Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

വ്യോമയാന മന്ത്രാലയത്തിന് കീഴില്‍ ഒരു മെട്രോ റെയില്‍ കമ്മിഷന്‍ സര്‍ക്കിള്‍ ഓഫീസ് അനുവദിക്കാന്‍ അനുമതി


മെട്രോ റെയില്‍ നിയമം-2002ല്‍ വിവക്ഷിച്ചിട്ടുള്ളതുപോലെ േെട്രാ റെയില്‍ സുരക്ഷാ കമ്മിഷന് (സി.എം.ആര്‍.എസ്.)വേണ്ടി മെട്രോ റെയിവേ സുരക്ഷാ കമ്മിഷണറുടെ ഒരു സര്‍ക്കിള്‍ ഓഫീസ് ആരംഭിക്കുന്നതിനും ആവശ്യമായ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും നിയമിക്കുന്നതിനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി. വ്യോമയാന മന്ത്രാലയത്തിന് കീഴിലുള്ള റെയില്‍വേസുരക്ഷാ കമ്മിഷനിലായിരിക്കും ഇതും പ്രവര്‍ത്തിക്കുക.

നിലവിലുള്ള രണ്ടു റെയില്‍വേ സുരക്ഷാ കമ്മിഷണര്‍മാര്‍ക്ക്(സി.ആര്‍.എസ്) രണ്ടു സര്‍ക്കിളുകളുടെ അധിക ചുമതലയും മന്ത്രിസഭായോഗം നല്‍കി. ഇവര്‍ക്ക് ഈ അധികാരം തങ്ങളുടെ അധികാരപരിധിക്കുളളില്‍ പ്രയോഗിക്കാം. ഇവ ന്യൂഡല്‍ഹിയിലുള്ള സി.എം.ആര്‍.എസിന്റെ അധികാരപരിധിയിലായിരിക്കില്ല.

മെട്രോ റെയില്‍വേ സുരക്ഷാ കമ്മിഷണറുടെ തസ്തികകള്‍ വ്യോമയാന മന്ത്രാലയത്തിന് കീഴിലുള്ള റെയില്‍വേ സുരക്ഷാ കമ്മിഷന്റെ എച്ച്.എ.ജി.(പേ ലെവല്‍ 15)യിലായിരിക്കും.

സ്ഥാപനരൂപീകരണത്തിന്റെ പ്രാഥമിക ചെലവിന് പുറമെ, ഒരു സര്‍ക്കിള്‍ ഓഫീസിന് ഒരു വര്‍ഷം ശമ്പളത്തിന് ഏകദേശം 59,39,040 രൂപ വേണ്ടിവരും. പ്രതിവര്‍ഷം സര്‍ക്കിള്‍ ഓഫീസിന് 7,50,000 രൂപ ചെലവ് വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഈ തസ്തികള്‍ സൃഷ്ടിക്കുന്നതിലൂടെ യാത്രക്കാരുടെ സുരക്ഷയിലും മെട്രോ റെയിലിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട വിഷയങ്ങളിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാകും.

നിലവിലുള്ളതും പുതുതായി നിര്‍മ്മിക്കുന്നതുമായ എല്ലാ മെട്രോ റെയില്‍വേ പദ്ധതികളിലും മെട്രോ റെയില്‍വേ നിയമത്തിന്റെ അടിസ്ഥാനത്തില്‍ വ്യോമയാന മന്ത്രാലയത്തിന് കീഴില്‍ നിഷ്‌ക്കര്‍ഷിക്കപ്പെട്ടിട്ടുള്ള റെയില്‍വേ സുരക്ഷാ കമ്മിഷന്റെ ലക്ഷ്യം നിര്‍വഹിക്കാനുമാകും.

നടപ്പാക്കല്‍ തന്ത്രങ്ങളും ലക്ഷ്യങ്ങളും

മെട്രാ റെയില്‍വേ സുരക്ഷാ കമ്മിഷണറുടെ തസ്തികകള്‍ ആദ്യഘട്ടത്തില്‍ റെയില്‍വേ സുരക്ഷാ കമ്മിഷണറുടെ നിയമനത്തിനുള്ള നിയമന ചട്ടങ്ങളുടെ അടിസ്ഥാനത്തില്‍ യു.പി.എസ്.സിയുമായി ചര്‍ച്ച നടത്തി ഇന്ത്യന്‍ റെയില്‍വേ എന്‍ജിനീയറിങ് സര്‍വീസി(ഐ.ആര്‍.എസ്.ഇ, ഐ.ആര്‍.എസ്.ഇ.ഇ, ഐ.ആര്‍.എസ്.എസ്.ഇ, ആര്‍.എസ്.എം.ഇ)ല്‍ നിന്നും ഐ.ആര്‍.ടി.സിയില്‍നിന്നും താല്‍പര്യമുള്ള ഉദ്യോഗസ്ഥരെ വ്യോമയാന മന്ത്രാലായം നാമനിര്‍ദ്ദേശം ചെയ്യും. ഈ തസ്തികകളില്‍ നിയമനത്തിനുള്ള നടപടികള്‍ക്ക് രണ്ടു മാസത്തിനുള്ളില്‍ തുടക്കമാകും.
മെട്രോ റെയില്‍വേ സുരക്ഷാ ഡെപ്യൂട്ടി കമ്മിഷണര്‍മാരുടെയും അനുബന്ധ ജീവനക്കാരുടെയും നിയമനത്തിനുള്ള നടപടികള്‍ ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള എക്‌സ്‌പെന്‍ഡിച്ചര്‍ വകുപ്പ് കൈക്കൊള്ളും. അവരുടെ അനുമതി ഉത്തരവ് ലഭിച്ചുകഴിഞ്ഞാല്‍ തസ്തികകള്‍ സൃഷ്ടിക്കല്‍ ഉടന്‍ തന്നെ നടത്തും.

പശ്ചാത്തലം

ഇന്ത്യാ ഗവണ്‍മെന്റിന്റെ വ്യോമയാന മന്ത്രാലയത്തിന്റെ ഭരണനിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന റെയില്‍വേ സുരക്ഷാ കമ്മിഷന്‍ റെയില്‍വേ യാത്രയും ട്രെയിനുകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട സുരക്ഷാ വിഷയങ്ങളായിരിക്കും കൈകാര്യം ചെയ്യുക. ഇവയ്ക്ക് 1989ലെ റെയില്‍വേ നിയമം നല്‍കുന്ന ചില നിയമപരമായ അധികാരങ്ങളും ഉണ്ടായിരിക്കും. പരിശോധന, അന്വേഷണം, ഉപദേശം നല്‍കല്‍ എന്നീ ചുമതലകളോടുകൂടിയതായിരിക്കും ഇവയുടെ പ്രവര്‍ത്തനം. റെയില്‍വേ നിയമപ്രകാരം രൂപീകരിച്ചിട്ടുള്ള ചട്ടങ്ങളുടെയും കാലാകാലങ്ങളില്‍ പുറപ്പെടുവിക്കപ്പെടുന്ന ഭരണനിര്‍ദ്ദേശങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കും ഇവ പ്രവര്‍ത്തിക്കുക. ഒരു പുതിയ റെയില്‍വേ പാത സഞ്ചാരത്തിനായി തുറന്നുകൊടുക്കുമ്പോള്‍, റെയില്‍വേയുടെ നിര്‍ദ്ദേശപ്രകാരമുള്ള പ്രത്യേക നിര്‍ദ്ദേശങ്ങള്‍ പാലിച്ചിട്ടുണ്ടോയെന്നും പുതിയ പാത ജനസഞ്ചാരത്തിന് എല്ലാതരത്തിലും യോഗ്യമാണെന്നും ഉറപ്പാക്കുകയെന്നതാണ് കമ്മിഷന്റെ ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്തം. ഗേജ് മാറ്റം, പാത ഇരട്ടിപ്പിക്കല്‍, നിലവിലെ പാതകളുടെ വൈദ്യുതീകരണം തുടങ്ങി മറ്റ് പ്രവര്‍ത്തനങ്ങളിലും ഇത് പ്രയോഗിക്കാം. പ്രധാനപ്പെട്ട റെയില്‍വേ അപകടങ്ങളെക്കുറിച്ച് കമ്മിഷന്‍ നിയമപരമായ അന്വേഷണം നടത്തുകയും ഇന്ത്യയില്‍ റെയില്‍വേയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശം നല്‍കുകയും ചെയ്യും.