്ന പ്രശ്‌നം പരിഹരിക്കും, നമ്മുടെ കന്നുകാലികളെയും കടല്‍ ജീവികളെയും സംരക്ഷിക്കും.

സഹോദരീ സഹോദരന്മാരേ,

നമ്മുടെ ശീലങ്ങളിലെ മാറ്റമാണ് ഈ മുന്നേറ്റത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കാമ്പ് എന്ന് ആവര്‍ത്തിച്ചു പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈ മാറ്റം ആദ്യം സ്വയം തിരിച്ചറിഞ്ഞു നമ്മളില്‍ത്തന്നെ തുടങ്ങണം. മഹാത്മാ ഗാന്ധിയുടെയും ലാല്‍ ബഹദൂര്‍ ശാസ്ത്രിജിയുടെയും ജീവിതങ്ങളില്‍ നിന്ന് നാം ഈ പാഠം പഠിക്കണം.
രാജ്യം കഠിനമായ ഒരു ഭക്ഷ്യക്ഷാമം നേരിട്ട സന്ദര്‍ഭത്തില്‍ ശാസ്ത്രിജി രാജ്യവാസികളോടു പറഞ്ഞത് അവരുടെ ഭക്ഷണ ശീലം മാറ്റാനാണ്. പക്ഷേ, മാറ്റം അദ്ദേഹം സ്വന്തം കുടുംബത്തില്‍ തുടങ്ങിവച്ചു. ശുചിത്വത്തിന്റെ ഈ യാത്രയില്‍ അതാണ് നമ്മുടെ ഒരേയൊരു വഴി. നമുക്ക് നേടാനുള്ള ലക്ഷ്യത്തിലേക്ക് നടക്കുക.

സഹോദരീ സഹോദരന്മാരേ,

ലോകം മുഴുവന്‍ ഇന്ന് ശുചിത്വ ഭാരത അഭിയാന്റെ ഈ മാതൃക പഠിക്കാനും അത് നടപ്പാക്കാനും ആഗ്രഹിക്കുന്നു. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ഇന്ത്യയ്ക്ക് അമേരിക്കയില്‍ ഗ്ലോബല്‍ ഗോള്‍ കീപ്പര്‍ പുരസ്‌കാര ലഭിച്ചപ്പോള്‍ ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ വിജയം അറിയപ്പെടുകയാണുണ്ടായത്.

മറ്റു രാജ്യങ്ങളില്‍ നിന്നുള്ള അനുഭവങ്ങളും പങ്കുവയ്ക്കാന്‍ ഇന്ത്യ എപ്പോഴും തയാറാണെന്നും ഞാന്‍ അമേരിക്കയിലെ ചടങ്ങില്‍ പറഞ്ഞു. നൈജീരിയ, ഇന്തോനേഷ്യ, മാലി ഗവണ്‍മെന്റുകളുടെ പ്രതിനിധികള്‍ ഇന്നു നമുക്കൊപ്പമുണ്ട്. ശുചിത്വത്തിലും പൊതു ശുചിത്വ നിലവാരത്തിലും നിങ്ങളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ ഇന്ത്യയ്ക്ക് സന്തോഷമുണ്ട്.

സുഹൃത്തുക്കളേ,

സത്യത്തിന്റെയും അഹിംസയുടെയും സത്യഗ്രഹത്തിന്റെയും സ്വാശ്രയത്തിന്റെയും പാതയാണ് മഹാത്മാ ഗാന്ധി രാജ്യത്തിനു കാണിച്ചു തന്നത്. ഇന്ന് നമ്മളും അതേ പാത പിന്തുടരുകയും വൃത്തിയുള്ളതും ആരോഗ്യകരവും ഐശ്വര്യപൂര്‍ണവും കരുത്തുറ്റതുമായ ഒരു നവഭാരതം കെട്ടിപ്പടുക്കാന്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. പൊതുശുചിത്വത്തെ ബാപ്പു ഏറ്റവും മുകളിലാണ് പ്രതിഷ്ഠിച്ചിരുന്നത്. യഥാര്‍ത്ഥത്തില്‍ ശുചിത്വ പ്രവര്‍ത്തനങ്ങളിലൂടെ രാജ്യത്തെ ഗ്രാമീണ മേഖല അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അര്‍പ്പിക്കുകയാണ് ചെയ്യുന്നത്. ഗാന്ധിജി ആരോഗ്യത്തെ യഥാര്‍ത്ഥ സമ്പത്തായി കണക്കാക്കുകയും രാജ്യത്തെ മുഴുവനാളുകളോടും ആാേഗ്യത്തോടെയിരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. യോഗാ ദിനം, ആയുഷ്മാന്‍ ഭാരത്, ഫിറ്റ് ഇന്ത്യാ മൂവ്‌മെന്റ് എന്നിവയിലൂടെ ആ ആശയം രാജ്യത്ത് പരിശീലിക്കാനാണ് നാം ശ്രമിക്കുന്നത്.

‘വസുധൈവ കുടുംബക’ത്തില്‍ ഗാന്ധിജി വിശ്വസിച്ചു. സ്വന്തം ആസൂത്രണത്തിലൂടെയും പരിസ്ഥിതിയോടുള്ള പ്രതിബദ്ധതയിലൂടെയും വിവിധ വെല്ലുവിളികളോട് പൊരുതാന്‍ ഇന്ത്യ ഇന്ന് ലോകത്തെ സഹായിക്കുന്നു. സ്വതന്ത്രവും ആത്മവിശ്വാസമുള്ളതുമായ ഇന്ത്യ ആയിരുന്നു ബാപ്പുവിന്റെ സ്വപ്്‌നം. ഇന്ത്യയില്‍ നിര്‍മിക്കൂ, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ, സ്റ്റാന്റപ്പ് ഇന്ത്യ പദ്ധതികളിലൂടെ നാം ഇന്ന് ആ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാനാണ് ശ്രമിക്കുന്നത്.

എല്ലാ ഗ്രാമങ്ങളും സ്വാശ്രയമായ ഒരു ഇന്ത്യ ആയിരുന്നു ഗാന്ധിജിയുടെ സങ്കല്‍പ്പം. രാഷ്ട്രീയ ഗ്രാമസ്വരാജിലൂടെ ഈ സങ്കല്‍പ്പം യാഥാര്‍ത്ഥ്യമാക്കുന്നതിലേക്കാണ് നാം മുന്നേറുന്നത്.
സമൂഹത്തിലെ ഏറ്റവും അവസാനത്തെ വ്യക്തിയെയും ഉന്നമനത്തിലേക്ക് എത്തിക്കാനായിരിക്കണം എല്ലാ തീരുമാനങ്ങളും എന്ന് ഗാന്ധിജി പറയാറുണ്ടായിരുന്നു. നമുക്കിന്ന് ഉജ്ജ്വല, പ്രധാനമന്ത്രി ആവാസ് യോജന, ജന്‍ധന്‍ യോജന, സൗഭാഗ്യ യോജന, ശുചിത്വ ഭാരത അഭിയാന്‍ എന്നിവ പോലുള്ള പദ്ധതികളുണ്ട്. ഈ പദ്ധതികളിലൂടെ അദ്ദേഹത്തിന്റെ മന്ത്രം നാം രാജ്യത്തെ സംവിധാനത്തിന്റെ ഭാഗമാക്കി മാറ്റി.
സാങ്കേതികവിദ്യയുടെ വിനിയോഗത്തിലൂടെ ജനജീവിതം എളുപ്പമാക്കിത്തീര്‍ക്കണം എന്നാണ് ബാപ്പു പറഞ്ഞത്. ആധാര്‍, ആനുകൂല്യങ്ങള്‍ നേരിട്ടു കൈമാറല്‍, ഡിജിറ്റല്‍ ഇന്ത്യ, ഭീം ആപ്പ്, ഡിജി ലോക്കര്‍ പദ്ധതികളിലൂടെ രാജ്യവാസികളുടെ ജീവിതം എളുപ്പമാക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്.

സുഹൃത്തുക്കളേ, ഇന്ത്യ വികസിക്കുകയും ലോകത്തിന് അതിന്റെ മെച്ചം ലഭിക്കുകയും വേണമെന്ന് മഹാത്മാ ഗാന്ധി പറയുമായിരുന്നു. ഒരു ദേശീയവാദി ആകാതെ ഒരാളും ഒരു ആഗോള വ്യക്തിത്വമായി മാറില്ല എന്ന വ്യക്തമായ അഭിപ്രായം ഗാ്ന്ധിജിക്ക് ഉണ്ടായിരുന്നു. അതായത്, നാം ആദ്യം നമ്മുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തിയാല്‍ മാത്രമേ ലോകത്തെ മുഴുവന്‍ സഹായിക്കാനും കഴിയുകയുള്ളു. ഇന്ത്യ ഇ്ന്ന് ദേശീയതയുടെ ഈ ആത്മാവ് ഉള്‍ക്കൊണ്ടാണ് മുന്നോട്ടു പോകുന്നത്.
ബാപ്പുവിന്റെ സ്വപ്‌ന ഭാരതം; ഒരു നവവഭാരതം കെട്ടിപ്പടുക്കുക. ബാപ്പുവിന്റെ സ്വപ്‌ന ഭാരതം- അത് വൃത്തിയുള്ളതും പരിസ്ഥിതി സംരക്ഷിതവുമായിരിക്കണം.
ബാപ്പുവിന്റെ സ്വപ്‌ന ഭാരതം; എല്ലാ പൗരന്മാരും ആരോഗ്യമുള്ളവരും കരുത്തരുമായിരിക്കണം. ബാപ്പുവിന്റെ സ്വപ്‌ന ഭാരതം; മുഴുവന്‍ അമ്മമാര്‍ക്കും കുട്ടികള്‍ക്കും പോഷകാഹാരം ലഭിക്കണം.
ബാപ്പുവിന്റെ സ്വപ്്‌ന ഭാരതം; – മുഴുവന്‍ പൗരന്മാരും സുരക്ഷിതരായിരിക്കണം. ബാപ്പുവിന്റെ സ്വപ്്‌ന ഭാരതം; അത് വിവേചനരഹിതമായിരിക്കണം, പൂര്‍ണമായും സൗഹാര്‍ദ്ദപരമായിരിക്കണം.
ബാപ്പുവിന്റെ സ്വപ്്‌ന ഭാരതം- അത് ‘എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടെയും വികസനത്തിന്, എല്ലാവരെയും വിശ്വാസത്തിലെടുത്ത്്’ എന്ന ആശയം പിന്തുടരുന്നതായിരിക്കണം. ദേശീയത സംബന്ധിച്ച ബാപ്പുവിന്റെ ഈ തത്വങ്ങള്‍ ലോകത്തിനു മുഴുവന്‍ മാതൃകയും പ്രചോദന സ്രോതസ്സുമായി മാറും.

രാഷ്ട്രപിതാവിന്റെ മൂല്യങ്ങള്‍ പുന:സ്ഥാപിക്കുന്നതിനും രാജ്യത്തിനു വേണ്ടിയുള്ള മുഴുവന്‍ സ്വപ്‌നങ്ങളും സാക്ഷാത്കരിക്കുമെന്നും നാം മുഴുവന്‍ ഇന്ത്യക്കാര്‍ക്കും മാനവികതയുടെ സംരക്ഷണത്തിനു വേണ്ടി ഒരൊറ്റ സ്വരത്തില്‍ പ്രതിജ്ഞയെടുക്കാം.
‘ഒരു വ്യക്തി, ഒരു ദൃഢനിശ്ചയം’ എന്നത് ഞാന്‍ ഇന്ന് രാജ്യത്തോട് ആവശ്യപ്പെടുകയാണ്. ഏത് ദൃഢനിശ്ചയവും രാജ്യത്തിനു വേണ്ടിയാകട്ടെ, രാജ്യത്തിന് അത് ഗുണകരമായിരിക്കട്ടെ. രാജ്യത്തിന്റെയും സമൂഹത്തിന്റെയും ക്ഷേമത്തിനു വേണ്ടി ആയിരിക്കണം അത്. ഒരു ദൃഢനിശ്ചയമെങ്കിലും എടുക്കുകയും നിങ്ങളുടെ ചുമതലകളെയും രാഷ്ട്രത്തോടുള്ള നിങ്ങളുടെ ഉത്തരവാദിത്തത്തെയും കുറിച്ചു ചിന്തിക്കുകയും ചെയ്യാന്‍ ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുന്നു.
ചുമതലകളുടെ വഴിയേ നടക്കുമ്പോള്‍ 130 കോടി പ്രയത്‌നങ്ങളുടെയും 130 കോടി ദൃഢനിശ്ചയങ്ങളുടെയും കരുത്തിന് രാജ്യത്തിനു വേണ്ടി വളരെയധികം ചെയ്യാന്‍ സാധിക്കും. ഇന്ന് മുതല്‍ അടുത്ത ഒരു വര്‍ഷം ഈ ദിശയി്ല്‍ നമുക്ക് ഇടവേളകളില്ലാതെ പ്രവര്‍ത്തിക്കാം. ഒരു വര്‍ഷം പ്രവര്‍ത്തിച്ചാല്‍, ഇത് നമ്മുടെ ജീവിതത്തിന്റെ ദിശയാക്കി മാറ്റിയാല്‍, നമ്മുടെ ജീവിത പാതയാക്കിയാല്‍, മഹത്തായ രാഷ്ട്രം ബാപ്പുവിന് നല്‍കുന്ന യഥാര്‍ത്ഥ ശ്രദ്ധാഞ്ജലി അതായിരിക്കും.
ഈ അഭ്യര്‍ത്ഥനയ്ക്കും വാക്കുകള്‍ക്കുമൊപ്പം ഒരു കാര്യം കൂടി എനിക്ക് പറയാനുണ്ട്- നേടുന്ന ഈ വിജയങ്ങളൊന്നും ഏതെങ്കിലും ഗവണ്‍മെന്റിന്റെ നേട്ടമല്ല.
നേടുന്ന ഈ വിജയങ്ങളൊന്നും ഏതെങ്കിലും പ്രധാനമന്ത്രിയുടെ നേട്ടമല്ല. നേടുന്ന ഈ വിജയങ്ങളൊന്നും ഏതെങ്കിലും മുഖ്യമന്ത്രിയുടെ നേട്ടമല്ല.
130 കോടി പൗരന്മാരുടെ പ്രയത്‌നങ്ങളുടേതാണ് വിജയം. സമൂഹത്തിലെ മുതിര്‍ന്ന പൗരന്മാര്‍ യഥാസമയം നേതൃത്വവും മാര്‍ഗ്ഗനിര്‍ദേശങ്ങളും നല്‍കിയതുകൊണ്ടാണ് ഇത് സാധിച്ചത്. അഞ്ച് വര്‍ഷം എല്ലാ മാധ്യമ സ്ഥാപനങ്ങളും ഒരു നിരയായി ഇത് തുടര്‍ച്ചയായി ജനങ്ങളില്‍ എത്തിക്കുകയും ഗുണപരമായി സഹായിക്കുകയും ചെയ്തു. രാജ്യത്ത് ഈ അന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ മാധ്യമങ്ങള്‍ പ്രധാനപ്പെട്ട ഒരു പങ്ക് വഹിച്ചു.

ഇതിനു വേണ്ടി പ്രവര്‍ത്തിച്ച 130 കോടി ഇന്ത്യക്കാരെ ഞാന്‍ ഇന്ന് അഭിവാദ്യം ചെയ്യുന്നു. ഞാന്‍ അവരോടു നന്ദി പറയുകയും ഉപകാരസ്മരണ അറിയിക്കുകയും ചെയ്യുന്നു.

ഈ വാക്കുകളോടെ ഞാന്‍ ഉപസംഹരിക്കുകയാണ്. നിങ്ങളും എനിക്കൊപ്പം പറയൂ,

ഞാന്‍ പറയും- ‘മഹാത്മാ ഗാന്ധി, അമര്‍ രഹേ, അമര്‍ രഹേ!. നിങ്ങളെല്ലാവരും കൈകള്‍ രണ്ടും ഉയര്‍ത്തി ഉച്ചത്തില്‍ ഏറ്റു പറയണം.

മഹാത്മാ ഗാന്ധി- അമര്‍ രഹേ!
മഹാത്മാ ഗാന്ധി- അമര്‍ രഹേ!
മഹാത്മാ ഗാന്ധി- അമര്‍ രഹേ!

ഒരു വലിയ ദൃഢപ്രതിജ്ഞ പൂര്‍ത്തീകരിച്ചതിന് ഒരിക്കല്‍ക്കൂടി ഞാന്‍ രാഷ്ട്രത്തെ അഭിനന്ദിക്കുന്നു.