പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം, ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ (ഡിഎസ്ടി) ‘വിജ്ഞാന് ധാര’ എന്ന ഏകീകൃത കേന്ദ്രമേഖലാ പദ്ധതിയില്‍ ലയിപ്പിച്ച മൂന്ന് സുപ്രധാന പദ്ധതികളുടെ തുടര്‍ച്ചയ്ക്ക് അംഗീകാരം നല്കി.
ഈ പദ്ധതിക്ക് മൂന്ന് വിശാലമായ ഘടകങ്ങളുണ്ട്:
1. ശാസ്ത്ര സാങ്കേതികവിദ്യാതല (എസ് ആന്‍ഡ് ടി) സ്ഥാപനപര -മാനുഷികശേഷി വികസനം,
2. ഗവേഷണവും വികസനവും ഒപ്പം
3. നൂതനാശയങ്ങളും സാങ്കേതിക വികസനവും വിന്യാസവും.
ഏകീകൃത പദ്ധതിയായ ‘വിജ്ഞാന് ധാര’ നടപ്പാക്കുന്നതിന് 2021-22 മുതല്‍ 2025-26 വരെയുള്ള പതിനഞ്ചാം ധനകാര്യ കമ്മിഷന് കാലയളവില്‍ 10,579.84 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്.
പദ്ധതികളെ ഒരൊറ്റ പദ്ധതിയിലേക്ക് ലയിപ്പിക്കുന്നത് തുക വിനിയോഗത്തിലെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുകയും ഉപപദ്ധതികള്‍/ പരിപാടികള്‍ക്കിടയില്‍ സമന്വയം സ്ഥാപിക്കുകയും ചെയ്യും.
രാജ്യത്തെ ശാസ്ത്ര, സാങ്കേതിക, നൂതന ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായി ശാസ്ത്ര സാങ്കേതിക ശേഷി വികസനം, ഗവേഷണം, നൂതനാശയം, സാങ്കേതിക വികസനം എന്നിവ പ്രോത്സാഹിപ്പിക്കുകയാണ് ‘വിജ്ഞാന് ധാര’ പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം. അക്കാദമിക് സ്ഥാപനങ്ങളില്‍ സുസജ്ജമായ ഗവേഷണ-വികസന ലാബുകള്‍ വളര്‍ത്തിയെടുക്കുന്നതിലൂടെ ഈ പദ്ധതി നടപ്പിലാക്കുന്നത് രാജ്യത്തെ ശാസ്ത്ര സാങ്കേതിക അടിസ്ഥാന സൗകര്യങ്ങളെ ശക്തിപ്പെടുത്തും.
വലിയ അന്താരാഷ്ട്ര സൗകര്യങ്ങളിലേക്കുള്ള അടിസ്ഥാന ഗവേഷണം, സുസ്ഥിര ഊര്‍ജം, ജലം മുതലായവയില്‍ വിവര്‍ത്തന ഗവേഷണം, അന്തര്‍ദേശീയ ഉഭയകക്ഷി- ബഹുമുഖ സഹകരണം എന്നിവയിലൂടെ സഹകരണ ഗവേഷണം തുടങ്ങിയ മേഖലകളില്‍ ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിന് പദ്ധതി ശ്രമിക്കുന്നു. ശാസ്ത്രസാങ്കേതിക രംഗത്തെ ശക്തിപ്പെടുത്തുന്നതിനും മുഴുവന്‍ സമയ സമാന (എഫ്ടിഇ) ഗവേഷകരുടെ എണ്ണം മെച്ചപ്പെടുത്തുന്നതിനായി രാജ്യത്തിന്റെ ഗവേഷണ-വികസന അടിത്തറ വികസിപ്പിക്കുന്നതിനും നിര്‍ണായകമായ മാനവ വിഭവശേഷി സഞ്ചയം നിര്‍മ്മിക്കുന്നതിനും ഇത് സംഭാവന ചെയ്യും. ശാസ്ത്രം, സാങ്കേതികവിദ്യ, നൂതനാശയം (എസ്ടിഐ) എന്നിവയില്‍ ലിംഗസമത്വം കൊണ്ടുവരുകയെന്ന ആത്യന്തിക ലക്ഷ്യത്തോടെ ശാസ്ത്ര സാങ്കേതിക (എസ് ആന്‍ഡ് ടി) മേഖലയില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിന് കേന്ദ്രീകൃത ഇടപെടലുകള്‍ നടത്തും. സ്കൂള്‍ തലം മുതല്‍ ഉന്നത വിദ്യാഭ്യാസം വരെയുള്ള എല്ലാ തലങ്ങളിലും നൂതനാശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും വ്യവസായങ്ങള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും ലക്ഷ്യമിട്ടുള്ള ഇടപെടലുകളിലൂടെയും ഗവണ്മെന്റ് നടത്തുന്ന ശ്രമങ്ങളെ ഈ പദ്ധതി ശക്തിപ്പെടുത്തും. അക്കാദമിക്, ഗവണ്മെന്റ്, വ്യവസായങ്ങള്‍ എന്നിവ തമ്മിലുള്ള സഹകരണം വര്‍ദ്ധിപ്പിക്കുന്നതിന് കാര്യമായ പിന്തുണ നല്‍കും.
‘വിജ്ഞാന് ധാര’ പദ്ധതിക്ക് കീഴില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന എല്ലാ പരിപാടികളും വികസിത് ഭാരത് 2047 എന്ന കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിനായി ഡിഎസ്ടിയുടെ 5 വര്‍ഷത്തെ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടും. പദ്ധതിയുടെ ഗവേഷണ വികസന ഘടകങ്ങള്‍ അനുസന്ധാന്‍ നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷനുമായി (എഎന്‍ആര്‍എഫ്) യോജിച്ചതായിരിക്കും. ദേശീയ മുന്‍ഗണനകള്‍ക്ക് അനുസൃതമായി ആഗോളതലത്തില്‍ നിലവിലുള്ള മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പദ്ധതി നടപ്പാക്കുക.
പശ്ചാത്തലം:
രാജ്യത്ത് ശാസ്ത്ര സാങ്കേതിക പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള നോഡല്‍ വകുപ്പായി ശാസ്ത്ര സാങ്കേതിക വകുപ്പ് (ഡിഎസ്ടി) പ്രവര്‍ത്തിക്കുന്നു. രാജ്യത്ത് ശാസ്ത്ര, സാങ്കേതികവിദ്യ, നൂതനാശയം (എസ്ടിഐ) എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി മൂന്ന് കേന്ദ്ര മേഖലയിലെ പ്രധാന പദ്ധതികള്‍ ഡിഎസ്ടി നടപ്പാക്കുന്നു, (1) ശാസ്ത്രവും സാങ്കേതികവിദ്യയും (എസ് ആന്‍ഡ് ടി) സ്ഥാപനപരവും മനുഷ്യ ശേഷിപരവുമായ വികസനം, (2) ഗവേഷണവും വികസനവും (3) നൂതനാശയങ്ങളും സാങ്കേതിക വികസനവും വിന്യാസവും. ഈ മൂന്ന് പദ്ധതികളും ‘വിജ്ഞാന് ധാര’ എന്ന ഏകീകൃത പദ്ധതിയില്‍ ലയിപ്പിച്ചിരിക്കുന്നു.
-NS-