Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ശിവഗിരി തീര്‍ത്ഥാടനത്തിന്റെ 90ാം വാര്‍ഷികത്തിന്റെയും ബ്രഹ്‌മ വിദ്യാലയത്തിന്റെ സുവര്‍ണ ജൂബിലിയുടേയും ഒരു വര്‍ഷം നീളുന്ന സംയുക്ത ആഘോഷ പരിപാടികളുടെ ഉദ്ഘാടനത്തില്‍ പ്രധാനമന്ത്രി പങ്കെടുത്തു

ശിവഗിരി തീര്‍ത്ഥാടനത്തിന്റെ 90ാം വാര്‍ഷികത്തിന്റെയും ബ്രഹ്‌മ വിദ്യാലയത്തിന്റെ സുവര്‍ണ ജൂബിലിയുടേയും ഒരു വര്‍ഷം നീളുന്ന സംയുക്ത ആഘോഷ പരിപാടികളുടെ ഉദ്ഘാടനത്തില്‍ പ്രധാനമന്ത്രി പങ്കെടുത്തു


ശിവഗിരി തീര്‍ത്ഥാടനത്തിന്റെ 90ാം വാര്‍ഷികത്തിന്റെയും ബ്രഹ്‌മവിദ്യാലയത്തിന്റെ സുവര്‍ണജൂബിലിയുടെയും ഒരു വര്‍ഷം നീളുന്ന സംയുക്ത ആഘോഷ പരിപാടികളുടെ ഉദ്ഘാടനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു. ഒരു വര്‍ഷം നീളുന്ന സംയുക്ത ആഘോഷങ്ങളുടെ ലോഗോ പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു. ശ്രീനാരായണ ഗുരുവിന്റെ ശ്രമഫലമായാണ് ശിവഗിരി തീര്‍ത്ഥാടനവും ബ്രഹ്‌മവിദ്യാലയവും ആരംഭിച്ചത്. ശിവഗിരി മഠത്തിലെ ആത്മീയ നേതാക്കള്‍ക്ക് പുറമെ കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖര്‍, വി മുരളീധരന്‍ എന്നിവര്‍ പങ്കെടുത്തു.

ചടങ്ങില്‍ സംസാരിക്കവെ സന്ന്യാസിമാര്‍ക്ക് തന്റെ വീട്ടില്‍ സ്വീകരണം നല്‍കാനായതില്‍ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. വര്‍ഷങ്ങളായി ശിവഗിരി മഠത്തിലെ സന്ന്യാസിമാരുമായും ഭക്തജനങ്ങളുമായുമുള്ള ബന്ധത്തെക്കുറിച്ചും ആശയവിനിമയത്തെക്കുറിച്ചും സംസാരിച്ച ശ്രീ മോദി തനിക്ക് അതില്‍ നിന്ന് ഊര്‍ജ്ജം ലഭിച്ചതായി വ്യക്തമാക്കി. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഗവണ്‍മെന്റും കേരളത്തില്‍ നിന്ന് പ്രതിരോധ മന്ത്രിയും ഉണ്ടായിട്ടും ഗുജറാത്ത് മുഖ്യമന്ത്രി എന്ന നിലയില്‍ ശിവഗിരി മഠത്തിലെ സന്ന്യാസിമാരെ സഹായിക്കാന്‍ മഠം ആവശ്യപ്പെട്ടിരുന്ന ഉത്തരാഖണ്ഡ്-കേദാര്‍നാഥ് ദുരന്തകാലവും അദ്ദേഹം അനുസ്മരിച്ചു. സന്ന്യാസിമാരില്‍ നിന്ന് തനിക്ക് ലഭിച്ച ആദരം ഒരിക്കലും മറക്കില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ശിവഗിരി തീര്‍ത്ഥാടനത്തിന്റെ 90ാം വാര്‍ഷികവും ബ്രഹ്‌മവിദ്യാലയത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളും ഈ സ്ഥാപനങ്ങളുടെ നേട്ടങ്ങളില്‍  മാത്രം ഒതുങ്ങുന്നതല്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി നേട്ടം വിവിധ കാലഘട്ടങ്ങളില്‍ വ്യത്യസ്ത മാധ്യമങ്ങളിലൂടെ മുന്നേറിക്കൊണ്ടിരിക്കുന്ന ഇന്ത്യ എന്ന ആശയത്തിന്റെ അനശ്വരയാത്ര കൂടിയാണ് വ്യക്തമാക്കുന്നതെന്ന് പറഞ്ഞു. വാരാണസിയിലെ ശിവനഗരമായാലും വര്‍ക്കലയിലെ ശിവഗിരി ആയാലും ഇന്ത്യയുടെ ഊര്‍ജ്ജം വ്യക്തമാക്കുന്ന ഇത്തരം കേന്ദ്രങ്ങള്‍ക്ക് മുഴുവന്‍ ഇന്ത്യക്കാരുടെയും ജീവിതത്തില്‍ സവിശേഷമായ സ്ഥാനമുണ്ട്. ഈ സ്ഥലങ്ങള്‍ കേവലം തീര്‍ത്ഥാടന കേന്ദ്രങ്ങളല്ല, അവ വിശ്വാസത്തിന്റെ കേന്ദ്രങ്ങള്‍ മാത്രമല്ല, മറിച്ച് ഏക ഭാരതം, ശ്രേഷ്ഠ ഭാരതം’ എന്ന ചൈതന്യം ഉണര്‍ത്തുന്ന സ്ഥാപനങ്ങളാണ്”- പ്രധാനമന്ത്രി പറഞ്ഞു.

പല രാജ്യങ്ങളും നാഗരികതകളും തങ്ങളുടെ കടമകളില്‍ നിന്നും വ്യതിചലിച്ച് ഭൗതികവാദത്തെ പുണര്‍ന്നപ്പോള്‍ ഇന്ത്യയില്‍ ആത്മീയത വളരുകയും നമ്മുടെ മുനിമാരും ഗുരുക്കന്മാരും എല്ലായ്പ്പോഴും നമ്മുടെ ചിന്തകളെ പരിഷ്‌കരിക്കുകയും നമ്മുടെ പെരുമാറ്റ രീതികള്‍ കൂടുതല്‍ മനോഹരമാക്കുകയും ചെയ്തതായി പ്രധാനമന്ത്രി പറഞ്ഞു. ശ്രീനാരായണഗുരു ആധുനികതയെക്കുറിച്ച് സംസാരിച്ചുവെങ്കിലും അദ്ദേഹം ഭാരതീയ സംസ്‌കാരത്തെയും മൂല്യങ്ങളെയും സമ്പന്നമാക്കുകയും ചെയതതായി പ്രധാനമന്ത്രി പറഞ്ഞു. വിദ്യാഭ്യാസത്തെയും ശാസ്ത്രത്തെയും കുറിച്ച് അദ്ദേഹം സംസാരിച്ചെങ്കിലും ധര്‍മ്മം, വിശ്വാസം, ആയിരം വര്‍ഷം പഴക്കമുള്ള ഇന്ത്യയുടെ പാരമ്പര്യം എന്നിവയുടെ മഹത്വം ഉയര്‍ത്തിപ്പിടിക്കുന്നതില്‍ നിന്ന് ഒരിക്കലും പിന്നോട്ട് പോയില്ല. ഗുരു അന്ധവിശ്വാസങ്ങള്‍ക്കും തിന്മകള്‍ക്കുമെതിരെ പ്രചാരണം നടത്തുകയും അവയെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുകയും ചെയ്തു. ജാതീയതയുടെ പേരില്‍ നടക്കുന്ന വിവേചനത്തിനെതിരെ യുക്തിസഹവും പ്രായോഗികവുമായ പോരാട്ടമാണ് ഗുരു നടത്തിയത്. ഇന്ന് നാരായണ ഗുരുവില്‍ നിന്ന് ഊര്‍ജ്ജമുള്‍ക്കൊണ്ട് രാജ്യം ദരിദ്രരെയും പിന്നാക്കക്കാരെയും സേവിക്കുകയും അവര്‍ക്ക് തങ്ങളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുകയും ചെയ്യുന്നു. ഏവര്‍ക്കുമൊപ്പം, ഏവരുടെയും വികസനം, ഏവരുടെയും വിശ്വാസം, കൂട്ടായ പരിശ്രമം എന്ന സന്ദേശമുയര്‍ത്തി ഇന്ത്യ മുന്നേറുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ശ്രീനാരായണ ഗുരു പരിപൂര്‍ണ ചിന്തകനും പ്രായോഗിക പരിഷ്‌കര്‍ത്താവുമായിരുന്നുവെന്ന് പറഞ്ഞ പ്രധാനമന്ത്രി ഗുരു എല്ലായ്പ്പോഴും സംവാദ മര്യാദകള്‍ പാലിക്കുകയും മറ്റുള്ളവരുടെ ആശയങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നതായി പറഞ്ഞു. ശരിയായ യുക്തിയോടെ സ്വയം മെച്ചപ്പെടുത്തലിന്റെ പാതയിലേക്ക് സമൂഹം സ്വയം എത്തിച്ചേരുന്ന ഒരു സാഹചര്യം സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.  സമൂഹത്തെ നവീകരിക്കുക എന്ന ഈ പാതയിലൂടെ നാം സഞ്ചരിക്കുമ്പോള്‍ സ്വയം മെച്ചപ്പെടുത്താനുള്ള ശക്തിയും സമൂഹത്തില്‍ ഉണരുന്നുവെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു. ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ എന്ന ക്യാമ്പയിനെ സാമൂഹികമായി സ്വീകരിച്ചതിന്റെ ഉദാഹരണം അദ്ദേഹം പറഞ്ഞു. അടുത്ത കാലത്തായി സ്ഥിതിഗതികള്‍ വേഗത്തില്‍ മെച്ചപ്പെട്ടു, ശരിയായ അന്തരീക്ഷം സൃഷ്ടിക്കാന്‍ ഗവണ്മെന്റിന് കഴിഞ്ഞു.

ഇന്ത്യക്കാരനെന്ന നിലയില്‍ നമുക്ക് ഒരു ജാതിയേ ഉള്ളൂ, അത് ഭാരതീയതയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. നമുക്ക് ഒരേയൊരു മതമേ ഉള്ളൂ – സേവനത്തിന്റെയും കടമയുടെയും ധര്‍മ്മം. നമുക്ക് ഒരേയൊരു ദൈവമേ ഉള്ളൂ – ഭാരതമാതാവ്. ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം’ എന്ന ശ്രീനാരായണ ഗുരുവിന്റെ പ്രബോധനം നമ്മുടെ ദേശസ്നേഹത്തിന് ആത്മീയ മാനം നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഏകത്വത്തിലുള്ള ഇന്ത്യക്കാര്‍ക്ക് ലോകം നിര്‍ണയിക്കുന്ന ഒരു ലക്ഷ്യവും അസാധ്യമല്ലെന്ന് നമുക്കെല്ലാവര്‍ക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു.

ആസാദി കാ അമൃത് മഹോത്സവം ആഘോഷിക്കുന്ന പശ്ചാത്തലത്തില്‍ സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് ആത്മീയ അടിത്തറയിലൂന്നിയ തന്റെ കാഴ്ചപ്പാട് പ്രധാനമന്ത്രി ഒരിക്കല്‍ കൂടി മുന്നോട്ട് വെച്ചു. ”നമ്മുടെ സ്വാതന്ത്ര്യസമരം ഒരിക്കലും പ്രതിഷേധ പ്രകടനത്തിലും രാഷ്ട്രീയ തന്ത്രങ്ങളിലും മാത്രം ഒതുങ്ങി നിന്നിരുന്നില്ല. അടിമത്തത്തിന്റെ ചങ്ങലകള്‍ തകര്‍ക്കാനുള്ള പോരാട്ടമാണെങ്കിലും, ഒരു സ്വതന്ത്ര രാജ്യമെന്ന നിലയില്‍ നാം എങ്ങനെ ആയിരിക്കും എന്നതിനെക്കുറിച്ചുള്ള കാഴ്ചപ്പാടാണ് അതിനെ അറിയിച്ചത്, കാരണം ഞങ്ങള്‍ എതിര്‍ക്കുന്നത് മാത്രം പ്രധാനമല്ല, ഞങ്ങള്‍ എന്തിനു വേണ്ടിയാണ് നിലകൊള്ളുന്നത് എന്നത് കൂടുതല്‍ പ്രധാനമാണ്”- അദ്ദേഹം വ്യക്തമാക്കി.

സ്വാതന്ത്ര്യസമര പോരാട്ടത്തിലെ അതികായന്മാര്‍ ശ്രീനാരായണ ഗുരുവുമായി നടത്തിയ കൂടിക്കാഴ്ചകള്‍ പ്രധാനമന്ത്രി അനുസ്മരിച്ചു. രവീന്ദ്രനാഥ ടാഗോര്‍, മഹാത്മാഗാന്ധി, സ്വാമി വിവേകാനന്ദന്‍ തുടങ്ങി നിരവധി വിശിഷ്ട വ്യക്തികള്‍ വിവിധ സന്ദര്‍ഭങ്ങളില്‍ ഗുരുവിനെ സന്ദര്‍ശിച്ചിരുന്നു. ഇത്തരം കൂടിക്കാഴ്ചകളില്‍ ഇന്ത്യയുടെ പുനര്‍നിര്‍മ്മാണത്തിന്റെ വിത്തുകള്‍ വിതച്ചതായി പറഞ്ഞ പ്രധാനമന്ത്രി അതിന്റെ ഫലങ്ങള്‍ ഇന്നത്തെ ഇന്ത്യയിലും രാജ്യത്തിന്റെ 75 വര്‍ഷത്തെ യാത്രയിലും പ്രകടമാണെന്നും പറഞ്ഞു. 10 വര്‍ഷത്തിനുള്ളില്‍ ശിവഗിരി തീര്‍ത്ഥാടനവും 25 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ സ്വാതന്ത്ര്യവും ശതാബ്ദി ആഘോഷിക്കും. ഈ സാഹചര്യത്തില്‍ നമ്മുടെ നേട്ടവും കാഴ്ചപ്പാടും ആഗോളതലത്തിലായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ വര്‍ഷവും ഡിസംബര്‍ 30 മുതല്‍ ജനുവരി 1 വരെ മൂന്ന് ദിവസമാണ് തിരുവനന്തപുരം ശിവഗിരി തീര്‍ത്ഥാടനം നടക്കുന്നത്.  തീര്‍ത്ഥാടനത്തിന്റെ ലക്ഷ്യം ജനങ്ങള്‍ക്കിടയില്‍ സമഗ്രമായ അറിവ് സൃഷ്ടിക്കുക എന്നതായിരിക്കണമെന്നും തീര്‍ത്ഥാടനം അവരുടെ മൊത്തത്തിലുള്ള വികസനത്തിനും അഭിവൃദ്ധിക്കും സഹായകരമാകണമെന്നും ശ്രീനാരായണ ഗുരു പറഞ്ഞിരുന്നു. വിദ്യാഭ്യാസം, ശുചിത്വം, ഭക്തി, കരകൗശല വസ്തുക്കള്‍, വ്യാപാരം, വാണിജ്യം, കൃഷി, ശാസ്ത്രസാങ്കേതികവിദ്യ, സംഘടിത പരിശ്രമം എന്നിങ്ങനെ എട്ട് വിഷയങ്ങളിലാണ് തീര്‍ത്ഥാടനം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

1933 ല്‍ വിരലിലെണ്ണാവുന്ന ഭക്തജനങ്ങളുമായി ആരംഭിച്ച തീര്‍ത്ഥാടനം ഇന്ന ദക്ഷിണേന്ത്യയിലെ പ്രമുഖ തീര്‍ത്ഥാടനമായി മാറിയിരിക്കുന്നു. ജാതി, മത, ഭാഷ ഭേദമെന്യേ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ലക്ഷക്കണക്കിന് ഭക്തരാണ് ഓരോ വര്‍ഷവും ശിവഗിരിയില്‍ തീര്‍ത്ഥാടനത്തിനെത്തുന്നത്.

എല്ലാ മതങ്ങളുടെയും തത്ത്വങ്ങള്‍ സമഭാവനയോടും തുല്യ ബഹുമാനത്തോടും പഠിപ്പിക്കാനുള്ള ഒരു കേന്ദ്രവും ശ്രീനാരായണ ഗുരു വിഭാവനം ചെയ്തിരുന്നു. ഈ ദര്‍ശനം സാക്ഷാത്കരിക്കുന്നതിനാണ് ശിവഗിരിയിലെ ബ്രഹ്‌മവിദ്യാലയം സ്ഥാപിച്ചത്. ശ്രീ നാരായണ ഗുരുവിന്റെ കൃതികളും ലോകത്തിലെ എല്ലാ പ്രധാനപ്പെട്ട മതങ്ങളുടെയും ഗ്രന്ഥങ്ങളും ഉള്‍പ്പെടെ ഇന്ത്യന്‍ തത്ത്വചിന്തയെക്കുറിച്ച് 7 വര്‍ഷ കോഴ്സ് ബ്രഹ്‌മവിദ്യാലയം വാഗ്ദാനം ചെയ്യുന്നു.

-ND-