ശാസ്ത്ര സാങ്കേതിക മേഖലയില് ഇന്ത്യയും യൂറോപ്യന് യൂണിയനും സഹകരിച്ച് പ്രവര്ത്തിക്കുന്നതിന് നിലവിലുള്ള കരാറിന്റെ കാലാവധി അഞ്ചു വര്ഷം കൂടി വര്ദ്ധിപ്പിച്ചത് കേന്ദ്രമന്ത്രിസഭായോഗം ചര്ച്ചചെയ്തു. 2015 മെയ് 17 മുതല് 5 വര്ഷത്തേക്കാണ് കരാറിന്റെ കാലാവധി നീട്ടിയത്. സാമൂഹിക, സാമ്പത്തിക വികസനത്തിന് ഗവേഷണത്തിനും കണ്ടുപിടിത്തങ്ങള്ക്കുമുള്ള പ്രതിജ്ഞാബദ്ധത വ്യക്തമാക്കുന്നതാണ് ഈ കരാര് പുതുക്കല്.
യൂറോപ്യന് യൂണിയനിലെ അംഗരാജ്യങ്ങളിലെയും ഇന്ത്യയിലെയും ഗവേഷണ സ്ഥാപനങ്ങള് തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തി ഗവേഷണ, വികസന പ്രവര്ത്തനങ്ങളില് തുല്യത, പരസ്പര വിനിമയം, സഹനിക്ഷേപം എന്നിവ ഉറപ്പുവരുത്തുകയാണ് ഈ കരാറിന്റെ ഉദ്ദേശ്യം. ഇതനുസരിച്ച് സംയുക്ത വികസന പദ്ധതികള്, ശാസ്ത്രജ്ഞരുടെയും വിദഗ്ദരുടെയും കൈമാറ്റം, ആധുനിക ഗവേഷണ സൗകര്യങ്ങളുടെ കൈമാറ്റം, സംയുക്ത സെമിനാറുകള്, ശില്പ്പശാലകള് എന്നിവ സംഘടിപ്പിക്കും.
ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക വകുപ്പും യൂറോപ്യന് കമ്മീഷന്റെ ഗവേഷണ,വികസന ഡയറക്ടര് ജനറലുമാണ് പദ്ധതി നിര്വഹണ ഏജന്സികള്.